'സിപിഎം പ്രവര്‍ത്തകരുടെ മേല്‍ കുതിര കയറാന്‍ വന്നാല്‍ മയ്യത്ത് കട്ടിലിന് കാലുപിടിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിട്ട് വരണം; പട്ടിയെ അടിക്കുന്നതു പോലെയാണ് സിപിഎം പ്രവര്‍ത്തകര്‍ ലീഗുകാരെ അടിച്ചോടിച്ചിട്ടുള്ളത്; വീണ്ടും ചൊറിയാന്‍ വന്നാല്‍ ഇത് ഇവിടെ അവസാനിപ്പിച്ചോണം'; സുല്‍ത്താന്‍ ബത്തേരിയില്‍ ലീഗ് നേതാക്കള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലവിളി പ്രസംഗം

സുല്‍ത്താന്‍ ബത്തേരിയില്‍ ലീഗ് നേതാക്കള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലവിളി പ്രസംഗം

Update: 2026-01-06 08:19 GMT

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ മുസ്ലീംലീഗ് നേതാക്കള്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ നേതാവ്. ഡി.വൈ.എഫ്.ഐ മുന്‍ ജില്ല ട്രഷറര്‍ ലിജോ ജോണിയാണ് കൊലവിളി പ്രസംഗം നടത്തിയത്. പ്രാദേശിക സംഘര്‍ഷത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിലാണ് സംഭവം. സിപിഎം പ്രവര്‍ത്തകരുടെ മേല്‍ കുതിര കയറാന്‍ വന്നാല്‍ മയ്യത്ത് കട്ടിലിന് കാലുപിടിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിട്ട് വരണമെന്നും പട്ടിയെ അടിക്കുന്നതുപോലെയാണ് സിപിഎം പ്രവര്‍ത്തകര്‍ ലീഗുകാരെ അടിച്ചോടിച്ചത് എന്നും ഭീഷണി പ്രസംഗത്തില്‍ പറയുന്നു. സുല്‍ത്താന്‍ബത്തേരിയില്‍ ഈ മാസം ഒന്നിനാണ് ലിജോയുടെ വിവാദ പ്രസംഗം.

'പട്ടിയെ അടിക്കുന്നതുപോലെയാ ഈ ബത്തേരിയിലെ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ ലീഗുകാരെ അടിച്ചോടിച്ചിട്ടുള്ളത്. അതുകൊണ്ട് തൃപ്തിയായിട്ടില്ല, വീണ്ടും ചൊറിയാന്‍ വന്നിരിക്കുകയാ മൂന്നാംമൈലില്‍. ഇത് ഇവിടെ അവസാനിപ്പിച്ചോണം. ഇനിയെങ്ങാനും ഇത് തുടര്‍ന്നാല്‍, ഇവിടെ ഈ ലീഗിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഷബീര്‍ അഹമ്മദ് കുറിച്ചുവെച്ചോ, ഇനി ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ കുതിര കയറാന്‍ വന്നാല്‍ നിന്റെ മയ്യിത്ത് കട്ടിലിന്റെ കാല് പിടിക്കാന്‍ വീട്ടില്‍ ആളെ ഏര്‍പ്പാടാക്കിയിട്ട് ബത്തേരി അങ്ങാടിയിലേക്ക് ഇറങ്ങിയാല്‍ മതി. അത് മനസ്സിലാക്കിക്കോ. അതുകൊണ്ട് ഇത് ഇവിടെ അവസാനിപ്പിച്ചാല്‍ നല്ലത്. അതല്ലെങ്കില്‍ ശക്തമായിട്ട് ഞങ്ങള്‍ തിരിച്ചടിക്കും' -ലിജോ ജോണി പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബത്തേരി നഗരസഭ സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകന്റെ വീട്ടിന് മുന്നിലേക്ക് പടക്കമെറിഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതിനെച്ചൊല്ലി അന്ന് വൈകുന്നേരം സിപിഎം പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പലര്‍ക്കും പരിക്കേറ്റിരുന്നു. ഈ കേസില്‍ പലരും ജയിലിലായിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ലിജോ ജോണി കൊലവിളി പ്രസംഗം നടത്തിയത്. ലീഗ് നേതാക്കളുടെ കൈ തല്ലിയൊടിച്ചാണ് സിപിഎം നേതാക്കള്‍ ജയിലില്‍ പോയതെന്നും ആരും പിന്തിരിഞ്ഞ് ഓടിയില്ലെന്നും ലിജോ ജോണി പറയുന്നു.

വിവാദ പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ് നേതൃത്വം. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പഴ്‌സനായി സീകുന്ന് വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗിലെ റസീന അബ്ദുല്‍ ഖാദര്‍ ചുമതലയേറ്റിരുന്നു. ജില്ലയിലെ ഏക വനിത നഗരസഭ അധ്യക്ഷയാണ് റസീന അബ്ദുള്‍ ഖാദര്‍. വൈസ് ചെയര്‍മാനായി ചെരൂര്‍ക്കുന്ന് വാര്‍ഡില്‍നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം.ജി ഇന്ദ്രജിത്തിനെ തിരഞ്ഞെടുത്തു.

36 വാര്‍ഡുള്ള ബത്തേരി നഗരസഭയില്‍ 20 സീറ്റ് നേടിയാണ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് ഭരണം പിടിച്ചത്. 14 സീറ്റിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഒരു സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ സ്വതന്ത്രനും ജയിച്ചു. ചെയര്‍പഴ്സന്‍ സ്ഥാനം ചൊല്ലി ബത്തേരിയില്‍ യുഡിഎഫില്‍ തര്‍ക്കം ഉണ്ടായെങ്കിലും ജില്ലാ യുഡിഎഫ് നേതൃത്വം നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ആദ്യ രണ്ടരവര്‍ഷം ലീഗിന് നല്‍കാമെന്ന സമവായം ഉരുത്തിരിയുകയായിരുന്നു.

Tags:    

Similar News