അമിത കൂലി ചോദിച്ചപ്പോള്‍ വീട്ടമ്മ സ്വന്തമായി വീട്ടുപണിക്കുള്ള ലോഡിറക്കി; 'കാണിച്ചു തരാം, വരട്ടെ' എന്ന ഭീഷണിയുമായി വളഞ്ഞ് സിഐടിയുക്കാര്‍; പ്രതികാരമായി റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ചെന്ന് വ്യാജ ആരോപണം; ഒടുവില്‍ പരിശോധനയില്‍ അതുംപൊളിഞ്ഞു; ഇനി ശല്യപ്പെടുത്താനാണ് നീക്കമെങ്കില്‍ കാണാമെന്ന് പ്രിയ വിനോദ്; കയ്യടി നേടി അദ്ധ്യാപിക

സ്വന്തമായി ലോഡിറക്കിയ വീട്ടമ്മയ്ക്ക് എതിരെ പ്രതികാര നീക്കവുമായി സിഐടിയു

Update: 2025-08-27 10:39 GMT

കൊല്ലം: നോക്കുകൂലിയും അമിതക്കൂലിയുമൊക്കെ വിലക്കിയെന്ന് പറഞ്ഞാലും മിക്കവര്‍ക്കും അനുഭവം അങ്ങനെയല്ല. കയറ്റിറക്ക് തൊഴിലാളികളുടെ അമിതകൂലി ഭയന്ന് രാത്രിയോ പുലര്‍ച്ചയോ ലോഡ് കയറ്റിയിറക്കുന്നവരാണ് ഏറെയും. ന്യായമായ കൂലി കൊടുക്കാന്‍ മിക്കവരും തയ്യാറാണ്. എന്നാല്‍, അമിതകൂലി ചോദിക്കുമ്പോള്‍, സംഗതി തര്‍ക്കമാകും. സിഐടിയുക്കാര്‍ അമിത കൂലി ചോദിച്ചതിനെ തുടര്‍ന്ന് കല്ലറ തച്ചോണത്ത് ഒരു ലോഡ് ഇന്റര്‍ലോക്ക് തനിയെ ഇറക്കിയ അദ്ധാപികയായ പ്രിയ വിനോദ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍, തൊഴിലാളി യൂണിയന് എതിരെ പ്രതിഷേധിച്ച പ്രയയെ ലാക്കാക്കി പ്രതികാര നടപടിയുമായി ഇറങ്ങിയിരിക്കുകയാണ് സിപിഎമ്മും സിഐടിയുവും. എന്നാല്‍, ആ നീക്കവും പാളി.

റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ചെന്ന് വ്യാജ ആരോപണം

കുമ്മിള്‍ സ്വദേശിനിയായ പ്രിയ വിനോദ് റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ചെന്നായിരുന്നു പരാതി. എന്നാല്‍, പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് കണ്ടെത്തി. പ്രിയ വിനോദിന്റെ വീടിന് മുന്നില്‍ നിര്‍മ്മിച്ച മതില്‍ ഒന്നരയടി റോഡില്‍ നിന്ന് മാറിയാണെന്ന് കണ്ടെത്തി. സിപിഎം പഞ്ചായത്ത് അംഗം രജി കുമാരി ആണ് കുമ്മിള്‍, പാങ്ങോട് പഞ്ചായത്തുകളില്‍ പരാതി നല്‍കിയത്.

ഇതിനെത്തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതോടെ രണ്ട് പഞ്ചായത്തുകളിലെയും പരാതി തള്ളി.

സംഭവം ഇങ്ങനെ:

കല്ലറ തച്ചോണത്ത് വീടിന് മുന്നില്‍ ഇന്റര്‍ലോക്ക് കല്ലുകള്‍ ഇറക്കാന്‍ എത്തിയ ലോറിയില്‍ നിന്ന് തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ അനുവദിച്ചില്ലെന്നായിരുന്ന അദ്ധ്യാപികയായ പ്രിയ വിനോദിന്റെ ആരോപണം. സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. ലോഡ് ഇറക്കാന്‍ സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ സമ്മതിച്ചില്ലെന്നും, പിന്നീട് മദ്യലഹരിയില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. സംഭവത്തില്‍ സി.ഐ.ടി.യു. പ്രതിനിധികള്‍ ആരോപണങ്ങള്‍ നിഷേധിച്ചു.

വീടിന്റെ മുറ്റത്ത് സ്ഥാപിക്കാനായി കൊണ്ടുവന്ന ഇന്റര്‍ലോക്ക് കല്ലുകള്‍ ഇറക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് പ്രിയ വിനോദ് പറഞ്ഞു. ജോലിക്കാരെ ഉപയോഗിച്ച് ലോഡ് ഇറക്കാന്‍ ശ്രമിച്ചെങ്കിലും സി.ഐ.ടി.യു. തൊഴിലാളികള്‍ ഇതിന് അനുമതി നിഷേധിച്ചുവെന്ന് അവര്‍ ആരോപിച്ചു. ഏകദേശം അമ്പതോളം പേര്‍ സ്ഥലത്തെത്തിയിരുന്നു. താന്‍ സ്ഥലത്തെത്തിയപ്പോള്‍ തന്നെ അവര്‍ മദ്യലഹരിയിലായിരുന്നുവെന്നും, വാഹനത്തിന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ജീവനക്കാരെ ശകാരിക്കുകയും ചെയ്തുവെന്നും പ്രിയ വിനോദ് വീഡിയോയില്‍ വിശദീകരിച്ചു. 'കാണിച്ചു തരാം, വരട്ടെ' എന്നൊക്കെയുള്ള ഭീഷണി മുഴക്കിയതായും അവര്‍ പറഞ്ഞു. എന്നാല്‍, ലോഡ് പൂര്‍ണ്ണമായും ഇറങ്ങുന്നത് വരെ സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി നോക്കിനിന്നുവെന്നും അവര്‍ പറഞ്ഞു.

താഴെ വീണുകിടന്ന കല്ലുകള്‍ പൊട്ടിപ്പോകാതിരിക്കാനായി ഒന്നിന് മുകളില്‍ ഒന്നായി ഭംഗിയായി അടുക്കിവെക്കാന്‍ ജോലിക്കാരോട് പറഞ്ഞപ്പോള്‍, വീണ്ടും സി.ഐ.ടി.യു. സംഘം ഭീഷണിയുമായി എത്തിയതായും അധ്യാപിക ആരോപിച്ചു. എസ്.ഐ. ആയ ഭര്‍ത്താവ് ഐ ബി വിനോദ് ജോലി സ്ഥലത്തായിരുന്നതിനാല്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.

ഇതിന് മുന്‍പും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് അധ്യാപിക വെളിപ്പെടുത്തി. കഴിഞ്ഞ തവണ ടൈലുകള്‍ ഇറക്കാന്‍ വന്നപ്പോള്‍ 10,000 രൂപയാണ് കൂലിയായി ആവശ്യപ്പെട്ടതെന്നും, അതില്‍ 4,000 രൂപ മാത്രമാണ് നല്‍കിയതെന്നും അവര്‍ പറഞ്ഞു. അന്ന് ബില്‍ നല്‍കിയില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. കെ.പി.സി.സി. മീഡിയ അംഗം കൂടിയാണ് പ്രിയ വിനോദ്.

ഏകദേശം 150ഓളം തറയോടുകളാണ് പ്രിയാ വിനോദ് സ്വന്തമായി ലോറിയില്‍ നിന്ന് ഇറക്കിയത്. ബുധനാഴ്ച രാത്രി രണ്ട് മണിക്കൂറോളം സമയമെടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍, വീടിന് മുന്നില്‍ തമ്പടിച്ച സിഐടിയു തൊഴിലാളികള്‍ പ്രിയയെ സഹായിക്കാന്‍ വന്നവരെ തടയുകയും ചെയ്തു.

തുടര്‍ന്ന്, തച്ചോണം, പരിസര പ്രദേശങ്ങളിലെ സിഐടിയു അംഗങ്ങളായ തൊഴിലാളികളുടെ പേരും വിവരങ്ങളും കൂലിയുടെ നിരക്കും പ്രദര്‍ശിപ്പിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രിയാ വിനോദ് ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. ഇതിന് പിന്നാലെയാണ്, സിപിഎം പഞ്ചായത്ത് അംഗമായ രജിത കുമാരി, റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.

പഞ്ചായത്ത് അധികൃതരുടെ പരിശോധനയും കണ്ടെത്തലും

ഇതിനെത്തുടര്‍ന്ന്, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു. ആദ്യം കുമ്മിള്‍ പഞ്ചായത്തിലാണ് പരാതി നല്‍കിയത്. എന്നാല്‍, റോഡ് തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്ത് പരിധിയില്‍ വരുന്നതിനാല്‍, അവിടത്തെ പഞ്ചായത്തിലും പരാതി നല്‍കേണ്ടി വന്നു. ഇരു പരാതികളും അധികൃതര്‍ വിശദമായി പരിശോധിച്ചെന്നും, പ്രിയാ വിനോദ് നിയമം ലംഘിച്ചിട്ടില്ലെന്നും ഒന്നരയടി മാറിയാണ് മതില്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതികള്‍ തള്ളിക്കളഞ്ഞത്. ഭരണസമിതിയുടെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

പ്രിയ പറയുന്നത്:

തന്റെ വീടുനിര്‍മാണം തടസ്സപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്ന് പ്രിയ വിനോദ് ആരോപിച്ചു. ഇനി മറ്റൊരു സ്ത്രീക്കും ഈ അനുഭവം ഉണ്ടാകരുതെന്നും തന്നെ ശല്യപ്പെടുത്താനാണു സിഐടിയു - സിപിഎം നീക്കമെങ്കില്‍ കാണാമെന്നും പ്രിയ വിനോദ് പറഞ്ഞു.

പ്രിയ പറയുന്നതിങ്ങനെ: അമിത കൂലി ചോദിച്ചതിന് പ്രതികരിച്ചപ്പോള്‍, ഇങ്ങനെ ആയാല്‍ ഇവിടെ എങ്ങനെ ജീവിക്കുമെന്നായിരുന്നു സിഐടിയു കണ്‍വീനര്‍ കെ.ഹര്‍ഷകുമാര്‍ ചോദിച്ചത്. കെട്ടിട നിര്‍മാണം തുടങ്ങിയതു മുതല്‍ ഏതു വിധേനയും തടസ്സപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ വീടിനകത്ത് പാകുന്നതിന് ടൈല്‍സ് ഇറക്കുന്നത് സംബന്ധിച്ചും തര്‍ക്കമുണ്ടായി. ആദ്യം 12000 രൂപയാണ് കൂലി ചോദിച്ചത്. പിന്നീട് തര്‍ക്കമായപ്പോള്‍ നേതാക്കള്‍ ഇടപെട്ടു. 3500 രൂപ നല്‍കി. ബില്‍ ചോദിച്ചിട്ടും നല്‍കിയില്ല. 6 മീറ്ററാണ് റോഡിന്റെ വീതി. അതില്‍ ഒന്നര അടി മാറിയാണ് മതില്‍ നിര്‍മിച്ചിരിക്കുന്നത്. താന്‍ രാത്രി ഒറ്റയ്ക്കു ലോഡ് ഇറക്കിയപ്പോള്‍ കാവല്‍ നിന്നവരില്‍ ഇപ്പോള്‍ പരാതി നല്‍കിയ പഞ്ചായത്ത് അംഗവും ഭര്‍ത്താവും ഉണ്ടായിരുന്നെന്നും പ്രിയ പറഞ്ഞു. തച്ചോണം മുസ്ലിം ജമാഅത്തിനു മുന്നില്‍ നിന്നു കിളിമാനൂര്‍ റോഡിന് വശത്താണ് പ്രിയ വിനോദിന്റെ വീട് നിര്‍മാണം നടക്കുന്നത്.

18ന് രാത്രിയാണ് വീടിന്റെ മുറ്റത്ത് നിരത്താനുള്ള തറയോട് ഇറക്കുന്നത് സംബന്ധിച്ചു തര്‍ക്കം ഉണ്ടായത്. തുടര്‍ന്നു പ്രിയ ഒറ്റയ്ക്ക് ലോഡ് ഇറക്കി.

സി.ഐ.ടി.യു. പ്രതികരണം

അധ്യാപികയുടെ ആരോപണങ്ങള്‍ നിഷേധിച്ച് സി.ഐ.ടി.യു. രംഗത്തെത്തി. ഒരു വ്യക്തിയുടെയും കയ്യില്‍ നിന്നും യൂണിയന്‍ അധിക കൂലി മേടിക്കാറില്ലെന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ലോഡ് വന്ന വാഹനം വീടിനകത്തായിരുന്നതുകൊണ്ട് വീട്ടുകാര്‍ക്ക് സ്വന്തമായി ലോഡ് ഇറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും, അസഭ്യം പറഞ്ഞിട്ടില്ലെന്നും സി.ഐ.ടി.യു. നേതാവ് ഹര്‍ഷകുമാര്‍ പ്രതികരിച്ചു. തൊഴിലാളികള്‍ കള്ളുകുടിച്ച് പ്രശ്‌നമുണ്ടാക്കുന്നു എന്ന അധ്യാപികയുടെ വാദത്തെയും അദ്ദേഹം നിഷേധിച്ചു. തൊഴിലാളികളെക്കുറിച്ച് നാട്ടുകാരോട് തിരക്കിയാല്‍ സത്യാവസ്ഥ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News