കുളത്തുപ്പുഴയില്‍ നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി കുതിച്ച കെഎസ്ആര്‍ടിസി ബസ്; ഇടയ്ക്ക് അമ്മയോടൊപ്പം 'നടു' വയ്യാതെ കയറിയ യുവതിയുടെ നിലവിളി; വേദന കൊണ്ട് ഒന്ന് അനങ്ങാന്‍ പറ്റാത്ത അവസ്ഥ; ഞൊടിയിടയില്‍ വളയം പിടിച്ച് ആക്‌സിലറേറ്റര്‍ ആഞ്ഞ് ചവിട്ടി ഡ്രൈവര്‍ ചേട്ടന്‍; കൂടെ നിന്ന് കണ്ടക്ടറും; ഒരു ജീവന് കരുതലാകുന്ന കാഴ്ച; തിരുവനന്തപുരം ആയുര്‍വേദ കോളേജിലേക്ക് ബസ് ഓടിയെത്തിയപ്പോള്‍
തിരുവനന്തപുരം: യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി ബസിലെ ജീവനക്കാർ. രാവിലെ യാത്രക്കാരുമായി പോകവേ ആയിരിന്നു സംഭവം നടന്നത്. ബസ് കുളത്തുപ്പുഴയിൽ നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി കുതിക്കവേ ഏകദേശം കരേറ്റ് ഭാഗത്ത് നിന്ന് കയറിയ യാത്രക്കാരിയുടെ ആരോഗ്യ നിലയാണ് വഷളായത്. ഇവർ അമ്മയോടൊപ്പം 'നടു' വേദന ചികിത്സയുമായി ബന്ധപ്പെട്ട തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജിലേക്ക് വരുകയായിരുന്നു. അന്നേരമാണ് ബസിനുള്ളിൽ വച്ച് തന്നെ ആരോഗ്യ നില വഷളായത്.
നടു വേദന കൊണ്ട് സീറ്റിൽ നിന്ന് ഒന്ന് അനങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഉടനെ തന്നെ അതിവേഗം ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാരും കൂടെനിന്നു. അങ്ങനെ ബേക്കറി ജംഗ്ക്ഷനിൽ ഇറങ്ങാൻ ഉള്ളവരെയും എസ്എംവി സ്‌കൂൾ പരിസരത്ത് ഇറങ്ങാൻ ഉള്ളവരെയും പാളയത്ത് ഇറക്കി. ബസ് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.
യാത്രക്കാർപോലും സഹകരിച്ച് ഒപ്പംകൂടി. ബസിൽ നിന്ന് യുവതിയെ സ്‌ട്രെച്ചറിലാണ് ആശുപത്രിക്കുള്ളിൽ കയറ്റിയത്. ബസിലെ ജീവനക്കാരായ ഡ്രൈവർ മുകുന്ദനുണ്ണിയുടെയും കണ്ടക്ടർ ഫൈസലിന്റെയും അവസരോചിത ഇടപെടലാണ് യുവതിക്ക് രക്ഷയായത്. ഡ്യൂട്ടിക്കിടയിലെ അർപ്പണബോധത്തിന്റെ ഈ പ്രവർത്തിയിൽ ജീവനക്കാർ അഭിനന്ദനം അർഹിക്കുന്നു.
അതേസമയം, കേരളത്തിൻ്റെ പൊതുഗതാഗത രംഗത്തെ നെടുംതൂണായ കെഎസ്ആർടിസി ജീവനക്കാർക്ക് യാത്രക്കാരുടെയും പൊതുസമൂഹത്തിൻ്റെയും ഭാഗത്തുനിന്ന് നിരന്തരം അഭിനന്ദനങ്ങൾ ലഭിക്കാറുണ്ട്. ജീവനക്കാരുടെ സേവനത്തിലെ മികവും മാതൃകാപരമായ പെരുമാറ്റവുമാണ് ഇതിന് പ്രധാന കാരണം.
തിരക്കിനിടയിലും യാത്രക്കാരോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. കുട്ടികളോടും പ്രായമായവരോടും രോഗികളോടും ചില കണ്ടക്ടർമാർ കാണിക്കുന്ന പ്രത്യേക കരുതൽ വ്യാപകമായി പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
അതുപോലെ, യാത്രക്കാർക്ക് ബസ്സിൽ വെച്ച് നഷ്ടപ്പെട്ടുപോകുന്ന പണം, സ്വർണ്ണം, വിലപിടിപ്പുള്ള രേഖകൾ തുടങ്ങിയവ കൃത്യമായി തിരികെ ഏൽപ്പിച്ച് സത്യസന്ധതയുടെ മാതൃക കാട്ടുന്ന നിരവധി ഡ്രൈവർമാരും കണ്ടക്ടർമാരും കെഎസ്ആർടിസിയിലുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ പോലും ഡ്യൂട്ടിയിൽ വീഴ്ച വരുത്താതെ, സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിലെ അവരുടെ അർപ്പണബോധം ഏറെ അഭിനന്ദനം അർഹിക്കുന്നു.
പൊതുജനങ്ങളുടെ ഈ പ്രശംസകൾ, കെഎസ്ആർടിസി എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ജീവനക്കാർക്ക് കൂടുതൽ പ്രചോദനമാവുകയും ചെയ്യുന്നു.
