ധര്‍മ്മസ്ഥലയില്‍ കാര്യങ്ങള്‍ അടിമുടി മാറിമറിയുന്നു; ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റില്‍; നടപടി ബിജെപി നേതാവിനെ അപമാനിച്ചതിന്; വിവാദമായ ഒട്ടേറെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയ വ്യക്തികള്‍ എന്ന് വിശ്വാസികള്‍; സാക്ഷിയും മനാഫുമടക്കം അകത്താവുമോ?
ധര്‍മ്മസ്ഥലയില്‍ കാര്യങ്ങള്‍ അടിമുടി മാറിമറിയുന്നു
കര്‍ണ്ണാടകയിലെ പ്രശസ്തമായ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്ത്രിലെ ദുരുഹമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അടിമുടി അട്ടിമറികള്‍. ഇതുവരെ ക്ഷേത്ര ഭരണാധികാരികളാണ്, പ്രതിരോധത്തിലായിരുന്നെങ്കില്‍, നേത്രാവതി നദിക്കരെ നടന്ന തിരിച്ചലില്‍ ഒന്നും കിട്ടാതായതോടെ, ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റിയാണ് പ്രതിരോധത്തിലായിരിക്കുന്നത്. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമിച്ച മുന്‍ ശുചീകരണത്തൊഴിലാളിക്കെതിരെയും, പ്രശ്നം കത്തിച്ച ലോറിക്കാരന്‍ മനാഫ് അടക്കമുള്ള വ്ളോഗര്‍മാര്‍ക്കെതിരെയും കേരള മീഡിയക്കെതിരെയും നടപടി വേണമെന്നാണ് കന്നഡ മാധ്യമങ്ങള്‍ എഴുതുന്നത്.
ഇതിന്റെ ആദ്യപടിയെന്നോണം, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടിയെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്. ഇത് എല്ലാവര്‍ക്കും ഒരു പാഠം എന്ന രീതിയിലാണ് വിശ്വാസി ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്.
തിമ്മരോഡി മാഫിയയെന്ന് വിശ്വാസികള്‍
ഉഡുപ്പി ബ്രഹ്‌മാവര്‍ പൊലീസാണ് ഉജ്ജിരെയിലെ വീട്ടില്‍ നിന്ന് മഹേഷ് തിമ്മരോഡിയെ അറസ്റ്റ് ചെയ്തതത്. സമൂഹമാധ്യമത്തിലൂടെ ബിജെപിയുടെ ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായ ബി.എല്‍. സന്തോഷിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് ബിജെപിയുടെ ഉഡുപ്പി റൂറല്‍ മണ്ഡലം പ്രസിഡന്റ് രാജീവ് കുലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്തത്.
വിവാദമായ ഒട്ടേറെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആളാണ് മഹേഷ് ഷെട്ടി തിമ്മരോടി എന്നാണ് ധര്‍മ്മസ്ഥല അനുകൂലികള്‍ പറയുന്നത്. പല ഭൂമികളും ക്ഷേത്രത്തിന് ആവശ്യമുണ്ടെന്ന് പറഞ്ഞ് വാങ്ങാന്‍ ശ്രമിച്ച മഹേഷ് ഷെട്ടി തിമ്മരോടിയുടെ കള്ളങ്ങള്‍ ക്ഷേത്രാധികാരികള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ തിമ്മരോടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ക്ഷേത്രാധികാരികള്‍ രംഗത്തെത്തി. തുടര്‍ന്ന് മഹേഷ് തിമ്മരോടി മഞ്ജുനാഥ ക്ഷേത്രത്തിനും ധര്‍മ്മാധികാരിയും രാജ്യസഭാ എംപിയുമായ വീരേന്ദ്രഹെഗ്ഗഡെയ്‌ക്കെതിരെ ഗൂഢാലോചന തുടങ്ങിയെന്നാണ് വിശ്വാസി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. അതേസമയം, തന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് തിമ്മരോടി പ്രതികരിച്ചു. ധര്‍മസ്ഥലയിലെ എസ്ഐടി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണെന്നും തിമ്മരോടി പ്രതികരിച്ചു.
സാക്ഷിക്കെതിരെയും നടപടി വേണം
അരക്കോടിയിലേറെ ചെലവിട്ട് പ്രദേശത്ത് കുഴിച്ചിട്ടും ഒന്നും കിട്ടിയില്ലെന്നും അതിനാല്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ്ചെയ്യണമെന്നും ആവശ്യപ്പെട്ട്, വിശ്വാസികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതേകാര്യം ഉന്നയിച്ച് കന്നഡ മീഡിയയിലും കാമ്പയിന്‍ നടന്നിരുന്നു. ഇപ്പോഴിതാ ഈ പ്രശ്നങ്ങള്‍ വഷളാക്കിയത് ലോറിക്കാരന്‍ മനാഫ് ആണെന്നും അയാളുടെ താല്‍പ്പര്യങ്ങള്‍ അന്വേഷിക്കണമെന്നുമാണ് വിശ്വാസികളും കന്നഡ മീഡിയയും ആവശ്യപ്പെടുന്നത്.
ലോറിയുടമ മനാഫിന്റെ ബന്ധങ്ങള്‍ അന്വേഷിക്കണം സോഷ്യല്‍ മീഡിയയില്‍ കേരളത്തിലെ അടക്കം വിഷയം വലിയ ചര്‍ച്ചയാകുന്നുണ്ട്. മനാഫിന്റെ ചാരിറ്റി പ്രവര്‍ത്തനം അന്വേഷിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മിറ്റിയംഗം എന്ന പേരില്‍ ചാനല്‍ ചര്‍ച്ചയില്‍ സജീവമാണ് മനാഫ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ധര്‍മ്മസ്ഥലയില്‍ തമ്പടിച്ച് ഇയാള്‍ യൂട്യൂബ് വീഡിയോ ചെയ്യുന്നുണ്ട്. മനാഫിന്റെ ഇടപെടലിലാണ് മലയാള മാദ്ധ്യമങ്ങള്‍ വിഷയം സജീവമായി ചര്‍ച്ച ചെയ്തത്.
കഴിഞ്ഞ ദിവസം ജനം ടിവി ഡിബേറ്റില്‍ പങ്കെടുത്ത് കൊണ്ടുള്ള മനാഫിന്റെ വാക്കുകളും വിചിത്രമാണ്. കാണാതായ പെണ്‍കുട്ടിയുടെ ഫോട്ടോ ചോദിച്ചെങ്കിലും ആക്ഷന്‍ കമ്മിറ്റിയംഗമായ മനാഫ് മറുപടിയില്ലാതെ ഒഴിഞ്ഞുമാറി. കാണാതായെന്നും കൊല്ലപ്പെട്ടുവെന്നും പറയപ്പെടുന്ന അനന്യ ഭട്ടിന്റെ ചിത്രമാണ് തെളിവായി ചോദിച്ചത്. പരാതി നല്‍കിയ അനന്യയുടെ അമ്മ സുജാത ഭട്ട് തന്റെ അണ്ടറിലാണെന്നും മനാഫ് അവകാശപ്പെട്ടു. കൂടാതെ തനിക്ക് ഇപ്പോള്‍ അത്യാവശ്യം പവറുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. അഞ്ച് മാസം മുന്‍പാണ് ജസ്റ്റിസ് ഫോര്‍ സൗജന്യയുടെ ആളുകള്‍ തന്ന സമീപിച്ച് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടെന്നും മനാഫ് പറയുന്നു.ഷിരൂരില്‍ പണ്ട് ലോറി അപകടമുണ്ടായി അര്‍ജുന്‍ എന്ന ലോറി ഡ്രൈവര്‍ മരിച്ച കേസില്‍ അര്‍ജുന്റെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞ വ്യക്തികൂടിയാണ് മനാഫ് എന്നുമാണ് ധര്‍മ്മസ്ഥല അനുകൂലികള്‍ പറയുന്നത്. ധര്‍മ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന വിവരണങ്ങളാണ് ആദ്യം മുതലേ ഇയാള്‍ നല്കിയിരുന്നത് എന്നാണ് വിശ്വാസികള്‍ പറയുന്നത്.
എന്നാല്‍ താന്‍ പറഞ്ഞത് പൂര്‍ണ്ണമായും, ശരിയാണെന്നും തനിക്കൊപ്പം ജോലി ചെയ്ത മറ്റു നാലുപേര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നുമാണ്, ശുചീകരണത്തൊഴിലാളി പറയുന്നത്. നേത്രാവതി നദി ഗതിമാറി ഒഴുകിയതിനാല്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം മാറിയെന്നും അതിനാലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടാത്തതെന്നുമാണ് ഇയാള്‍ പറയുന്നത്. താന്‍ മതം മാറിയിട്ടില്ലെന്നും ഇപ്പോഴും ഹിന്ദുവാണെന്നും, നുണ പരിശോധനയടക്കമുള്ള എന്തിനോടും സഹകരിക്കാമെന്നും സാക്ഷി പറയുന്നുണ്ട്.