അന്ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബോംബുകളില്‍ ഒന്ന് പതിച്ചത് ആറുവയസ്സുകാരിയുടെ ദേഹത്ത്; ഗുരുതരമായി പരിക്കേറ്റ വലതുകാല്‍ മുറിച്ചുമാറ്റി; കൃത്രിമ കാലുമായി അതിജീവനം; കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ ഡോ. അസ്‌ന വിവാഹിതയായി; പുതു ജീവിതത്തിലേക്ക് കൈപിടിച്ച് ഷാര്‍ജയില്‍ എഞ്ചിനീയറായ നിഖില്‍

അക്രമ രാഷ്ട്രീയത്തെ അതിജീവിച്ച കണ്ണൂരിന്റെ മകള്‍, ഡോ. അസ്ന വിവാഹിതയായി

Update: 2025-07-05 10:50 GMT

കണ്ണൂര്‍: കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ, ബോംബേറില്‍ ആറു വയസ്സുള്ളപ്പോള്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ഷാര്‍ജയില്‍ എന്‍ജിനീയറായ ആലക്കോട് അരങ്ങം വാഴയില്‍ നിഖിലാണ് വരന്‍. 2000 സെപ്റ്റംബര്‍ 27നു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ എറിഞ്ഞ ബോംബ് വീണാണു ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടില്‍ അസ്‌നയ്ക്ക് കാല്‍ നഷ്ടമായത്.

വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് ബോംബ് വന്നു വീണത്. അസ്‌നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ അസ്‌നയുടെ കാല്‍ ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വച്ച് മുറിച്ചു മാറ്റുകയായിരുന്നു. പിന്നീട് കൃത്രിമ കാലുമായാണു ജീവിതം മുന്നോട്ടുകൊണ്ടുപോയത്. അക്രമരാഷ്ട്രീയത്തിന്റെ ഇരയായ അസ്‌ന പിന്നീട് അതിജീവനത്തിന്റെ പ്രതീകമാവുകയായിരുന്നു.

കൃത്രിമ കാലുമായി വിധിക്ക് മുന്നില്‍ പകച്ച് നില്‍ക്കാതെ നിശ്ചയദാര്‍ഡ്യത്തോടെ അസ്‌ന വിജയത്തിന്റെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 2013ല്‍ എംബിബിഎസ് നേടി. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവില്‍ വടകരയിലെ ക്ലിനിക്കില്‍ ഡോക്ടറാണ് അസ്ന.

അസ്‌നയ്ക്കു ബോംബേറില്‍ പരുക്കേറ്റ പൂവത്തൂര്‍ സ്‌കൂളിന് സമീപമുള്ള വീട്ടിലൊരുക്കിയ പന്തലില്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും നിറഞ്ഞ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം നടന്നത്.


 



അക്രമ രാഷ്ട്രീയത്തിന്റെ ഇര

ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടില്‍ അസ്‌ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ്. 2000 സെപ്തംബര്‍ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ എറിഞ്ഞ ബോംബുകളില്‍ ഒന്ന് വന്ന് പതിച്ചത് പൂവത്തൂര്‍ സ്‌കൂളിനു സമീപമുള്ള വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്‌നക്ക് നേരെയായിരുന്നു. അന്നുണ്ടായ അപകടത്തില്‍ അസ്‌നയുടെ മാതാവ് ശാന്തയ്ക്കും സഹോദരന്‍ ആനന്ദിനും പരിക്കേറ്റിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൂവത്തൂര്‍ സ്‌കൂള്‍ ബൂത്തിലെ തര്‍ക്കമാണ് കോണ്‍ഗ്രസ് - ബി.ജെ.പി സംഘര്‍ഷത്തിലെത്തിയത്. ബൂത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ എറിഞ്ഞ ബോംബുകളിലൊന്നാണ് ലക്ഷ്യം തെറ്റി സ്വന്തം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അസ്‌നയ്ക്കു നേരെ പതിച്ചത്.

അന്ന് അസ്‌നക്ക് ആറ് വയസ് മാത്രമാണ് പ്രായമുണ്ടായത്. ബോംബേറില്‍ അസ്‌നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വെച്ച് കാല്‍ മുറിച്ചുമാറ്റുകയും ചെയ്തു. പിന്നീട് കൃത്രിമ കാലുമായി വിധിക്ക് മുന്നില്‍ പകച്ച് നില്‍ക്കാതെ നിശ്ചയദാര്‍ഡ്യത്തോടെ അസ്‌ന വിജയത്തിന്റെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 2013ല്‍ എംബിബിഎസ് നേടി. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു.


 



നാടിന്റെ ഉത്സവമായി വിവാഹം

ബോംബേറ് രാഷ്ട്രീയത്തിന്റെ മുറിവുകള്‍ മാറിയെങ്കിലും സ്വന്തം പിതാവായ നാണുവിന്റെ അസാന്നിദ്ധ്യം അസ്‌നയെവേദനിപ്പിക്കുന്നുണ്ട്. മകളെ ഡോക്ടറാക്കാന്‍ താങ്ങും തണലുമായി നിന്നത് ആ പിതാവായിരുന്നു. മകള്‍ ഡോക്ടറായി കണ്ടെങ്കിലും അവളുടെ വിവാഹത്തിന് മുന്‍പെ നാണു മരണമടയുകയായിരുന്നു. വാരിയെടുത്തു കൊണ്ടാണ് പിതാവ് അസ്‌നയെ സ്‌കൂളിലെത്തിച്ചിരുന്നത്.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളൊക്കെ കഴിഞ്ഞ കുറെ കാലമായി ശാന്തമാണ്. ചെറുവാഞ്ചേരിയുടെ മനസിലും ഇപ്പോള്‍ പഴയ കാലുഷ്യമൊന്നുമില്ല. അതുകൊണ്ടുതന്നെ അസ്‌നയുടെ വിവാഹത്തിന് എല്ലാ പാര്‍ട്ടികളിലുമുള്ളവരും പങ്കെടുത്തു. നാടിന്റെ ഉത്സവമായി മാറുകയായിരുന്നു അ സ്‌നയുടെ വിവാഹം.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു. അന്ന് ബോംബെറില്‍ പ്രതിയായ ബി.ജെ.പി പ്രാദേശിക നേതാവ് എ.അശോകന്‍ ഇപ്പോള്‍ സി.പി.എം നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്.


 



ബി.ജെ.പി വിട്ടു വന്ന അശോകന് കൂത്തുപറമ്പ് ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം നല്‍കിയിരുന്നു. അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് അസ്‌നയ്ക്കു പഠനത്തിനായി സഹായങ്ങള്‍ ചെയ്തു നല്‍കിയത്. കാലിന് വയ്യാതെ മുകള്‍നിലയിലേക്ക് കയറാന്‍ കഴിയാത്ത സാഹചര്യത്തില്‍ അസ്‌നയ്ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അടിയന്തിര പ്രാധാന്യത്തോടെ ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. തന്നെ ചികിത്സിച്ച ഡോക്ടര്‍മാരാണ് അസ്‌നയ്ക്കു വൈദ്യശാസ്ത്രമേഖലയിലെത്തിചേരാന്‍ പ്രചോദനമായത്. പലരും ചിരിച്ചു തള്ളിയ ആഗ്രഹം തന്റെ കഠിനാദ്ധ്വാനത്തിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു അസ്‌നയെന്ന പെണ്‍കുട്ടി.

Similar News