'അമ്മമാരുടെയും പെണ്‍മക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പങ്കിടണോ? വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ; തോക്കു ചൂണ്ടി കമ്മീഷനെ വിരട്ടാന്‍ നോക്കേണ്ട; ഏഴ് ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കില്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-08-17 12:13 GMT

ന്യൂഡല്‍ഹി: വോട്ട് ചോരി ആരോപണം ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. അമ്മമാരുടെയും പെണ്‍മക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പങ്കിടണോ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ ചോദ്യം. വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ മാത്രമേ അവരുടെ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തിട്ടുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി.

വോട്ടര്‍മാരുടെ ഫോട്ടോകള്‍ ഉപയോഗിച്ച് ആരോപണം ഉന്നയിച്ചത് ശ്രദ്ധയില്‍പെട്ടുവെന്നും എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുള്ളതെന്നും ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏഴ് ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കില്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. രാഹുലിനെതിരെ നിയമ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനാണ് പ്രതികരണം.

'കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിരവധി വോട്ടര്‍മാരുടെ ഫോട്ടോകള്‍ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചതായി കണ്ടു. അവ ഉപയോഗിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. അമ്മമാരുടെയും പെണ്‍മക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പങ്കിടണോ? വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ മാത്രമേ അവരുടെ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തിട്ടുള്ളൂ' - തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

ഒരു കോടിയില്‍ അധികം ജീവനക്കാരും 10 ലക്ഷത്തില്‍പരം ബൂത്ത് ലെവല്‍ ഏജന്റുമാരും 20 ലക്ഷത്തിലധികം സ്ഥാനാര്‍ഥികളുടെ പോളിങ് ഏജന്റുമാരും തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കുന്നു. ഇത്രയധികം ആളുകളുടെ മുമ്പില്‍ ഇത്രയും സുതാര്യമായ പ്രക്രിയയില്‍ ഏതെങ്കിലും വോട്ടര്‍മാര്‍ക്ക് വോട്ട് മോഷ്ടിക്കാന്‍ കഴിയുമോ എന്നും ഗ്യാനേഷ് കുമാര്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഒരു വോട്ടര്‍ക്കെതിരെ പരാതി ലഭിച്ചാല്‍, പരിശോധിക്കും. തെളിവുകളോ സത്യവാങ്മൂലമോ ഇല്ലാതെ 1.5 ലക്ഷം വോട്ടര്‍മാര്‍ക്ക് നോട്ടീസ് അയയ്ക്കണോ? തെളിവുകളില്ലാതെ, സാധുവായ വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കില്ല. ഗുരുതരമായ വിഷയത്തില്‍ സത്യവാങ്മൂലം ഇല്ലാതെ നടപടിയെടുക്കാന്‍ കഴിയില്ല കമ്മീഷന്‍ വ്യക്തമാക്കി.

വോട്ട കൊള്ള എന്ന ആരോപണം ഉന്നയിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് സമാനമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. കേവലം രാഷ്ട്രീയലക്ഷ്യം മാത്രമുള്ള ഇത്തരം ആരോപണങ്ങളെ വോട്ടര്‍മാരോ തിരഞ്ഞെടുപ്പ് കമ്മിഷനോ ഭയപ്പെടുന്നില്ല. തോക്കുചൂണ്ടി കമ്മീഷനെ വിരട്ടാന്‍ നോക്കേണ്ട. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുഗമമായാണ് പ്രവര്‍ത്തിക്കുന്നത്. ബിഹാറില്‍ പരാതികള്‍ ഉന്നയിക്കാന്‍ ഇനിയും 15 ദിവസങ്ങള്‍ ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.

എസ്ഐആറുമായി മുന്നോട്ട്

വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ - എസ്ഐആര്‍) മുന്നോട്ടു പോകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍. പശ്ചിമ ബംഗാളിലോ മറ്റു സംസ്ഥാനങ്ങളിലോ എസ്ഐആര്‍ എപ്പോള്‍ നടപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ തീരുമാനിക്കും. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വോട്ടര്‍പട്ടിക ശുദ്ധീകരണം നടന്നിട്ടില്ല. വോട്ടര്‍പട്ടിക ശുദ്ധീകരിക്കുക എന്നതാണ് എസ്ഐആറിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന പ്രകാരം രാജ്യത്തെ പൗരന്മാര്‍ക്കു മാത്രമേ എംപി, എംഎല്‍എ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കഴിയൂ എന്ന് ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. മറ്റു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇവിടെ വോട്ടവകാശമില്ല. അത്തരം ആളുകള്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചിട്ടുണ്ടെങ്കില്‍, എസ്ഐആര്‍ പ്രക്രിയയില്‍ വേണ്ടതായ ചില രേഖകള്‍ സമര്‍പ്പിച്ച് അവര്‍ തങ്ങളുടെ ദേശീയത തെളിയിക്കേണ്ടിവരും. അന്വേഷണത്തിനു ശേഷം അവരുടെ പേരുകള്‍ നീക്കം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എസ്ഐആര്‍ ഇത്ര തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതെന്തിനാണെന്ന ചോദ്യം ഉയര്‍ത്തി ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്‍പാണോ അതോ ശേഷമോ വോട്ടര്‍പട്ടിക തിരുത്തേണ്ടത്? തിരഞ്ഞെടുപ്പ് കമ്മിഷനല്ല ഇത് പറയുന്നത്. മറിച്ച്, എല്ലാ തിരഞ്ഞെടുപ്പിന് മുന്‍പും വോട്ടര്‍പട്ടിക തിരുത്തണമെന്ന് ജനപ്രാതിനിധ്യ നിയമം പറയുന്നു. കമ്മിഷന്റെ നിയമപരമായ ഉത്തരവാദിത്തമാണിത് . അപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ബിഹാറിലെ ഏഴ് കോടിയിലധികം വോട്ടര്‍മാരിലേക്ക് എത്തിച്ചേരാന്‍ കഴിയുമോ എന്നതാണ് അടുത്ത ചോദ്യം. ജൂണ്‍ 24-ന് എസ്ഐആര്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നതാണ് സത്യം. ജൂലായ് 20-ഓടെ മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോക്കു ചൂണ്ടി ഭീഷണി വേണ്ട

ചില വോട്ടര്‍മാര്‍ക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചു. തെളിവു ചോദിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല. തിരഞ്ഞെടുപ്പു കമ്മിഷനോ മറ്റു വോട്ടര്‍മാരോ ഇത്തരം വ്യാജ ആരോപണങ്ങളെ ഭയപ്പെടുന്നില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ തോളില്‍ തോക്കു വച്ച് ഇന്ത്യയിലെ വോട്ടര്‍മാരെ ലക്ഷ്യം വച്ചു രാഷ്ട്രീയം കളിച്ചാല്‍, വ്യക്തമായി പറയുന്നു, കമ്മിഷന്‍ വോട്ടര്‍മാര്‍ക്കൊപ്പം ഉറച്ചുനില്‍ക്കും. ദരിദ്രര്‍, ധനികര്‍, വയോധികര്‍, സ്ത്രീകള്‍, യുവാക്കള്‍ തുടങ്ങിയ വ്യത്യാസങ്ങളോ വിവേചനങ്ങളോ ഇല്ലാതെ, ഏതു മതത്തിലും വിഭാഗത്തിലും പെട്ട വോട്ടര്‍മാര്‍ക്കൊപ്പം കമ്മിഷന്‍ എന്നും നിലകൊള്ളും.

റിട്ടേണിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു ശേഷവും, 45 ദിവസത്തിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രീം കോടതിയില്‍ പോയി തിരഞ്ഞെടുപ്പിനെതിരെ ഹര്‍ജി ഫയല്‍ ചെയ്യാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ആ കാലയളവിനുശേഷം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. അത് കേരളത്തിലായാലും കര്‍ണാടകയിലായാലും ബിഹാറിലായാലും. തിരഞ്ഞെടുപ്പു കഴിഞ്ഞ് ഇത്രയും നാളുകള്‍ക്കു ശേഷം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം രാജ്യത്തെ വോട്ടര്‍മാര്‍ മനസ്സിലാക്കും.''

മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക നിരോധിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ''മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടികയും സെര്‍ച്ച് ചെയ്യാവുന്ന വോട്ടര്‍ പട്ടികയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. ഇപിഐസി നമ്പര്‍ നല്‍കി നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമായ വോട്ടര്‍ പട്ടിക തിരയാം. ഇതു ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഇതിനെ മെഷീന്‍ റീഡബിള്‍ എന്ന് വിളിക്കാനാകില്ല. 2019ല്‍ സുപ്രീം കോടതി ഈ വിഷയം ആഴത്തില്‍ പഠിക്കുകയും മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക നല്‍കുന്നത് വോട്ടറുടെ സ്വകാര്യതയെ ലംഘിക്കുമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക നിരോധിച്ചിരിക്കുന്നു. 2019ല്‍ സുപ്രീം കോടതി വിധിക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം.'' മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

Tags:    

Similar News