കെ-റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അനുമതി നല്‍കില്ല; സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചാല്‍ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും; അത് ചെയ്യാത്തത് ജാള്യത മൂലം; കണ്ണൂര്‍ വരെ നീളുന്ന അതിവേഗ പാതയ്ക്കായി വാദിയ്യ് ഇ ശ്രീധരന്‍; മെട്രോമാന്റെ അലൈന്‍മെന്റ് പിണറായി അംഗീകരിക്കുമോ?
കൊച്ചി: കെ-റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അനുമതി നല്‍കില്ലെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. കെ-റെയില്‍ ഉപേക്ഷിച്ചെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ബദല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ തയ്യാറാണ്. ബദല്‍ പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. കെ-റെയില്‍ കേരളത്തില്‍ വരാന്‍ ഒരു സാദ്ധ്യതയുമില്ല. പക്ഷേ, അതിന് ഒരു ബദല്‍ പദ്ധതി ഞാന്‍ കൊടുത്തിട്ടുണ്ട്. ആ പ്രൊപ്പോസല്‍ കേരള സര്‍ക്കാരിന് ഇഷ്ടമായിട്ടുണ്ട്. ഞാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
കെ. റെയില്‍ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചാല്‍ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും. എന്നാല്‍ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും അദ്ദേഹം കൂട്ടിേേച്ചര്‍ത്തു. അതേസമയം, കെ- റെയിലിനായി കണ്ടെത്തിയ ഭൂമി വില്‍ക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ യാതൊരു തടസവുമില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ.രാജനും രംഗത്തു വന്നു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍വേസ് ആന്‍ഡ് ബൗണ്ടറീസ് നിയമത്തിന്റെ 6(1) മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാല്‍ ഭൂമി ക്രയവിക്രയത്തിന് തത്കാലം പ്രശ്നമില്ലെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
റവന്യൂമന്ത്രിയുടെ ഈ വിശദീകരണത്തിന് പിന്നാലെയാണ് ശ്രീധരനും പഴയ കെ റെയില്‍ നടക്കില്ലെന്ന് വിശദീകരിക്കുന്നത്. സില്‍വര്‍ ലൈന്‍ ഒന്നുമാകതെ മുടങ്ങിക്കിടക്കുന്നതിനാല്‍ പ്രായോഗികമായ സെമി സ്പീഡ് റയില്‍ എന്ന ആശയം ഡിസംബര്‍ 27നാണ് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. കേരളത്തിലെ ജനങ്ങളുടെ താല്പര്യം പരിഗണിച്ച് 25 കിലോമീറ്ററിനിടയില്‍ സ്റ്റേഷന്‍ വരുന്ന രീതിയിലുള്ള വേഗ റയിലാണ് ഇ ശ്രീധരന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സില്‍വര്‍ ലൈന്‍ തിരുവന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണെങ്കില്‍ ഇ ശ്രീധരന്‍ നിര്‍ദേശിക്കുന്ന പാത കണ്ണൂര്‍ വരെയാണ്.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) മുന്‍പു വിശദപദ്ധതിരേഖ (ഡിപിആര്‍) തയാറാക്കിയ തിരുവനന്തപുരം കണ്ണൂര്‍ ഹൈസ്പീഡ് പാതയുടെ അലൈന്‍മെന്റില്‍ വ്യത്യാസം വരുത്തിയാണ് പുതിയ സെമി ഹൈസ്പീഡ് പാതയ്ക്ക് അലൈന്‍മെന്റ് ഇ.ശ്രീധരന്‍ മുമ്പോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രിക്കും കേന്ദ്ര റെയില്‍വേ മന്ത്രിക്കും നല്‍കിയ കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി നഗരങ്ങളുള്ള കേരളത്തില്‍ 350 കിലോമീറ്റര്‍ വേഗം ആവശ്യമില്ലെന്നും പരമാവധി 200 കിലോമീറ്റര്‍ മതിയെന്നുമാണു ശ്രീധരന്റെ നിലപാട്. 135 കിലോമീറ്റര്‍ ശരാശരി വേഗത്തില്‍ ട്രെയിന്‍ ഓടിച്ചാല്‍ തിരുവനന്തപുരം-കണ്ണൂര്‍ (430 കിലോമീറ്റര്‍) ദൂരം മൂന്നേകാല്‍ മണിക്കൂറില്‍ പിന്നിടാം. ഒരു ലക്ഷം കോടി രൂപയാണു പദ്ധതിക്കു ചെലവു ശ്രീധരന്‍ ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതിനായി റെയില്‍വേക്ക് 51 ശതമാനവും കേരളത്തിന് 49 ശതമാനവും ഓഹരിയുള്ള പ്രത്യേക ദൗത്യനിര്‍വഹണ ഏജന്‍സി (എസ്പിവി) രൂപീകരിക്കണം. ഇതില്‍ കേന്ദ്ര, സംസ്ഥാന വിഹിതമായി 30,000 കോടി രൂപ വീതവും 40,000 കോടി രൂപയുടെ വായ്പാനിക്ഷേപവും ലക്ഷ്യമിടുന്നു. ഭാവിയില്‍ ചെന്നൈ ബെംഗളൂരു കോയമ്പത്തൂര്‍ ഹൈസ്പീഡ് പാതകളുമായി ബന്ധിപ്പിച്ച് ദേശീയ ഹൈസ്പീഡ് റെയില്‍ ശൃംഖലയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെയാണു പാത സ്റ്റാന്‍ഡേഡ് ഗേജിലാക്കുന്നതെന്നും പറയുന്നു. സ്റ്റോപ്പുകള്‍ കുറവാണെങ്കിലേ കൂടിയ വേഗം കൊണ്ടു കാര്യമുള്ളൂ. ജനസാന്ദ്രത കൂടിയ കേരളത്തില്‍ കൂടുതല്‍ പേര്‍ക്കു പ്രയോജനം ലഭിക്കണമെങ്കില്‍ 25-30 കിലോമീറ്റര്‍ ഇടവേളയില്‍ സ്റ്റേഷനുകള്‍ വേണം. കേരളത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിക്കുമ്പോള്‍ 15-30 മിനിറ്റ് ഇടവേളയില്‍ ഇരുദിശയിലും ട്രെയിന്‍ സര്‍വീസുകള്‍ ആവശ്യമാണെന്നും ശ്രീധരന്‍ വിശദീകരിച്ചിട്ടുണ്ട്.
പുതിയ പദ്ധതിക്കെതിരെ സ്ഥലം ഏറ്റെടുക്കല്‍ പ്രതിഷേധം ഉണ്ടാകില്ലെന്നും ശ്രീധരന്‍ പറയുന്നു. കാരണം, ഇതില്‍ ഏറെ ഭാഗവും ഭൂമിക്കടിയിലൂടെയും പാലങ്ങളിലൂടെയുമാകും കടന്നുപോകുക. ഭൂമിയേറ്റെടുക്കല്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തുരങ്കത്തിലൂടെയും തൂണുകളിലൂടെയും പാത ശുപാര്‍ശ ചെയ്തിരിക്കുന്നത്. തൂണുകള്‍ വരുന്ന സ്ഥലങ്ങളില്‍ 20 മീറ്റര്‍ വീതിയില്‍ ഭൂമിയേറ്റെടുക്കണം. നിര്‍മാണത്തിന് ശേഷം ഭൂമി ഉടമകള്‍ക്കു പാട്ടത്തിനു തിരികെ നല്‍കാമെന്നും ശ്രീധരന്‍ പറയുന്നു.