കെപിഎസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം ഇനി അമ്പലപ്പറമ്പുകളില്‍ കളിക്കാന്‍ കഴിയില്ലേ? വിപ്ലവ ഗാനം പാടല്‍ ഉറപ്പായും നടക്കില്ല; ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ പ്രചാരണം വേണ്ടാ എന്ന് ഹൈക്കോടതി; കടയ്ക്കലും ഇന്ദിലയപ്പന്‍ വിവാദവും വിധിയാകുമ്പോള്‍

Update: 2025-08-24 03:55 GMT

കൊച്ചി: ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡുകള്‍ ഉറപ്പുവരുത്തണമെന്ന സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രം, ആറ്റിങ്ങല്‍ ശ്രീ ഇന്ദിലയപ്പന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ കഴിഞ്ഞ ഏപ്രിലില്‍ ഉത്സവത്തോടനുബന്ധിച്ച് ഗസല്‍ ഗായകന്‍ അലോഷി വിപ്ലവ ഗാനം പാടിയതടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. എറണാകുളം മരട് സ്വദേശി എന്‍. പ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിരോധിക്കുന്ന 1988-ലെ നിയമത്തിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡുകള്‍ ഉറപ്പാക്കണം. പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ദേവസ്വംബോര്‍ഡുകളോട് കോടതി നിര്‍ദേശിച്ചു.

ആറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കെപിഎസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകവും ഉണ്ടായിരുന്നു. കോഴിക്കോട് തളി ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങിനിടെ എസ്എഫ്ഐ സിന്ദാബാദ് എന്ന് വിളിച്ചതും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചില ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ഗണഗീതം പാടിയതും വിവാദമായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം. അതിനിടെ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ അല്ലാത്ത ക്ഷേത്രങ്ങളില്‍ എങ്ങനെ വിധി നടപ്പാക്കുമെന്ന സംശയം സര്‍ക്കാരിനുണ്ട്.

എന്നാല്‍, ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ടല്ലാതെ മറ്റു പരിപാടികളുടെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ദേവസ്വംബോര്‍ഡുകളുടെ നിലപാട്. എന്നാല്‍, മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിരോധിക്കുന്ന 1988-ലെ നിയമത്തിലെ വകുപ്പ് മൂന്ന്, ക്ഷേത്രപരിസരങ്ങള്‍ രാഷ്ട്രീയപ്രചാരണത്തിനായി ഉപയോഗിക്കുന്നത് വിലക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. കേരളത്തിലെ പല ക്ഷേത്രങ്ങളും നിയന്ത്രിക്കുന്നത് സ്വകാര്യ ട്രസ്റ്റുകളാണ്. ഇവര്‍ രാഷ്ട്രീയ താല്‍പ്പര്യം അനുസരിച്ച് പരിപാടികള്‍ വയ്ക്കാറുണ്ട്.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അതും ഇനി നടക്കില്ല. സര്‍ക്കാര്‍ ഇതും നിരീക്ഷിക്കും. സംഘപരിവാര്‍ ബന്ധമുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. ഇതിനൊപ്പം കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലും അമ്പലങ്ങളുണ്ട്. ഇവിടെ എല്ലാം രാഷ്ട്രീയ പ്രചരണ വേദികളൊരുക്കാന്‍ പലരും ശ്രമിക്കാറുണ്ട്.

Tags:    

Similar News