'ക്വട്ടേഷന്‍ തന്നത് സ്ത്രീ.... എന്നിട്ടും അന്വേഷിച്ചില്ല': ദിലീപിനെ വെറുതെ വിട്ട വിധിന്യായത്തില്‍ കോടതിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; അന്വേഷണത്തിലെ പാളിച്ചകള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞു ഉത്തരവ്; ആ 'മാഡത്തെ' കണ്ടെത്താന്‍ കഴിയാത്തത് വലിയ തിരിച്ചടി; നടനെ തുണച്ചത് പോലീസ് വീഴ്ച
കൊച്ചി: കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ട വിധിന്യായത്തില്‍, കേസിന്റെ അന്വേഷണത്തില്‍ സംഭവിച്ച ഗുരുതരമായ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ച് വിചാരണ കോടതി. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് ഒന്നാം പ്രതിയായ പള്‍സര്‍ സുനി അതിജീവിതയോട് പറഞ്ഞിട്ടും, ആ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഉണ്ടായില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ 1714 പേജുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രോസിക്യൂഷന്റെ വാദങ്ങളെയും തെളിവുകള്‍ സമര്‍പ്പിക്കുന്നതിലെ വീഴ്ചകളെയും ചോദ്യം ചെയ്യുന്ന നിരവധി നിരീക്ഷണങ്ങളാണ് കോടതി നടത്തിയിട്ടുള്ളത്. 'മാഡം' എന്ന് പള്‍സര്‍ പറഞ്ഞ ആളിനെ കണ്ടെത്താന്‍ കഴിയാത്തതാണ് ഗൂഡാലോചനാ വാദം തകര്‍ത്തത്.
ബലാത്സംഗത്തിന് മുമ്പ് ഒരു ക്വട്ടേഷനുണ്ടെന്ന് ഒന്നാംപ്രതി പള്‍സര്‍ സുനില്‍ അതിജീവിതയോട് പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് നല്‍കുമെന്നും, ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്നും ഒന്നാം പ്രതി വ്യക്തമാക്കിയതായും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ശത്രുക്കളെക്കുറിച്ച് അതിജീവിതയ്ക്ക് നന്നായി അറിയാമല്ലോ എന്നും ഒന്നാംപ്രതി ചോദിച്ചു. ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന മൊഴിയുണ്ടായിട്ടും, പ്രോസിക്യൂഷന്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഒന്നാം പ്രതി ആദ്യം പറഞ്ഞത് സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ്. പിന്നീട് മൊഴി മാറ്റി ദിലീപാണ് നല്‍കിയതെന്നും പറഞ്ഞു. സ്ത്രീ ആരാണെന്ന് കണ്ടെത്താന്‍ പ്രോസിക്യൂഷന്‍ അന്വേഷണം നടത്തേണ്ടതായിരുന്നു. പള്‍സറിന്റെ മൊഴി മാറ്റമാണ് ദിലീപിന് തുണയായി മാറിയത്.
ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതിയായിരുന്ന ദിലീപും തമ്മില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടു. ദിലീപ് മൊബൈല്‍ ഫോണില്‍ നിന്ന് തെളിവുകള്‍ നീക്കം ചെയ്തതായി തെളിയിക്കാനോ, ക്വട്ടേഷന്‍ നല്‍കിയത് എട്ടാം പ്രതിയാണെന്ന് തെളിയിക്കാനോ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഒന്നാം പ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീകളെ സാക്ഷിയായി കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുറ്റകൃത്യത്തെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടാകാനുള്ള സാധ്യത പരിഗണിച്ചില്ല. ഈ പരാമര്‍ശവും നിര്‍ണ്ണായകമാണ്.
2017 ഏപ്രില്‍ 18-ന് നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ചാണ് പറഞ്ഞിരുന്നത്. എന്നാല്‍, 2017-ല്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും മുന്‍പ് പലതവണ ചോദ്യം ചെയ്തിട്ടും അതിജീവിത ഉള്‍പ്പെടെയുള്ളവര്‍ ദിലീപിനെക്കുറിച്ച് മൊഴി നല്‍കിയിരുന്നില്ല. ദിലീപിന്റെ പേര് പറയുന്നതിന് അതിജീവിതയ്ക്ക് ഭയമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദം കോടതി അംഗീകരിച്ചില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നതിനാല്‍ ഭയത്തിന്റെ ആവശ്യമില്ലെന്നും, 2015-ല്‍ അതിജീവിത എട്ടാം പ്രതിക്കെതിരെ അഭിമുഖം നല്‍കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല എന്നത് കേസില്‍ വലിയ പാളിച്ചയായി കോടതി ചൂണ്ടിക്കാണിച്ചു. ഫോണ്‍ നശിപ്പിച്ചതായി കണ്ടെത്തിയെന്ന് പറയുന്ന സാഹചര്യത്തില്‍, അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം എങ്ങനെ നടത്തുമെന്നും കോടതി ചോദിക്കുന്നുണ്ട്. ക്വട്ടേഷന്‍ നല്‍കിയത് 2013-ല്‍ തുടങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, സുനി മറ്റൊരു കേസില്‍ ഒളിവിലായിരുന്നതിനാലാണ് കൃത്യം വൈകിയതെന്ന വാദം വിശ്വാസയോഗ്യമല്ലെന്നും കോടതി തള്ളി.
കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ലിംഗനീതിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ജഡ്ജി ഹണി എം വര്‍ഗീസ് ചൂണ്ടിക്കാണിക്കുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ തൊണ്ടിമുതലുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കുന്നതിന് സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കാനും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ആഘാതം കോടതി കണക്കിലെടുത്തിട്ടുണ്ട്.
