ടിവിയില്‍ ആ ബ്രേക്കിംഗ് വന്നപ്പോള്‍ വീട്ടില്‍ എല്ലാവരും തുള്ളിച്ചാടി; കണ്ണീര്‍ തുടച്ച് സന്തോഷം പങ്കുവച്ച് ഭാര്യയും മക്കളും; 'പത്മസരോവരത്തില്‍' വീണ്ടും സന്തോഷ ദിനങ്ങള്‍; ഇനി ഭഭബയുടെ ടീസര്‍ റിലീസ്; ഒന്‍പത് വര്‍ഷത്തെ കണ്ണീരിന് അറുതി; മലയാള സിനിമയില്‍ പിടിമുറുക്കാന്‍ ഡിസംബര്‍ 18ന് റിലീസും; ആലുവയില്‍ വീണ്ടും 'ഗോപാലകൃഷ്ണന്റെ' പട്ടാഭിഷേകം; ആലുവ മണപ്പുറത്തെ വീട്ടില്‍ വീണ്ടും ഭാഗ്യമെത്തി; ദിലീപ് ആത്മവിശ്വാസം വീണ്ടെടുക്കുമ്പോള്‍

Update: 2025-12-08 06:20 GMT

കൊച്ചി: ആലുവയിലെ പത്മസരോവരം വീണ്ടും സന്തോഷത്തില്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍ എന്ന ചാനലിലെ ബ്രേക്കിംഗ് ന്യൂസ് കണ്ട് ആ വീട്ടിലുള്ളവരെല്ലാം തുള്ളിചാടി. ഭാര്യ കാവ്യാ മാധവനും മകളും സന്തോഷത്തിലായി. ഇനി ആ വീട്ടില്‍ സന്തോഷമാണ്. ദിലീപിന്റെ പുതിയ ചിത്രം ഭഭബയുടെ ടീസര്‍ റിലീസ് ഉടന്‍ നടക്കും. ഡിസംബര്‍ 18ന് റിലീസും. ഈ ന്യൂജെന്‍ സിനിമ സൂപ്പര്‍ ഹിറ്റാകുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ. ഇതോടെ വീണ്ടും മോളിവുഡിലെ താര രാജാവായി ദിലീപ് മാറും. ഈ വിധിയോടെ ദിലീപിന്റെ പട്ടാഭിഷേകം വീണ്ടും മലയാള സിനിമയില്‍ നടക്കും. ഏതായാലും ദിലീപും കാവ്യാ മാധവനും വീണ്ടും സന്തോഷത്തിലേക്ക് വരികയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ പ്രശംസിച്ച് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ കെ.പി.വ്യാസന്‍ രംഗത്തു വന്നു. വലിയ മാധ്യമശ്രദ്ധ നേടിയ കേസില്‍ ചങ്കുറപ്പോടെ വിധിയെഴുതിയതിന് ജഡ്ജിയെ പ്രശംസിച്ച വ്യാസന്‍, സത്യത്തെ എല്ലാ കാലത്തേക്കും മൂടിവയ്ക്കാന്‍ ആര്‍ക്കുമാവില്ലെന്നും കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ് വ്യാസന്റെ കുറിപ്പ്. ഇതു തന്നെയാണ് ദിലീപിന്റെ വീടിന്റെ പ്രതികരണവും.

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി പ്രഖ്യാപിച്ചതോടെയാണ് പത്മസരോവരത്തില്‍ ആഘോഷം തുടങ്ങിയത്. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ എറണാകുളം ജില്ലാ കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. അഞ്ചു വര്‍ഷം നീണ്ട വിചാരണക്കും നാടകീയ സംഭവങ്ങള്‍ക്കും ശേഷമാണ് കേസില്‍ വിധി വരുന്നത്. ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. ദിലീപ് കേസിലെ എട്ടാം പ്രതിയായിരുന്നു. എന്‍.എസ് സുനില്‍ (പള്‍സര്‍ സുനി)യാണ് കേസിലെ ഒന്നാം പ്രതി. മാര്‍ട്ടിന്‍ ആന്റണി,ബി.മണികണ്ഠന്‍,വി.പി വിജീഷ്,എച്ച്.സലിം (വടിവല്‍ സലിം),പ്രദീപ്,ചാര്‍ളി തോമസ്,സനില്‍കുമാര്‍ (മേസ്തിരി സനില്‍), ജി.ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇതില്‍ ചാര്‍ളി മുതലുള്ള പ്രതികളെല്ലാം കുറ്റവിമുക്തയായി. സംഭവം നടന്ന് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞത്. 2017 ഫെബ്രുവരി 17ന് എറണാകുളം അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ നടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

പ്രമുഖ നടീ നടന്‍മാരടക്കം 261 സാക്ഷികളുള്ള കേസില്‍ 28 പേര്‍ മൊഴി മാറ്റി. 142 തൊണ്ടികള്‍ കോടതി പരിശോധിച്ചു. സാക്ഷി വിസ്താരത്തിന് മാത്രം കോടതി 438 ദിവസമെടുത്തു. ആ കേസിലാണ് ദിലീപിനെ വെറുതെ വിടുന്നത്. നേരത്തെ നടന്‍ ദിലീപ് 85 ദിവസം ജയിലില്‍ കിടന്നിരുന്നു. അന്ന് ദിലീപ് പോലീസ് കാവലില്‍ ആലുവ സബ് ജയിലില്‍ നിന്നും കൊട്ടാരക്കടവ് പത്മസരോവരം വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധചടങ്ങുകളില്‍ പങ്കെടുത്തത് അടക്കം വാര്‍ത്തകളിലെത്തി. അന്ന് രാവിലെ എട്ടുമണിക്കാണ് ജയിലില്‍ നിന്നും ദിലീപിനെ പുറത്തിറക്കിയത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കുറച്ചു സമയം വിശ്രമിച്ച ശേഷം പത്തുമണിക്ക് പത്ത് മിനിട്ട് അവശേഷിക്കേ തിരിച്ച് ജയിലിലെത്തിച്ചു. വീട്ടിലും ആലുവ മണപ്പുറത്തുമായിരുന്നു ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ദിലീപിനെ മണപ്പുറത്തേക്ക് കൊണ്ടുപോയില്ല. ആലുവാ നദീതീരത്തുള്ള വീടിനു മുന്നിലാണ് ചടങ്ങുകള്‍ നടന്നത്. അമ്മക്കും സഹോദരങ്ങള്‍ക്കും മകള്‍ക്കും ഒപ്പമാണ് ദിലീപ് ചടങ്ങില്‍ പങ്കെടുത്തത്. അന്ന് ആ വീട്ടില്‍ ദുഖമാണ് തളം കെട്ടിയത്. എന്നാല്‍ വിധി കഴിഞ്ഞ് ദിലീപ് വീ്ട്ടിലേക്ക് എത്തുമ്പോള്‍ സന്തോഷം മാത്രം.

ജ്യോതിഷത്തിലും മറ്റും അതീവ വിശ്വാസമുള്ള നടനായി സിനിമാരംഗത്ത് അറിയപ്പെടുന്ന ദിലീപ് കണ്ടകശനി കാലത്താണ് അകത്തായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. പെരിയാര്‍ തീരത്തു ശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറത്തിന് അഭിമുഖമായാണു ദിലീപിന്റെ പത്മസരോവരം എന്ന വീട്. പന്ത്രണ്ടു വര്‍ഷം മുന്‍പ് നടനെന്ന നിലയില്‍ പ്രശസ്തനായ ശേഷമാണ് ഇവിടെ വീടും സ്ഥലവും വാങ്ങിയത്. കേസ് വരുന്നതിന് രണ്ടു വര്‍ഷം മുന്‍പ് പഴയ വീടു പൂര്‍ണമായും പൊളിച്ചുനീക്കി പുതിയതു നിര്‍മിച്ചു. കൊച്ചിയിലെ താലികെട്ടു ചടങ്ങു കഴിഞ്ഞു കാവ്യ മാധവന്‍ വിളക്കുവച്ചു കയറിയതു പുതിയ വീട്ടിലാണ്. അന്നു പണി മുഴുവന്‍ പൂര്‍ത്തിയായിരുന്നില്ല. ജ്യോതിഷികളുടെ ഉപദേശത്തെ തുടര്‍ന്നാണു പഴയ വീട് പൊളിച്ചു പുതിയതു നിര്‍മിച്ചത്. ദേശത്താണ് ദിലീപ് ജനിച്ചുവളര്‍ന്ന തറവാട്ടു വീട്. സിനിമയില്‍ എത്തിയ ശേഷം പറവൂര്‍ കവല വിഐപി ലെയ്‌നില്‍ വീടു വാങ്ങി പുനര്‍നിര്‍മിച്ചു. മഞ്ജു വാരിയരെ വിവാഹം കഴിച്ചുകൊണ്ടുവന്നത് ഈ വീട്ടിലേക്കാണ്. ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവുമാണ് ഇപ്പോള്‍ അവിടെ താമസം.

ശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ പുഴ നീന്തി മണപ്പുറത്തെത്തിയ കഥ ദിലീപ് അഭിമുഖങ്ങളില്‍ പറയാറുണ്ട്. മണപ്പുറത്തു വച്ചാണ് നാദിര്‍ഷായെ ആദ്യമായി പരിചയപ്പെട്ടതെന്നും ദിലീപ് പറഞ്ഞിരുന്നു. നടന്‍ ദിലീപിന്റെ യഥാര്‍ഥ പേരു ഗോപാലകൃഷ്ണന്‍ എന്നാണ്. നടിയെ തട്ടിക്കൊണ്ടുപോയ കേസ് രേഖകളില്‍ ആലുവ കൊട്ടാരക്കടവ് റോഡില്‍ പത്മസരോവരം വീട്ടില്‍ ഗോപാലകൃഷ്ണന്‍ എന്നാണ് ചേര്‍ത്തിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ ശേഷമാണു ഗോപാലകൃഷ്ണന്‍ ദിലീപായത്. പക്ഷേ, തിരഞ്ഞെടുപ്പു വോട്ടര്‍പട്ടിക അടക്കമുള്ള സര്‍ക്കാര്‍ രേഖകളില്‍ പഴയ പേരു മാറ്റിയിട്ടില്ല. സ്‌കൂളിലെയും കോളജിലെയും പഴയ സഹപാഠികളുടെയും അയല്‍വാസികളുടെയും മനസ്സിലും ദിലീപ് ഇപ്പോഴും ഗോപാലകൃഷ്ണന്‍ തന്നെ.

Tags:    

Similar News