ഇ ബസ് സിറ്റിക്കുള്ളില്‍ മാത്രം ഓടിയാല്‍ മതി; നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണം; കോര്‍പ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്ന് തിരുവനന്തപുരം മേയര്‍; 'പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന്' പരിഹസിച്ചു മന്ത്രി വി ശിവന്‍കുട്ടി; ഓഫീസ് തര്‍ക്കത്തിന് പിന്നാലെ തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരില്‍

ഇ ബസ് സിറ്റിക്കുള്ളില്‍ മാത്രം ഓടിയാല്‍ മതി

Update: 2025-12-30 06:03 GMT

തിരുവനന്തപുരം: ഇലക്ട്രിക് ബസിനെ ചൊല്ലി തിരുവനന്തപുരം കോര്‍പറേഷന്‍ -കെഎസ്ആര്‍ടിസി പോര് രൂക്ഷമാകുന്നു. സ്മാര്‍ട്ട് സിറ്റി ഇബസുകള്‍ തലസ്ഥാനത്തിന് പുറത്തേക്ക് അനുവദിക്കില്ലെന്ന് മേയര്‍ വി.വി.രാജേഷ് ഇന്നും ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതോടെ വിഷയം വീണ്ടും സജീവമാകുകയാണ്. എന്നാല്‍ തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ കൊണ്ടുവരാനാണ് ബസ് ഓടിക്കുന്നതെന്നും നഷ്ടത്തില്‍ ഓടിക്കാനാവില്ലെന്നുമാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.

മേയറായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മാര്‍ട്ട്‌സിറ്റിക്കായി കോര്‍പറേഷന്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ തന്നെ സര്‍വീസ് നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കിയത്. ഇ-ബസുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്നും ഇ-ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയര്‍ ഇന്ന് വീണ്ടും ആവശ്യപ്പെട്ടു.

രാഷ്ട്രീയ സമ്മര്‍ദം കാരണം മറ്റ് സ്ഥലങ്ങളില്‍ ഓടിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണം. കോര്‍പ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയര്‍ പറഞ്ഞു. മേയറായി ചുമതലയേറ്റതിന് പിന്നാലെയാണ് ഇ-ബസ്സുകളുടെ സര്‍വ്വീസുമായി ബന്ധപ്പെട്ടുള്ള മേയറുടെ നീക്കം. കരാര്‍ മാറ്റാന്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് അധികാരമില്ല. ബസുകള്‍ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷന് നല്‍കിയതാണ്. കോര്‍പ്പറേഷന് കിട്ടിയത് കോര്‍പ്പറേഷനിലുളളവര്‍ക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആര്‍ടിസിയുമായുള്ള കരാര്‍ രേഖകള്‍ പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞു.

അതേസമയം ഇ- ബസ് തര്‍ക്കത്തില്‍ രാജേഷിനെ പരിഹസിച്ചു മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തുവന്നു. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനവിധി മാനിക്കുന്നു. പ്രതിപക്ഷമെന്ന നിലയില്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കും. പ്രധാനമന്ത്രി വരുമ്പോള്‍ ഞങ്ങള്‍ക്കും ആവശ്യം ഉന്നയിക്കാന്‍ ഉണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടി ആവശ്യപ്പെട്ട് മേയര്‍ കത്ത് നല്‍കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം മേയറായി ചുമതലയേറ്റതിന് പിന്നാലെ ആര്‍ ശ്രീലേഖയും വികെ പ്രശാന്ത് എംഎല്‍എയും തമ്മിലുള്ള കെട്ടിട ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തിരുന്നു. എന്നാല്‍ ശ്രീലേഖയെ മയപ്പെടുത്തുന്ന നിലപാടാണ് വി വി രാജേഷ് കൈക്കൊണ്ടത്. അതിന് പിന്നാലെ കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനം. ഈവിവാദം മുറുകവേയാണ് വീണ്ടും ഇ ബസിന്റെ പേരിലും തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

വാടകക്ക് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകള്‍ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാര്‍ത്ഥ വാടക്കാരല്ല ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ബിജെപിക്കായിരുന്നു മേധാവിത്വം. അക്കാലത്തു തന്നെ ക്രമക്കേട് ബോധ്യപ്പെട്ടിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. പല വാണിജ്യ സ്ഥാപനങ്ങളും തലമുറകള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കൈമാറ്റം എല്ലാം തിരിച്ചു പിടിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. മാസത്തില്‍ 250 രൂപ വാടകക്ക് വരെ കടകള്‍ കൈമാറിയിട്ടുണ്ട്.

ഇവയെല്ലാം വന്‍ തുകക്ക് മറിച്ചു നല്‍കി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നാണ് കണ്ടെത്തല്‍. കുറഞ്ഞ വാടകക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ മാനദണ്ഡം എന്താണെന്ന് സെക്രട്ടറി വ്യക്തമാക്കണം. വികെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറിയതിനിടെയാണ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതില്‍ സമഗ്ര അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.

വിവാദം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും വാടകക്ക് കെട്ടിടങ്ങള്‍ നല്‍കുന്നതില്‍ ആവശ്യമായ പരിശോധന നടത്തുമെന്നും അന്വേഷിക്കുമെന്നും മേയര്‍ വിവി രാജേഷ് വ്യക്തമാക്കിയിരുന്നു. കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതിന്റെ രേഖകളടക്കം വിശദമായി പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞിരുന്നു.

Tags:    

Similar News