'പനിയാണ്, ജോലിക്ക് വരാൻ കഴിയില്ല, അവധി വേണം'; 'സിക്ക് ലീവി'നായി ഡോക്ടറുടെ കുറിപ്പ് ഹാജരാക്കണമെന്ന് കമ്പനി മാനേജർ; ഞാൻ സ്‌കൂൾ കുട്ടിയല്ല, പ്രിസ്ക്രിപ്ഷനോ, ലീവ് ലെറ്ററോ ഒന്നുമില്ല, അവധി അവകാശമാണെന്ന് ജീവനക്കാരൻ
തിരുവനന്തപുരം: അസുഖബാധിതനായ ജീവനക്കാരൻ അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മാനേജരോട് നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. തനിക്ക് പനിയാണെന്നും അതിനാൽ ജോലിക്ക് വരാൻ കഴിയില്ലെന്നും അറിയിച്ച ജീവനക്കാരനോട്, അവധിയെടുക്കുകയാണെങ്കിൽ ഡോക്ടറുടെ കുറിപ്പ് ഹാജരാക്കണമെന്നായിരുന്നു മാനേജരുടെ നിർദ്ദേശം. എന്നാൽ, താൻ സ്കൂൾ വിദ്യാർത്ഥിയല്ലെന്നും, തന്റെ അവകാശപ്പെട്ട അവധിയാണ് എടുക്കുന്നതെന്നും വ്യക്തമാക്കിയാണ് ജീവനക്കാരൻ ഇതിനോട് പ്രതികരിച്ചത്.
റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ സംഭാഷണത്തിൽ, പനി വർധിച്ചതിനാൽ ഓഫീസിൽ എത്താൻ കഴിയില്ലെന്ന് ജീവനക്കാരൻ മാനേജരെ അറിയിക്കുന്നു. മാനേജർ ഡോക്ടറെ കാണാൻ നിർദ്ദേശിച്ചപ്പോൾ, അതിൻ്റെ ആവശ്യമില്ലെന്നും ആവശ്യമെങ്കിൽ പാരാസെറ്റമോൾ കഴിക്കുമെന്നും ജീവനക്കാരൻ മറുപടി നൽകി. സിക്ക് ലീവ് എടുക്കുകയാണെങ്കിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധമാണെന്ന് ഡയറക്ടർ പറഞ്ഞിട്ടുണ്ടെന്ന് മാനേജർ വ്യക്തമാക്കിയതോടെയാണ് ജീവനക്കാരൻ രൂക്ഷമായി പ്രതികരിച്ചത്.
'ഞാനൊരു സ്കൂൾ വിദ്യാർത്ഥിയല്ല സർ, എനിക്ക് ലീവുണ്ട്. അതിൽ നിന്നും ഒരു ലീവ് ഞാൻ എടുക്കുകയാണ്. എൻ്റെ കയ്യിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോ, രക്ഷിതാക്കൾ ഒപ്പിട്ട ലീവ് ലെറ്ററോ ഒന്നുമില്ല. ഞാൻ ലീവെടുക്കുകയാണ്. ജോലി സംബന്ധമായ കോളുകളൊന്നും ഞാൻ ഇനി എടുക്കില്ല,' ജീവനക്കാരൻ മറുപടി നൽകി.
ഈ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേരാണ് ഇതിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ജീവനക്കാരൻ്റെ പ്രതികരണം പരുഷമായിരുന്നില്ലെന്നും, അത് തികച്ചും ശരിയാണെന്നും പലരും അഭിപ്രായപ്പെട്ടു. ചിലർ ഈ സ്ക്രീൻഷോട്ട് വ്യാജമാണോ എന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും, പോസ്റ്റ് ചെയ്ത യുവാവ് പിന്നീട് ആ കമ്പനിയിൽ നിന്ന് രാജിവെച്ച് മറ്റൊരു ജോലിയിൽ പ്രവേശിച്ചതായി അറിയിച്ചു.