കുവൈറ്റ് വിമാനത്താവളത്തിന് നേരേ ഇറാന്റെ ഡ്രോണാക്രമണം; ജീവനക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്; ദോഹയ്ക്കും അബുദബിക്കും പുറമേ ദുബായിലും ആക്രമണം; മിസൈല്‍ പതിച്ച് പാം ജുമൈറ ഹോട്ടലിന് തീ പിടിച്ചു; യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടതായി അവകാശവാദം; 'എനിക്ക് അറിയാവുന്നിടത്തോളം അദ്ദേഹം ജീവനോടെയുണ്ടെന്ന് ' ഇറാന്‍ വിദേശകാര്യ മന്ത്രിയും

കുവൈറ്റ് വിമാനത്താവളത്തിന് നേരേ ഇറാന്റെ ഡ്രോണാക്രമണം

Update: 2026-02-28 15:44 GMT

ടെഹ്‌റാന്‍: ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ 'ഓപ്പറേഷന്‍ ലയണ്‍സ് റോര്‍' (Operation Lion's Roar) ഇറാന്‍ ഭരണകൂടത്തിന്റെ സിരാകേന്ദ്രത്തെയാണ് ലക്ഷ്യം വെച്ചത്. ടെഹ്റാനിലെ അതിസുരക്ഷാ മേഖലയായ ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക വസതിക്ക് നേരെ നടന്ന ആക്രമണം ഇതിന്റെ വ്യക്തമായ സൂചനയാണ്. ഖമേനി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ അവകാശപ്പെടുമ്പോള്‍, 'എനിക്കറിയാവുന്നിടത്തോളം അദ്ദേഹം ജീവനോടെയുണ്ട്' എന്ന ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മറുപടിയില്‍ വലിയൊരു അനിശ്ചിതത്വം നിഴലിക്കുന്നുണ്ട്. അതേസമയം, ഏറ്റവുമൊടുവില്‍, കുവൈറ്റ് വിമാനത്താവളത്തിന് നേരേ ഇറാന്‍ ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ടു. ജീവനക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.


ഇതിനിടെ ദുബായിലെ പ്രശസ്തമായ പാം ജുമൈറ ഹോട്ടലില്‍ ഇറാന്‍ മിസൈല്‍ പതിച്ചു. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലും ഇറാന്‍ മിസൈലുകള്‍ പതിച്ചിട്ടുണ്ട്. കൂടാതെ അബുദാബി, കുവൈറ്റ്, ബഹ്റൈന്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലും മിസൈല്‍ വര്‍ഷമുണ്ടായി.




ഇറാന്‍ തൊടുത്തുവിട്ട മിസൈലോ അല്ലെങ്കില്‍ അതിന്റെ അവശിഷ്ടങ്ങളോ പതിച്ചതിനെത്തുടര്‍ന്ന് ദുബായിലെ പ്രശസ്തമായ പാം ജുമൈറ തീപിടിച്ചു കത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.നാലുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.




സൈനിക നേതൃത്വത്തിന് ഏറ്റ പ്രഹരം

ഭരണനേതൃത്വത്തെ മാത്രമല്ല, ഇറാന്റെ സൈനിക കരുത്തിനെയും ഈ നീക്കം തളര്‍ത്തിയിരിക്കുകയാണ്. പ്രതിരോധ മന്ത്രി അമീര്‍ നാസിര്‍സാദെ, ഐആര്‍ജിസി (IRGC) കമാന്‍ഡര്‍ മുഹമ്മദ് പക്പൂര്‍ എന്നിവരുടെ മരണം സ്ഥിരീകരിക്കപ്പെട്ടാല്‍, അത് ഇറാന്‍ സൈന്യത്തിന് നികത്താനാവാത്ത നഷ്ടമാകും. ഇറാന്റെ ആണവ-മിസൈല്‍ പദ്ധതിയേയും വരുംകാല സൈനിക നീക്കങ്ങളെയും ഇത് സാരമായി ബാധിക്കും.

ഭരണകൂട മാറ്റത്തിനുള്ള ആഹ്വാനം

സൈനികമായ ആക്രമണത്തിനൊപ്പം തന്നെ ഇറാനിലെ ജനങ്ങളെ ഭരണകൂടത്തിനെതിരെ തിരിക്കാനുള്ള നയതന്ത്ര നീക്കവും അമേരിക്കയും ഇസ്രായേലും നടത്തുന്നുണ്ട്. 'നിങ്ങളുടെ വിധി സ്വന്തം കൈകളിലെടുക്കുക' എന്ന നെതന്യാഹുവിന്റെ സന്ദേശവും, 'സ്വാതന്ത്ര്യത്തിന്റെ നാഴിക അടുത്തിരിക്കുന്നു' എന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വനവും ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പരസ്യമായ നീക്കങ്ങളാണ്. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ സുരക്ഷിതരായിരിക്കാന്‍ നിര്‍ദ്ദേശിച്ച ട്രംപ്, ആക്രമണം കഴിയുമ്പോള്‍ അധികാരം ഏറ്റെടുക്കാന്‍ അവരോട് ആവശ്യപ്പെടുന്നത് വരാനിരിക്കുന്ന വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാകാം.

ഇറാന്റെ പ്രത്യാക്രമണം വിതച്ച ഗള്‍ഫിലെ അശാന്തി

അതേസമയം, ശനിയാഴ്ച ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത പ്രത്യാക്രമണങ്ങളെത്തുടര്‍ന്ന് പശ്ചിമേഷ്യ വീണ്ടും ഒരു വന്‍ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനില്‍ നടത്തിയ സംയുക്ത സൈനിക നീക്കത്തിന് തൊട്ടുപിന്നാലെയാണ് യുഎഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തിയത്. അബുദാബി, ദുബായ്, ദോഹ, റിയാദ് എന്നീ നഗരങ്ങളില്‍ മിസൈല്‍ ആക്രമണങ്ങളും സ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അബുദാബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ വീണ് ഏഷ്യന്‍ വംശജനായ ഒരു പ്രവാസി കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.


അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളെയാണ് ഇറാന്‍ പ്രധാനമായും ലക്ഷ്യം വെച്ചത്. അബുദാബിയിലെ അല്‍ ദഫ്ര എയര്‍ ബേസ്, ദുബായിലെ ജബല്‍ അലി പോര്‍ട്ട്, ദോഹയിലെ അല്‍ ഉദൈദ് എയര്‍ ബേസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബഹ്റൈനിലെ അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍ പടയുടെ (5th Fleet) ആസ്ഥാനത്തിന് നേരെയും മിസൈല്‍ ആക്രമണമുണ്ടായി. സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിന് സമീപവും സ്‌ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ആകാശത്ത് തീഗോളങ്ങള്‍ കണ്ടതായും വലിയ ശബ്ദത്തോടെ മിസൈലുകള്‍ കടന്നുപോയതായും ദുബായിലെ താമസക്കാര്‍ സാക്ഷ്യപ്പെടുത്തി.

ഇറാനിലെ ആക്രമണം

ഇറാന്റെ ഈ നീക്കത്തിന് മുന്‍പായി അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' (Operation Epic Fury) എന്ന പേരില്‍ ഇറാനില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന് സമീപവും സൈനിക കേന്ദ്രങ്ങളിലും സ്‌ഫോടനങ്ങള്‍ നടന്നു. ഇറാനിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനില്‍ വന്‍തോതിലുള്ള സൈനിക നടപടികള്‍ ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.


യുദ്ധം രൂക്ഷമായതോടെ മിഡില്‍ ഈസ്റ്റിലെ വ്യോമഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇസ്രായേല്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാത അടച്ചു. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. സൗദി അറേബ്യയും ഖത്തറും ഇറാന്റെ നടപടിയെ ശക്തമായി അപലപിക്കുകയും ഇത് പ്രാദേശിക സുരക്ഷയെ തകര്‍ക്കുന്ന വഞ്ചനാപരമായ നീക്കമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് പ്രവാസികള്‍ വസിക്കുന്ന ഈ മേഖലയിലെ നിലവിലെ സാഹചര്യം ആഗോളതലത്തില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Tags:    

Similar News