ബുക്ക് മൈ ഷോയ്ക്ക് പണി കൊടുത്തു തുടങ്ങിയ ടിക്കറ്റ് വില്‍പ്പന ഒന്നാം ദിനം തീര്‍ത്തത് പുതിയ റെക്കോര്‍ഡ്; മലയാള സിനിമയ്ക്ക് എമ്പുരാന്‍ തുറന്നിടുന്നത് വ്യവസായത്തിന്റെ പുത്തന്‍ സാധ്യതകളെന്ന് സിനിമ ലോകം; റിലീസിന് ദിവസങ്ങള്‍ മുന്‍പേ എമ്പുരാന്‍ തരംഗമാകുമ്പോള്‍ കൊണ്ടും കൊടുത്തും ഫാന്‍ ഫൈറ്റും

ബുക്ക് മൈ ഷോയ്ക്ക് പണി കൊടുത്തു തുടങ്ങിയ ടിക്കറ്റ് വില്‍പ്പന ഒന്നാം ദിനം തീര്‍ത്തത് പുതിയ റെക്കോര്‍ഡ്

Update: 2025-03-22 07:36 GMT

തിരുവനന്തപുരം: വലിയ പ്രതീക്ഷകളൊന്നുമില്ലാതെ വന്ന് മലയാള സിനിമാചരിത്രത്തില്‍ തരംഗം തീര്‍ത്ത സിനിമയാണ് ലൂസിഫര്‍.ആ സമയത്ത് തന്നെ ചിത്രത്തിന് മൂന്നു ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു സംവിധായകന്‍ പൃഥ്വിരാജും രചയ്താവ് മുരളി ഗോപിയും ലൂസിഫറിനെ വെള്ളിത്തിരയിലെത്തിച്ചത്.ലൂസിഫര്‍ പ്രതീക്ഷിച്ചതിലുപരിയായ വിജയം നേടിയപ്പോള്‍ മുതല്‍ മോഹന്‍ലാലിന്റെ ആരാധകര്‍ ഉള്‍പ്പടെയുള്ള സിനിമാസ്വാദകര്‍ കാത്തിരിപ്പിലായിരുന്നു രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി.സംവിധായകന്‍ പൃഥ്വിരാജ് വളരെ ചെറിയ കൊമേഴ്ഷ്യല്‍ സിനിമയാണെന്ന് പറയുമ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷ അതിനൊക്കെ അപ്പുറത്തായിരുന്നു.

ആ പ്രതീക്ഷയുടെ നേര്‍സാക്ഷ്യത്തിനായിരുന്നു വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് എമ്പുരാന്റെ ബുക്കിങ്ങ് ആരംഭിച്ചപ്പോള്‍ മുതല്‍ കേരളം മാത്രമല്ല രാജ്യം തന്നെ സാക്ഷ്യം വഹിച്ചത്.കാരണം ബുക്ക്മൈ ഷോ ആപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ആപ്പിന്റെ പ്രവര്‍ത്തനം സ്തംഭിക്കുകയും ആദ്യമണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റ് വില്‍പ്പന നടക്കുകയും ചെയ്ത് ഒരു മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്‍പ്പന നടന്ന ഇന്ത്യന്‍ സിനിമ എന്ന നേട്ടവും എമ്പുരാന്‍ സ്വന്തമാക്കി.24 മണിക്കൂര്‍ പിന്നിടുമ്പോഴും 6.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റ് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ പുതുഅധ്യായം കുറിക്കുകയാണ് എമ്പുരാന്‍

ഒരു മണിക്കൂറില്‍ എമ്പുരാന്റേതായി 96 ലെറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റഴിഞ്ഞത്.ഇതിന് മുന്നേ ആദ്യ ദിന അഡ്വാന്‍സ് ബുക്കിങ്ങില്‍ മുന്നിട്ടു നിന്നിരുന്നത് വിജയ് ചിത്രം ലിയോ ആയിരുന്നു.80000ത്തോളം ടിക്കറ്റുകളാണ് പുഷപ വിറ്റത്.85000 ടിക്കറ്റുകളാണ് ഷാരൂഖ് ഖാന്റെ ജവാന്‍ വിറ്റിരുന്നത്.വിജയ്യുടെ ലിയോ, അല്ലു അര്‍ജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോര്‍ഡ് ആണ് 'എമ്പുരാന്‍' നിസ്സാര നിമിഷങ്ങള്‍കൊണ്ട് തകര്‍ത്തു കളഞ്ഞത്.മാര്‍ച്ച് 21 രാവിലെ ഒന്‍പത് മണിക്കാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.

പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ തീര്‍ന്ന അവസ്ഥയാണ്.ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി.ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാന്‍ ആണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ രണ്ടാഴ്ചയ്ക്കു മുമ്പേ തീര്‍ന്നിരുന്നു.ഇതിനുപുറമെ ഒരാഴ്ച്ചത്തേക്കുള്ള ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുതിര്‍ന്ന തിയേറ്ററുകള്‍ ഉണ്ടെന്ന് അതാത് തിയേറ്ററുകള്‍ തങ്ങളുട ഔദ്യോഗിപേജുകളില്‍ പങ്കുവെച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.മാര്‍ച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്.

 

റിലീസിന് ഒരാഴ്ച്ച മുമ്പ് തന്നെ എമ്പുരാന്‍ റെക്കോര്‍ഡുകള്‍ ഒരൊന്നായി തകര്‍ക്കുമ്പോള്‍ തുടര്‍പരാജയങ്ങള്‍ക്ക് ശേഷമുള്ള മോഹന്‍ലാലിന്റെ തിരിച്ചുവരവ് കൂടിയാണ് മലയാളികള്‍ ആഘോഷമാക്കുന്നത്.മലയാള സിനിമാ ലോകം തന്നെ എമ്പുരാന്റെ നേട്ടത്തെ ഏറ്റെടുക്കുന്നുമുണ്ട്.ബുക്ക്മൈ ഷോയിലെ റെക്കോര്‍ഡ് നേട്ടം പ്രമുഖ സംവിധായകരും താരങ്ങളും ഉള്‍പ്പടെ സന്തോഷത്തോടെ പങ്കുവെക്കുകയും ചിത്രത്തിന് ആശംസകള്‍ നേരുകയും ചെയ്തു.എമ്പുരാന്റെ നേട്ടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ സജീവമാണ്.മോഹന്‍ലാലിനോടുള്ള മലയാളികളുടെ പ്രിയമാണ് ഈ അവസരത്തില്‍ ഏറെ ചര്‍ച്ചയാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ റൂമി ലോവല്‍ എന്ന സിനിമാ എഴുത്തുകാരന്‍ പങ്കുവെച്ച ഒരു ശ്രദ്ധേയമായ കുറിപ്പ് ഇങ്ങനെയാണ്..

കൊറോണ സമയത്ത് ഇന്‍ഡസ്ട്രി മുഴുവന്‍ ലോക്ക് ആയി നിന്നപ്പോഴാണ് ഒടിടി എന്ന സാധ്യത മുന്നില്‍ കണ്ട് മോഹന്‍ലാല്‍ തുടരെ കുറെ സിനിമകള്‍ ചെയ്തത്. ആ സിനിമകള്‍ കാരണമാണ് മുന്‍പൊന്നും ഇല്ലാത്ത വിധത്തില്‍ പരിഹാസങ്ങള്‍ ഇന്‍ഡസ്ട്രിക്കുള്ളിലും പുറത്തുമൊക്കെ അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. സിനിമകളുടെ പരാജയത്തിനപ്പുറം അങ്ങനെ ഒരു സമയത്ത് ഒരുപാട് പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും അവരുടെ കുടുംബം മുന്നോട്ടു പോകാനുമത് കാരണമായിട്ടുണ്ട്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ആ നന്മ അവര്‍ക്ക് ബാധ്യതയല്ല. എന്നാല്‍ ആ പ്രവര്‍ത്തിയിലെ ജെനുവിനിറ്റി കാലം ഒരിക്കലും പരിഗണിക്കാതിരിക്കില്ല എന്നതിന്റെ ഉദാഹരണമാണ് എമ്പുരാനു നിലവില്‍ കിട്ടുന്ന ബുക്കിങ്ങ് കാണിച്ചു തരുന്നത്.

നമ്മള്‍ ഓണ്‍ലൈനിലും ലും അല്ലാതെയുമൊക്കെ കാണുന്നതിലും പല മടങ്ങാണ് മോഹന്‍ലാല്‍ എന്ന താരത്തിന് മലയാളികളുടെ ഇടയിലുള്ള സ്വീകാര്യത. അത്രയുമൊരു അടുപ്പം എങ്ങനെ അദ്ദേഹം സൃഷ്ടിചെടുത്തു എന്നറിയില്ല. അഭിനയതിനേക്കാളൊക്കെ അപ്പുറം പണ്ട് സച്ചിനും ഇന്ന് മെസ്സിയുമൊക്കെ മലയാളികളുടെ ഇടയില്‍ ഉണ്ടാക്കിയ ഒരു തരം ക്രേസ് ഉണ്ട്. അത് അവരുടെ സ്‌കില്‍ നപ്പുറത്തേക്ക് സ്വഭാവത്തേ കൂടെ ഡിപന്‍ഡ് ചെയ്തിരിക്കുന്ന ഒന്നാണ്. അത് തന്നെയാകണം മോഹന്‍ലാലിന്റെയും ഈ ലോങ്ങ്ടേം സര്‍വൈവലിന്റെ പിന്നിലുള്ള രഹസ്യവും. പൃഥ്വിരാജ് ഒരിക്കലൊരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു മലയാള സിനിമയുടെ ഏറ്റവും വാല്യുബിള്‍ ആയ കമ്മോഡിറ്റി മോഹന്‍ലാല്‍ എന്ന മനുഷ്യന്റെ സമയമാണെന്ന് അത് സത്യമാണെന്ന് നമ്മള്‍ മനസ്സിലാക്കിയ ദിവസമാണിന്ന്. പൃഥ്വിയും ആന്റണിയും ഇടവും വലവും നിന്ന് അതിനെ ഏറ്റവും ഭംഗിയായി മാര്‍ക്കറ്റ് ചെയ്തതിന്റെ റിസള്‍ട്ട് ആണ് ഇന്ന് എമ്പുരാന്‍ സൃഷ്ടിക്കുന്ന റെക്കോര്‍ഡ്സ്.

ദൃശ്യം മുതല്‍ മാര്‍ക്കോ വരെ മലയാള സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത ആഗോള മാര്‍ക്കറ്റ് എത്രത്തോളം വലുതായിരുന്നു എന്ന് കാണിച്ചു തരുന്ന ദിവസങ്ങളാണ് കുറച്ചു നാളായി കാണുന്നത്. മുന്‍പൊന്നുമൊരു മലയാളം സിനിമയ്ക്ക് ഇത്തരത്തിലൊരു റീച്ച് ലോകത്തെല്ലായിടത്തും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ഒരു മണിക്കൂര്‍ കൊണ്ട് 1 ലക്ഷത്തോളം ടിക്കറ്റ് ബുക്ക് ആയി പോവുക, ബുക്ക് മൈഷോ യില്‍ സല്‍മാന്‍ ഖാന്റെ സിനിമയെ പിന്തള്ളി ഇംപ്രഷന്‍ നേടുക. മറ്റു ഇന്‍ഡസ്ട്രികളൊക്കെ കളൊക്കെ കണ്ണ് തള്ളുന്ന ലെവലില്‍ പ്രീ റിലീസ് ബിസിനസ്സ് നടക്കുക എന്നതൊക്കെ മലയാള സിനിമയിലാണ് സംഭവിച്ചതെന്ന് ഓര്‍ക്കുമ്പോ അണ്‍എക്സപ്ലോര്‍ഡ് ആയി കിടന്ന നമ്മുടെ മാര്‍ക്കറ്റ് എത്രത്തോളമായിരുന്നു എന്ന ചിന്തിക്കുന്നേ.

 

കൊടുമുടി പോലുള്ള ഈ ഹൈപ്പിനെ മറികടന്നു അതിനും മുകളിലൊരു സിനിമ ഡെലിവര്‍ചെയ്യുക എന്നത് മലയാളത്തില്‍ ഇതിന് മുന്‍പ് സംഭവിക്കാത്ത കാര്യമാണ്. ഹൈപ്പ് ഉണ്ടായിട്ടും പോസറ്റീവ് വന്ന പുലിമുരുഗന്‍, ലൂസിഫര്‍ പോലുള്ള സിനിമകള്‍ പോലും ഇങ്ങനെയൊരു ഹൈപ്പി ലാണ് വന്നിരുന്നതെങ്കില്‍ ആ സിനിമകള്‍ക്ക് അന്ന് കിട്ടിയ പോലൊരു പോസറ്റീവ് റെസ്പോണ്‍സ് കിട്ടുമായിരുന്നോ എന്ന് ചോദിച്ചാല്‍ അറിയില്ല. ആളുകള്‍ മലയാള സിനിമയില്‍ ഇത് വരെ സംഭവിക്കാത്ത ഇന്ത്യന്‍ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന എന്തോ ഒരു മാജിക് എമ്പുരാനില്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് സൃഷ്ടിക്കുന്ന പ്രഷര്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും.പക്ഷേ അവിടെയും മോഹന്‍ലാലിന്റെ സ്റ്റാര്‍ ഓറ യെ വിശ്വസിക്കാം അതിനെ കൃത്യമായി ഉപയോഗിക്കാന്‍ പൃഥ്വിരാജിന് സാധിച്ചാല്‍ എമ്പുരാന്‍ ചരിത്രമെഴുതും.

24 മണിക്കൂറിലെ അത്ഭുത നേട്ടം...റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന എമ്പുരാന്‍..ലിയോയില്‍ കണ്ണുംനട്ട് ആരാധകര്‍

മലയാളത്തില്‍ സമീപകാലത്ത് ഒരു ചിത്രത്തിനും ലഭിക്കാത്ത ഹൈപ്പ് ആണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ലഭിച്ചത്. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്ന, വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. വലിയ പ്രേക്ഷക പ്രതീക്ഷ ഉണ്ടെന്ന് അറിയാമെങ്കിലും അത് ഇത്രത്തോളമാണെന്ന് ഇന്‍ഡസ്ട്രി തിരിച്ചറിഞ്ഞത് ഒരുപക്ഷേ ഇന്ന് ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചതിന് ശേഷമാണ്.ഓരോ മണിക്കൂര്‍ മുന്നോട്ട് പോകുന്തോറും ബോക്സ് ഓഫീസില്‍ വലിയ അത്ഭുതങ്ങള്‍ എഴുതി ചേര്‍ത്തുകൊണ്ടിരിക്കുകയാണ് ചിത്രം.ഏറ്റവുമൊടുവില്‍ ഒരു പ്രധാന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

കേരളത്തില്‍ ഒരു സിനിമ റിലീസ് ദിനത്തില്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് എമ്പുരാന്‍.റിലീസിന് ഇനിയും ആറ് ദിനങ്ങള്‍ ശേഷിക്കെ പ്രീ റിലീസ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം എന്നത് ശ്രദ്ധേയം.ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും വലിയ കേരള ഓപണിംഗിന് ഉടമയായിരുന്ന,മോഹന്‍ലാലിന്റെ തന്നെ ഒടിയനെയും പാന്‍ ഇന്ത്യന്‍ കന്നഡ വിജയമായിരുന്ന കെജിഎഫ് 2 നെയും പിന്തള്ളിയാണ് എമ്പുരാന്‍ ലിസ്റ്റില്‍ രണ്ടാമത് എത്തിയിരിക്കുന്നത്.

ഒടിയന്റെ കേരള ഓപണിംഗ് 7.25 കോടിയും കെജിഎഫ് 2 ന്റേത് 7.30 കോടിയും ആയിരുന്നു.അഡ്വാന്‍സ് ബുക്കിംഗിലൂടെയും ഫാന്‍സ് ഷോകളിലൂടെയും എമ്പുരാന്‍ കേരളത്തില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്ന ആദ്യ ദിന കളക്ഷന്‍ 7.40 കോടിയാണ്.അതേസമയം വിജയ് ചിത്രം ലിയോയാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.12 കോടിയാണ് ചിത്രത്തിന്റെ നേട്ടം.റിലീസിന് ആറ് ദിവസം ശേഷിക്കെ ഈ റെക്കോര്‍ഡ് മോഹന്‍ലാല്‍ സ്വന്തം പേരില്‍ ആക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മോളിവുഡ്.നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഈ നേട്ടവും എമ്പുരാന്‍ നേടുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയെ നിശ്ചലമാക്കി തുടങ്ങിയ ടിക്കറ്റ് വില്‍പ്പന 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒരു ദിവസം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റു തീര്‍ന്ന ഇന്ത്യന്‍ സിനിമയായും 'എമ്പുരാന്‍'മാറി. ആറുലക്ഷത്തിനാല്‍പത്തയ്യായിരം ടിക്കറ്റുകളാണ് 24 മണിക്കൂറുകള്‍ കൊണ്ട് ബുക്ക് മൈ ഷോയിലൂടെ വിറ്റു തീര്‍ന്നത്.പ്രഭാസിന്റെ കല്‍ക്കി, ഷാറുഖ് ഖാന്റെ ജവാന്‍,അല്ലു അര്‍ജുന്റെ പുഷ്പ 2,വിജയ്യുടെ ലിയോ എന്നീ സിനിമകളുടെ റെക്കോര്‍ഡ് ആണ് എമ്പുരാന്‍ തകര്‍ത്തെറിഞ്ഞത്.രണ്ടാം സ്ഥാനത്തുള്ള കല്‍ക്കി 24 മണിക്കുര്‍ വില്‍പ്പന നടന്നത് 3 ലക്ഷത്തി 30 നായിരം ടിക്കറ്റകള്‍ ആയിരുന്നു.മുന്നാം സ്ഥാനത്തുള്ള ജവാന്‍ 2ലക്ഷത്തി 53ആയിരം ടിക്കറ്റുകളും നാലാം സ്ഥാനത്തുള്ള പുഷ്പ 2 2 ലക്ഷത്തി 19 നായിരം ടിക്കറ്റുകളും അഞ്ചാം സ്ഥാനത്തുള്ള ലിയോ 1ലക്ഷത്തി 26 ആയിരം ടിക്കറ്റുകളുമായിരുന്നു 24 മണിക്കൂറില്‍ വിറ്റഴിഞ്ഞത്.

 

മാര്‍ച്ച് 21 ന് രാവിലെ 9 മണിക്കാണ് സിനമയുടെ ഓള്‍ ഇന്ത്യ ബുക്കിങ് ആരംഭിച്ചത്. ഇന്ത്യന്‍ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം റെക്കോര്‍ഡുകള്‍ ഇതിലൂടെ എമ്പുരാന്‍ ഭേദിച്ചു. കേരളത്തില്‍ നിന്നും എട്ട് കോടിയാണ് ഇതിനോടകം അഡ്വാന്‍സ് ബുക്കിങിലൂടെ ലഭിച്ചത്. കേരളത്തില്‍ ആദ്യദിനം ഏറ്റവുമധികം കലക്ഷന്‍ നേടിയ സിനിമയുടെ റെക്കോര്‍ഡ് വിജയ്യുടെ പേരിലാണ്. 12 കോടിയാണ് കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ചിത്രം വാരിയത്.

പ്രതിഫലം വാങ്ങാതെ പൃഥ്വിരാജും മോഹന്‍ലാലും

ഇന്ത്യയിലെ മറ്റ് പല ചലച്ചിത്ര വ്യവസായവുമായും തട്ടിച്ചു നോക്കുമ്പോള്‍ ചെറുതാണ് മലയാള സിനിമ.എന്നാല്‍ ബജറ്റിന്റെ കാര്യത്തില്‍ മാത്രമാണ് അത്. അതേസമയം താരതമ്യേന ചെറിയ ബജറ്റില്‍ നിന്നും പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ മറുഭാഷാ സിനിമകളെ അമ്പരപ്പിക്കുന്ന നിലവാരം മോളിവുഡ് നേടിയെടുക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാനുമായി ബന്ധപ്പെട്ട സാമ്പത്തികമായ ചില കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ചിത്രത്തിന്റെ കാസ്റ്റിംഗ് ആരംഭിച്ച സമയത്ത് ഹോളിവുഡില്‍ നിന്നും ബ്രിട്ടീഷ്, ചൈനീസ് ഫിലിം ഇന്‍ഡസ്ട്രികളില്‍ നിന്നുമൊക്കെയുള്ള ചില വലിയ പേരുകാരെ ഉള്‍പ്പെടുത്തണമെന്ന് തനിക്ക് ഉണ്ടായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു.അവരില്‍ പലരുമായും വീഡിയോ കോളിലൂടെ സംസാരിക്കാന്‍ അവസരം ലഭിച്ചു.പലരും താല്‍പര്യപൂര്‍വ്വമാണ് ഞങ്ങളുടെ ആവശ്യത്തെ പരിഗണിച്ചത്.എന്നാല്‍ ഇടനിലക്കാരായ ഏജന്റുമാര്‍ പറയുന്ന പ്രതിഫലം കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല.ഈ സിനിമയ്ക്ക് പരമാവധി എത്ര വരെ മുടക്കാമെന്ന് എനിക്ക് കൃത്യമായി ധാരണയുണ്ടായിരുന്നു, പൃഥ്വിരാജ് പറയുന്നു.

ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു രൂപ പോവും പ്രതിഫലമായി വാങ്ങിയില്ലെന്നും പൃഥ്വിരാജ് പറയുന്നു.പൃഥ്വിരാജും അങ്ങനെ ആയിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന മോഹന്‍ലാലും പറഞ്ഞു. ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരും അഭിനയിച്ച വിദേശ താരങ്ങള്‍ ഉള്‍പ്പെടെയും തങ്ങളുടെ വിഷനും ശ്രമവും മനസിലാക്കി പ്രതിഫലം നോക്കാതെ ഒപ്പം നില്‍ക്കുകയായിരുന്നുവെന്നും പൃഥ്വിരാജ് . 100 കോടി ബജറ്റ് ഉണ്ടായിട്ട് 80 കോടിയും പ്രതിഫലത്തിന് പോയിട്ട്, ബാക്കി 20 കോടിക്ക് സിനിമ നിര്‍മ്മിക്കുന്നത് പോലെയല്ലെ തങ്ങള്‍ ചെയ്തിട്ടുണ്ടെന്നും തങ്ങള്‍ മുടക്കിയിരിക്കുന്നത് സിനിമയുടെ മേക്കിംഗില്‍ ആണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ക്കുന്നു.

നേട്ടങ്ങള്‍ക്കിടയില്‍ കൊണ്ടും കൊടുത്തും ഫാന്‍സും

റെക്കോര്‍ഡുകള്‍ ഒരോന്നായി കീഴടക്കി എമ്പുരാന്‍ വരവറയിക്കുമ്പോഴും മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മില്ലുള്ള ഫാന്‍ഫൈറ്റിന് കുറവൊന്നുമില്ല.പഴയപോലെ കടുത്ത ഭാഷയിലല്ലെങ്കിലും രസകരമായ കിടമത്സരം ഇപ്പോഴും ഫാന്‍സിനിടയിലുണ്ട്.പടത്തിന്റെ പ്രീബുക്കിങ്ങ് കണക്കുകള്‍ ഒക്കെ തന്നെയും തള്ളാണെന്നതാണ് പ്രധാനമായും മമ്മൂട്ടി ഫാന്‍സ് വാദിക്കുന്നത്.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ബുക്കിങ്ങ് തുടങ്ങും മുന്‍പെ കേരളത്തിലെ ബുക്കിങ്ങ് മാത്രം വച്ച് എങ്ങിനെ 96യിരത്തിലേറെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ വില്‍പ്പന നടന്നുവെന്ന് ചോദിക്കുന്നവര്‍ ഒക്കെ ആന്റണിയുടെ കളികളാണെന്നും പറയുന്നു.

ആന്റണിയുടെ കളികളെന്ന അന്യം നിന്നുപോയ കലാരൂപം വീണ്ടുമെത്തിയെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ഫാന്‍സ് ഇതിന് മറുപടി നല്‍കുന്നത്.തമിഴ് നാട്ടില്‍ ഈ പടത്തിന് കിട്ടുന്ന ഹൈപ്പ് മഞ്ജു വാരിയര്‍ മൂവി ആയ കാരണം.തെലുങ്കില്‍ പൃഥ്വി ഉള്ള കാരണം.കന്നഡ ആണേല്‍ പ്രശാന്ത് നില്‍ പൃഥ്വി കാരണം.ഹിന്ദി ആണേല്‍ ലൂസിഫറില്‍ എന്‍ഡ് ക്രഡിറ്റ് വന്ന ശക്തികപൂര്‍ ഫാന്‍സ് കാരണം അവര്‍ അവിടെ ഫാന്‍സ് ഷോ ഒക്കെ വെക്കുന്നുണ്ട്.ജോണ്‍ സെന ഉണ്ടെന്ന് റൂമറില്‍ യൂറോപ്പില്‍ ഹൈപ്പ് നന്നായി കേറുന്നു പിന്നെ ഏതോ ഒരു അറബി നടന്‍ അഭിനയിക്കുന്ന കാരണം ജിസിസി ഫുള്‍ ന്യൂസ് പറക്കുന്നു സോ എവിടെയും നല്ല ബുക്കിങ് വരുന്നു എന്നൊരു തമാശ കുറിപ്പും ഫാന്‍ഫൈറ്റിനിടയില്‍ പ്രചരിക്കുന്നുണ്ട്.

മാത്രമല്ല ബുക്ക്മൈ ഷോയിലെ കണക്കുകള്‍ വിശ്വാസയോഗ്യമാണോയെന്നും മമ്മൂട്ടി ഫാന്‍സ് ചോദിക്കുന്നുണ്ട്.ബുക്കിനുള്ള വിവിധ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സംസാരിക്കുന്നത്.ഇത്തരംടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഒരു സിനിമയ്ക്ക് അളവില്‍കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാകുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ചില കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ചില ഡിസ്ട്രിബ്യൂട്ടര്‍മാരോ, ഫാന്‍ ഗ്രൂപ്പുകളോ നിരവധിയ്ക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് അതിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്ന

ബള്‍ക്ക് ബുക്കിംഗും കാന്‍സലേഷനും ഇത്തരത്തില്‍ തെറ്റിധാരണ പരാത്താന്‍ ഉപയോഗിക്കാറുണ്ടെന്നും ഒരു കൂട്ടര്‍ വിമര്‍ശിക്കുന്നു.

എന്നാല്‍ ഫാന്‍ഫൈറ്റുകളൊക്കെ മാറ്റിവച്ച് എമ്പുരാനെ മലയാളത്തിന്റെ അഭിമാനമായി ഏവരും ഏറ്റെടുക്കണമെന്നും വിദേശരാജ്യങ്ങളില്‍ ഉള്‍പ്പടെ മലയാള സിനിമയ്ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന മാര്‍ക്കറ്റിന് തുടക്കമിടാന്‍ എമ്പുരാന്‍ കൊണ്ട് സാധിക്കുമെന്നും വരാനിരിക്കുന്ന കത്തനാര്‍ പോലുള്ള വലിയ സിനിമയ്ക്ക് ഉള്‍പ്പടെ എമ്പുരാന്റെ വിജയം നല്‍കുന്ന ഊര്‍ജ്ജം ചെറുതായിരിക്കില്ലെന്നുമാണ് സിനിമാ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Tags:    

Similar News