ദേശാഭിമാനി ബോണ്ട് വിവാദം വി എസ് ആയുധമായി ഉപോഗിച്ചു; തനിക്കെതിരെ ആണെങ്കിലും അത് സംസ്ഥാന നേതൃത്വത്തിന് എതിരായ ഒളിയാക്രമണമായിരുന്നു; ചാക്ക് രാധാകൃഷ്ണന്റെ പരസ്യം സ്വീകരിച്ചതില്‍ തെറ്റില്ല; ദേശാഭിമാനിയില്‍ വഴിവിട്ട പ്രവര്‍ത്തനം നടത്തിയവര്‍ പ്രധാന സ്ഥാനങ്ങളില്‍; ഇ പിയുടെ 'കട്ടന്‍ ചായ'യ്ക്ക് കടുപ്പമേറുന്നു

ദേശാഭിമാനി ബോണ്ട് വിവാദം വി എസ് ആയുധമായി ഉപോഗിച്ചു

Update: 2024-11-13 10:09 GMT

കോഴിക്കോട്: ഇ.പി ജയരാജന്റെ 'കട്ടന്‍ ചായയും പരിപ്പ്വടയും' എന്ന ആത്മകഥയില്‍, സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ദേശാഭിമാനി ബോണ്ട് വിവാദവും തന്റെ നിലപാടും വിശദീകരിക്കുന്നുണ്ട്. 'തന്നോട് ആലോചിച്ചല്ല സാന്റിയാഗോ മാര്‍ട്ടിനെ സമീപിച്ചത്. രണ്ട് കോടി രൂപയാണ് മാര്‍ട്ടിന്‍ മുന്‍കൂറായി തരാമെന്നേറ്റത്. അവര്‍ തന്നെ ഇക്കാര്യം അറിയിക്കുകയും താന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണം കൈപ്പറ്റിയത്. എന്നാല്‍ ലോട്ടറി രാജാവില്‍നിന്ന് താന്‍ പണം വാങ്ങിയെന്നാണ് പ്രചാരണമുണ്ടായത്. ഒരു രൂപ പോലും താന്‍ വാങ്ങിയിട്ടില്ല എന്ന് അറിഞ്ഞിട്ടും തന്നെ കുരിശിലേറ്റാനാണ് ശ്രമമുണ്ടായതെന്ന് പുസ്തകത്തില്‍ പറയുന്നു. വി.എസ് അച്യുതാനന്ദന്‍ ഇത് ആയുധമായി ഉപയോഗിച്ചു. അന്ന് വി.എസ് മുഖ്യമന്ത്രി കൂടിയായിരുന്നു. പാര്‍ട്ടി സംസ്ഥാനനേതൃത്വവുമായി സംഘര്‍ഷത്തിന്റെ പാതയിലും. തനിക്കെതിരെയാണെങ്കിലും അത് സംസ്ഥാന നേതൃത്വത്തിനെതിരായ ഒളിയാക്രമണമായിരുന്നു.'- ഇ പി എഴുതി. ദേശാഭിമാനിക്കെതിരെ വിവിധഘട്ടങ്ങളില്‍ ഉയര്‍ന്ന മറ്റുവിവാദങ്ങളെ കുറിച്ചും പത്രത്തിന്റെ നടത്തിപ്പില്‍ തനിക്കുള്ള വിമര്‍ശനവും ഇപി പങ്കുവെക്കുന്നുണ്ട്.

2004ലാണ് താന്‍ ദേശാഭിമാനി ജനറല്‍ മാനേജരായത്. വി.വി ദക്ഷിണാമൂര്‍ത്തി ചീഫ് എഡിറ്ററും പി. രാജീവ് റസിഡന്റ് എഡിറ്ററുമായിരുന്നു. ദക്ഷിണാമൂര്‍ത്തി കോഴിക്കോട് കേന്ദ്രീകരിച്ചും രാജീവ് കൊച്ചി കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിച്ചിരുന്നത്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിന് വരുമ്പോള്‍ മാത്രമാണ് പരസ്പരം കാണുക. സെക്രട്ടേറിയറ്റിന്റെ തിരക്കിനിടയില്‍ ദേശാഭിമാനിയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ സമയം കിട്ടിയിരുന്നില്ല.

അന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പത്രം മുന്നോട്ടുപോയിരുന്നത്. പഴയ കെട്ടിടത്തില്‍ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനപ്രകാരം തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനില്‍ പുതിയ കെട്ടിടം നിര്‍മിച്ചു. ബാങ്ക് വായ്പയിലൂടെയാണ് പണം സമാഹരിച്ചത്. പഴയ കെട്ടിടം വിറ്റ് കടം തീര്‍ക്കാന്‍ തീരുമാനിച്ചെങ്കിലും അത് നടന്നില്ല. മാര്‍ക്കറ്റിങ് വിഭാഗം യോഗം ചേര്‍ന്ന് വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ആ യോഗത്തിലാണ് വന്‍തോതില്‍ പരസ്യം തരുന്ന ഏജന്‍സികളെ സമീപിച്ച് പരസ്യം വാങ്ങാന്‍ തീരുമാനിച്ചത്. അവരില്‍ നിന്ന് അടുത്തവര്‍ഷത്തെ പരസ്യത്തിനുള്ള പണം മുന്‍കൂറായി സ്വീകരിക്കാനും പരസ്യം നല്‍കാനായില്ലെങ്കില്‍ പണം തിരിച്ചുനല്‍കാമെന്ന് ഉറപ്പ് നല്‍കാനുമാണ് തീരുമാനിച്ചത്.

അങ്ങനെ പലരെയും സമീപിച്ച കൂട്ടത്തിലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയുമായി ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന വേണുഗോപാലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. മാര്‍ട്ടിന്റെ കമ്പനി ദേശാഭിമാനിക്കും മറ്റു പത്രങ്ങക്കും നേരത്തെ തന്നെ പരസ്യം തന്നിരുന്നു. തന്നോട് ആലോചിച്ചല്ല സാന്റിയാഗോ മാര്‍ട്ടിനെ സമീപിച്ചത്. രണ്ട് കോടി രൂപയാണ് മാര്‍ട്ടിന്‍ മുന്‍കൂറായി തരാമെന്നേറ്റത്. അവര്‍ തന്നെ ഇക്കാര്യം അറിയിക്കുകയും താന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണം കൈപ്പറ്റിയത്. എന്നാല്‍ ലോട്ടറി രാജാവില്‍നിന്ന് താന്‍ പണം വാങ്ങിയെന്നാണ് പ്രചാരണമുണ്ടായത്. ഒരു രൂപ പോലും താന്‍ വാങ്ങിയിട്ടില്ല എന്ന് അറിഞ്ഞിട്ടും തന്നെ കുരിശിലേറ്റാനാണ് ശ്രമമുണ്ടായതെന്ന് പുസ്തകത്തില്‍ പറയുന്നു.

വി.എസ് അച്യുതാനന്ദന്‍ ഇത് ആയുധമായി ഉപയോഗിച്ചു. അന്ന് വി.എസ് മുഖ്യമന്ത്രി കൂടിയായിരുന്നു. പാര്‍ട്ടി സംസ്ഥാനനേതൃത്വവുമായി സംഘര്‍ഷത്തിന്റെ പാതയിലും. തനിക്കെതിരെയാണെങ്കിലും അത് സംസ്ഥാന നേതൃത്വത്തിനെതിരായ ഒളിയാക്രമണമായിരുന്നു. കേന്ദ്രനേതൃത്വമാകട്ടെ തീര്‍ത്തും ദുര്‍ബലമായ സാഹചര്യത്തിലും. ഡല്‍ഹിയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു വിദ്വാന്‍ കേന്ദ്രനേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയ കാലം. അവരുടെ നുണകൂടി ശക്തമായി. ഇതോടെ കേന്ദ്രനേതൃത്വം ഈ വിഷയം ചര്‍ച്ചചെയ്തു. വിഷയത്തെ വസ്തുനിഷ്ഠമായി കാണാതെ മാധ്യമങ്ങളുടെ പിറകേ പോയി. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റും ചേര്‍ന്നു. അങ്ങനെയാണ് 2007 ആഗസ്റ്റില്‍ താന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്നും മാറുന്നത്. തുടര്‍ന്ന് 2008 ജൂണ്‍ വരെ പി. ജയരാജനെ ജനറല്‍ മാനേജര്‍ ആയി നിയമിച്ചു. എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം പാര്‍ട്ടി ശരിയായ നിലപാടിലേക്ക് തിരിച്ചുവന്നു. വീണ്ടും ജനറല്‍ മാനേജര്‍ ആയി ചുമതലയേറ്റു. അങ്ങനെ 2008 ജൂലൈ മുതല്‍ 2016 മെയ് 24-ന് മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന്റെ തലേന്നാള്‍ വരെ ജനറല്‍ മാനേജരായി-പുസ്തകത്തില്‍ പറയുന്നു.

തുടര്‍ന്നും ദേശാഭിമാനിയെയും തന്നെയും താറടിച്ചു കാണിക്കാന്‍ ശ്രമമുണ്ടായി. അതില്‍ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളും വിവാദവ്യവസായി വി.എം രാധാകൃഷ്ണനുമായി ബന്ധപ്പെട്ടതാണ്. 2013 നവംബറില്‍ പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തിന്റെ സമാപന ദിവസം ദേശാഭിമാനി സപ്ലിമെന്റ് ഇറക്കാന്‍ തീരുമാനിച്ചു. പരസ്യവിഭാഗം പരസ്യത്തിനായി പലരെയും സമീപിച്ചു. കൂട്ടത്തില്‍ പാലക്കാട്ട് വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന സൂര്യ ഗ്രൂപ്പ് ഉടമ എന്ന നിലയില്‍ വി.എം രാധാകൃഷ്ണനും പരസ്യം തന്നു.

ആ പരസ്യം സ്വീകരിച്ചതില്‍ ഒരപാകതയും ഇല്ലെങ്കിലും വിവാദവ്യവസായിയുടെ പണം സ്വീകരിച്ചുവെന്ന നിലയിലുള്ള മാധ്യമപ്രചാരണം വന്നു. പാര്‍ട്ടി തെറ്റുതിരുത്തല്‍ ചര്‍ച്ചനടത്തുമ്പോള്‍ ഇത്തരം കളങ്കിത വ്യക്തികളില്‍നിന്നും കാശു സ്വീകരിക്കാമോ എന്ന നിലയിലായി ചര്‍ച്ച. യഥാര്‍ഥത്തില്‍ പരസ്യം സ്വീകരിക്കുന്നതില്‍ ഇത്തരത്തില്‍ ധാര്‍മികതയൊന്നും ഒരു മാധ്യമവും സ്വീകരിക്കാറില്ല. അങ്ങനെ തീരുമാനിച്ചാല്‍ ഒരു പക്ഷേ, ഒരു പരസ്യവും സ്വീകരിക്കാന്‍ പറ്റിയില്ല എന്ന് വരും. യുഡിഎഫ് ഭരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടത്തിന്റെ പരസ്യം ദേശാഭിമാനി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പരസ്യം സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, സര്‍ക്കാരുകള്‍ക്കെതിരേ വാര്‍ത്ത കൊടുക്കുന്നതില്‍ ഇത് ബാധകവുമല്ല. സമാനമായി സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും പരസ്യം എല്ലാവരും സ്വീകരിക്കാറുമുണ്ട്. ഈ പരസ്യം വാങ്ങി എന്ന് കരുതി അതിന് മുമ്പോ ശേഷമോ രാധാകൃഷ്ണന് അനുകൂലമായി ഒരു വാര്‍ത്തയും കൊടുത്തിട്ടില്ല എന്നുമാത്രമല്ല, എതിരായി വന്ന വാര്‍ത്തകള്‍ കൊടുക്കാതിരുന്നിട്ടുമില്ല. ആ സംഭവവും വലിയ കോളിളക്കമാക്കാന്‍ നോക്കി.

ദേശാഭിമാനിയുടെ പഴയ കെട്ടിടം വിറ്റഴിക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. അങ്ങനെ നേരത്തേ വില്‍പ്പനക്കരാറുണ്ടാക്കിയതിനെക്കാള്‍ കൂടിയ വിലക്ക് വാങ്ങാന്‍ തയ്യാ റാണെന്ന് അറിയിച്ച് ഒരാള്‍ മുന്നോട്ടു വന്നു. അയാള്‍ക്ക് രജിസ്റ്റര്‍ ചെയ്തുകൊടുത്തു. ഡെപ്യൂട്ടി ജനറല്‍ മാനേജറായിരുന്ന ശ്രീധരന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. വില ഉറപ്പിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റിനെ അറിയിച്ചു. നിശ്ചിത തീയതിക്കകം രജിസ്ട്രേഷനും നടന്നു. അതും കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷമാണ് വിവാദവ്യവസായി വി.എം രാധാകൃഷ്ണനാണ് ദേശാഭിമാനി കെട്ടിടം വിറ്റതെന്ന വാര്‍ത്ത വന്നത്. ദേശാഭിമാനിക്കെട്ടിടം രാധാകൃഷ്ണനോ അദ്ദേഹത്തിന്റെ ബന്ധത്തിലോപെട്ട ആരുടെ പേരിലുമല്ല രജിസ്റ്റര്‍ ചെയ്തത്. ഇനി അഥവാ അങ്ങനെയാണെങ്കില്‍ തന്നെ എന്താണ് തെറ്റ്? കാരണം അതിനു മുമ്പ് വിലയ്ക്കെടുക്കാന്‍ തീരുമാനിച്ച വ്യക്തി പിന്മാറി. പിന്നീട് തുടര്‍ച്ചയായി പരസ്യം നല്‍കിയിട്ടും ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ വന്നയാള്‍ക്ക് കരാര്‍ ഉറപ്പിച്ചു. ഇവിടെ ദേശാഭിമാനിയുടെ താത്പര്യം മാത്രമേ നോക്കേണ്ടതുള്ളൂ. അതില്‍ ഒരു തുള്ളിപോലും വെള്ളം ചേര്‍ത്തിട്ടില്ല. എന്നുമാത്രമല്ല, ദേശാഭിമാനിയുടെ പേരില്‍ ഒരു രാധാകൃഷ്ണനെയോ സാന്റിയാഗോ മാര്‍ട്ടിനെയോ സഹായിക്കാനായി ഒന്നും വഴിവിട്ടു നല്‍കിയില്ല. അവരുടെ ഒരു സഹായവും വഴിവിട്ടു സ്വീകരിച്ചിട്ടുമില്ല. ദേശാഭിമാനിമാത്രമല്ല, വ്യക്തി എന്ന നിലയില്‍ താനും സഹായം വാങ്ങിയിട്ടില്ല, തിരിച്ച് രാധാകൃഷ്ണനു വഴിവിട്ട സഹായം ചെയ്തുകൊടുത്തിട്ടുമില്ലെന്നും പുസ്തകത്തില്‍ പറയുന്നു.

ദേശാഭിമാനിയില്‍നിന്നും പുറത്താക്കിയ വേണുഗോപാല്‍ പിന്നീടും ദേശാഭിമാനിക്കുവേണ്ടി പരസ്യം പിടിച്ചിരുന്നു. അതില്‍ അസ്വാഭാവികത തോന്നിയില്ല. പിടിക്കുന്ന പരസ്യത്തിന്റെ കമ്മീഷന്‍ മാത്രമായിരുന്നു ജീവിതമാര്‍ഗം. അങ്ങനെയിരിക്കെ വേണുഗോപാലിനെ ദേശാഭിമാനി മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് എന്ന നിലയില്‍ നിയമിച്ച് ഉത്തരവിറക്കിയ സംഭവവും ഉണ്ടായി. ഇതു താന്‍ ഇടപെട്ട് നല്‍കി എന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഓഫീസിലുള്ള തന്റെ ഡിജിറ്റല്‍ ഒപ്പുപയോഗിച്ച് താന്‍ അറിയാതെ നിയമനം നല്‍കിയതാണ്. ഈ വിഷയത്തിലും തന്നെ കുരിശില്‍ തറയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതും ഏശിയിരുന്നില്ല. സ്വപ്നത്തില്‍ പോലും അറിയാത്ത കാര്യങ്ങള്‍ ഇങ്ങനെ തലയില്‍ വെക്കേണ്ടി വരുന്നതെന്തുകൊണ്ട് എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ടെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തലുണ്ട്.

പ്രാദേശിക വാര്‍ത്തകളുടെ കാര്യത്തിലും പൊതുവാര്‍ത്തകളുടെ കാര്യത്തിലും പിന്നോക്കം പോകുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒന്നാം പേജ് തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്‌കില്‍ നിന്നാണ് പേജ് ചെയ്യുന്നത്. അവരുടെ മുന്നില്‍ രാഷ്ട്രീയ വാര്‍ത്തകള്‍ മാത്രമേ വരൂ. അങ്ങനെ ഏതാണ്ടെല്ലാ ദിവസവും രാഷ്ട്രീയ വാര്‍ത്തകള്‍ മാത്രം. അത് തിരുവനന്തപുരത്തുനിന്നും ഡല്‍ഹി യില്‍നിന്നുമുള്ളതായിരിക്കും. പ്രാദേശികമായുണ്ടാകുന്ന പ്രധാന സംഭവവികാസങ്ങള്‍ പോലും അതാതിടത്തുപോലും ഒന്നാം പേജില്‍ കൊടുക്കാന്‍ പറ്റുന്നില്ല. സംസ്ഥാനാടിസ്ഥാനത്തില്‍ ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറികള്‍ തീരെ കുറവ്. നേതാക്കളെ പ്രീതിപ്പെടുത്തും വിധം പ്രസ്താവനകളും പ്രസംഗങ്ങളും ചിത്രങ്ങളും കൊടുത്ത് പേജ് നിറയ്ക്കുന്ന പ്രവണത. പൊതുപത്രമായി ഉയര്‍ത്താന്‍ പാര്‍ട്ടി അനുവദിച്ചാലും അനാവശ്യവിധേയത്വം കാണിച്ച് എഡിറ്റോറിയല്‍ ജീവനക്കാര്‍തന്നെ അതിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നുവെന്ന് പറയാം. വെറും പാര്‍ട്ടി ഗസറ്റ് ആയി മാറാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഒന്നാം പേജില്‍ ഉള്‍പ്പെടെ പൊതുവാര്‍ത്തകള്‍ക്കു പ്രാധാന്യം നല്‍കണം. പാര്‍ട്ടി സമരങ്ങളും മറ്റും വരുമ്പോള്‍ ഒരു പേജ് നിറയെ ചിത്രങ്ങള്‍ കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഒരേ നേതാവിന്റെ മൂന്നും നാലും ചിത്രങ്ങള്‍ ഒരേദിവസം ഒരേപേജിലും വ്യത്യസ്ത പേജുകളിലുമായി വരുന്നത് ഒഴിവാക്കണം. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചചെയ്താണ് പാര്‍ട്ടി ഒരു രേഖ തയ്യാറാക്കിയത്. ആ രേഖയിലെങ്കിലും വെള്ളം ചേര്‍ക്കാതെ മുന്നോട്ടു പോകാന്‍ കഴിയണം.

ചീഫ് എഡിറ്റര്‍മാരായി വരുന്നവര്‍ പൂര്‍ണസമയം ദേശാഭിമാനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. അതിന് പൂര്‍ണ്ണമായും മാറ്റം വരുത്താന്‍ കഴിയണം. അതോടൊപ്പം റസിഡന്റ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പദവികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തൊട്ടുതാഴെ സബ് എഡിറ്റര്‍ വരെയുള്ളവര്‍ തികച്ചും പ്രൊഫഷണലുകളാകണം. ഗള്‍ഫ് എഡിഷന്‍ പൂട്ടേണ്ടിവന്നതും മറ്റൊരു കഥയാണ്. ഗള്‍ഫില്‍നിന്നും പത്രം അടിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അതിന് ചുമതലപ്പെടുത്തിയവരുടെ മിസ് മാനേജ്മെന്റ് വന്‍ നഷ്ടത്തിലെത്തിച്ചു. വസ്തുതകള്‍ കൃത്യമായി ധരിപ്പിക്കാതെ ധൂര്‍ത്ത് തുടര്‍ന്നതും പ്രതിസന്ധിയുടെ ആക്കംകൂട്ടി. സമാനമാണ് പരസ്യവരുമാന ത്തില്‍ വന്ന ഇടിവ്. വേണുഗോപാലിനെതിരെ ചില നടപടികള്‍ എടുത്തുവെങ്കിലും തുടര്‍ന്നും പരസ്യം പിടിച്ച് സഹായിക്കാന്‍ സന്നദ്ധനായിരുന്നു. എന്നാല്‍ വേണുവിനെ അകറ്റി നിര്‍ത്തേണ്ടത് ജനറല്‍ മാനേജരുടെ ഓഫീസിലെ ചിലരുടെ ആവശ്യമായിരുന്നു. എങ്കിലും വേണു പരസ്യരംഗത്ത് തുടര്‍ന്നതും പിന്നീടുണ്ടായ വിവാദവും നേരത്തേ പ്രതിപാദിച്ചതാണ്. ജനറല്‍ മാനേജര്‍ ഓഫീസിലെ ചിലര്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയതെല്ലാം കൈയോടെ പിടികൂടിയെങ്കിലും പ്രധാന സ്ഥാനത്ത് അവര്‍ ഇപ്പോഴുമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.

ദേശാഭിമാനി ജീവനക്കാരുടെ മനോഭാവം മാറണം. 2025 ആകുന്നതോടെ ഏതാണ്ട് തലമുറ മാറ്റം സംഭവിക്കാന്‍ പോവുകയാണ്. കുറേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ വിരമിക്കും. രാഷ്ട്രീയബോധം കുറഞ്ഞു വരുന്ന തലമുറയാണ് ഇന്നത്തേത്. അത്തരം ഒരു ഘട്ടത്തില്‍ രാഷ്ട്രീയമായ പഠനവും ശക്തമാക്കേണ്ടി വരും. നുണകളെ തുറന്നുകാട്ടാനും സത്യം ജനങ്ങളിലെത്തിക്കാനും പുതുതലമുറ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം. ഇക്കാര്യത്തിലും ദേശാഭിമാനി ശൈശവദശയിലാണ്. ദേശാഭിമാനി ഇ പേപ്പറിന് വായനക്കാരുടെ എണ്ണം കുറവാണ്. ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ആകര്‍ഷകമാകുന്നില്ല. നിലവാരമുള്ളതും രാഷ്ട്രീയ ധാരണയുള്ളതുമായ വീഡിയോകള്‍ വേണം. ഇതെല്ലാമായിരിക്കണം മാറ്റത്തിന്റെ അടിസ്ഥാനം. കാലത്തിനനുസരിച്ചുള്ള മാറ്റത്തോട് പുറംതിരിഞ്ഞുനിന്നാല്‍ പത്രവും പിറകോട്ടുപോകും. ദൗര്‍ഭാഗ്യവശാല്‍ ഓണ്‍ലൈന്‍ വിഭാഗം മെച്ചപ്പെടുത്താനെന്ന പേരില്‍ റിക്രൂട്ട് ചെയ്ത് എടുത്തവരുടെ രാഷ്ട്രീയനിലവാരം വളരെ മോശമാണ്. പല വാര്‍ത്തകളും കാണുമ്പോള്‍ തോന്നിയ വ്യക്തിഗത അഭിപ്രായമാണ്. ശരിയാണോ എന്നു പരിശോധിക്കേണ്ടത് ചുമതല വഹിക്കുന്നവരാണെന്നും പുസ്തകത്തില്‍ പറയുന്നു.

Tags:    

Similar News