ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ത്രീയുടേതെന്ന് മൊഴി; ഫോറന്‍സിക് പരിശോധനയില്‍ തലയോട്ടി പുരുഷന്റേത്; മൊഴിയിലെ വൈരുദ്ധ്യം കുരുക്കായപ്പോള്‍ മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതെന്നും ചിന്നയ്യ; പബ്ലിസിറ്റി ആഗ്രഹിച്ചാണ് വെളിപ്പെടുത്തലെന്ന് ഭാര്യ; ധര്‍മ്മസ്ഥലയിലെ ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി
ധര്‍മ്മസ്ഥലയിലെ ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി
ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യ വ്യാജ വെളിപ്പെടുത്തല്‍ നടത്തിയത് പബ്ലിസിറ്റി ആഗ്രഹിച്ചാണെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും ഭാര്യയുടെ മൊഴി. ധര്‍മസ്ഥലയില്‍ അന്വേഷണത്തില്‍ ചിന്നയ്യയ്ക്ക് തിരിച്ചടിയായത് മൊഴിയിലെ വൈരുദ്ധ്യമാണ്. തന്റെ മൊഴികള്‍ക്ക് ആധാരമായി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി പുരുഷന്റേതെന്ന കണ്ടെത്തലാണ് കുരുക്കായത്. ഈ തലയോട്ട് ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടേതെന്നായിരുന്നു ചിന്നയ്യയുടെ മൊഴി. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഇത് അങ്ങനെയല്ലെന്ന് വ്യക്തമായി. വന്‍ വെളിപ്പെടുത്തലെന്ന നിലയില്‍ ചിന്നയ്യ നടത്തിയ മൊഴിയിലെ വൈരുദ്ധ്യമാണ് ഇയാള്‍ക്ക് കുരുക്കായത്.
വിശദമായി ചോദ്യം ചെയ്തപ്പോള്‍ തലയോട്ടി താന്‍ മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതാണെന്ന് ചിന്നയ്യ തന്നെ സമ്മതിപ്പിച്ചു. ഇതിന് പിന്നാലെ ചിന്നയ്യക്കെതിരെ ഭാര്യയും രംഗത്ത് വന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ചിന്നയ്യക്കെതിരെ നടത്താനുള്ള തീരുമാനത്തിലാണ് എസ്‌ഐടി. ചിന്നയ്ക്ക് തലയോട്ടി ആരെങ്കിലും കൈമാറിയതാണോയെന്ന് അന്വേഷിക്കും. ചൂണ്ടികാണിച്ച രണ്ടു പോയിന്റുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എങ്ങനെ എത്തിയെന്നതും അന്വേഷിക്കും.
വ്യാജ വെളിപ്പെടുത്തലെന്ന് വ്യക്തമായെന്ന് പറഞ്ഞാണ് ചിന്നയ്യയുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടത്. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തു. മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയ സുജാത ഭട്ട് ഭീഷണിക്ക് വഴങ്ങിയാണ് താന്‍ മൊഴി നല്‍കിയതെന്ന് പറഞ്ഞു. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും അവര്‍ വെളിപ്പെടുത്തി. ഇവരെയും പൊലീസ് ചോദ്യം ചെയ്യും.
തെരച്ചില്‍ നിര്‍ത്തിയശേഷം എസ്.ഐ.ടിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളിയെ രണ്ടു ദിവസം രാപകല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബെല്‍ത്തങ്ങാടി എസ്.ഐ.ടി ഓഫീസിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
കാട്ടിലെ 17 പോയിന്റുകളില്‍ തെരച്ചില്‍ നടത്തിയതിന് ശേഷമാണ് അന്വേഷണം അവസാനിപ്പിച്ചത് . സാക്ഷി അടയാളപ്പെടുത്തിയ ആറാമത്തെ പോയിന്റില്‍ നിന്നാണ് തലയോട്ടിയും എല്ലുകളും പുരുഷന്റെ അസ്ഥികൂടവും കണ്ടെത്തിയിരുന്നത്.
മറ്റിടങ്ങളില്‍ നിന്ന് ഒന്നും കണ്ടുകിട്ടിയിരുന്നില്ല. അസ്ഥികളെല്ലാം ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. ഇവയെല്ലാം കൊണ്ടുവച്ചശേഷം അന്വേഷണ സംഘത്തെ കബളിപ്പിച്ചു എന്നാണ് എസ്.ഐ.ടി കണ്ടെത്തല്‍. എസ്.ഐ.ടി ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല. ജൂലായ് രണ്ടിനാണ് കൊല്ലേഗലില്‍ നിന്നുള്ള പരാതിക്കാരന്‍ പ്രബലരായ ആളുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി പരാതി നല്‍കിയത്.
അതേ സമയം ധര്‍മ്മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി. ഗൂഢാലോചന നടത്തിയവരെയും ഇവര്‍ക്ക് ഫണ്ട് നല്‍കിയവരെയും കണ്ടെത്താന്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോക പറഞ്ഞു.
കസ്റ്റഡിയിലെടുത്ത ചിന്നയ്യയെ എസ്‌ഐടി സംഘം കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. വെളിപ്പെടുത്തലിന് മുന്‍പും ശേഷവും ചിന്നയ്യയുമായി ബന്ധപ്പെട്ടവരെ ചുറ്റിപറ്റിയുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. വെളിപ്പെടുത്തല്‍ നടത്തിയ ചിന്നയ്യ മാത്രമല്ല സംഭവത്തിന് പിന്നിലെന്നും ഗൂഢാലോചന നടത്തിയവര്‍ക്കായി വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഫണ്ട് വന്നതായി അശോക ആരോപിച്ചു.
ചിന്നയ്യ വെളിപ്പെടുത്തിയത്:
ഞാന്‍ 1994 മുതല്‍ 2014 വരെ ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിന് കീഴില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നയാളാണ് താനെന്ന് പറഞ്ഞാണ് ചിന്നയ്യ വെളിപ്പെടുത്തല്‍ നടത്തിയത്. 'ഞാന്‍ മറവ് ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നൂറുകണക്കിന് മൃതദേഹം എന്നെ വേട്ടയാടുന്നു. പറഞ്ഞത് ചെയ്തില്ലെങ്കില്‍ അവരിലൊരു മൃതദേഹമായി ഞാനും മണ്ണില്‍ മൂടപ്പെട്ട് പോയേനെ എന്നത് കൊണ്ട് മാത്രമാണ് ഞാനത് ചെയ്തത്.
നേത്രാവതി നദിക്കരയിലടക്കം പലയിടങ്ങളിലായി കണ്ട മൃതദേഹം പലതും ആത്മഹത്യകളോ മുങ്ങി മരണമോ ആണെന്നാണ് ഞാന്‍ കരുതിയത്. പിന്നീടാണ് ഇതില്‍പ്പലതിലും ലൈംഗികാതിക്രമത്തിന്റെ പാടുകളും മുറിവുകളും ഞാന്‍ കണ്ടത്. ഇവയൊന്നും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 2010-ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പിനടുത്ത് ഞാന്‍ കണ്ട, പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന, ഒരു കൊച്ചു പെണ്‍കുട്ടിയുടെ മൃതദേഹമുണ്ട്. സ്‌കൂള്‍ യൂണിഫോമിലുള്ള, എന്നാല്‍ അടിവസ്ത്രങ്ങളില്ലാതിരുന്ന ഒരു മൃതദേഹം. അത് കുഴിച്ചുമൂടേണ്ടി വന്ന ഓര്‍മ എന്നെ വിട്ട് പോകുന്നില്ല. ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു യുവതിയുടെ മുഖം ആസിഡൊഴിച്ച് കരിച്ച് ഡീസലൊഴിച്ച് എനിക്ക് കത്തിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ കുടുംബത്തിലെ ഒരു കുട്ടിക്ക് തന്നെ ധര്‍മസ്ഥലയിലെ ഉന്നതരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടപ്പോഴാണ് ഞാനും എന്റെ കുടുംബവും ഇവിടെ നിന്ന് രക്ഷപ്പെട്ടത്. ഇപ്പോള്‍ കുറ്റബോധം കൊണ്ടാണ് തിരിച്ച് വന്നത്. എനിക്ക് സംരക്ഷണം വേണം. ആ മൃതദേഹം മറവ് ചെയ്ത ഇടം മുഴുവന്‍ ഞാന്‍ കാട്ടിത്തരാം. ഇതില്‍ സമഗ്രമായ അന്വേഷണം വേണം.''