ഫാ ജോഷി പുതുവയ്ക്ക് താക്കോല്‍ സ്ഥാനം നല്‍കിയത് എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം രൂക്ഷമാക്കും; കൂരിയ പുനസംഘടനയില്‍ പിടി മുറുക്കി ഏകീകൃത കുര്‍ബാനാ വിഭാഗം; ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ പ്രകോപിതര്‍
കൊച്ചി: ഒരിടവേളയ്ക്കു ശേഷം വീണ്ടും പുകഞ്ഞ് എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം. അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ മുഖ്യ ആരോപണവിധേയരില്‍ ഒരാളായിരുന്ന ഫാ. ജോഷി പുതുവയെ സുപ്രധാന പദവിനല്‍കി അതിരൂപത ആസ്ഥാനത്തേക്കു തിരികെക്കൊണ്ടുവരുന്നതു വഴി എതിര്‍പക്ഷത്തിനു ശക്തമായ സന്ദേശം നല്‍കുകയാണ് സഭാനേതൃത്വം.
വൈദിക വിദ്യാര്‍ഥികള്‍ക്ക് പട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജനാഭിമുഖ കുര്‍ബാനാനുകൂലികളോട് അനുഭാവം പ്രകടിപ്പിക്കുന്ന കൂരിയ അംഗങ്ങളെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ പുറത്താക്കി. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ഭൂമി ഇടപാട് ആരോപണങ്ങളില്‍ തെളിവു നശിപ്പിക്കാനാണ് കൂരിയ പുനസംഘടനയെന്ന് വിമത വിഭാഗം ആരോപിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലെത്തി. ഫാദര്‍ ജോഷി പുതുവ ഉള്‍പ്പെടെയുളളവര്‍ക്ക് അതിരൂപത ഭരണസമിതിയായ കൂരിയയില്‍ നിര്‍ണായക ചുമതലകള്‍ നല്‍കിക്കൊണ്ടാണ് പുനസംഘടന. കെസിബിസിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ ജേക്കബ് ജി പാലക്കാപ്പിളളിയാണ് പുതിയ വികാരി ജനറല്‍.
വൈദിക പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വൈദിക പട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സിറോ മലബാര്‍ സഭയില്‍ വീണ്ടും ഭിന്നതയ്ക്ക് വഴി തുറന്നത്. ഏകീകൃത കുര്‍ബാന മാത്രമേ ചൊല്ലൂ എന്ന സമ്മതപത്രം നല്‍കണമെന്ന് വൈദിക വിദ്യാര്‍ഥികളോട് സഭ നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. കൂരിയ പുനസംഘടനയിലെ അതൃപ്തി അറിയിക്കാന്‍ ബിഷപ് ഹൗസിലെത്തിയ വിമത വിഭാഗം വൈദികരോടും വിശ്വാസികളോടും സംസാരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തയാറായില്ല. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ബിഷപ് ഹൗസ്. എന്നാല്‍ കൂടുതല്‍ വിശ്വാസികളെ അണിനിരത്തി കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുളള തീരുമാനത്തിലാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വിശ്വാസികള്‍. ഇതോടെ സഭാവിവാദം ക്ലൈമാക്‌സിലെത്തിയിരിക്കുകയാണ്. വിഷയം വീണ്ടും തെരുവിലെത്താനും സാധ്യതയുണ്ട്.
അതിരൂപതയുടെ ഭൂമിവിവാദം അന്വേഷിച്ച വിവിധ കമ്മിഷനുകള്‍ അന്നു പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) ആയിരുന്ന ഫാ. പുതുവയുടെ നടപടികളെ കുറ്റപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ തന്നെ കൂടുതല്‍ ഉയര്‍ന്നതെന്നു വിശേഷിപ്പിക്കാവുന്ന ചാന്‍സലര്‍ തസ്തികയില്‍ നിയമിച്ചാണ് ഓദ്യോഗിക പക്ഷം നിലപാട് കടുപ്പിക്കുന്നത്. അതിരൂപത അപ്പൊസ്‌തൊലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഏതാനും ദിവസംമുന്‍പ് അരമന വിട്ടുപോയിരുന്നു. അദ്ദേഹത്തിന്റെ പല നിര്‍ദേശങ്ങളും നടപ്പാക്കാനുള്ള പ്രായോഗിക അസൗകര്യം കൂരിയ (അതിരൂപത ഭരണസമിതി) അറിയിച്ചിരുന്നു. അപ്പോള്‍ത്തന്നെ കൂരിയ പുനഃസംഘടിപ്പിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, ഫാ. പുതുവയുടെ തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല.
അതിരൂപതയിലെ എല്ലാത്തരം രേഖകളിലും ഇടപെടാന്‍ കഴിയുന്ന നിര്‍ണായക തസ്തികയാണ് ചാന്‍സലര്‍. ഭൂമിയിടപാടു സംബന്ധിച്ച കോടതി നടപടികള്‍ നടക്കവേ, കേസില്‍ മുഖ്യ ആരോപണവിധേയനായ ഫാ. പുതുവയെ ചാന്‍സലറായി നിയമിച്ചത് വിവാദമാകും. സിനഡ് നിര്‍ദേശിച്ച കുര്‍ബാനയെ അംഗീകരിക്കുന്ന വൈദികരെയാണ് പുതുതായി കൂരിയയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കേയാണ് വികാരി ജനറാളായി (പ്രോട്ടോസിഞ്ചല്ലൂസ്) ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളിയെ നിയമിച്ചത്. അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസറായി നിയമിക്കപ്പെട്ട ഫാ. സൈമണ്‍ പള്ളുപെട്ട തോപ്പില്‍ പള്ളി വികാരിയാണ്.
പ്രൊക്യുറേറ്ററെ നിയമിക്കണമെങ്കില്‍ വൈദികരുടെ ആലോചനാസമിതിയിലും ഫിനാന്‍സ് കൗണ്‍സിലിലും ചര്‍ച്ച ചെയ്യണമെന്നാണു വ്യവസ്ഥ. അതുകൊണ്ടാവും തത്കാലം അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസര്‍ തസ്തിക നല്‍കിയതെന്നു പറയുന്നു. നടപടിക്രമം പൂര്‍ത്തിയാക്കി ഇദ്ദേഹത്തെ പ്രൊക്യുറേറ്ററായി നിയമിക്കാനാണ് സാധ്യത. ഫാ. പുതുവയെ സുപ്രധാന സ്ഥാനത്ത് നിയമിച്ചത് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്ന വിമതരുമുണ്ട്. നിയമനം ദുരുദ്ദേശ്യപരമാണെന്ന് ചൂണ്ടിക്കാട്ടാനായാല്‍ കോടതിയില്‍ അനുകൂല ഘടകമായി മാറുമെന്നാണ് അവരുടെ പ്രതീക്ഷ. സീറോ മലബാര്‍ സഭ ഭരണസംവിധാനത്തില്‍ നിന്ന് പുറത്തുവന്ന് മാര്‍പ്പാപ്പയുടെ കീഴില്‍ സ്വതന്ത്ര സഭയായി മുന്നോട്ടു പോകണമെന്ന് എറണാകുളം അങ്കമാലി അതിരൂപത അല്‍മായ മുന്നേറ്റം പ്രവര്‍ത്തകര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് (ഡീക്കന്മാര്‍) വൈദികപദവി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്‍ക്കവും രൂക്ഷമായി തുടരുകയാണ്. പലവിധത്തിലും സീറോ മലബാര്‍ സഭയില്‍ പ്രതിസന്ധി കനക്കുകയാണ്. വിമത വിഭാഗത്തിനെതിരെ അന്തിമ നടപടി പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത സിനഡിലും തര്‍ക്കം ഉണ്ടായി. തര്‍ക്കം മുറുകിയതോടെ ഏകാഭിപ്രയത്തില്‍ എത്താന്‍ സിനഡിന് കഴിഞ്ഞില്ല. വൈദികര്‍ക്കെതിരായ നടപടികള്‍ക്കായി സഭാ കോടതി സ്ഥാപിക്കുക, അതിരൂപത കൂരിയ പുനഃസംഘടിപ്പിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ വത്തിക്കാന്റെ ഇടപെടല്‍ നിര്‍ണായകമാണ് .