ആകാശത്ത് വിമാനങ്ങൾ ആടിയുലഞ്ഞു; വമ്പൻ കെട്ടിടങ്ങൾ അടക്കം വിറച്ചു; നിരവധി ഫ്ലൈറ്റുകൾ വഴിതിരിച്ച് വിട്ടു; അന്തരീക്ഷം ഓറഞ്ച് നിറമാകുന്ന കാഴ്ച; അപ്രതീക്ഷിത കാറ്റിൽ ഭയന്ന് ജനങ്ങൾ; ഡൽഹിയെ കുലുക്കി പൊടിക്കാറ്റ്; വൈറലായി ദൃശ്യങ്ങൾ

Update: 2025-04-14 10:36 GMT

ഡൽഹി: ഇപ്പോൾ മിക്കയിടത്തും പൊടിക്കാറ്റുകളുടെ കാലമാണ്. മംഗോളിയയില്‍ നിന്നും വീശിയടിച്ച് ഒരു പൊടിക്കാറ്റ് ചൈനയുടെ വടക്ക് കിഴക്കന്‍ മേഖലകളെ ഓറഞ്ച് നിറമാക്കി ഇപ്പോൾ കടന്ന് പോവുകയാണ്. അതേസമയം, റിയാദിലും പൊടിക്കാറ്റ് വീശുകയാണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഡൽഹിയിൽ ചെറിയ തോതില്‍ പൊടിക്കാറ്റ് വീശിയിരുന്നു. പക്ഷെ ഇന്നലെ രാത്രിയോടെ ഡൽഹിയിലെ ചില ഭാഗങ്ങളില്‍ വീശിയത് അതിശക്തമായ പൊടിക്കാറ്റെന്ന് വിവരങ്ങൾ. ഇപ്പോൾ പൊടിക്കാറ്റിന്റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പരക്കുന്നത്.

അപ്രതീക്ഷിതവും അതിശക്തവുമായ പൊടിക്കാറ്റില്‍ വിമാനങ്ങൾ വരെ ആടിയുലഞ്ഞെന്നും വിവരങ്ങൾ ഉണ്ട്. ബഹുനില കെട്ടിടങ്ങൾ കുലുങ്ങി. എതാണ്ട് 20 മിനിറ്റ് നീണ്ട് നിന്ന ഭൂമികുലുക്കം പോലെയാണ് അത് അനുഭവപ്പെട്ടതെന്ന് ഒരാൾ എക്സില്‍ എഴുതി. ദൃശ്യങ്ങളിൽ വിമാനങ്ങൾ കുലുങ്ങുന്നതിന്‍റെയും ആകാശം ഓറഞ്ച് നിറമാക്കി പൊടിക്കാറ്റ് വീശിയടിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ കാണാം. 'എന്‍റെ കെട്ടിടം അക്ഷരാര്‍ത്ഥത്തില്‍ കുലുങ്ങി. 20-മത്തെ നിലയില്‍ ലൈറ്റുകൾ മിന്നിക്കത്തി. ഭ്രാന്തമായ കാറ്റ് ഡൽഹി എന്‍സിആര്‍ പ്രദേശത്ത് വീശിയടിച്ചു. അതിശക്തമായ കാറ്റില്‍ കെട്ടിടം കുടുങ്ങി.

എന്‍റെ ഫ്ലാറ്റിലെ ലൈറ്റുകൾ പെന്‍ഡുലം പോലെ വിറച്ചു. 20 മിനിറ്റ് നേരം നീണ്ട് നിന്ന ഭൂകമ്പം പോലെ. എനിക്ക് ഛർദ്ദിക്കാന്‍ വന്നു. ലിഫ്റ്റ് ഉപയോഗിച്ച് പുറത്തേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല!' വീഡിയോ പങ്കുവച്ച് ഒരാൾ റെഡ്ഡിറ്റില്‍ എഴുതി. 'ഗുഡ്ഗാവിലെ പൊടിക്കാറ്റ്. അത് മഹാദുരന്തം പോലെ തോന്നിച്ചു' മറ്റൊരാൾ കൂറ്റന്‍ കെട്ടിടങ്ങളെ പോലും മറച്ച് വീശിയടിക്കുന്ന പൊടിക്കാറ്റിന്‍റെ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

അതിനിടെ,ഇപ്പോൾ സാഹചര്യം മെച്ചപ്പെട്ടെന്നും ചില വിമാന സർവീസുകളെ ഇപ്പോഴും ബാധിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ഒരു റൺവേയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രണ്ടണ്ണം മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌.

വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഡൽഹിയിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ സാരമായി ബാധിച്ചു. പൊടിക്കാറ്റ് കാരണം നിരവധി വിമാനങ്ങൾ മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു. പ്രധാന റൺവേ നവീകരണത്തിനായി അടച്ചിട്ടതിനാൽ യാത്രയ്ക്ക് അധിക കാലതാമസമുണ്ടായി. ശനിയാഴ്ച അർദ്ധരാത്രി മുതൽ ഉച്ചയ്ക്ക് 2 വരെ ഐജിഐ വിമാനത്താവളത്തിൽ നിന്നുള്ള 350 വിമാന സർവീസുകളെ ബാധിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതമനുഭവിച്ചത്. 40 മിനിറ്റിൽ അധികം സമയമാണ് കാലതാമസം നേരിട്ടത്. ഏതാനും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.

മണിക്കൂറിൽ 74 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. കാറ്റിന്റെ വേഗതയിലുണ്ടായ മാറ്റം വിമാനങ്ങളുടെ ടേക്ക് ഓഫുകളെയും ലാൻഡിംഗുകളെയും ബാധിച്ചു. എയർ ട്രാഫിക് കൺട്രോൾ ഏകദേശം 45 മിനിറ്റോളം പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. യാത്രയ്ക്കിടെ തടസം നേരിട്ടതോടെ വിമാനത്താവളത്തിൽ യാത്രക്കാർ തിങ്ങി നിറയുകയായിരുന്നു. സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന് വിമാന കമ്പനികൾക്ക് വ്യക്തമായി മറുപടി നൽകാൻ കഴിഞ്ഞില്ല. യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങളിൽ ഖേദിക്കുന്നതായി വിമാന കമ്പനികൾ വ്യക്തമാക്കി.

Tags:    

Similar News