വിശ്വാസികളെ തനിച്ചാക്കി പോകാന്‍ മനസ്സ് വന്നില്ല; ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂട്ടിരിക്കുന്നതിനിടെ ഇസ്രായേല്‍ ടാങ്ക് ഷെല്ലാക്രമണത്തില്‍ കത്തോലിക്കാ വൈദികന്‍ ഫാദര്‍ പിയറിക്ക് ദാരുണാന്ത്യം! മരണത്തിന് തലേന്നും ആ ഉറച്ച വാക്കുകള്‍; മാര്‍പ്പാപ്പ നടുക്കത്തില്‍; ലെബനനില്‍ തീരാനൊമ്പരമായി വൈദികന്റെ മരണം

ലെബനനില്‍ തീരാനൊമ്പരമായി വൈദികന്റെ മരണം

Update: 2026-03-11 13:05 GMT

ബെയ്‌റൂട്ട്: തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ടാങ്ക് നടത്തിയ ഷെല്ലാക്രമണത്തില്‍ ലബനീസ് മറോണൈറ്റ് കത്തോലിക്കാ വൈദികന്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 9 നാണ് സംഭവമെന്ന് കത്തോലിക്കാ സഭാ ഉദ്യോഗസ്ഥരും മാധ്യമങ്ങളും അറിയിച്ചു. ഒഎസ്വി ന്യൂസും (OSV News) ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ഫാദര്‍ പിയറി അല്‍-റാഹി (ഫ്രഞ്ച് നാമം: പിയറി എല്‍-റായി) ആണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മര്‍ജയൂണ്‍ ജില്ലയിലെ മറോണൈറ്റ് ഗ്രാമമായ ഖ്ലയയില്‍ (Qlayaa) നിന്ന് ഒഴിഞ്ഞുപോകണമെന്ന ഇസ്രായേല്‍ സൈന്യത്തിന്റെ ഉത്തരവ് അദ്ദേഹം നേരത്തെ നിരസിച്ചിരുന്നു. 8,000-ത്തോളം താമസക്കാരുള്ള ഈ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ മറ്റ് വൈദികര്‍ക്കൊപ്പം തന്നെ തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

അഗാധ ദു:ഖം രേഖപ്പെടുത്തി മാര്‍പ്പാപ്പ

പശ്ചിമേഷ്യയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ട നിരപരാധികളായ മനുഷ്യര്‍ക്കായി ലിയോ പതിനാലാമന്‍ പാപ്പ തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. വത്തിക്കാന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെയാണ് മാര്‍പ്പാപ്പയുടെ സന്ദേശം പുറത്തുവിട്ടത്. ഫാദര്‍ പിയറി എല്‍-റാഹിയെ പാപ്പ പ്രത്യേകം അനുസ്മരിച്ചു. സഹായമെത്തിക്കുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ബോംബാക്രമണത്തില്‍ ഇരകളായ നിരവധി കുട്ടികള്‍ക്കും മറ്റ് നിരപരാധികള്‍ക്കുമായി അദ്ദേഹം പ്രാര്‍ത്ഥിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ അതീവ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.

ശക്തമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള സായുധ സംഘത്തെയും അവരുടെ ആയുധ ശേഖരങ്ങളെയും ലക്ഷ്യമിട്ട് തെക്കന്‍ ലെബനന്‍, തെക്കന്‍ ബെയ്‌റൂട്ട്, ബെക്കാ താഴ്വര എന്നിവിടങ്ങളില്‍ ഇസ്രായേല്‍ സൈന്യം അതിശക്തമായ ബോംബാക്രമണം തുടരുകയാണ്. ക്രിസ്ത്യന്‍ ഗ്രാമങ്ങളിലും മറ്റും ഹിസ്ബുള്ള പോരാളികള്‍ ഒളിച്ചിരിക്കുന്നതായി ഇസ്രായേല്‍ ആരോപിക്കുന്നു. ഇതിനിടെയാണ് സമാധാനത്തിന്റെ സന്ദേശവുമായി സ്വന്തം മണ്ണില്‍ ഉറച്ചുനിന്ന ഫാദര്‍ പിയറി അല്‍-റാഹി കൊല്ലപ്പെട്ടത്. ആക്രമണം നടക്കുമ്പോള്‍ അദ്ദേഹം തന്റെ ഗ്രാമത്തിലെ ദുരിതമനുഭവിക്കുന്ന ഇടവകാംഗങ്ങളെ ശുശ്രൂഷിക്കുകയായിരുന്നു ഫാദര്‍ പിയറി അല്‍-റാഹിയെന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് അയര്‍ലന്‍ഡ് എക്‌സില്‍ കുറിച്ചു.

മരണത്തിന് തലേന്നുള്ള വാക്കുകള്‍

'അപകടമുണ്ടെങ്കിലും ഞങ്ങള്‍ ഇവിടെത്തന്നെ തുടരാന്‍ നിര്‍ബന്ധിതരാണ്. ഞങ്ങള്‍ സമാധാനപരമായാണ് ഞങ്ങളുടെ മണ്ണിനെ പ്രതിരോധിക്കുന്നത്. ഞങ്ങളില്‍ ആരും ആയുധം ഏന്തിയവരല്ല. സമാധാനവും നന്മയും സ്‌നേഹവുമാണ് ഞങ്ങള്‍ കൈമുതലാക്കിയിരിക്കുന്നത്' - കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ഫ്രാന്‍സ് 24 ചാനലിനോട് ഫാദര്‍ പിയറി പറഞ്ഞ വാക്കുകളാണിത്.

സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ മര്‍ജയൂണ്‍ ജില്ലയില്‍ നിന്നും പതിനായിരക്കണക്കിന് ലെബനീസ് പൗരന്മാരാണ് വീടുപേക്ഷിച്ച് പലായനം ചെയ്യുന്നത്. ഹിസ്ബുള്ള പോരാളികള്‍ ഗ്രാമങ്ങളില്‍ പ്രവേശിച്ചതായും ജനവാസ മേഖലകള്‍ മറയാക്കി പ്രവര്‍ത്തിക്കുന്നതായും ഇസ്രായേല്‍ ആരോപിക്കുന്നു.

ടാങ്ക് ആക്രമണം നടത്തിയത് രണ്ടുതവണ

ഇസ്രായേലിന്റെ മെര്‍ക്കാവ (Merkava) ടാങ്ക് ഖ്ലയയിലെ ഒരു വീടിനുനേരെ രണ്ടുതവണയാണ് ഷെല്ലാക്രമണം നടത്തിയത്. ആദ്യത്തെ സ്‌ഫോടനത്തില്‍ വീട്ടുടമസ്ഥനും ഭാര്യയ്ക്കും പരിക്കേറ്റു. ഇതുകണ്ട് അയല്‍വാസികള്‍ക്കൊപ്പം അവരെ സഹായിക്കാനായി ഓടിയെത്തിയതായിരുന്നു ഫാദര്‍ പിയറി. എന്നാല്‍, പരിക്കേറ്റവരെ മാറ്റുന്നതിനിടെ ടാങ്ക് രണ്ടാമതും അതേ വീടിനുനേരെ വെടിയുതിര്‍ത്തു. രണ്ടാമത്തെ ആക്രമണത്തിലാണ് വൈദികന് ഗുരുതരമായി പരിക്കേറ്റതും പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങിയതും. നാല് സാധാരണക്കാര്‍ക്കും ഈ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

'ഇത് അസംബന്ധമായ അക്രമം'; ലോകം ഞെട്ടലില്‍

ഫ്രഞ്ച് ജീവകാരുണ്യ സംഘടനയായ 'L'Oeuvre d'Orient' വൈദികന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ലെബനനെ അസ്ഥിരപ്പെടുത്താനും നിരപരാധികളെ കൊന്നൊടുക്കാനും ലക്ഷ്യമിട്ടുള്ള യുദ്ധക്കുറ്റമാണിതെന്ന് അവര്‍ ആരോപിച്ചു. ലിതാനി നദിക്ക് തെക്കുള്ള ചരിത്രപ്രധാനമായ ക്രിസ്ത്യന്‍ ഗ്രാമങ്ങളെ പിടിച്ചെടുക്കാനും അവയെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാക്കാനുമുള്ള ഇസ്രായേലിന്റെ നീക്കമാണിതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തോട്ടത്തില്‍ നില്‍ക്കവെ എഴുപതുകാരനെയും ഡ്രോണ്‍ കൊന്നു

ഫാദര്‍ പിയറിയുടെ മരണം കൂടാതെ മറ്റൊരു ഞെട്ടിക്കുന്ന കൊലപാതകവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അല്‍മ ഷാബ് (Alma Shaab) ഇടവക വികാരി ഫാദര്‍ മാരൂണ്‍ ഗഫാരിയുടെ സഹോദരന്‍ സാമി ഗഫാരി (70) ആണ് ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്വന്തം വീടിന്റെ തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ ഡ്രോണ്‍ ലക്ഷ്യം വെക്കുകയായിരുന്നു. ഹിസ്ബുള്ള-ഇസ്രായേല്‍ തര്‍ക്കത്തില്‍ തങ്ങളുടെ ഗ്രാമം നിഷ്പക്ഷമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവിടെത്തന്നെ തുടരാന്‍ തീരുമാനിച്ചവരായിരുന്നു ഇവര്‍.

മണ്ണുപേക്ഷിക്കാന്‍ തയ്യാറല്ലാതെ വിശ്വാസികള്‍

തെക്കന്‍ ലെബനനില്‍ സുരക്ഷാ ഭീഷണി വര്‍ധിക്കുമ്പോഴും, അവിടെ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി നിരവധി വൈദികരും കന്യാസ്ത്രീകളും അവിടെത്തന്നെ തുടരുകയാണ്. തങ്ങളുടെ കൃഷിയിടവും ഉപജീവനവും ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്ത നൂറുകണക്കിന് ക്രിസ്ത്യന്‍ കുടുംബങ്ങളും ഈ യുദ്ധഭൂമിയില്‍ ഇപ്പോഴും കഴിയുന്നുണ്ട്.

Tags:    

Similar News