ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ എസി വനത്തിലൂടെ നടക്കാം! ഗെവാന്‍ ഐലന്‍ഡിലെ വിസ്മയം; കത്തുന്ന വെയിലിലും 21 ഡിഗ്രിയുടെ സുഖശീതളിമ; ക്രിസ്റ്റല്‍ വാക്കും തണുത്ത കാറ്റും; പ്രവാസികള്‍ക്ക് ആവേശമായി ഖത്തറിന്റെ പുതിയ അദ്ഭുതം

ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ എസി വനത്തിലൂടെ നടക്കാം!

Update: 2026-02-20 17:13 GMT

ദോഹ: ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ചൂടിനെ ശാസ്ത്രീയമായി മെരുക്കി വിനോദസഞ്ചാര മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ഖത്തര്‍. ദോഹയുടെ തീരത്ത് പുതുതായി നിര്‍മ്മിച്ച ഗെവാന്‍ ഐലന്‍ഡിലെ (Gewan Island) എയര്‍കണ്ടീഷന്‍ഡ് വനമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നത്. 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില ഉയരുമ്പോഴും, 21 ഡിഗ്രി തണുപ്പില്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുന്ന ഈ സംവിധാനം അത്ഭുതകരമാണ്.

എന്താണ് ഈ 'ക്രിസ്റ്റല്‍ വനം'?

ഗെവാന്‍ ഐലന്‍ഡിലെ 450 മീറ്റര്‍ നീളമുള്ള നടപ്പാതയാണ് 'ക്രിസ്റ്റല്‍ വാക്ക്' എന്ന് അറിയപ്പെടുന്നത്. മരങ്ങളുടെ ആകൃതിയില്‍ നിര്‍മ്മിച്ച മേല്‍ക്കൂരകളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. കൃത്രിമ മരച്ചില്ലകളില്‍ പത്ത് ടണ്ണോളം ക്രിസ്റ്റലുകള്‍ പതിപ്പിച്ചിട്ടുണ്ട്. വെളിച്ചം തട്ടുമ്പോള്‍ ഇത് വനത്തിന് ഒരു മാന്ത്രിക പരിവേഷം നല്‍കുന്നു.

നിലത്തിന് അടിയിലുള്ള വെന്റുകളിലൂടെ തണുത്ത കാറ്റ് മുകളിലേക്ക് വിടുകയും, മരങ്ങളുടെ കുട പോലുള്ള മേല്‍ക്കൂര ഈ തണുപ്പിനെ പുറത്തുപോകാതെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു.




സാങ്കേതിക വിദ്യയും സുസ്ഥിരതയും

ഇത്രയധികം വൈദ്യുതി ഉപയോഗിക്കുന്ന ഈ സംവിധാനം പരിസ്ഥിതിക്ക് ദോഷമാകുമോ എന്ന ചോദ്യത്തിന് ഖത്തറിന് വ്യക്തമായ മറുപടിയുണ്ട്. ഈ കൂളിംഗ് സിസ്റ്റത്തിന് ആവശ്യമായ ഊര്‍ജ്ജം പൂര്‍ണ്ണമായും സോളാര്‍ പാനലുകള്‍ വഴിയാണ് ഉത്പാദിപ്പിക്കുന്നത്. പുറത്തെ താപനില എത്രയായാലും ഉള്ളിലെ തണുപ്പ് 21°C - 23°C എന്ന പരിധിയില്‍ നിലനിര്‍ത്താന്‍ സ്മാര്‍ട്ട് സെന്‍സറുകള്‍ ഉപയോഗിക്കുന്നു.

'അറേബ്യന്‍ റിവിയേര'യിലെ പുതിയ അധ്യായം

വിഖ്യാതമായ 'ദി പേള്‍' (The Pearl) ഐലന്‍ഡിന്റെ തുടര്‍ച്ചയായാണ് ഗെവാന്‍ ഐലന്‍ഡ് വികസിപ്പിച്ചിരിക്കുന്നത്. ആധുനിക ജീവിതസൗകര്യങ്ങളും വിനോദവും പ്രകൃതിയുമായി സമന്വയിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വനത്തിനുള്ളിലെ ക്രിസ്റ്റല്‍ മരങ്ങളും വന്യമൃഗങ്ങളുടെയും പ്രകൃതിദൃശ്യങ്ങളുടെയും പ്രദര്‍ശനവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ പ്രധാന താവളമായി ഇവിടത്തെ മാറ്റിയിരിക്കുന്നു.

ബീച്ച് ഫ്രണ്ട് വില്ലകള്‍, ആഡംബര ഹോട്ടലുകള്‍, ഗോള്‍ഫ് ക്ലബ് എന്നിവയും ഈ ദ്വീപിന്റെ ഭാഗമാണ്.




ഖത്തറിന്റെ ശീതീകരണ വിപ്ലവം

ഇതാദ്യമായല്ല ഖത്തര്‍ ഇത്തരം സാഹസങ്ങള്‍ക്ക് മുതിരുന്നത്. 2022 ഫിഫ ലോകകപ്പിനായി സ്റ്റേഡിയങ്ങള്‍ എയര്‍കണ്ടീഷന്‍ ചെയ്ത് ഖത്തര്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ദോഹയിലെ പ്രധാന തെരുവുകളിലും ഔട്ട്‌ഡോര്‍ മാളുകളിലും നടപ്പാതകളോരം കൂറ്റന്‍ എയര്‍ കൂളറുകള്‍ ഖത്തര്‍ നേരത്തെ തന്നെ സ്ഥാപിച്ചിട്ടുണ്ട്.

Tags:    

Similar News