ജിദ്ദയില്‍ താമസിക്കുമ്പോള്‍ ജെസിക്ക് കിട്ടിയ പെന്‍ഡ്രൈവില്‍ സാം മറ്റ് പല സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുണ്ടായിരുന്നു; പലപ്പോഴും അവരില്‍ പലരും വീട്ടില്‍ വരാറുണ്ടായിരുന്നു; മക്കള്‍ നോക്കി നില്‍ക്കെ ലോക്ക് കൊണ്ട് തലയ്ക്കടിച്ചപ്പോള്‍ നാലുമാസം ആരെയും തിരിച്ചറിയാതെ ജെസി ആശുപത്രിയില്‍ കിടന്നു; ഇളയ മകന്റെ വെളിപ്പെടുത്തലുകള്‍

ഇളയ മകന്റെ വെളിപ്പെടുത്തലുകള്‍

Update: 2025-10-05 12:21 GMT

കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊക്കയില്‍ തള്ളിയ കേസില്‍ വെളിപ്പെടുത്തലുമായി ഇളയ മകന്‍ സാന്റോ. ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ നിന്നാണ് ജെസിയുടെ (58) മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് സാം കെ ജോര്‍ജിന് (60) മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെ ജെസി എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് ഏകദേശം 50 അടി താഴ്ചയിലാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇളയ മകന്റെ വെളിപ്പെടുത്തല്‍

കൊല്ലപ്പെട്ട ജെസിയുടെ ഇളയ മകന്‍ സാന്റോയുടെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 'അയാളുടെ (സാം) ഒറ്റയടിക്ക് അമ്മയുടെ തലയില്‍ 14 തുന്നലുള്ള മുറിവുണ്ടായി. അമ്മ ബോധംകെട്ടു വീണു. മക്കളായ ഞങ്ങളെപ്പോലും തിരിച്ചറിയാനാകാതെ 4 മാസം അമ്മ ആശുപത്രിയില്‍ കഴിഞ്ഞു', സാന്റോ പറഞ്ഞു.

സാന്റോയുടെ ഓര്‍മ്മകളില്‍, വളരെ ചെറുപ്പത്തില്‍ തന്നെ കുടുംബത്തില്‍ ഇത്തരം അതിക്രമങ്ങള്‍ നടന്നിരുന്നു. തനിക്ക് ഏകദേശം 8 വയസ്സുള്ളപ്പോള്‍, ജിദ്ദയില്‍ താമസിക്കുമ്പോള്‍ ജെസിക്ക് ഒരു പെന്‍ഡ്രൈവ് ലഭിച്ചു. അതില്‍ ഭര്‍ത്താവ് സാം മറ്റ് പല സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുണ്ടായിരുന്നു. പലപ്പോഴും അവരില്‍ പലരും വീട്ടില്‍ വരാറുണ്ടായിരുന്നു. ഒരിക്കല്‍, മക്കള്‍ നോക്കി നില്‍ക്കെ സാം ജെസിയെ മുറിയിലേക്ക് തള്ളിയിട്ടു. വാതില്‍ വലിച്ചടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വാതിലിന്റെ കൈപ്പിടിയും ലോക്കും ഊരിപ്പോന്നു. അതുകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു. വലിയ മുറിവുണ്ടായി. കുളിമുറിയില്‍ വീണ് പരുക്കേറ്റതെന്നാണ് അയാള്‍ ആശുപത്രിയില്‍ പറഞ്ഞത്. അമ്മയോട് അന്ന് മാപ്പ് പറയുകയും ചെയ്തു. ഈ സംഭവങ്ങള്‍ കാരണം മക്കളായ തങ്ങള്‍ക്ക് കുടുംബജീവിതത്തോടു തന്നെ എതിര്‍പ്പുതോന്നിയെന്നും സാന്റോ പറഞ്ഞു.

നിരന്തരം പീഡനം

കാലക്രമേണ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുവന്നു. ജെസിയുടെ കൈകള്‍ കെട്ടി മുറിയിലിട്ട് പൂട്ടുന്നത് പതിവായിരുന്നു. മക്കള്‍ വളര്‍ന്നപ്പോള്‍ പേടിച്ചിട്ടാകാം സാം ഉപദ്രവിക്കുന്നത് കുറച്ചു. ജെസി തനിച്ചാവാതിരിക്കാനായി സാന്റോ നാട്ടില്‍ തന്നെ തുടര്‍ന്നു. പഠനം കഴിഞ്ഞിട്ടും ഗള്‍ഫില്‍ ജോലിക്ക് പോകാന്‍ മടിച്ചത് ഇതിനാലാണ്. എല്ലാവരും കൂടി നിര്‍ബന്ധിച്ചാണ് ദുബായിക്ക് പോയത്. 'അപ്പോഴാണ് അമ്മയെ...' സാന്റോ ദുഃഖത്തോടെ പറഞ്ഞു.

വര്‍ഷങ്ങളായി സാം മക്കളുമായി അകല്‍ച്ചയിലായിരുന്നുവെന്ന് ജെസിയുടെ ബന്ധുക്കള്‍ പറയുന്നു. മക്കള്‍ വിളിച്ചാല്‍ പോലും ഫോണ്‍ കട്ട് ചെയ്യുന്ന പ്രകൃതമായിരുന്നു സാമിന്. ജെസി തന്റെ എല്ലാ കാര്യങ്ങളും മക്കളെ അറിയിക്കുമായിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസവും ജെസി മക്കളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ഓര്‍ത്തെടുക്കുന്നു.

കൊലപാതകത്തിന് ശേഷം മൈസൂരിലേക്ക് കടന്ന പ്രതിയായ സാം, പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അവിടെ വെച്ചാണ് അറസ്റ്റിലായത്.

Tags:    

Similar News