ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണം റിപ്പോര്‍ട്ട്; എന്നാല്‍ കൈയ്യിലെ പഴുപ്പ് എങ്ങനെ വന്നു എന്നതിന് ഉത്തരമില്ല; രക്തയോട്ടം നിലച്ചത് എപ്പോള്‍? ചോദ്യങ്ങള്‍ ബാക്കിയാക്കി അന്വേഷ്ണ റിപ്പോര്‍ട്ട്
പാലക്കാട്: കഴിഞ്ഞ ദിവസമാണ് ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ വാര്‍ത്ത പുറം ലോകം അറിയുന്നത്. ചികിത്സാ പിഴവെന്നാണ് വീട്ടുകാരും മാതാപിതാക്കളും ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്ന് കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഇപ്പോഴും പ്രധാനമായ ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. കുട്ടിയുടെ കൈയ്യിലെ രക്തയോട്ടം നിലച്ചു എന്ന് ആശുപത്രിയില്‍ നിന്നും പറഞ്ഞിരുന്നു. എന്നാല്‍ എങ്ങനെ ആ രക്തയോട്ടം നിലച്ചു എന്നതിന് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉത്തരമില്ല.
ഓഗസ്റ്റ് 24, 25 തീയതികളില്‍ കുട്ടിയുടെ കൈയില്‍ രക്തയോട്ടം സാധാരണമായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഓഗസ്റ്റ് 30-ന് പരിശോധന നടത്തുമ്പോഴാണ് രക്തയോട്ടം പെട്ടെന്ന് ഇല്ലാതായതെന്ന് കണ്ടെത്തിയത്. ഇതിന് പിന്നിലെ കാരണം വ്യക്തമാക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ പല്ലശ്ശനയിലെ ഒന്‍പതുവയസ്സുകാരിയുടെ കൈ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ ഡിഎംഒ നിയോഗിച്ച അന്വേഷണസമിതി റിപ്പോര്‍ട്ട് ആണ് കഴിഞ്ഞ ദിവസം ഡിഎംഒയ്ക്ക് സമര്‍പ്പിച്ചത്. കുട്ടിക്ക് ജില്ലാ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വീണ് പരിക്കേറ്റ് എത്തിയ കുട്ടിയെ പരിശോധിച്ചപ്പോള്‍ വലുത് കൈയ്യുടെ വണ്ട് എല്ലുകളും പൊട്ടിയിരുന്നു. ജൂനിയര്‍ റെസിഡന്റ് ഡോ. മുസ്തഫയാണ് കുട്ടിയുടെ കൈയിക്ക് പ്ലാസ്റ്റര്‍ ഇട്ടത്. അപ്പോള്‍ രക്തയോട്ടത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല. ശേഷം പിറ്റേന്ന് വീണ്ടും ആശുപത്രിയില്‍ അവര്‍ വന്നിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നും കാണാഞ്ഞതിനാല്‍ അഞ്ച് ദിവസം കഴിഞ്ഞ് പ്ലാസ്റ്റര്‍ എടുക്കാന്‍ വരാന്‍ നിര്‍ദേശിച്ചു. ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സര്‍ഫറാസിന്റെ ഒപിയിലാണ് കുട്ടി എത്തിയത്. പിന്നീട് വേദന കൂടിയതോടെയാണ് കുട്ടി 30ന് വീണ്ടും ആശുപത്രിയില്‍ എത്തിയത്. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. വൈശാഖിന്റെ ഒപിയിലാണ് കുട്ടി എത്തിയത്. അപ്പോള്‍ കൈള്‍ക്ക് നീര് ഉണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ രക്തയോട്ടം നിലച്ചതായി കണ്ടു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് ഡിഎംഒ നിയോഗിച്ച അന്വേഷണം നടത്തിയത് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.എം. സിജുവും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.ടി. ജവഹറും ചേര്‍ന്നാണ്. മൂന്നു പേജുള്ള റിപ്പോര്‍ട്ടാണ് ഡിഎംഒയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം, കുട്ടിക്ക് 24-ന് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഓര്‍ത്തോ ഡോക്ടറുടെ പരിശോധനയും ആവശ്യമായ ചികിത്സയും ലഭിച്ചിരുന്നു. അന്ന് രക്തയോട്ടം സാധാരണമായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഒപി ടിക്കറ്റിലും നിന്നും ഡോക്ടറുടെ മൊഴിയില്‍നിന്നുമാണ് വ്യക്തമായിരിക്കുന്നത്.
പിന്നീട് 25-ന് നടത്തിയ പരിശോധനയിലും രക്തയോട്ടത്തില്‍ പ്രശ്നം കണ്ടെത്തിയില്ലെന്നും, കൈയിലെ നീര്‍വീക്കമോ കംപാര്‍ട്ട്മെന്റ് സിന്‍ഡ്രോം പോലുള്ള ലക്ഷണങ്ങളോ കാണാനില്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 30-ന് കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിക്കുമ്പോഴാണ് കൈയിലെ പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം നിലച്ചതായി ഡോപ്ളര്‍ പരിശോധനയിലൂടെ കണ്ടെത്തിയത്. പാലക്കാട് ആശുപത്രിയില്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 25-നും 30-നും ഇടയില്‍ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചികിത്സയില്‍ പങ്കെടുത്ത ഡോക്ടര്‍മാരുടേയും, ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി ഡോ. ടോണി ജോസിന്റെയും മൊഴികളും അന്വേഷണസമിതി രേഖപ്പെടുത്തിയിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ.ജെ. റീനയ്ക്ക് കൈമാറിയതായും, ഡയറക്ടര്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആരോഗ്യ മന്ത്രിക്കാണ് അന്തിമ അഭിപ്രായം സമര്‍പ്പിക്കേണ്ടതെന്നും സൂചനയുണ്ട്.