കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചത് ആദ്യ 20 മിനിറ്റ് നീക്കാന്‍; എമ്പുരാനില്‍ വെട്ടിയത് ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള മൂന്ന് മിനിറ്റ് രംഗങ്ങള്‍; ബജ്‌റംഗി ബല്‍രാജ് ആകും; അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്; റീഎഡിറ്റഡ് എമ്പുരാന്‍ തിങ്കളാഴ്ച മുതല്‍? 'ഹൗസ്ഫുള്ളായി' രാഷ്ട്രീയ വിവാദങ്ങളും
റീഎഡിറ്റഡ് എമ്പുരാന്‍ തിങ്കളാഴ്ച മുതല്‍?
കൊച്ചി: വിവാദങ്ങള്‍ തുടരുമ്പോഴും റീ എഡിറ്റഡ് ചെയ്ത എമ്പുരാന്‍ നാളെ മുതല്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങുമെന്ന് വിവരം. ഞായറാഴ്ച തന്നെ റീ എഡിറ്റിംഗ് പൂര്‍ത്തിയായതായാണ് വിവരം. മൂന്നു മിനുട്ട് ഭാഗം ചിത്രത്തില്‍ നിന്നും നീക്കം ചെയ്തുവെന്നാണ് വിവരം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള രംഗങ്ങള്‍ ചിത്രത്തില്‍നിന്ന് ഒഴിവാക്കി. അവധി ദിവസം ആയിട്ടും റീ എഡിറ്റിനു അനുമതി നല്കാന് സെന്‍സര്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ബോര്‍ഡ് അനുമതി നല്‍കിയത് അല്പം മുന്‍പാണ്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡാണ് റീ എഡിറ്റിംഗ് നിര്‍ദേശം നല്‍കിയത് എന്നാണ് വിവരം.
വിവാദഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് തിങ്കളാഴ്ചയോ ചെവ്വാഴ്ചയോ തിയറ്ററുകളില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉടന്‍ റീ എഡിറ്റ് ചെയ്ത് നല്‍കണമെന്ന കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ (സിബിഎഫ്സി) നിര്‍ദേശപ്രകാരമാണ് അതിവേഗ നടപടി. ഞായറാഴ്ച അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നല്കാന് സെന്‍സര്‍ ബോര്‍ഡ് യോഗം ചേരുകയായിരുന്നു. ഗ്രേഡിങ് പൂര്‍ത്തിയാക്കേണ്ടതിനാലാണ് റീ സെന്‍സര്‍ ചെയ്ത പതിപ്പ് എന്നു മുതല്‍ പ്രദര്‍ശിപ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമാകാത്തത്.
സിനിമയില്‍നിന്ന് ആദ്യ 20 മിനിറ്റ് നീക്കാനാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ ആകെ മൂന്നു മിനിറ്റാണ് ഒഴിവാക്കുന്നത്. ചിത്രത്തിലെ ബജ്‌റംഗിയെന്ന കഥാപാത്രത്തിന്റെ പേര് ബല്‍രാജ് എന്നു മാറ്റിയേക്കും. ബുധനാഴ്ചയോടെ മാറ്റം വരുത്തി തിയേറ്ററുകളിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ആദ്യഷോകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ ഉള്ളടക്കം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നുള്ള വിവാദം നായകനായ മോഹന്‍ലാലിന്റെ ഖേദപ്രകടനംവരെ എത്തിയിട്ടും വിവാദം ചിത്രത്തെ വിടാതെ പിന്തുടരുകയാണ്. അതേസമയം, ചിത്രം ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുന്നതായാണ് കണക്കുകളും സിനിമയെ പിന്തുണയ്ക്കുന്നവരും അവകാശപ്പെടുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് ചിത്രത്തെ വിവാദക്കുഴിയില്‍ ചാടിച്ചത്. സിനിമ പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തെ അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയത് ഇടത് അനുകൂലികളായിരുന്നു. ഉള്ളടക്കം വ്യാപകമായി പ്രചരിച്ചതോടെ സംഘപരിവാര്‍ അനുകൂല സൈബര്‍ സംഘങ്ങള്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. രാഷ്ട്രീയ നേതൃത്വവും ഇടപെട്ടതോടെ വിഷയം വിവാദത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.
സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് എമ്പുരാന്‍ സിനിമയില്‍നിന്നു പതിനേഴോളം ഭാഗങ്ങള്‍ നീക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നു. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളില്‍ സംഭാഷണം നിശ്ശബ്ദമാക്കും. വിവാദ രംഗങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ രൂക്ഷവിമര്‍ശം നടത്തിയാണ് ആര്‍എസഎസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഇന്നും ലേഖനം പ്രസിദ്ധീകരിച്ചത്.
അതേ സമയം എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദത്തില്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത്. പ്രിയപ്പെട്ടവരെ വേദനിപ്പിച്ച വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
സംവിധായകന്‍ പൃഥ്വിരാജും, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഈ പോസ്റ്റ് റീ ഷെയര്‍ ചെയ്തിട്ടുണ്ട്. എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പില്‍ ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ വെട്ടിച്ചുരുക്കിയെന്നാണ് വിവരം. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നാണ് സൂചന.
അതേ സമയം എമ്പുരാനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്നലെ എമ്പുരാന്‍ തിയറ്ററിലെത്തി കണ്ടതിന് പിന്നാലെയാണ് പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
അതേ സമയം ഉള്ളടക്കത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ഉയര്‍ന്ന എമ്പുരാന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് എത്തി. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ചിത്രത്തിന് ആശംസനേര്‍ന്ന് ആദ്യം രംഗത്തെത്തിയവരില്‍ രാഷ്ട്രീയമേഖലയിലെ പ്രധാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആയിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വരുംദിവസങ്ങളില്‍ താനും ചിത്രം കാണുന്നുണ്ട് എന്ന് അദ്ദേഹം കുറിച്ചു. മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനും അദ്ദേഹം ആശംസയും നേര്‍ന്നു. ഉള്ളടക്കം പുറത്തുവന്നതോടെ സംസ്ഥാന അധ്യക്ഷന്റെ നിലപാട് അണികള്‍തന്നെ ചോദ്യംചെയ്യുന്ന അവസ്ഥയുണ്ടായി. പിന്നാലെ പ്രതികരിച്ച സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്, ചിത്രത്തിനെതിരായ വിമര്‍ശനങ്ങളെ പാര്‍ട്ടി ഏറ്റെടുക്കുന്നില്ലെന്ന് സൂചിപ്പിച്ചു.
നേതൃത്വം തള്ളിയെങ്കിലും ചിത്രം ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും ചര്‍ച്ചയായി. സംഘപരിവാര്‍ പരസ്യമായി തള്ളിയെങ്കിലും സിനിമയെ അതിന്റെ വഴിക്ക് വിടുന്നു എന്ന നിലപാടായിരുന്നു നേതൃത്വം സ്വീകരിച്ചത്. ചിത്രം സെന്‍സര്‍ ചെയ്ത ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് നേരെ വിമര്‍ശനമുയര്‍ന്നു. മോഹന്‍ലാലുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ആശംസാപോസ്റ്റിട്ടതെന്ന് സംസ്ഥാന അധ്യക്ഷനും വിശദീകരിക്കേണ്ടിവന്നു. ചിത്രത്തെ വിമര്‍ശിച്ച് സംസ്ഥാന ഉപാധ്യക്ഷന്‍ പി. രഘുനാഥ് രംഗത്തെത്തിയതോടെ ബിജെപിയില്‍ ആശയക്കുഴപ്പമുണ്ടെന്നത് വ്യക്തമായി.
അതേസമയം, ആര്‍എസ്എസും മറ്റ് സംഘപരിവാര്‍ സംഘടനകളും ചിത്രത്തെ ശക്തമായി എതിര്‍ത്തു. ആര്‍എസ്എസിന്റെ പ്രധാനനേതാക്കളായ ജെ. നന്ദകുമാര്‍, എ. ജയകുമാര്‍ എന്നിവര്‍ ചിത്രത്തിനെതിരെ പരസ്യനിലപാട് സ്വീകരിച്ചു. നായകനായ മോഹന്‍ലാലിനേയും നിര്‍മാതാവ് ഗോകുലം ഗോപാലനേയും പിന്തുണച്ചും, വിവാദങ്ങളില്‍ സംവിധായകന്‍ പൃഥ്വിരാജിനെ കുറ്റപ്പെടുത്തിയുമായിരുന്നു ആര്‍എസ്എസിന്റെ നിലപാട്. പൃഥ്വിരാജിന് ഐഎസ് ബന്ധമുണ്ടെന്ന ആരോപണവുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ. ഗണേഷ് രംഗത്തെത്തി. മറുപടി പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ചു.
ചിത്രം ഹിന്ദുവിരുദ്ധമാണെന്ന ആരോപണവുമായി ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍ രംഗത്തെത്തിയത് വിവാദത്തിന്റെ രാഷ്ട്രീയമാനം വിപുലമാക്കി. മോഹന്‍ലാലിന്റേത് ആരാധകരോടുള്ള വഞ്ചനയാണെന്ന് വാരിക കുറ്റപ്പെടുത്തി. രചയിതാവായ മുരളി ഗോപി അസത്യസംഭവങ്ങള്‍ എഴുതി രാജ്യത്തിന്റെ സാമൂഹികമൈത്രിക്കെതിരായ കുറ്റകൃത്യം നടത്തി. പൃഥ്വിരാജിന്റെ രാഷ്ട്രീയ അജന്‍ഡയാണ് സിനിമയിലൂടെ പ്രചരിപ്പിക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തി.
രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് ചിത്രത്തില്‍ തിരുത്തലുകള്‍ നടത്താന്‍ നിര്‍മാതാക്കള്‍ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ സമര്‍പ്പിച്ച വിവരം പുറത്തുവന്നത്. ഗുജറാത്ത് കലാപങ്ങള്‍ പരാമര്‍ശിക്കുന്ന ഭാഗങ്ങളും പ്രധാന വില്ലന്റെ പേരും മാറ്റണമെന്നായിരുന്നു സ്വമേധയാ അവര്‍ ആവശ്യപ്പെട്ടത്. 17 രംഗങ്ങള്‍ നീക്കനായിരുന്നു അനുമതി തേടിയത്.
പിന്നാലെ ഇടത് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യ പ്രതികരണങ്ങള്‍ നടത്തി. പിണറായി വിജയന്‍ സിനിമ കാണാനെത്തിയാണ് പിന്തുണ അറിയിച്ചത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം പുറത്തുവന്ന 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് 'എമ്പുരാന്' എന്തിനാണെന്ന ചോദ്യവുമായി മന്ത്രി വി. ശിവന്‍കുട്ടിയെത്തി.
സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു ശനിയാഴ്ച സിനിമ കണ്ട മുഖ്യമന്ത്രി ഞായറാഴ്ച ഫെയ്സ്ബുക്കില്‍ കുറിച്ചത്. വര്‍ഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എമ്പുരാനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷവും സ്വീകരിച്ചത്. ചിത്രം കാണുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. ചിത്രത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, സിനിമയ്ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തരമന്ത്രി കാണിക്കണമെന്നും ആവശ്യപ്പെട്ടു. ചിത്രത്തിന്റെ പ്രമേയം അണിയറപ്രവര്‍ത്തകരുടെ ആവിഷ്‌കാരസ്വാതന്ത്ര്യമാണെന്നും അതിനോട് അസഹിഷ്ണുത വേണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് റീസെന്‍സര്‍ ശരിവെച്ചും വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ചും നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയത്. മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം നിലപാട് വ്യക്തമാക്കി. ചിത്രത്തിന്റെ രചയിതാവ് മുരളി ഗോപി ഇനിയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ വീണ്ടും ഓര്‍ഗനൈസര്‍ ചിത്രത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ മോഹന്‍ ലാലിന്റെയോ നിര്‍മാതാക്കളുടെയോ അറിവില്ലാതെ ചിലര്‍ തന്റെ മകനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നതില്‍ അതീവ ദു:ഖമുണ്ടെന്ന് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലികാ സുകുമാരന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
പൃഥ്വിരാജ് എന്ന സംവിധായകന്‍ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല, ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ലെന്നും അവര്‍ പറഞ്ഞു. മോഹന്‍ലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയില്‍ ഇല്ല. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനുപിന്നില്‍ ചില ചലച്ചിത്രപ്രവര്‍ത്തകരുമുണ്ടെന്ന് സംശയിക്കുന്നുവെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. മേജര്‍ രവിയേയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.
മോഹന്‍ലാലിന്റെ ഖേദപ്രകടനത്തോടെ സംഘപരിവാര്‍ അനുകൂലികളുടെ ചിത്രത്തിനെതിരായ ആക്രമണത്തില്‍ അയവുവന്നിട്ടുണ്ടെങ്കിലും ചിത്രത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഖേദം പ്രകടിപ്പിച്ച അണിയറ പ്രവര്‍ത്തകരുടെ നിലപാടിനെതിരെ വിമര്‍ശനം ഉന്നയിച്ച് പലരും രംഗത്തെത്തുന്നുണ്ട്.