'പണ്ട് തൃശ്ശൂര്‍ ടൗണില്‍ കപ്പലണ്ടി വിറ്റ് നടന്ന എം കെ കണ്ണന്‍ കോടിപതിയാണ്; സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ലെവല്‍ മാറും; നേതാക്കള്‍ സ്വന്തം കാര്യം നോക്കാന്‍ മിടുക്കര്‍; സിപിഎം നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ; അഞ്ചുവര്‍ഷം മുന്‍പുളള ഓഡിയോ സന്ദേശമെന്ന് ശരത് പ്രസാദ്; ആരോപണം തള്ളി സിപിഎം നേതൃത്വം

സിപിഎം നേതൃത്വത്തിന് കുരുക്കായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ

Update: 2025-09-12 07:36 GMT

തൃശൂര്‍: സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.പി ശരത് പ്രസാദ്. എ സി മൊയ്തീന്‍, എം കെ കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍. സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തില്‍ അഴിമതി എന്നും സംഭാഷണത്തിലുണ്ട്. അതേ സമയം ആരോപണം തള്ളി സിപിഎം നേതൃത്വം രംഗത്ത് വന്നു. അടിസ്ഥാന രഹിതമായ ആരോപണമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചു. പാര്‍ട്ടിക്കെതിരായ പരസ്യ പ്രസ്തവാനയുടെ പേരില്‍  സിപിഎം നടത്തറ ലോക്കല്‍ കമ്മറ്റി അംഗം നിബിന്‍ ശ്രീനിവാസനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

സിപിഐഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്പത്തികമായി ലെവല്‍ മാറുമെന്നാണ് ശരത് പ്രസാദ് പറയുന്നത്. ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാല്‍ മാസം കിട്ടുന്നതെന്നും ജില്ലാ ഭാരവാഹി ആയാല്‍ അത് 25,000 ത്തിന് മുകളിലാകും. പാര്‍ട്ടി കമ്മിറ്റിയില്‍ വന്നാല്‍ 75,000 മുതല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രന്‍ പറയുന്നു. ഇന്‍ട്രസ്റ്റ് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുള്ള നമ്മുടെ ജീവിതമെന്നും ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് ടെലിഫോണ്‍ സംഭാഷണത്തിനിടെ പറയുന്നു.

'സിപിഎമ്മിന്റെ ജില്ലാ ലീഡര്‍ഷിപ്പിലുള്ള ആര്‍ക്കും സാമ്പത്തിക പ്രശ്‌നം ഇല്ല. നേതാക്കളുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ അവരുടെ ലെവല്‍ മാറും.പണം പിരിക്കാന്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് എളുപ്പമാണ്. സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്മാരാണ്. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്ത കണ്ണേട്ടന്‍ രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടത്. അത്ര വലിയ ഡീലിംഗ്സാണ് അവരൊക്കെ നടത്തുന്നത്.കെ കെ ആര്‍, സെവ്യര്‍, രാമചന്ദ്രന്‍, എ സി മൊയ്ദീന്‍ ഒന്നും നിസാര ആളുകളല്ല. ജില്ലയിലെ അത്ര വലിയ അപ്പര്‍ ക്ലാസ്സ് ആളുകളുമായി ബന്ധങ്ങളാണ് എ സി മൊയ്ദീനുള്ളതെന്നും ശരത് പ്രസാദിന്റെ ശബ്ദ രേഖയിലുണ്ട്.

''സി പി എമ്മിന്റെ ജില്ലാ നേതൃത്വത്തിലുള്ള ആര്‍ക്കാണ് സാമ്പത്തിക പ്രശ്‌നമുള്ളത്?? ആര്‍ക്കുമുണ്ടാകില്ല. ഇന്ററാക്ട് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുളള നമ്മുടെ ജീവിതം. വര്‍ഗീസ് കണ്ടന്‍കുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്? അനൂപ് കാട, എ സി മൊയ്തീന്‍ ഒക്കെ വലിയ ഡീലിംഗാണ് നടത്തുന്നത്. അപ്പര്‍ ക്ലാസിന്റെ ഇടയില്‍ ഡീലിംഗ് നടത്തുന്ന ആളാണ് എ സി മൊയ്തീന്‍' എന്ന് ശരത് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. സിപിഎം നടത്തറ ലോക്കല്‍ കമ്മറ്റി അംഗം നിബിനുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ സംഭാഷണമാണ് പുറത്തു വന്നതെന്നാണ് ശരത് പ്രസാദിന്റെ വിശദീകരണം.

അഞ്ചുവര്‍ഷം മുന്‍പുളള ഓഡിയോ സന്ദേശമാണ് പുറത്തുവന്നതെന്ന് ശരത് പ്രസാദ് വ്യക്തമാക്കി. കരുവന്നൂര്‍ വിഷയം നടക്കുമ്പോഴുളള സംസാരമായിരുന്നു അതെന്നും നടത്തറ സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഓഡിയോ പുറത്തുവന്നിരിക്കുന്നതെന്നും ശരത് പറയുന്നു. ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തനിക്കൊപ്പം കമ്മിറ്റിയില്‍ ഉണ്ടായിരുന്നവരാണ് ഓഡിയോ പുറത്തുവിട്ടതെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News