ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട ഈജിപ്ഷ്യന്‍ തീരത്തുള്ള മഹാനഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു; അബു ഖീര്‍ ബേയിലെ ഖനനത്തില്‍ പ്രതിമകളും വീടുകളുടെ അവശിഷ്ടങ്ങളും ക്ഷേത്രങ്ങളും കണ്ടെടുത്തു; ഫറവോന്റെ പേരുള്ള പുരാവസ്തുവും അവശിഷ്ടങ്ങളില്‍

ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട ഈജിപ്ഷ്യന്‍ തീരത്തുള്ള മഹാനഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു; അബു ഖീര്‍ ബേയിലെ ഖനനത്തില്‍ പ്രതിമകളും വീടുകളുടെ അവശിഷ്ടങ്ങളും ക്ഷേത്രങ്ങളും കണ്ടെടുത്തു; ഫറവോന്റെ പേരുള്ള പുരാവസ്തുവും അവശിഷ്ടങ്ങളില്‍

Update: 2025-08-27 07:04 GMT

കൊയ്‌റോ: ഈജിപ്തിന്റെ തീരത്ത് നിന്ന് രണ്ടായിരം വര്‍ഷം മുമ്പ് മുങ്ങിപ്പോയ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. കണ്ടെടുക്കപ്പെട്ടതില്‍ ബൈബിളില്‍ പരാമര്‍ശമുള്ള ഫറവോന്റെ പേരുള്ള ഒരു പുരാവസ്തുവും ഉള്‍പ്പെടുന്നു. അബു ഖീര്‍ ബേയിലാണ് വെള്ളത്തിനടിയില്‍ ഖനനം നടക്കുന്നത്. പ്രതിമകള്‍, വീടുകളുടെ അവശിഷ്ടങ്ങള്‍, ക്ഷേത്രങ്ങള്‍, കരകൗശല ശില്പശാലകള്‍, മത്സ്യക്കുളങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

ഇത് ഒരുകാലത്ത് അഭിവൃദ്ധി പ്രാപിച്ച നഗരമായിരുന്നു എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കണ്ടെത്തിയവയില്‍ റാംസെസ് രണ്ടാമന്റെ കാര്‍ട്ടൂച്ച് ആലേഖനം ചെയ്ത ഒരു ഭീമാകാരമായ ക്വാര്‍ട്‌സൈറ്റ് സ്ഫിങ്‌സും ഉള്‍പ്പെടുന്നു. മോശ ഇസ്രായേലുകാരെ ഈജിപ്തില്‍ നിന്ന് പുറത്തുകൊണ്ടുവന്നപ്പോള്‍ ബൈബിള്‍ പുറപ്പാട് കഥയിലെ ഫറവോനായി ചില ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന വ്യക്തിയാണ് റാംസെസ് രണ്ടാമന്‍. ഒരു ചരക്ക് കപ്പലിന്റെ അവിശിഷ്ടങ്ങളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഈജിപ്തിലെ ടോളമൈക്ക് രാജവംശത്തിന്റെയും റോമന്‍ സാമ്രാജ്യത്തിന്റെയും കാലത്ത് വ്യാപാരത്തിന്റെയും ആഡംബരത്തിന്റെയും പ്രധാന കേന്ദ്രമായിരുന്ന കനോപ്പസിലെ തകര്‍ന്ന് പോയ തുറമുഖത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം എന്നാണ് ഗവേഷകര്‍ കരുതുന്നത്. ടോളമൈക്ക് കാലഘട്ടം ഏകദേശം 300 വര്‍ഷവും് റോമന്‍ ഭരണം ഏകദേശം 600 വര്‍ഷവും നീണ്ടുനിന്നു. കാലക്രമേണ, ഭൂകമ്പങ്ങളും ഉയരുന്ന തിരമാലകളും ഈ മഹാനഗരത്തെ ക്രമേണ വിഴുങ്ങി എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അതിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തിനടിയില്‍ മറഞ്ഞു കിടക്കുകയായിരുന്നു.


 



റാംസെസ് രണ്ടാമന്റെ പേര് വഹിക്കുന്ന സ്ഫിങ്‌സിന്റെ കണ്ടെത്തല്‍ പുരാതന ചരിത്രവുമായി ഒരു വ്യക്തമായ ബന്ധത്തിലേക്കാണ് സൂചിപ്പിക്കുന്നത്. ഈജിപ്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഖനനമാണ് ഇത്. ഈജിപ്തിന്റെ അതുല്യമായ

സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളിലെ ഒരു ശ്രദ്ധേയമായ നാഴികക്കല്ലാണ് ഈ കണ്ടെത്തല്‍ എന്നാണ് സര്‍ക്കാരും വിശേഷിപ്പിക്കുന്നത്.

ആധുനിക അലക്സാണ്ട്രിയയുടെ കിഴക്കായി നൈല്‍ ഡെല്‍റ്റയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പുരാതന ഈജിപ്ഷ്യന്‍ നഗരവും തുറമുഖവുമായിരുന്നു കനോപ്പസ്. നഗരത്തിലെ തുറമുഖവും നദീതടങ്ങളും ഗ്രീസ്, റോം എന്നിവയുമായുള്ള വാണിജ്യത്തെ ഏറെ സഹായിച്ചിരുന്നു. ക്ഷേത്രങ്ങള്‍, മതപരമായ ഉത്സവങ്ങള്‍, വിനോദം എന്നിവയ്ക്കും കനോപ്പസ് പ്രശസ്തമായിരുന്നു, കൂടാതെ ഒസിരിസ് ദേവന് സമര്‍പ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും അവിടെ ഉണ്ടായിരുന്നു.

അധോലോകത്തിന്റെയും മരണത്തിന്റെയും പുനര്‍ജന്മത്തിന്റെയും കൃഷിയുടെയും പുരാതന ഈജിപ്ഷ്യന്‍ ദേവനാണ് ഒസിരിസ്. നിരവധി സമ്പന്നര്‍ക്ക് ഇവിടെ ആഡംബര വസതികള്‍ അക്കാലത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഭൂകമ്പങ്ങള്‍, സുനാമികള്‍, സമുദ്രനിരപ്പ് ഉയരല്‍ എന്നിവ കാരണം കനോപ്പസ് ക്രമേണ ക്ഷയിക്കുകയായിരുന്നു. ബിസി രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, നഗരത്തിന്റെ ചില ഭാഗങ്ങള്‍ നശിച്ചു പോയി. കാലക്രമേണ, അതിന്റെ ഭൂരിഭാഗവും മെഡിറ്ററേനിയന്‍ കടലിനടിയില്‍ മുങ്ങുകയായിരുന്നു.

Tags:    

Similar News