പിടിക്കപ്പെടാന്‍ കാറിന് രൂപമാറ്റം വരുത്തിയിട്ടും ഷജീര്‍ കുടുങ്ങി; വടകരയില്‍ ദൃഷാന മോളെ ഇടിച്ചിട്ട് മനസാക്ഷിയില്ലാതെ മുങ്ങിയ വാഹനവും ഡ്രൈവറെയും കണ്ടെത്തി; പ്രതി വിദേശത്തേക്ക് കടന്നു; വടകര പൊലീസിന് കയ്യടിക്കാം; ഒന്‍പതു വയസുകാരിയെ കോമയിലാക്കിയ ക്രൂരത തെളിയുമ്പോള്‍

ദൃഷാന മോള്‍ കോമയിലാക്കിയ അപകടം, കാര്‍ കണ്ടെത്തി

Update: 2024-12-06 06:34 GMT

കോഴിക്കോട്: വടകരയില്‍ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് കടന്നു കളഞ്ഞ കാര്‍ കണ്ടെത്തി. അപകട സയമത്ത് കാര്‍ ഉടമ പുറമേരി സ്വദേശി ഷജില്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് വടകര റൂറല്‍ എസ് പി നിധിന്‍ രാജ് പറഞ്ഞു. പിടിക്കപ്പെടാന്‍ കാറിന് രൂപമാറ്റം വരുത്തിയിരുന്നു. കാര്‍ ഉടമയായ ഷജീര്‍ അപകടത്തിന് പിന്നാലെ വിദേശത്തേക്ക് കടന്നിരുന്നു. അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമ അവസ്ഥയില്‍ തുടരുന്ന ദൃഷാനയ്ക്കും കുടുംബത്തിനും ഏറെ വൈകിയെങ്കിലും നീതി നല്‍കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് അന്വേഷണ സംഘം. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുകയാണ് ദൃഷാന.

അപകടം നടന്ന് ഒമ്പത് മാസത്തിന് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളാണ് ഇക്കാലയളവില്‍ പൊലീസ് പരിശോധിച്ചത്. ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചതാണ് കേസില്‍ വഴിത്തിരിവായത്. കാര്‍ മതിലില്‍ ഇടിച്ചെന്ന പേരിലായിരുന്നു ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത്.

ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമ അവസ്ഥയില്‍ തുടരുന്ന 9 വയസ്സുകാരി ദൃഷാനയുടെ ദുരിതം മാധ്യമങ്ങളിലൂടെയാണ് പുറം ലോകം അറിഞ്ഞത്. വാര്‍ത്തക്ക് പിന്നാലെ ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞ കാറിനെ കണ്ടെത്താന്‍ വടകര റൂറല്‍ എസ് പി നിധിന്‍ രാജ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്വമേധയ കേസെടുക്കുകയും പൊലീസിനോട് അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തു. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധികള്‍ കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തി സന്ദര്‍ശിക്കുകയും നിയമ സഹായം ലഭ്യമാക്കുകയും ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.

ഇടിച്ച കാറിനെ കണ്ടെത്താന്‍ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് ഇതുവരെ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചു. നിരവധി പേരുടെ മൊഴികള്‍ എടുക്കുകയും വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തു. ഇത്രയും ഇടപെടലുകള്‍ നടന്നെങ്കിലും ഒമ്പത് വയസുകാരിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഒന്‍പത് മാസമായി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയാണ് സാമ്പത്തിക ശേഷിയില്ലാത്ത അടച്ചുറപ്പുള്ള ഒരു വീട് പോലും ഇല്ലാത്ത കുട്ടിയുടെ അച്ഛനും അമ്മയും ഇളയ കുട്ടിയും.

വാടക വീട്ടിലേക്ക് മാറിയതോടെ വീടിന്റെ വാടക, മരുന്നുകള്‍, ഫിസിയോ തുടങ്ങിയവയൊക്കെ കുടുംബത്തിന് വെല്ലുവിളിയാണ്. ആശുപത്രി വിടുന്നതിനാല്‍ മരുന്നിനുള്ള കിഴിവും മറ്റ് ആനുകൂല്യവും ലഭിക്കില്ല. ഇടിച്ച വാഹനം കണ്ടെത്തിയാല്‍ ഇന്‍ഷുറന്‍സ് തുകയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

കണ്ണൂര്‍ മേലെചൊവ്വ സ്വദേശികളായ വടക്കന്‍കോവില്‍ സുധീര്‍ - സ്മിത ദമ്പതികളുടെ മകള്‍ ദൃഷാന (9) ഒന്‍പത് മാസമായി കോമയിലാണ്. കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രി വടകര ചോറാട് അമൃതാനന്ദമയിമഠം ബസ് സ്റ്റോപ്പിനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ ദൃഷാനയെയും മുത്തശ്ശി ബേബിയെയും തലശ്ശേരി ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

ബേബി തല്‍ക്ഷണം മരിച്ചു. മുണ്ടയാട് എല്‍പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ദൃഷാനയുടെ തലയ്ക്കു ഗുരുതര പരുക്കേറ്റു ബോധം നഷ്ടപ്പെട്ടു. 2 മാസത്തെ പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ 4 മാസം മുന്‍പു കേസ് ക്രൈംഡിറ്റാച്ച്മെന്റ് ബ്യൂറോ ഏറ്റെടുത്തു. അപകടം വരുത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമല്ലായിരുന്നു.

വെള്ള കാറാണ് ദൃശ്യങ്ങളില്‍ കണ്ടത്. ഇന്‍ഷുറന്‍സ് തുക കിട്ടണമെങ്കില്‍ അപകടം വരുത്തിയ വാഹനം കണ്ടെത്തണം. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിനു കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്.

കുട്ടിയെ പരിചരിക്കാന്‍ അച്ഛനും അമ്മയും ബന്ധുക്കളായ വിചിത്ര, ചിത്ര എന്നിവരും ഉണ്ട്. 2 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം 5000 രൂപ മാസവാടയ്ക്കു താമസിക്കുകയാണ്. ഹരിതകര്‍മ സേന വൊളന്റിയറായ സ്മിതയ്ക്ക് മാസങ്ങളായി ജോലിക്കു പോകാന്‍ സാധിക്കുന്നില്ല. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്റെ പണി പൂര്‍ത്തിയായില്ലെന്നു സുധീര്‍ പറഞ്ഞു.

Tags:    

Similar News