ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും; വോട്ടിങ് യന്ത്രത്തിലെ സുരക്ഷപിഴവുകള്‍ സംബന്ധിച്ച് തെളിവുകള്‍ അടക്കം ട്രംപ് പങ്കെടുത്ത യോഗത്തില്‍ യു.എസ് ഇന്റലിജന്‍സ് മേധാവി; ഹാക്കിങ് സാധ്യത പരിഗണിച്ച് പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്നും തുള്‍സി ഗബ്ബാര്‍ഡ്; ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയും ചര്‍ച്ചകളില്‍

Update: 2025-04-12 03:04 GMT

വാഷിങ്ടണ്‍: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ ഇടക്കിടെ ചര്‍ച്ചയാകുന്നത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ചാണ്. ബിജെപി വിജയിച്ച മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അടക്കം കോണ്‍ഗ്രസ് ഇവിഎം അട്ടിമറി ആരോപണം ഉയര്‍ത്തിയിരുന്നു. വിശ്വാസ്യത വീണ്ടെടുക്കാന്‍ പേപ്പര്‍ബാലറ്റിലേക്ക് മടങ്ങണമെന്ന് അഹമ്മദാബാദില്‍ ചേര്‍ന്ന എഐസിസി യോഗവും ആവശ്യം ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ ഇവിഎം ഹാക്കിംഗ് ചര്‍ച്ചയാകവേ അമേരിക്കയില്‍ നിന്നും ഇവിഎം ഹാക്കിംഗ് വാര്‍ത്ത ചര്‍ച്ചകളില്‍ നിറയുകയാണ്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് യു.എസ് ഡയറക്ടര്‍ ഓഫ് ഇന്റലിജന്‍സ് തുളസി ഗബ്ബാര്‍ഡ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോല്‍ ചര്‍ച്ചകളില്‍ നിറയുന്നത്. ഹാക്കിങ് സാധ്യത പരിഗണിച്ച് പേപ്പര്‍ ബാലറ്റുകളിലേക്ക് മടങ്ങണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത യോഗത്തില്‍ അവര്‍ പറഞ്ഞു. വോട്ടിങ് യന്ത്രത്തിലെ സുരക്ഷപിഴവുകള്‍ സംബന്ധിച്ച് തെളിവുകളും അവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇലക്ട്രോണി് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നതിന് തങ്ങളുടെ കൈവശം തെളിവുകളുണ്ട്. വോട്ടിങ് പ്രക്രിയയുടെ വിശ്വാസ്യത വീണ്ടെടുക്കണമെങ്കില്‍ പൂര്‍ണമായും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണം. അതിലൂടെ മാത്രമേ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തിരിച്ചു പിടിക്കാനാകുവെന്നും തുളസി ഗബ്ബാര്‍ഡ് പറഞ്ഞു. ഇവരുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംബന്ധിച്ച ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്.

അതേസമയം, 2020ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം നേരിടുന്ന സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ക്രിസ് കെര്‍ബ്‌സിനെതിരെ ഡോണള്‍ഡ് ട്രംപ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ഗബ്ബാര്‍ഡിന്റേയും പ്രതികരണം.

ഇതിനിടെ, ഗബ്ബാര്‍ഡിന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയില്‍, ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ലോകത്തില്‍ ഏറ്റവും മികച്ചതും ലളിതവുമാണെന്ന വാദവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ രംഗത്തെത്തി. ഇന്റര്‍നെറ്റ്, വൈ-ഫൈ എന്നിവയുമായി ബന്ധിപ്പിക്കാത്ത വോട്ടിങ് യന്ത്രങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഈ യന്ത്രങ്ങള്‍ സുപ്രീംകോടതി ഉള്‍പ്പടെ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പടെ വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാറുണ്ട്. മോക്ക് പോള്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വോട്ടെടുപ്പിന് മുമ്പ് നടത്താറുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വോട്ടിങ് യന്ത്രത്തിനെതിരേ കടുത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് തുള്‍സിയുടെ പരാമര്‍ശം. പല രാജ്യങ്ങളിലും ഇലക്ട്രോണിക്‌സ് വോട്ടിങ് സംവിധാനത്തില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള സ്വകാര്യ നെറ്റ്വര്‍ക്കുകളുണ്ട്. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ കൃത്യതയുള്ള കാല്‍ക്കുലേറ്ററുകളെപ്പോലെ ലളിതമായ സംവിധാനമാണ്. ഇന്റര്‍നെറ്റ്, വൈഫൈ, ഇന്‍ഫ്രാറെഡ് എന്നിവയുമായി ബന്ധമില്ല. അതുകൊണ്ട് ഹാക്കിംഗ് സാധ്യമല്ലെന്നാണ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

ഇന്ത്യയില്‍ വോട്ടര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ്പുകളില്‍ രേഖപ്പെടുത്തുന്നതെന്തെന്ന് കാണാനാകും. വോട്ടെണ്ണല്‍ വേളയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുന്നില്‍ അഞ്ചു കോടിയിലേറെ പേപ്പര്‍ ട്രെയില്‍ മെഷീന്‍ സ്ലിപ്പുകള്‍ പരിശോധന നടത്തും. സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കുന്ന യന്ത്രങ്ങളില്‍ കൃത്രിമം നടത്താനുള്ള മാര്‍ഗങ്ങളില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയില്‍ അടക്കം നേരത്തെ വലിയ ആരോപണമാണ് വോട്ടിംഗ് യന്ത്രത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനിറങ്ങിയ കോണ്‍ഗ്രസിന് അനുകൂലമായിരുന്നില്ല കഴിഞ്ഞ 4 നിയമസഭാ തിരഞ്ഞെടുപ്പുകളിലെയും ഫലം. സഖ്യകക്ഷികളുടെ ബലത്തില്‍ രണ്ടിടത്ത് അധികാരം പിടിച്ചെങ്കിലും ഹരിയാനയിലും മഹാരാഷ്ട്രയിലും അടിപതറി. ഹരിയാനയില്‍ ഇവിഎമ്മുകളിലെ ബാറ്ററി ചാര്‍ജില്‍ അസാധാരണ ഏറ്റക്കുറച്ചിലുകള്‍ കണ്ടു. നേരിയ ഭൂരിപക്ഷത്തില്‍ ഫലം മാറിയ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്നുമായിരുന്നു ആരോപണം. ഹരിയാനയിലും മഹാരാഷ്ട്രയിലും പോളിങ്ങിലും ഭൂരിപക്ഷത്തിലും കമ്മിഷന്‍ വിവരങ്ങള്‍ വൈകിപ്പിച്ചുവെന്നുമാണ് ആരോപണം.

Tags:    

Similar News