എല്ലാം മറന്ന് ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിച്ചിരുന്ന സമയം; കൂട്ടുകാരന്റെ കല്യാണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഒറ്റ സെക്കൻഡിൽ തലവര മാറി; റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കാൽതെറ്റി വീണ് ദുരന്തം; ഒടുവിൽ കോമയിൽ കിടക്കവേ ഉറ്റവർക്ക് വേദനയായി അവന്റെ മടക്കം; കൂടെ ഒരു വലിയ ആഗ്രഹവും; മരണത്തിലും പ്രകാശമായി ഡോ. അശ്വന്‍

Update: 2025-12-31 09:48 GMT

തിരുവനന്തപുരം: നാല് പേർക്ക് പുതുജീവൻ നൽകി ഡോ. അശ്വൻ മോഹനചന്ദ്രൻ (32) വിടവാങ്ങി. കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് ഡോക്ടറായ അശ്വന്റെ കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. മരണശേഷവും സഹജീവികളിലൂടെ ലോകത്തിന് വെളിച്ചമായി മാതൃകയാവുകയാണ് ഡോ. അശ്വൻ.

അശ്വന്റെ കരൾ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ ഒരു രോഗിക്കും, ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ രോഗിക്കും, നേത്രപടലങ്ങൾ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്കും കൈമാറി. കടുത്ത ദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

കഴിഞ്ഞ ഡിസംബർ 20-ന് കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അശ്വനെ മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലും തുടർന്ന് മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ഡിസംബർ 27-ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം എൻ.എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡിസംബർ 30-ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തന്റെ അവയവങ്ങൾ മരണാനന്തരം മറ്റൊരാൾക്ക് പ്രയോജനപ്പെടണമെന്നത് ഡോ. അശ്വന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും കുടുംബാംഗങ്ങൾ ഈ ആഗ്രഹം നിറവേറ്റാൻ സമ്മതം നൽകുകയായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.

Tags:    

Similar News