ദുബായിക്കും മുംബൈക്കുമിടയില്‍ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വരുന്നു; പദ്ധതി യാഥാര്‍ഥ്യമായാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ഇന്ത്യക്കാര്‍ക്ക് ദുബായിലെത്താം; വ്യാപാര ബന്ധത്തിലും നാഴികകല്ലാകും; അനുമതി ലഭിച്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2030-ല്‍ സര്‍വീസ് തുടങ്ങും; ലോകത്തെ അമ്പരപ്പിക്കുന്ന പദ്ധതിയുമായി യുഎഇ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ

Update: 2025-04-02 15:35 GMT

അബുദാബി: മണലാരണ്യത്തില്‍ അംബരചുംബികള്‍ നിര്‍മ്മിച്ച് ലോകത്തെ വിസ്മയിപ്പിച്ചവരാണ് യുഇഎ. ദുബായി എന്ന നഗരം ലോകത്തെ വന്‍ നഗരമായ അതിവേഗമാണ് വളര്‍ന്നത്. ഈ നഗരത്തിന് ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകള്‍ നിസ്തൂലമാണ് താനും. അങ്ങനെയുള്ള ദുബായിലേക്ക് ഇന്ത്യയില്‍ നിന്നും രണ്ട് മണിക്കൂര്‍ കൊണ്ട് എത്താന്‍ സാധിച്ചാലോ? അതൊരു വലിയ നേട്ടമായിരിക്കും. അത്തരമൊരു സ്വപ്‌ന പദ്ധതിയെ കുറിച്ചാണ് യുഎഇ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാറും ഇതിന് സമ്മതം മൂളിയാല്‍ ലോകത്തെ അമ്പരപ്പിക്കുന്ന റെയില്‍ സംവിധാനം ഇരു രാജ്യങ്ങളെയും ബന്ധപ്പെടുത്തി വരാനിരിക്കയാണ്.

ദുബായിയില്‍നിന്നു മുംബൈയിലേക്ക് വെറും രണ്ട് മണിക്കൂറിലെത്താന്‍ അതിവേഗ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. മണിക്കൂറില്‍ 600 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്രക്കാരെ മാത്രമല്ല, ഇന്ധനം ഉള്‍പ്പെടെ ചരക്കുകളും കൊണ്ടുപോകാം. യു.എ.ഇ. നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതി അവതരിപ്പിച്ചത്. ഇന്ത്യയില്‍ നിന്നും വിമാന സര്‍വീസുകളേക്കാള്‍ വേഗത്തില്‍ ഇന്ത്യയിലെത്താന്‍ സാധിക്കുന്ന റെയില്‍ സംവിധാനമാണ് ഈ പദ്ധതി.

നിലവില്‍ യു.എ.ഇയില്‍നിന്നു വിമാനത്തില്‍ ഇന്ത്യയിലെത്താന്‍ നാല് മണിക്കൂറാണ് വേണ്ടത്. അതിവേഗ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ വരുന്നതോടെ ഇത് രണ്ട് മണിക്കൂറായി കുറയും. പദ്ധതി യാഥാര്‍ഥ്യമായാല്‍ അത് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഒരു നാഴികകല്ലായി മാറും. പരിസ്ഥിതി നേട്ടങ്ങള്‍ ഇതിനു പുറമെ. ഇതോടെ വിമാനങ്ങളെ ആശ്രയിക്കുന്നത് കുറയും. കൂടാതെ ക്രൂഡ് ഓയില്‍ പോലുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്നതുള്‍പ്പെടെ ഇന്ത്യക്കും യു.എ.ഇക്കും ഇടയിലുള്ള വ്യാപാരം കൂടുതല്‍ മെച്ചപ്പെടും.

യാത്രക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാല്‍ ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല, റെയില്‍ കടന്നുപോകുന്ന ഇതരരാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കണ്‍സള്‍ട്ടന്റ് അബ്ദുല്ല അല്‍ ഷെഹി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായിരിക്കും പദ്ധതി. യു.എ.ഇയില്‍നിന്നു ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയില്‍നിന്നു യു.എ.ഇയിലേക്ക് ശുദ്ധജലം കയറ്റിയയക്കാനും പദ്ധതിയിലൂടെയാവും.


 



അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആഴക്കടല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കുന്നതെന്നാണ് വിവരം. എന്നാല്‍, കടലിനടിയിലൂടെ അതിവേഗ റെയില്‍ ശൃംഖല സ്ഥാപിക്കലാണ് പ്രധാന വെല്ലുവിളി. ഇതിനായി സാധ്യതാ പഠനവും പരിശോധനയും പാത കടന്നുപോകുന്ന രാജ്യങ്ങളുടെ സഹകരണവും കോടികളുടെ ഫണ്ടും വേണം. 2000 കിലോ മീറ്റര്‍ ദൂരത്തിലാണ് ദുബായ്-മുംബൈ നഗരങ്ങളെ റെയില്‍വഴി ബന്ധിപ്പിക്കുക. പദ്ധതിക്ക് ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2030-ല്‍ സര്‍വീസ് ആരംഭിക്കാനാണ് അധികൃതരുടെ നീക്കം.

പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടനെ പുറത്തുവിടുമെന്നാണ് സൂചന. നേരത്തെ രാജ്യത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അണ്ടര്‍ വാട്ടര്‍ മെട്രോ പ്രവര്‍ത്തം തുടങ്ങിയത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിന്റെ ഭാഗമായ ഹൗറ മൈദാന്‍- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടര്‍ വാട്ടര്‍ സര്‍വീസുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്.

പശ്ചിമബംഗാള്‍ തലസ്ഥാനത്തിന്റെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാള്‍ട്ട് ലേക്കിനെയുമാണ് ഈ മെട്രോ പാത ബന്ധിപ്പിക്കുന്നത്. മൂന്ന് ഭൂഗര്‍ഭ സ്റ്റേഷനുകളാണ് പാതയ്ക്കുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയുള്ള 520 മീറ്റര്‍ ദൂരം 45 സെക്കന്‍ഡില്‍ കടക്കാനാവും. 16.6 കിലോമീറ്ററാണ് ഇസ്റ്റ്-വെസ്റ്റ് മെട്രോയുടെ ദൈര്‍ഘ്യം. ഇതിന്റെ രണ്ടാമത്തെ സെക്ഷനാണ് ഹൗറ മൈദാന്‍-എസ്പ്ലനേഡ്. പുതുതായി നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന്റെ അടിഭാഗം നദിയുടെ ഉപരിതലത്തില്‍നിന്ന് 26 മീറ്റര്‍ താഴെയാണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ കൊല്ലം ആറ് കോച്ചുകളുള്ള രണ്ട് മെട്രോ ട്രെയിനുകള്‍ ഈ പാതയിലൂടെ ഓടിച്ച് വിജയകരമായി ടെസ്റ്റ് റണ്‍ നടത്തിയിരുന്നു.

കടലിനടിയിലെ ടണലുകള്‍ക്ക് പിന്നിലെ ശാസ്ത്രം

ബഹിരാകാശത്തെ നിര്‍മാണം പോലും സാധ്യമാക്കിയിട്ടുണ്ടെങ്കിലും കടലിനടിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്‍ജിനീയറിങിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. ജലത്തിന്റെ അതിഭീമമായ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുക, വെള്ളം കടക്കാതെ ടണല്‍ സംരക്ഷിക്കുക ഇത്രയും ദൂരം ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കുക, സുരക്ഷിതമായ യാത്ര എന്നിവയാണ് പ്രധാന വെല്ലുവിളികള്‍. ആഴം കൂടുന്തോറും ജലത്തിന്റെ സമ്മര്‍ദ്ദം ഗണ്യമായി വര്‍ദ്ധിക്കുന്നു. ചുറ്റുമുള്ള ജലവും കടല്‍ത്തട്ടിലെ മണ്ണും ചെലുത്തുന്ന ഈ ശക്തിയെ പ്രതിരോധിക്കാന്‍ ടണലിന്റെ ഘടനയ്ക്ക് അതീവ കരുത്തുണ്ടായിരിക്കണം. ഇതിന് ബലപ്പെടുത്തിയ കോണ്‍ക്രീറ്റ് ഭിത്തികളും, പലപ്പോഴും സ്റ്റീല്‍ ലൈനിങുകളും ആവശ്യമാണ്.


 



ചോര്‍ച്ച തടയുന്നത് ഏറ്റവും പ്രധാനമാണ്. ഇതിനായി, ഉയര്‍ന്ന നിലവാരമുള്ളതും വെള്ളം കടത്തിവിടാത്തതുമായ കോണ്‍ക്രീറ്റോ മറ്റ് വസ്തുക്കളോ ഉപയോഗിക്കുന്നു. ടണല്‍ ഭാഗങ്ങള്‍ ചേരുന്നിടത്ത്, ചെറിയ ചലനങ്ങള്‍ അനുവദിക്കുകയും എന്നാല്‍ വെള്ളം കടക്കാതെ സൂക്ഷിക്കുകയും ചെയ്യുന്ന സങ്കീര്‍ണ്ണമായ റബ്ബര്‍ അല്ലെങ്കില്‍ സിന്തറ്റിക് ഗാസ്‌കറ്റുകള്‍ ഉപയോഗിക്കുന്നു. ചെറിയ തോതിലുള്ള ചോര്‍ച്ച ശേഖരിക്കാന്‍ ടണലിനുള്ളില്‍ ഡ്രെയിനേജ് സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്.

ഭീമാകാരമായ ബോറിങ് യന്ത്രങ്ങള്‍ മണ്ണോ പാറയോ തുരന്നു മുന്നോട്ട് പോകുമ്പോള്‍ത്തന്നെ ടണലിന്റെ ഭിത്തിയായി കോണ്‍ക്രീറ്റ് ലൈനിങ് സെഗ്മെന്റുകള്‍ സ്ഥാപിക്കുന്നു. ചാനല്‍ ടണലിന്റെ നിര്‍മാണത്തിന് ഈ രീതിയാണ് ഉപയോഗിച്ചത്. ഉറപ്പുള്ള പാറയോ മണ്ണോ ഉള്ള കടല്‍ത്തട്ടിന് താഴെ ഇത് അനുയോജ്യമാണ്. ടണലിന്റെ വലിയ ഭാഗങ്ങള്‍ (നൂറുകണക്കിന് മീറ്റര്‍ നീളമുള്ളവ) കരയിലോ ഡ്രൈ ഡോക്കുകളിലോ നിര്‍മിക്കുന്നു. ഇവ അടച്ച്, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലാക്കി നിര്‍മാണ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. കടല്‍ത്തട്ടില്‍ മുന്‍കൂട്ടി തയാറാക്കിയ കിടങ്ങിലേക്ക് ഇവ താഴ്ത്തി, കടലിനടിയില്‍ വച്ച് പരസ്പരം ബന്ധിപ്പിക്കുന്നു. ഇസ്താംബൂളിലെ മര്‍മറേ ടണല്‍, ഡെന്‍മാര്‍ക്കിനും സ്വീഡനുമിടയിലുള്ള ഓറെസുണ്ട് ടണല്‍ എന്നിവ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

നീളമുള്ള ടണലുകള്‍ക്ക് ശുദ്ധവായു നല്‍കാനും ഉപയോഗിച്ച വായു പുറന്തള്ളാനും സങ്കീര്‍ണ്ണമായ വെന്റിലേഷന്‍ സിസ്റ്റവും ആവശ്യമാണ്. തീപിടുത്തമുണ്ടായാല്‍ സുരക്ഷയ്ക്കായുള്ള സംവിധാനങ്ങളും നിര്‍ണായകമാണ്. അടിയന്തര വാതിലുകള്‍ (പലപ്പോഴും അടുത്തുള്ള സര്‍വീസ് ടണലുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ഉള്ള ഇടനാഴികള്‍), തീ കണ്ടെത്താനും അണയ്ക്കാനുമുള്ള സംവിധാനങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍, നിരീക്ഷണ സെന്‍സറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മുന്‍ഗാമികളായി യുകെയും ജപ്പാനും

കടലിനടിയില്‍ ടണലുകള്‍ നിര്‍മിക്കുന്നതിനുള്ള അടിസ്ഥാന സാങ്കേതികവിദ്യ നിലവിലുണ്ട്, അത് കാര്യമായ തോതില്‍ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. എന്നിരുന്നാലും, മുംബൈ-ഫുജൈറ നിര്‍ദേശം നിലവിലെ നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് അതിരുകള്‍ ലംഘിക്കുന്ന ഒന്നാണ്. ചുരുങ്ങിയ നീളമുള്ള അണ്ടര്‍ ടണലുകള്‍ നിലവിലുണ്ട്. ചാനല്‍ ടണലാണ് ഇതിലൊന്ന.് യുകെയെയും ഫ്രാന്‍സിനെയും തമ്മിലാണ് ഇത് ബന്ധിപ്പിക്കുന്നത്. 1994-ല്‍ തുറന്നു ഈ ടണല്‍ യുകെയിലെ ഫോക്ക്‌സ്റ്റോണ്‍ മുതല്‍ ഫ്രാന്‍സിലെ കൊക്വെല്‍സ് ബന്ധിപ്പിക്കുന്നു. ഏകദേശം 50.5 കി.മീ നീളമാണുള്ളത്, 37.9 കി.മീ കടലിനടിയിലാണ്. രണ്ട് പ്രധാന റെയില്‍ ടണലുകളും ഒരു മധ്യ സര്‍വീസ് ടണലും അടങ്ങുന്നു. അതിവേഗ യൂറോസ്റ്റാര്‍ പാസഞ്ചര്‍ ട്രെയിനുകള്‍, വാഹനങ്ങള്‍ കൊണ്ടുപോകുന്ന ഷട്ടില്‍ ട്രെയിനുകള്‍, ചരക്ക് ട്രെയിനുകള്‍ എന്നിവ ഇതിലൂടെ ഓടുന്നു. കടലിനടിയില്‍ ദീര്‍ഘദൂര ടണല്‍ നിര്‍മാണം സാധ്യമാണെന്ന് തെളിയിച്ച പദ്ധതിയാണിത്.


 



ജപ്പാനിലെ സെയ്കാന്‍ ടണലാണ് ഇതില്‍ മറ്റൊരു വിസ്മയം തീര്‍ത്തത്. 1988-ല്‍ തുറന്ന ടണല്‍ ഹോണ്‍ഷു, ഹൊക്കൈഡോ ദ്വീപുകളെ ബന്ധിപ്പിക്കുന്നതാണ്. ഏകദേശം 53.85 കി.മീ നീളം, 23.3 കി.മീ കടലിനടിയിലാണ്. ഗോഥാര്‍ഡ് ബേസ് ടണല്‍ തുറക്കുന്നതുവരെ ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍വേ ടണലായിരുന്നു ഇത്. വെല്ലുവിളി നിറഞ്ഞ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളിലൂടെ പ്രധാനമായും തുരങ്കം നിര്‍മിച്ചു. ഷിന്‍കാന്‍സെന്‍ അതിവേഗ ട്രെയിനുകളും സാധാരണ ചരക്ക് ട്രെയിനുകളും ഇതിലൂടെ ഓടുന്നു.

തുര്‍ക്കിയിലും മറ്റൊരു ടണലുണ്ട്. ഇസ്താംബൂളിലെ ബോസ്ഫറസ് കടലിടുക്കിന് കുറുകെ പോകുന്നു. റെയില്‍ പാതയ്ക്ക് ഏകദേശം 13.5 കി.മീ നീളമുണ്ട്, അതില്‍ 1.4 കി.മീ മുങ്ങിത്താഴ്ന്ന ട്യൂബ് വിഭാഗമാണ്. നിര്‍മിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ആഴമേറിയതായിരുന്നു ഇത്. ഇസ്താംബൂളിലെ യൂറോപ്യന്‍, ഏഷ്യന്‍ ഭാഗങ്ങളെ യാത്രാ ട്രെയിനുകള്‍ക്കായി ബന്ധിപ്പിക്കുന്നു. ചാനല്‍ ടണല്‍, സെയ്കാന്‍ ടണല്‍ തുടങ്ങിയ പദ്ധതികളിലൂടെ കടലിനടിയില്‍ ടണലുകള്‍ നിര്‍മിക്കാമെന്ന് തെളിയിക്കപ്പെട്ടതുമാണെങ്കിലും, ഇന്ത്യ-യുഎഇ ടണല്‍ നിര്‍ദേശത്തിന് വലിയ ചെലവും ഏറ്റവും മികച്ച സാങ്കേതിക വിദ്യയും ആവശ്യമാണ്.

Tags:    

Similar News