ഡോ. സരിനെയും ഡോ. സൗമ്യയെയും അസ്സലായി പറ്റിച്ച ബര്‍മിങാമിലെ മിസ്റ്റര്‍ ബി കുടുങ്ങുമോ? യുകെ സന്ദര്‍ശിക്കാന്‍ എത്തിയ ദമ്പതികളെ ബുക്കിംഗിന്റെ പേരില്‍ പറ്റിച്ചതോടെ യുകെ മലയാളികള്‍ക്ക് നാണക്കേടിന്റെ മറ്റൊരു എപ്പിസോഡ് കൂടി; കുടുംബത്തെ ഓര്‍ത്തു പേര് വെളിപ്പെടുത്താതെ സൗമ്യ മാന്യത കാട്ടുമ്പോള്‍ ''മിസ്റ്റര്‍ ബി പിയുടെ'' വിശേഷങ്ങള്‍ നാടെങ്ങും പാട്ടായി
ഡോ. സരിനെയും ഡോ. സൗമ്യയെയും പറ്റിച്ച ബര്‍മിങാമിലെ മിസ്റ്റര്‍ ബി കുടുങ്ങുമോ?
കവന്‍ട്രി: ക്രിസ്മസ് - പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കുടുംബസമേതം യുകെയില്‍ എത്തിയ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. സരിനെയും ഭാര്യ സൗമ്യ സരിനെയും നൈസായി പറ്റിച്ച യുകെ മലയാളി മിസ്റ്റര്‍ ബി ആരാണ്? ഇന്നലെ രാവിലെ ഇക്കാര്യം സൗമ്യ ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയപ്പോള്‍ യുകെ മലയാളികള്‍ അടക്കം ഉള്ളവര്‍ തിരക്കിയത് ആരാണ് മിസ്റ്റര്‍ ബി എന്നാണ്. എന്നാല്‍ കാര്യങ്ങള്‍ നിയമപരമായി നേരിടുന്നതിനാല്‍ മലയാളികളെ പറ്റിക്കുന്ന യുകെയിലെ മലയാളിക്ക് താന്‍ തത്കാലം മിസ്റ്റര്‍ ബി എന്ന് മാത്രം പേര് നല്‍കുകയാണ് എന്നാണ് സൗമ്യ പറയുന്നത്.
അത് തന്റെ മാന്യത കൊണ്ടാണെന്നും ഡോക്ടറായ സൗമ്യ കൂട്ടിച്ചേര്‍ക്കുന്നു. വീണ്ടും വീണ്ടും ഫേസ്ബുക്ക് ലൈവില്‍ സൗമ്യയുടെ പ്രേക്ഷകര്‍ നെറികേട് കാട്ടിയ യുകെ മലയാളിയുടെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാളുടെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും ഈ തട്ടിപ്പില്‍ പങ്കാളികള്‍ ആകാത്തത് കൊണ്ട് അവര്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന നാണക്കേട് ഓര്‍ത്ത് ഇപ്പോള്‍ പേര് പറയുന്നില്ല എന്നാണ് സൗമ്യ ആവര്‍ത്തിച്ചത്. എന്നാല്‍ നിയമ നടപടികളിലൂടെ അയാളുടെ പേര് പുറത്തു വന്നാല്‍ അതിനു താന്‍ ഉത്തരവാദി അല്ലെന്നും സൗമ്യ പറയുന്നു.
എന്നാലും ആരായിരിക്കും മിസ്റ്റര്‍ ബി? മറുനാടന്‍ മലയാളി നടത്തിയ അന്വേഷണത്തില്‍ പേര് വെളിപ്പെട്ടത് മിസ്റ്റര്‍ ബി പി
സൗമ്യ അരമണിക്കൂര്‍ നീണ്ട സംഭാഷണം അവസാനിപ്പിക്കുമ്പോഴേക്കും തന്നെ വഞ്ചിച്ച മലയാളി ബര്‍മിങാമില്‍ താമസക്കാരന്‍ ആണെന്ന് വെളിപ്പെടുത്തിയതോടെ ആവശ്യത്തിലേറെ ക്ലൂ ആയിക്കഴിഞ്ഞിരുന്നു. മാത്രമല്ല പകല്‍ മാന്യന്‍ ആയി നടക്കുന്ന മിസ്റ്റര്‍ ബി പി പല വിധ സംഘടനകളിലും ഭാരവാഹി ആണെന്ന സൂചനയും സൗമ്യ നല്‍കിയിരുന്നു. സംഘാടക നിരയിലുള്ള ബിക്കാരെ തപ്പി പോയപ്പോഴാണ് മറുനാടന്‍ മലയാളിക്ക് ബി മാത്രമല്ല ബിപി കൂടി ആണെന്ന് ബോധ്യമായത്. പരാതിക്കാരിയായ സൗമ്യ പേര് വെളിപ്പെടുത്താത്തതിനാല്‍ തത്കാലം മറുനാടന്‍ മലയാളിയും ഈ പേര് മറച്ചു വയ്ക്കുകയാണ്.
എന്നാല്‍ ബ്രിട്ടനിലും ഇന്ത്യയിലും തങ്ങളെ വഞ്ചിച്ച യുകെ മലയാളിക്ക് എതിരെ നിയമ നടപടി ആരംഭിച്ചതിനാല്‍ മിസ്റ്റര്‍ ബി പിയുടെ മുഖം മൂടി ഏതു നിമിഷവും വലിച്ചു കീറപ്പെട്ടേക്കും. മാത്രമല്ല ഇയാള്‍ സമാനമായ തരത്തില്‍ പലരെയും വഞ്ചിക്കാന്‍ ശ്രമം നടത്തിയിട്ടുള്ള വ്യക്തി ആണെന്നും സൂചന ലഭിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയത്തിന്റെ മറപിടിച്ചു യുകെയില്‍ വേഷം കെട്ടുന്ന രാഷ്ട്രീയക്കാരുടെ റോളിലും ഇയാളെ പലയിടത്തും കണ്ടതായി നാട്ടിലെങ്ങും പാട്ടായതോടെ ബര്‍മിങാമിനടുത്ത കൊച്ചു പട്ടണത്തിലെ മിസ്റ്റര്‍ ബി പിയുടെ ലീലാവിലാസം ഇന്നലെ വൈകുന്നേരത്തോടെ നാടെങ്ങും പാട്ടായ അവസ്ഥയിലാണ്.
ഡോ. സൗമ്യയ്ക്ക് നഷ്ടമായത് അഞ്ചു ലക്ഷം രൂപ, വിമാന ടിക്കറ്റും യുകെയിലെ താമസവും യാത്രയും എല്ലാം മിസ്റ്റര്‍ ബി പിയുടെ വക
വര്‍ഷാവസാന യാത്രയ്ക്കായി തന്റെ ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയതിനാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈ - ആഗസ്ത് മാസങ്ങളില്‍ നടന്ന കഥകളാണ് ഇപ്പോള്‍ സൗമ്യ വെളിപ്പെടുത്തുന്നത്. ഒരു സുഹൃത്ത് വഴി പരിചയപെട്ട് എത്തിയ മിസ്റ്റര്‍ ബി യുകെ യാത്രയുടെ പ്ലാന്‍ അറിഞ്ഞ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഗൈഡ് എന്ന മട്ടിലാണ് സൗമ്യയുടെ വിശ്വാസം പിടിച്ചു പറ്റിയത്. യുകെയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ആള്‍ എന്ന നിലയില്‍ ഒരു തരത്തിലും പറ്റിക്കപ്പെടും എന്ന ചിന്ത സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല എന്നും സൗമ്യ പറയുന്നു.
മാത്രമല്ല കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് ബുക്കിംഗ് നടന്നതോടെ മിസ്റ്റര്‍ ബി കൂടുതല്‍ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ആഴ്ചകള്‍ നീളുന്ന യാത്രയ്ക്കായി സ്‌കോട്‌ലന്‍ഡ്, വെയില്‍സ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഒക്കെ താമസവും യാത്രയ്ക്കും ആവശ്യമായ കാര്യങ്ങള്‍ മിസ്റ്റര്‍ ബി ഏറ്റെടുത്തു. ഇതിനൊക്കെയായി കൃത്യമായി പണവും സൗമ്യ അയച്ചു നല്‍കി. ഈ പണമാണ് ഇപ്പോള്‍ നഷ്ടമായത്. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് സൗമ്യ പറയുന്നു.
സൗമ്യയ്ക്കും കുടുംബത്തിനും യുകെയില്‍ ആവശ്യമായ മുഴുവന്‍ ബുക്കിംഗും മിസ്റ്റര്‍ ബിയാണ് ചെയ്തത് എന്നതിനാല്‍ അതിനുള്ള പണമാണ് സൗമ്യ അയച്ചു നല്‍കിയത്. എന്നാല്‍ യുകെ യാത്രയുടെ വിവരങ്ങള്‍ അതിനകം പലരും അറിഞ്ഞതോടെ താമസവും യാത്രകളും ഒക്കെ എങ്ങനെയാണ് എന്ന അന്വേഷണമായി. ഇതോടെ സൗമ്യ ബുക്ക് ചെയ്ത സ്ഥലങ്ങള്‍ പങ്കുവച്ചപ്പോഴാണ് വന്‍പണച്ചിലവേറിയ ബുക്കിംഗ് ആണ് നടന്നത് എന്നത് മനസിലായത്. ഇതോടെ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞപ്പോഴാണ് മിസ്റ്റര്‍ ബിയുടെ തനി സ്വഭാവം പുറത്തു വന്നത്.
നിങ്ങള്‍ക്ക് യുകെയിലെ കാര്യങ്ങള്‍ അറിയില്ല എന്നാണ് മിസ്റ്റര്‍ ബി ആധികാരികമായി പറഞ്ഞത്. ഇതോടെ താന്‍ നേരിട്ട് ബുക്ക് ചെയ്‌തോളാം എന്ന് പറഞ്ഞപ്പോള്‍ ബുക്കിംഗ് ഡോട്ട് കോമില്‍ ക്യാന്‍സലേഷന്‍ ഇല്ലെന്നായി മിസ്റ്റര്‍ ബി. എന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് വരെ ക്യാന്‍സലേഷന്‍ ഉണ്ടല്ലോ എന്ന് പറഞ്ഞതൊന്നും മിസ്റ്റര്‍ ബി കാര്യമാക്കിയില്ല. താന്‍ ഇല്ലെങ്കില്‍ അവസാന നിമിഷം ഡോക്ടറുടെ യുകെ യാത്ര കുളമാകും എന്നാണ് ബുദ്ധിജീവി ആയി സ്വയം നടിക്കുന്ന മിസ്റ്റര്‍ ബി കരുതിയത്. അതിനാല്‍ അവസാന നിമിഷം മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ താന്‍ പറയുന്ന വഴിയേ ഡോക്ടറും കുടുംബവും എത്തും എന്നതായിരുന്നു മിസ്റ്റര്‍ ബിയുടെ ചിന്ത.
മിസ്റ്റര്‍ ബിയുടെ സംഘടനയും ഗൗരവത്തില്‍, കക്ഷി മുഖം മൂടി വലിച്ചു കീറപ്പെട്ട അവസ്ഥയില്‍
എന്നാല്‍ യുകെയില്‍ നിന്നും സൗഹൃദത്തിലായ പലരും ഇതിനകം ഡോക്ടര്‍ സൗമ്യയുടേയും കുടുംബത്തിന്റെയും യാത്രയ്ക്കുള്ള സഹായങ്ങള്‍ ചെയ്യാന്‍ സന്നദ്ധത അറിയിച്ചിരുന്നു. യാത്രയുടെ സന്തോഷം പോകാതിരിക്കാന്‍ ആ സമയം മിസ്റ്റര്‍ ബിയെ ബന്ധപ്പെടാതിരിക്കാനും സൗമ്യ ശ്രദ്ധിച്ചു. ബുക്കിംഗ് നല്‍കിയ പണമൊക്കെ മിസ്റ്റര്‍ ബി പിന്‍വലിച്ചു കീശയിലാക്കി എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. ഇത്തരക്കാര്‍ യുകെയിലും ഉണ്ടെന്നു എല്ലാവരെയും അറിയിക്കുക എന്നതാണ് ഡോക്ടര്‍ സൗമ്യ ഫേസ്ബുക്ക് ലൈവിലൂടെ ഉദ്ദേശിച്ചത്. എന്നാല്‍ മിസ്റ്റര്‍ ബി ഇപ്പോള്‍ യുകെ മലയാളികളുടെ മുന്നില്‍ മുഖംമൂടി കീറി നില്‍ക്കുന്ന അവസ്ഥയിലാണ്.
ഡോ. സൗമ്യ പേര് പറഞ്ഞില്ലെങ്കിലും പരസ്പരം അറിയുന്നവരാണ് ഭൂരിഭാഗം മലയാളികളും എന്നതിനാല്‍ മിസ്റ്റര്‍ ബിയുടെ ഐഡന്റിറ്റി മറനീക്കി പുറത്തെത്തിയത് നിമിഷ വേഗത്തിലാണ്. മിസ്റ്റര്‍ ബിക്ക് ലവലേശം ബോധം ഉണ്ടെങ്കില്‍ ഇന്ന് തന്നെ സൗമ്യക്ക് നഷ്ടമായ പണം തിരികെ നല്‍കി പൂര്‍ണമായും മറനീക്കി പുറത്തു വരാത്ത തന്റെ പേരെങ്കിലും സംരക്ഷിക്കും എന്നാണ് ഇപ്പോള്‍ നാട്ടിലെങ്ങും പാട്ടായിരിക്കുന്നത്. മിസ്റ്റര്‍ ബി സജീവമായ സംഘടനയിലും വിവരം എത്തിയതിനാല്‍ അവരും ഇപ്പോള്‍ ജാഗ്രതയില്‍ ആണെന്നത് മിസ്റ്റര്‍ ബിയുടെ യുകെ മോഹങ്ങളില്‍ വലിയ നിരാശാബോധം തന്നെയാണ് ബാക്കിയാക്കിയിരിക്കുന്നത്.
ഇത്തവണത്തെ UK ട്രിപ്പില്‍ ഒരു 'സുഹൃത്ത്' നന്നായി ഞങ്ങള്‍ക്ക് ഒരു പണി തന്നു. ഇത് കേള്‍ക്കുക. ഇത്തരം ചതികളില്‍ നാളെ നിങ്ങളോ നിങ്ങളുടെ മക്കളോ അകപ്പെടാം...എല്ലാ വിദേശ മലയാളികളും കണ്ണടച്ച് വിശ്വസിക്കാന്‍ പറ്റുന്നവരല്ല!
https://www.facebook.com/drsoumyasarin/videos/1275059787092499