ടെസ്ല ഓഹരികളിലെ കുതിച്ചുചാട്ടം തുണയായി; ഫോബ്‌സിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാമന്‍ ഇലോണ്‍ മസ്‌ക്ക് തന്നെ; 500 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇലോണ്‍ മസ്‌ക്; രണ്ടാം സ്ഥാനത്ത് ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാരി എലിസണ്‍

ഫോബ്‌സിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാമന്‍ ഇലോണ്‍ മസ്‌ക്ക് തന്നെ

Update: 2025-10-02 11:14 GMT

ന്യൂയോര്‍ക്ക്: ഫോബ്‌സിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നേട്ടവുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്ക്. ലോക സമ്പന്നരുടെ പട്ടികയില്‍ മസ്‌ക്കാണ് ഒന്നാമന്‍. ഫോര്‍ബ്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 500 ബില്യണ്‍ യു.എസ് ഡോളറിനടുത്താണ് മസ്‌കിന്റെ സമ്പാദ്യം. ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തെ ആദ്യ വ്യക്തിയാണ് മസ്‌ക്.

ടെസ്‌ലയുടെ ഓഹരികളില്‍ വന്ന കുതിച്ചുചാട്ടമാണ് മസ്‌കിന്റെ നേട്ടത്തിന് പ്രധാന കാരണം. ഈ വര്‍ഷം 14 ശതമാനത്തിലധികമാണ് കമ്പനിയുടെ ഓഹരികളിലെ വര്‍ധന. ബുധനാഴ്ച മാത്രം ഏകദേശം 4 ശതമാനം വര്‍ധനവ് ഉണ്ടായി. ആ ഒറ്റ ദിവസത്തെ റാലി മസ്‌കിന്റെ സ്വകാര്യ സമ്പത്തിലേക്ക് 7 ബില്യണ്‍ യുഎസ് ഡോളറിലധികം ചേര്‍ത്തു.

ടെസ്‌ലയെ കൂടാതെ റോക്കറ്റ് നിര്‍മാതാക്കളായ സ്‌പേസ് എക്‌സ് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട് അപ്പ് എക്‌സ്.എ.ഐ വരെയുള്ള മസ്‌കിന്റെ കമ്പനികളുടെ സമ്പാദ്യത്തിലെ വര്‍ധനവും സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതാക്കാന്‍ സഹായിച്ചു.

കാറുകള്‍, റോക്കറ്റുകള്‍, എ.ഐ തുടങ്ങി വിവിധ മേഖലകളിലെ മസ്‌കിന്റെ അസാധാരണമായ സ്വാധീനമാണ് ഈ നേട്ടം അടിവരയിടുന്നത്. ഫോബ്സ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാരി എലിസണിന്റെ ആസ്തി ഏകദേശം 351.5 ബില്യണ്‍ ഡോളറാണ്. ഇതോടെ ലോകം ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം മസ്‌ക് ഉറപ്പിച്ചു.

അതേസമയം, കഴിഞ്ഞ മാസം ലോക സമ്പന്നരുടെ പട്ടികയില്‍ മസ്‌കിനെ തള്ളി ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാരി എലിസണ്‍ ഒന്നാമതെത്തിയിരുന്നു. 393 ബില്യണ്‍ ഡോളറിന്റെ സമ്പാദ്യവുമായി ലാരി ഒന്നാം സ്ഥാനത്ത് വന്നപ്പോള്‍ 385 ബില്യണ്‍ ഡോളറിന് രണ്ടാം സ്ഥാനത്തേക്ക് മസ്‌ക് പിന്തള്ളപ്പെട്ടു.

Tags:    

Similar News