എടിഎമ്മും പാന്‍ കാര്‍ഡും കിട്ടിയെന്ന് പറയുന്നത് സത്യം; 7-ാം സ്പോട്ടില്‍ നിന്ന് കിട്ടിയ തലയില്ലാത്ത അസ്ഥികൂടം സാക്ഷി പറഞ്ഞത് സത്യമെന്നതിന് തെളിവ്; ഒന്നും പുറത്തുവിടാതെ എസ്ഐടി; പൊലീസ് സ്റ്റേഷനില്‍ കാണാതായവരുടെ രേഖകള്‍ ഒന്നുമില്ല; ധര്‍മ്മസ്ഥല വെളിപ്പെടുത്തലുകള്‍ സത്യമാവുമ്പോള്‍!
ധര്‍മ്മസ്ഥല വെളിപ്പെടുത്തലുകള്‍ സത്യമാവുമ്പോള്‍!
ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലുകള്‍ സത്യമാവുന്നു. കൂട്ട ശവസംസ്‌ക്കാരം നടന്നു എന്നു പറയുന്ന നേത്രാവതി നദിക്കരയില്‍ ആദ്യ മൂന്ന് ദിവസം നടത്തിയ തിരിച്ചിലില്‍ മൃതദേഹങ്ങള്‍ ഒന്നും കിട്ടിയില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സാക്ഷിക്ക് മനോവിഭ്രാന്തിയാണെന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ ഇന്നലെ 7-ാം സെക്ടറില്‍നിന്ന് നിര്‍ണ്ണായകമായ അസ്ഥികൂടം കിട്ടിയതോടെ സാക്ഷി പറഞ്ഞ് സത്യമാണെന്ന് വ്യക്തമാവുകയാണ്. അതേസമയം എസ്ഐടി ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ഒരുകാര്യവും പുറത്തുപറയരുത് എന്ന കര്‍ശന നിര്‍ദേശമാണ് അവര്‍ക്ക് കിട്ടിയിട്ടുള്ളത്.
ആദ്യത്തെ മൂന്നുദിവസത്തെ കുഴിക്കലില്‍ ഒന്നും കിട്ടിയിട്ടില്ല എന്നും എസ്ഐടി പറഞ്ഞിട്ടില്ല. 2003-ല്‍ ധര്‍മ്മസ്ഥലയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അനന്യ ഭട്ടിന്റെ അമ്മ സുജാത ഭട്ടിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ എന്‍ മഞ്ജുനാഥ്, കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു വാര്‍ത്തകുറിപ്പില്‍ കീറിയ ചുവന്ന ബ്ലൗസ്, പാന്‍ കാര്‍ഡ്, രണ്ട് എടിഎം കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വസ്തുക്കള്‍ കണ്ടെടുത്തതായി പറഞിരുന്നു.
രണ്ട് എടിഎം കാര്‍ഡുകളില്‍ ഒന്നില്‍ പുരുഷ നാമവും മറ്റൊന്ന് ലക്ഷ്മി എന്ന സ്ത്രീ നാമവുമാണെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ അത്തരം വീണ്ടെടുക്കലുകളൊന്നും നടന്നിട്ടില്ല എന്ന് പറഞ്ഞ് എസ്‌ഐടി വൃത്തങ്ങള്‍ ഇത് നിഷേധിച്ചുവെന്നും കന്നഡ മാധ്യമങ്ങളില്‍ വാര്‍ത്തവന്നു. എന്നാല്‍ ഇതും ശരിയായിരുന്നില്ല. എസ്ഐടി ഈ വിഷയത്തില്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. എടിഎം കാര്‍ഡ് കിട്ടിയ കാര്യം ശരിയാണെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത.
എടിഎം കാര്‍ഡിന് ഉടമ ബംഗലൂരുവിലെ ഒരു പുരുഷന്‍ ആണെന്നും, ഇയാള്‍ കഴിഞ്ഞ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ഥിരം മദ്യപാനിയായ ഇയാള്‍ ധര്‍മ്മ സ്ഥല സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ കാര്‍ഡ് നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പാന്‍ കാര്‍ഡിലുള്ള വനിത ആരാണ് എന്ന് അറിയാനുള്ള ശ്രമം തുടരുകയാണ്. അതേമസയം വനപ്രദേശത്ത് എങ്ങനെയാണ് ഈ കാര്‍ഡുകള്‍ വന്നത് എന്നതും ദുരൂഹമാണ്. മറ്റെന്തൊക്കെയോ മറവുചെയ്തപ്പോള്‍, കൂട്ടത്തില്‍പെട്ടുപോയതാണെന്ന സംശയം അത് ഉയര്‍ത്തുന്നുണ്ട്.
പൊലീസ് സ്റ്റേഷനില്‍ രേഖകളില്ല
അതേസമയം ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനില്‍, കാണാതായവരെ സംബന്ധിച്ച യാതൊരു രേഖകളുമില്ല. 15 വര്‍ഷത്തെ രേഖകള്‍ നശിപ്പിച്ചതായി ബെല്‍ത്തങ്ങാടി പൊലീസ് സമ്മതിച്ചിരിക്കയാണ്. വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. 2000 നും 2015 നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത തിരിച്ചറിയാന്‍ കഴിയാത്ത മരണ കേസുകളുടെ പ്രധാന രേഖകള്‍ നശിപ്പിച്ചതായി സമ്മതിച്ചതിനെത്തുടര്‍ന്ന് പോലീസ് നിശിത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടിയായി,പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, വാള്‍ പോസ്റ്ററുകള്‍, നോട്ടീസുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ സുക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ നശിപ്പിച്ചയവയുടെ കൂട്ടത്തില്‍പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.
ഇതിന്റെ നിയമസാധുതയെയും ധാര്‍മ്മികതയെയും കുറിച്ച് നിയമ വിദഗ്ധരും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസ് രേഖകള്‍, പ്രത്യേകിച്ച് അസ്വാഭാവിക മരണങ്ങള്‍ ഉള്‍പ്പെടുന്നവ, നശിപ്പിക്കാന്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് അധികാരമില്ലെന്ന് അവര്‍ വാദിക്കുന്നു. ഡിജിറ്റൈസേഷനില്‍ കര്‍ണാടകയിലെ ഏറ്റവും മുന്നേറിയ ജില്ലകളില്‍ ഒന്നാണ് ദക്ഷിണ കന്നഡ. എന്നിട്ടും രേഖകള്‍ എന്തുകൊണ്ട് ഡിജിറ്റിലൈസ് ചെയ്തില്ല എന്ന ചോദ്യമുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത ഒരു മൃതദേഹം കണ്ടെത്തുമ്പോള്‍ പാലിക്കേണ്ട പ്രത്യേക നടപടിക്രമങ്ങള്‍ കര്‍ണാടക പോലീസ് മാനുവലില്‍ പ്രതിപാദിച്ചിട്ടുണ്ട്, അതില്‍ പൊതു അറിയിപ്പുകളും മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ഉള്‍പ്പെടുന്നു. ഡിജിറ്റൈസേഷന്‍ കൂടാതെ ഈ രേഖകള്‍ നശിപ്പിക്കാനുള്ള തീരുമാനം ഗുരുതരമായ വീഴ്ചയായി കണക്കാക്കപ്പെടുന്നത്.
1980കള്‍ മുതല്‍ക്കു തന്നെ ധര്‍മ്മസ്ഥലയില്‍ ഇത്തരം കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കൊലപാതകങ്ങള്‍ക്കെതിരെ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ നാല് പതിറ്റാണ്ടിലധികമായി നടന്നു വരുന്നുണ്ട്. 1987ല്‍ പത്മലത എന്ന 17കാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് വലിയൊരു പ്രതിഷേധ പ്രകടനം നടന്നു. 2012ല്‍ സൗജന്യ എന്ന പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം കര്‍ണാടകത്തിലാകമാനം പ്രതിഷേധങ്ങളുയര്‍ത്തി. 2003ല്‍ അനന്യ ഭട്ട് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാണാതായപ്പോഴും സമരങ്ങളും നിവേദനങ്ങളുമെല്ലാം ഉണ്ടായി.
ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി അംഗം ജയന്ത് ടി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം വിവരിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ശ്രീ ധര്‍മ്മസ്ഥല മഞ്ജുനാഥേശ്വര കോളേജിലെ വേദവല്ലി എന്ന ടീച്ചറെ തീ കൊളുത്തി കൊന്ന സംഭവവും അത് കണ്ട അവരുടെ കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവുമെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. യമുന, പത്മലത തുടങ്ങിയ നിരവധി പേരുകള്‍ക്കൊപ്പം പേരറിയാത്ത നൂറുകണക്കിനാളുകളുടെ ശവപ്പറമ്പാണ് ധര്‍മ്മസ്ഥല എന്നാണ് ജയന്ത് ടി പറയുന്നത്. എത്രപേര്‍ കൊല്ലപ്പെട്ടിരിക്കും എന്ന ചോദ്യത്തിന് ആയിരമോ രണ്ടായിരമോ ഉണ്ടായിരിക്കും എന്നാണ് ജയന്തിന്റെ മറുപടി. പേടി കാരണം പല പൊലീസ് ഉദ്യോഗസ്ഥരും ധര്‍മ്മസ്ഥല കേസ് അന്വേഷിക്കുന്ന സംഘത്തില്‍നിന്നും മാറിക്കഴിഞ്ഞു. ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ വന്നിട്ടും നടപടിയെടുക്കാതെ പൊലീസ് കാലതാമസം വരുത്തി. ഇപ്പോള്‍ മൃതദേഹങ്ങള്‍ മാറ്റിയിരിക്കുമോ എന്നുവരെ സംശയമുണ്ട്.
എസ്ഐടി വിപുലീകരിച്ചു
അതിനിടെ കൂടുതല്‍ പൊലീസുകാരെ ഉള്‍പ്പെടുത്തി എസ്ഐടി വിപുലീകരിച്ചിട്ടുണ്ട്. എല്ലാ ദിവസം 11മണിയോടെ തുടങ്ങുന്ന കുഴിക്കലില്‍ ആയിരത്തോളം പേര്‍ അടങ്ങുന്ന വലിയ ഒരു ടീമാണ് നേതൃത്വം കൊടുക്കുന്നത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി നദിക്കര 13 ഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. ശുചീകരണ തൊഴിലാളിയുടെ മൊഴി അനുസരിച്ച്, സൈറ്റ് നമ്പര്‍ 1ലും, 2ലും, 3ലും രണ്ടുവീതം മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 4 ഉം 5 ഉം സൈറ്റുകളില്‍ ഒരുമിച്ച് 6 മൃതദേഹങ്ങളുണ്ട്, 6, 7, 8 സൈറ്റുകളില്‍ ആകെ 8 മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 9 ല്‍ 6 മുതല്‍ 7 വരെ മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 10 ല്‍ 3 മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 11 ല്‍ 9 മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 12ല്‍ നാലോ അഞ്ചോ വരെ മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 13ല്‍ ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഇവിടേക്ക് പരിശോധന കടക്കാനിരിക്കെയാണ് എസ്ഐടി സംഘം വിപുലീകരിച്ചത്.
ഇതിലെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്താണ്ഴ അതേസമയം 9 മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാം സ്ഥലം നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ്, ബാക്കിയുള്ള രണ്ടെണ്ണം ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്താണ്. ഇതില്‍ ചിലത് സ്വകാര്യവ്യക്തികളുടെ സ്ഥലം കൂടിയാണ്.
പേടി കാരണം പല പൊലീസ് ഉദ്യോഗസ്ഥരും ധര്‍മ്മസ്ഥല കേസ് അന്വേഷിക്കുന്ന സംഘത്തില്‍നിന്നും മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുന്നത്. അദ്ദേഹത്തിന് പുറമേ, ഡിഐജി എം.എന്‍. അനുഛേദ്, എസ്.പി. ജിതേന്ദ്രകുമാര്‍ ദയാമ എന്നിവര്‍ക്ക് പുറമേ വിവിധ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടക്കം 20 പേരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷന് സമീപത്തായി പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.