വടകരയില്‍ ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ; പ്രതിഷേധക്കാരെ പോലീസ് നേരിടവേ കാറില്‍ നിന്നിറങ്ങി മാസ്സാകാന്‍ ഷാഫിയുടെ ശ്രമവും; 'ഏത് വലിയ സമരക്കാരന്‍ വന്നാലും പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണം; 'നായ്, പട്ടി'യെന്ന് പേടിച്ചു പോകില്ല; പിണറായി വിജയനോട് ചോദിക്കാന്‍ ആര്‍ജവമുണ്ടോ എന്നും വടകര എംപിയുടെ ചോദ്യം
വടകരയില്‍ ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെയും പ്രതിഷേധം ശക്തമാക്കുകയാണ് ഡിവൈഎഫ്‌ഐ. വടകര മണ്ഡലത്തില്‍ ഷാഫിക്കെതിരെ പ്രതിഷേധ പ്രകടനവുമായി എത്തിയ ഡിവൈഎഫ്‌ഐയുടെ നീക്കത്തെ അതേ നാണയതത്തില്‍ നേരിടാന്‍ ഷാഫിയും ശ്രമിക്കുന്നുണ്ട്. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന വെല്ലുവിളികളെ നേരിടാനാണ് ഷാഫിയുടെ ശ്രമം.
ഇന്ന് വടകരയില്‍ എംപി ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം രേഖപ്പെടുത്തി. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പൊലീസുമായി റോഡില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഷാഫി രൂക്ഷ ഭാഷയില്‍ പ്രതിഷേധിച്ചു. പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണമെന്നും നായ്, പട്ടിയെന്ന് വിളിച്ചാല്‍ കേട്ട് നില്‍ക്കാന്‍ വേറെ ആളെ നോക്കണമെന്നും ഷാഫി പറമ്പില്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു.
'ഏത് വലിയ സമരക്കാരന്‍ വന്നാലും പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണം. സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കുന്നു. നായ്, പട്ടിയെന്നൊക്കെ വിളിച്ചാല്‍ പേടിച്ച് പോകില്ല. പിണറായി വിജയനോട് ചോദിക്കാന്‍ ആര്‍ജവമുണ്ടോ. സമരം ഞാനും ചെയ്തിട്ടുണ്ട്. ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ല' എന്നും ഷാഫി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു.
നേരത്തെ ഷാഫി പറമ്പില്‍ എം പിയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണമെന്ന് പരാതിയും ഉയര്‍ന്നിരുന്നു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കും പിന്നില്‍ വലിയൊരു ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജിസ്‌മോന്‍ പരാതിയില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ രാഷ്ട്രീയ രംഗത്ത് വലിയൊരു ക്രിമിനല്‍ സംഘം വളര്‍ന്നു കൊണ്ടിരിക്കുന്നു. പണവും അധികാരവും ദുര്‍വിനിയോഗം ചെയ്തുകൊണ്ട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ സംഘം പാലക്കാട് നിയമ സഭാ ഉപതെരഞ്ഞെടുപ്പ് വേളയില്‍ ട്രോളി ബാഗില്‍ പണം കടത്തിയെന്നും പരാതിയില്‍ ചൂണ്ടി കാണിക്കുന്നു. ആ ട്രോളി ബാഗിന്റെ പഴയ വീഡിയോ ഒരിക്കല്‍ കൂടി നോക്കിയാല്‍ ഇത് മനസ്സലാകുമെന്നും എഐവൈഎഫ് പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് പ്രതികരിച്ചിരുന്നു. ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ അധികം സമയംവേണ്ട എന്ന് വരെ പറയുന്ന അവസ്ഥ എത്രമാത്രം ക്രിമിനില്‍ രീതിയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്നും പരാതി നല്‍കാന്‍ ആശങ്കയുണ്ടാകേണ്ടതില്ലെന്നും എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അത് ഗൗരവമേറിയ വിഷയമായി തന്നെ കേരളീയ സമൂഹം ഏറ്റെടുത്തിരിക്കുന്നു. മാധ്യമങ്ങളും അത് ഏറ്റെടുത്തു. ഇത്തരമൊരു ആള്‍ ആ സ്ഥാനത്ത് ഇരിക്കരുത് എന്ന പൊതുഅഭിപ്രായം ഉയര്‍ന്നുവന്നു കഴിഞ്ഞു. പക്ഷേ, ആ നിലയല്ല കാണുന്നത്. എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല. ഏതായാലും സമൂഹത്തില്‍ വലിയ പ്രതികരണം ഉണ്ടാക്കുന്ന തരത്തിലുള്ള സംഭവമായി അത് മാറി. കാരണം, ഒന്നിലധികം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു.ഒരു സംഭാഷണത്തിന്റെ ഭാഗത്ത് ഗര്‍ഭം അലസിപ്പിക്കുക എന്നത് മാത്രമല്ല, ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ അധികം സമയം വേണ്ട എന്ന് വരെ പറയുന്നിടത്തേക്ക് എത്തുന്ന അവസ്ഥ. എത്രമാത്രം ക്രിമിനില്‍ രീതിയാണ് വരുന്നത്. സമൂഹത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന അംഗീകാരമുണ്ട്, അതിന് അപവാദം വരുത്തിവെക്കുന്ന ചില കാര്യങ്ങള്‍ ചില ഘട്ടത്തിലൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രത്തോളം പോയ ഒരു കാര്യം ഇതേവരെ നമ്മുടെ അനുഭവത്തില്‍ കേട്ടിട്ടില്ല മുഖ്യമന്ത്രി പറഞ്ഞു.