ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞു; പാപ്പാനെ കുത്തി വീഴ്ത്തി ഓടിയ ആന മറ്റൊരാളെയും ആക്രമിച്ചു; ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം; പരുക്കേറ്റ പാപ്പാന്റെ നില ഗുരുതരം; ആനയെ തളച്ചു

ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാള്‍ മരിച്ചു

Update: 2025-02-04 11:11 GMT

തൃശ്ശൂര്‍: തൃശൂര്‍ എളവള്ളി ബ്രഹ്‌മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. ചിറക്കല്‍ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ രണ്ട് പേരില്‍ ഒരാള്‍ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റര്‍ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ആനയെ തളച്ച് ലോറിയില്‍ കയറ്റി.

ക്ഷേത്രത്തില്‍ ഉത്സവത്തോട് അനുബന്ധിച്ച് കച്ചവടത്തിനായി എത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. പരുക്കേറ്റ പാപ്പാന്റെ നില അതീവ ഗുരുതരമാണ്. കുളിപ്പിക്കുന്ന സ്ഥലത്ത് നിന്ന് പാപ്പാനെ കുത്തിയ ശേഷം ഓടിയ ആന വഴിമധ്യേ ആനന്ദിനെയും ആക്രമിക്കുകയായിരുന്നു. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റര്‍ ഓടി കണ്ടാണശ്ശേരി ഭാഗത്തെത്തിയപ്പോഴാണ് ആനയെ തളക്കാനായത്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ കുത്തിയ ശേഷം ഒന്നരക്കിലോമീറ്ററോളം ഓടുകയായിരുന്നു. പാപ്പാന്മാര്‍ പുറകേ എത്തിയെങ്കിലും ആനയെ തളയ്ക്കാനായില്ല. ഏറെനേരം പണിപെട്ട ശേഷമാണ് ആനയെ തളച്ച് ലോറിയില്‍ കയറ്റാനായത്. 14 കിലോമീറ്ററിലധികം ദൂരം ആന ഓടിയിട്ടുണ്ട്.

Tags:    

Similar News