അകത്ത് എഐഎസ്എഫ് പ്രവര്‍ത്തകര്‍; പുറത്ത് ഡിവൈഎഫ്‌ഐയും; സര്‍വ'കലാപ'ശാലയായി കേരള സര്‍വകലാശാല; സംഘര്‍ഷം, പലവട്ടം ജലപീരങ്കി, അറസ്റ്റ്; വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ കസേരയില്‍ അനില്‍കുമാര്‍; ചുമതല ഏറ്റെടുക്കാന്‍ മിനി കാപ്പനും; നാടകീയ നീക്കങ്ങള്‍
സര്‍വ'കലാപ'ശാലയായി കേരള സര്‍വകലാശാല
തിരുവനന്തപുരം: അകത്തും പുറത്തും ഇടതു യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ സര്‍വ'കലാപ'ശാലയായി കേരള സര്‍വകലാശാല ആസ്ഥാനം. സര്‍വകലാശാലയ്ക്കകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് മാറ്റി. പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
എഐഎസ്എഫും ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കിയതോടെ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നു അകത്തു പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. സര്‍വകലാശാല ഗേറ്റിനു പുറത്തു പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു. വേണമെന്നു വച്ചാല്‍ ഏതു കോട്ടകൊത്തളത്തിന് അകത്തും കയറാന്‍ ശേഷിയുള്ള സംഘടനയാണ് ഡിവൈഎഫ്ഐ എന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം, വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ കേരള സര്‍വകലാശാലയിലെ ഓഫീസിലെത്തി. റജിസ്ട്രാര്‍ ഡോ.കെ.എസ്.അനികുമാറിന്റെ സസ്പെന്‍ഷന്‍ തുടരുകയാണെന്നും ഓഫിസില്‍ കടക്കാന്‍ അനുവദിക്കരുതെന്നും വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതു പാലിക്കാന്‍ സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. രാവിലെ ക്യാംപസിലെത്തിയ റജിസ്ട്രാര്‍ യാതൊരു തടസവും കൂടാതെ ഓഫിസില്‍ പ്രവേശിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അനില്‍കുമാര്‍ പറഞ്ഞു
ഈ സമയത്താണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിക്കുള്ളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കെട്ടിടത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി യൂണിവേഴ്സിറ്റിക്ക് മുന്നിലേക്ക് എത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്ന ഗേറ്റ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ അക്രമാസക്തരായ പ്രവര്‍ത്തകര്‍ പോലീസിനെയും പോലീസ് വാഹനങ്ങളെയും ആക്രമിച്ചു. നിലവില്‍ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ് ഇവര്‍. അതേസമയം, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഗവര്‍ണറുടെ വസതിയിലേക്ക് നീങ്ങിയിട്ടുണ്ട് എന്നാണ് വിവരം.
അതേ സമയം താല്‍കാലികമായി രജിസ്ട്രാറുടെ ചുമതലയേല്‍ക്കാല്‍ വിസി നിയോഗിച്ച മിനി കാപ്പന്‍ ഇതുവരെയും ചുമതല ഏറ്റെടുത്തിട്ടില്ല. മിനിയും യൂണിവേഴ്സിറ്റിക്കുള്ളില്‍ തന്നെയാണ് ഉള്ളത്. ഇവര്‍ ഇന്നുതന്നെ ചുമതല ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തകയില്ല.
മിനി കാപ്പന് റജിസ്ട്രാര്‍ ചുമതല നല്‍കി കൊണ്ട് വിസി മോഹന്‍ കുന്നുമ്മേല്‍ ഉത്തരവിറക്കിയിരുന്നു. അനില്‍ കുമാര്‍ എത്തിയാല്‍ തടയാനും സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് റജിസ്ട്രാര്‍ അനില്‍കുമാര്‍ കേരള സര്‍വകലാശാലയിലെത്തി ഓഫീസില്‍ പ്രവേശിച്ചത്. വിസിയുടെ നിര്‍ദേശ പ്രകാരം റജിസ്ട്രാറെ തടയാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
അവധി ചോദിച്ച റജിസ്ട്രാര്‍ അനില്‍ കുമാറിനോട്, സസ്‌പെന്‍ഷനിലായ റജിസ്ട്രാര്‍ക്ക് എന്തിനാണ് അവധി എന്നായിരുന്നു വിസി മോഹന്‍ കുന്നുമലിന്റെ ചോദ്യം. തന്റെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കി എന്നായിരുന്നു റജിസ്റ്റാറുടെ മറുപടി. ജൂലൈ 9 മുതലാണ് റജിസ്ട്രാര്‍ അവധിക്ക് അപേക്ഷിച്ചത്. തന്റെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സസ്‌പെന്‍ഷനിലിരിക്കുമ്പോള്‍ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് വിസി മോഹന്‍ കുന്നുമ്മല്‍ മറുപടിയായി നല്‍കിയത്.