സൂപ്രണ്ട് പദവിയും കാര്‍ഡിയോളജിയുടെ ചുമതലയും ജനകീയ ഡോക്ടറുടെ തലയില്‍ കെട്ടിവച്ചത് വാസവ ബുദ്ധി; രോഗികളെ നോക്കി തീരാന്‍ പോലും സമയം കിട്ടാത്ത ഡോക്ടറെ താക്കോല്‍ സ്ഥാനത്ത് ഇരുത്തിയത് ജനകീയ പരിവേഷം ഉണ്ടാക്കിയെടുക്കാനുള്ള അതിബുദ്ധി; ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നിറങ്ങാന്‍ കഴിയാത്ത ഡോക്ടര്‍ ഒന്നും അറിഞ്ഞില്ല; ആ കെട്ടിടം 2013 മുതല്‍ അണ്‍ഫിറ്റ്; കോട്ടയത്ത് ഡോ ജയകുമാറിനെ കുഴിയില്‍ ചാടിച്ചത് ആര്?
കോട്ടയം: ആ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ തലയില്‍ എല്ലാം ഇട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കോട്ടയത്തെ മന്ത്രി വിഎന്‍ വാസവന്‍ അറിയാന്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ ബിന്ദു എന്ന വീട്ടമ്മയുടെ മരണത്തിനിടയാക്കി ഇടിഞ്ഞുവീണ ശുചിമുറിക്കെട്ടിടത്തിന് 2013ല്‍ പൊതുമരാമത്ത് വകുപ്പ് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു എന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കുറേ നാള്‍ സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും പൂഴ്ത്തിവയ്ക്കുകയും പിന്നീട് ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ പുറത്തുവിടുകയുമായിരുന്നു. എന്നാല്‍, മന്ത്രിതല അന്വേഷണം വന്നപ്പോള്‍ സര്‍ജറിക്ക് മറ്റ് ഇടമില്ലെന്ന വാദത്തില്‍ കെട്ടിടം പൊളിച്ചുമാറ്റേണ്ട എന്ന തീരുമാനം കൈക്കൊണ്ടു. 11, 14, 10 വാര്‍ഡുകളടങ്ങിയതായിരുന്നു അന്നും കെട്ടിടം. ഈ കെട്ടിടമാണ് ഇപ്പോള്‍ തകര്‍ന്ന് വീണത്. ജനകീയ ഡോക്ടറാണ് ടികെ ജയകുമാര്‍. പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍. ചികില്‍സാ തിരക്ക് തന്നെ ഏറെയുണ്ട്. ഈ ഡോക്ടറെ കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂപ്രണ്ടാക്കിയതിന് പിന്നില്‍ ഒരു ബുദ്ധിയുണ്ട്. ഈ ഡോക്ടറുടെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളേജ് അതിപ്രശസ്തമാകുമ്പോള്‍ അതിന്റെ ക്രെഡിറ്റ് നേടാനുള്ള മന്ത്രി തന്ത്രം. ഈ വാസവ ബുദ്ധിയില്‍ തിരിക്കു പിടിച്ച ഡോക്ടര്‍ക്ക് ആശുപത്രിയുടെ ഭരണപരമായ കാര്യങ്ങളില്‍ മതിയായ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റിയില്ല. തിരുവനന്തപുരത്ത് ഡോക്ടര്‍ ഹാരീസ് ചിറയ്ക്കല്‍ പറഞ്ഞൊരു കാര്യമുണ്ട്. ഡോക്ടര്‍മാര്‍ക്കൊന്നും ഭരണപരമായ അറിവോ പരിജ്ഞാനമോ ഇല്ല. അവര്‍ക്ക് അറിയാവുന്നത് രോഗീ ചികില്‍സയാണ്. അങ്ങനെ ഏറ്റവും മികച്ച ആതുര ശുശ്രൂഷകനെ കോട്ടയം മെഡിക്കല്‍ കോളേജിന്റെ സൂപ്രണ്ട് എന്ന പദവി നല്‍കിയ 'സിസ്റ്റം' ആണ് കോട്ടയത്തേയും ദുരന്തത്തിന് കാരണം.
കോട്ടയം മെഡിക്കല്‍ കോളജില്‍ ബിന്ദു എന്ന വീട്ടമ്മയുടെ മരണത്തിനിടയാക്കി ഇടിഞ്ഞുവീണ ശുചിമുറിക്കെട്ടിടത്തിന് 2013ല്‍ പൊതുമരാമത്ത് വകുപ്പ് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെങ്കിലും അത് അന്ന് തിരുത്തലായി മാറിയില്ല. പിന്നീട് വിവിധ വകുപ്പുകള്‍ മാറി വന്നു. എങ്കിലും ജീവന് ഭീഷണിയായി തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റാന്‍ അധികാര-ഉദ്യോഗസ്ഥ കേന്ദ്രങ്ങള്‍ക്ക് ശ്രദ്ധിച്ചില്ല. 1962ല്‍ നിര്‍മിച്ച മെഡിക്കല്‍ കോളജിലെ ഈ കെട്ടിടം 60 വര്‍ഷങ്ങള്‍ പിന്നിട്ടതാണ്. ആശുപത്രി വികസന സമിതി യോഗത്തില്‍ സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ ഉദ്യോഗസ്ഥ യോഗങ്ങളാണ് തീരുമാനങ്ങളെടുക്കുന്നത്. വികസനസമിതിയെ നോക്കുകുത്തിയാക്കി നിര്‍ത്തികൊണ്ടാണ് ഇവിടെ കാര്യങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി വികസന സമിതിയില്‍ സര്‍ക്കാര്‍ ഭൂരിപക്ഷമാണ് അതുകൊണ്ട് തന്നെ അവിടെ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ആശുപത്രി സുപ്രണ്ടിനാകില്ല. ചെയര്‍മാനായ കളക്ടര്‍ പോലും പലപ്പോഴും നോക്കു കുത്തിയാണ്. അങ്ങനെ രാഷ്ട്രീയ നേതൃത്വത്തിന്റെ പിഴവാണ് ആ ദുരന്തത്തിന് കാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ ഹാരീസ് ചിറയ്ക്കല്‍ വിഷയം അന്വേഷിച്ച സംഘത്തില്‍ ഡോ ജയകുമാറുമുണ്ടായിരുന്നു. ആ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ തിരക്കിനിടെയാണ് ജയകുമാറെന്ന ജനകീയ ഡോക്ടറെ പ്രതിസന്ധിയിലാക്കി കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം എത്തിയത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാത്തുകുന്നേല്‍ ഡി. ബിന്ദുവിനു ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോണ്‍ക്രീറ്റ് സ്ലാബ് പതിച്ച തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണു മരണ കാരണം. തലയോട്ടി പൊട്ടി ആന്തരിക ഭാഗം പുറത്തുവന്നു. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ശ്വാസകോശം, ഹൃദയം, കരള്‍ ഉള്‍പ്പെടെ അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ മിണ്ടാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചു. പ്രസ്താവന വഴിയുള്ള പ്രതികരണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവദിവസം കോട്ടയത്ത് മുഖ്യമന്ത്രി ഉണ്ടായിരുന്നിട്ടും പ്രതികരിക്കാതിരുന്നതും വലിയ വിവാദമായിരുന്നു.
മന്ത്രിമാര്‍ വന്നിട്ടും രക്ഷാപ്രവര്‍ത്തനം വൈകിയത് കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തത്തില്‍ വലിയ വിവാദമായി. ഉപയോഗിക്കാത്ത ശൗചാലയം ആയതിനാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും ഉണ്ടാകാന്‍ സാധ്യതയില്ലന്ന് മന്ത്രിമാരായ വീണാ ജോര്‍ജ്ജും വി.എന്‍. വാസവനും വ്യാഴാഴ്ച രാവിലെ 11.15-ന് പറഞ്ഞിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം വൈകിച്ചുവെന്നാണ് ആക്ഷേപം. പിന്നീട് ഒരു മണിയോടെ ബിന്ദുവിന്റെ മൃതദേഹം കിട്ടി. മന്ത്രിമാര്‍ അഭിപ്രായപ്രകടനം നടത്തിയത് തന്റെ വാക്കുകേട്ടാണെന്ന് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ വ്യാഴാഴ്ച രാത്രി പറഞ്ഞു. മന്ത്രിമാര്‍ക്കുവേണ്ടി ഡോക്ടര്‍ കുറ്റം ഏല്‍ക്കുകയാണെന്ന നിലയില്‍ വലിയ ചര്‍ച്ച വന്നു. ഉപയോഗിക്കാതെ കിടന്നിരുന്ന ശൗചാലയമാണ് തകര്‍ന്നത്. രണ്ടു പേര്‍ക്ക് പരിക്കേറ്റെന്നും മറ്റാരും ഉള്‍പ്പെട്ടില്ലന്നുമാണ് പ്രാഥമികമായി എനിക്ക് വിവരം ലഭിച്ചത്. ആ വിവരമാണ് ഞാന്‍ മന്ത്രിമാര്‍ക്ക് കൈമാറിയത്. വിവരം കൈമാറിയതിന്റെ ഉത്തരവാദിത്വം എനിക്കാണെന്ന് ഇപ്പോഴും ആവര്‍ത്തിക്കുകയാണ് ഡോക്ടര്‍ ജയകുമാര്‍. അതായത് പറഞ്ഞിടത്ത് ഉറച്ചു നില്‍ക്കുന്നു. ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവര്‍ വിവരം തന്നതെന്ന് ഞാന്‍ കരുതുന്നു. സൂപ്രണ്ട് പദവിയും കാര്‍ഡിയോളജിയുടെ ചുമതലയും വഹിക്കുകയാണ്. വലിയൊരു ജോലിഭാരം ഇപ്പോഴെനിക്കുണ്ട്. പദവികള്‍ ഒഴിയുന്നതില്‍ വിഷമമില്ലെന്നും ജയകുമാര്‍ പറയുന്നു.
പഴയ ബ്ലോക്കിനോട് ചേര്‍ന്നുള്ള ശൗചാലയം അടച്ചതാണ്. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ വന്നിരുന്നില്ല. നിശ്ചയിച്ച എല്ലാ ശസ്ത്രക്രിയയും നടക്കും. ട്രോമാ തിയേറ്റര്‍ വിഭാഗത്തില്‍ രണ്ട് മുറികളും പുതിയ ട്രോമാ തിയേറ്റര്‍ വിഭാഗത്തിലെ രണ്ട് മുറികളും എല്ലാവിഭാഗം ശസ്ത്രക്രിയകള്‍ക്കുമായി ഉപയോഗിക്കും. ന്വേഷണം നടക്കട്ടെ. ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായി. എല്ലാവര്‍ക്കും വലിയ സങ്കടമുണ്ടാക്കിയതാണിത്. നടപടികളെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു.