എമ്പുരാന്‍ സിനിമയില്‍ വെട്ട് 17 അല്ല, 24 വെട്ടുകള്‍! പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്‌റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കി; എന്‍.ഐ.എയെ പരാമര്‍ശിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കി; പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സംഭാഷണത്തിനും വെട്ട്; സുരേഷ് ഗോപിക്കുള്ള നന്ദികാര്‍ഡും നീക്കി; റീ എഡിറ്റഡ് എമ്പുരാന്‍ ഇന്നുമെത്തില്ല

എമ്പുരാന്‍ സിനിമയില്‍ വെട്ട് 17 അല്ല, 24 വെട്ടുകള്‍!

Update: 2025-04-01 07:44 GMT

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കിടയിലും വിപണിയില്‍ സൂപ്പര്‍ഹിറ്റായ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റീ എഡിറ്റിംഗ് പൂര്‍ത്തിയായി. നേരത്തെ സിനിമയില്‍ പരാമര്‍ശിച്ചതു പോലെ 17 വെട്ടുകളല്ല എമ്പുരാനില്‍ വരുത്തിയത്. സിനിമയില്‍ ആകെ 24 വെട്ടുകളാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റീ എഡിറ്റഡ് സെന്‍സര്‍ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ സിനിമയുടെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്നും തീയറ്ററുകളില്‍ എത്തിയേക്കില്ലെന്നാണ് സൂചന. നാളെയോടെയാകും ചിത്രം തീയറ്ററുകളില്‍ എത്തുക എന്നാണ് ലഭിക്കുന്ന വിവരം.

ചിത്രത്തിലെ സുപ്രധാന രംഗങ്ങളും ഡയലോഗുകളും വെട്ടിമാറ്റിയിട്ടുണ്ട്. സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ മുഴുവനായും ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്‌റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ടെന്നതാണ് മറ്റൊരു മാറ്റം.

നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. സിനിമയുടെ തടസങ്ങള്‍ നീക്കാന്‍ സുരേഷ് ഗോപിയും നേരത്തെ ഇടപെടലുകള്‍ നടത്തിയിരുന്നു. സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രം കൗമാരകാലത്ത് പിതാവുമായി സംസാരിക്കുന്ന ഭാഗങ്ങളും മ്യൂട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ അടിമുടി വെട്ടാണ് സിനിമയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തില്‍ വരുത്തുന്നത് എന്നാണ് പുറത്തുവന്ന വാര്‍ത്ത. എന്നാല്‍, അതിന് അപ്പുറത്തേക്കുള്ള വെട്ടുകള്‍ നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

അതേസമയം റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മര്‍ദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. മുരളി ഗോപി ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീനുകള്‍ നീക്കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും റീ എഡിറ്റിങ് ഒരു സംഘടനയുടേയും താല്‍പ്പര്യ പ്രകാരമല്ലെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഭാവിയില്‍ ഏത് സിനിമ ചെയ്യുമ്പോഴും ഏതെങ്കിലും ആളുകള്‍ക്ക് വിഷമമുണ്ടായാല്‍ അതിനെ ആ രീതിയില്‍ പരിഹരിക്കണമെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങളെല്ലാവരും. സിനിമയിലെ സീനുകള്‍ മാറ്റുന്നതില്‍ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ജീവിതത്തില്‍ ആര്‍ക്കെങ്കിലും വിഷമം വരുത്തണമെന്ന് ആഗ്രഹിക്കുന്നവരല്ല ഞാനും മോഹന്‍ലാലും പൃഥ്വിരാജുമൊന്നും. ജീവിതത്തില്‍ അത്തരത്തിലൊരു സംഭവം മുന്‍പ് ഉണ്ടായിട്ടില്ല. ഈ സിനിമ വന്നപ്പോള്‍ ഏതെങ്കിലും ആള്‍ക്കാര്‍ക്ക് അതില്‍ സങ്കടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാറ്റേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഒരു എഡിറ്റ് നടന്നിരിക്കുന്നത്.

അത് രണ്ട് മിനിറ്റും ചെറിയ സെക്കന്‍ഡുകളും മാത്രമാണ് സിനിമയില്‍ നിന്ന് മാറ്റിയിരിക്കുന്നത്. അത് വേറെ ആരുടേയും നിര്‍ദേശപ്രകാരമൊന്നും അല്ല. ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. ഒരു സംഘടനയുടേയും താല്‍പ്പര്യ പ്രകാരമല്ല സീനുകള്‍ നീക്കിയത്. സീനുകള്‍ നീക്കുന്നതില്‍ ആര്‍ക്കും വിയോജിപ്പുകളില്ല. ഇതില്‍ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല,' ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

'ഭാവിയില്‍ ഏത് സിനിമ ചെയ്യുമ്പോഴും ഏതെങ്കിലും ആളുകള്‍ക്ക് വിഷമമുണ്ടായാല്‍ അതിനെ ആ രീതിയില്‍ പരിഹരിക്കണമെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങളെല്ലാവരും. റീ സെന്‍സേര്‍ഡ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. മോഹന്‍ലാല്‍ സാറിനും എനിക്കും മറ്റെല്ലാവര്‍ക്കും ഈ സിനിമയുടെ കഥ നേരത്തെ അറിയാമായിരുന്നു. അറിയില്ലെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. മേജര്‍ രവിയുടെ പ്രസ്താവനകളോട് ഞാന്‍ പ്രതികരിക്കുന്നില്ല,' ആന്റണി പറഞ്ഞു.

'പൃഥിരാജിനെ ആരും ഒറ്റപ്പെടുത്തിയെന്ന് ഞാന്‍ കരുതുന്നില്ല. അതിന്റെ കാര്യവുമില്ല.. ഞങ്ങള്‍ എത്രയോ നാളുകളായി ഒന്നിച്ച് ജോലി ചെയ്യുന്നവരാണ്. ഞങ്ങള്‍ക്ക് നല്ലതെന്ന് തോന്നിയതാണ് സിനിമയായി എടുത്തത്. സിനിമ ജനം ഭയങ്കരമായി സ്വീകരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായി ഘ3 വരും. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമമെന്ന നിലയിലാണ് ഈ സിനിമ ഇത്രയും പണംമുടക്കി എടുത്തിരിക്കുന്നത്,' എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവ് പറഞ്ഞു.

അതേ സമയം ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്റെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ന്റെ ലൈഫ് ടൈം ബോക്‌സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍ ഇതിനെ മറികടന്നിരിക്കുന്നത്.

ഒപ്പം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു. ഔദ്യോഗികമായിത്തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട് ഇപ്പോള്‍. മോഹന്‍ലാലിന്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമാണ് മലയാളത്തില്‍ എമ്പുരാന് മുന്നില്‍ കളക്ഷനില്‍ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിന്റെ നേട്ടം.

എമ്പുരാന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകിയേക്കുമെന്ന് വിവരം. റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തീയേറ്ററുകള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. സാങ്കേതികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ ബുധനാഴ്ചയോ, വ്യാഴാഴ്ചയോ തീയേറ്ററുകളില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

ചിത്രത്തിന്റെ റീ എഡിറ്റിങ് പ്രക്രിയകള്‍ ഹൈദരാബാദിലാണ് നടന്നത്. സാങ്കേതികപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് സിനിമയുമായി ബന്ധപ്പെട്ടുള്ളവര്‍ പറയുന്നത്. റീ എഡിറ്റ് ചെയ്ത് ചിത്രം എന്ന് എത്തും എന്നത് സംബന്ധിച്ച് തീയേറ്ററുകള്‍ക്ക് വിവരം ലഭിച്ചിട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ബുധനാഴ്ചയോടെ വ്യാഴാഴ്ചയോ തിയേറ്ററുകളില്‍ എഡിറ്റഡ് വേര്‍ഷന്‍ എത്തുക എന്നാണ് വിവരം.

അതിനിടെ എമ്പുരാന്‍ വിവാദം വെറും ഡ്രാമയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു. സിനിമയെ മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇതിലെ വിവാദമെന്തിനാണ്. ഇതെല്ലാം വെറും കച്ചവടം മാത്രമാണ്. ജനങ്ങളെ ഇളക്കിവിട്ട് പൈസയുണ്ടാക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപിയും സന്തോഷ് കുമാര്‍ എംപിയും രാജ്യസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം രാജ്യത്ത് വര്‍ധിക്കുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ സംഘടിതമായ ആക്രമണം നടക്കുന്നു.ഭീഷണിയിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ആസൂത്രിതമായ ശ്രമമാണിതെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

Tags:    

Similar News