മുസ്ലീം പള്ളി പൊളിച്ച് മുത്രപ്പുരയും ബാറുമാക്കുന്നു; തൊഴിലിടങ്ങളില്‍ റംസാന്‍ നോമ്പിനും നിസ്‌ക്കാരത്തിനും വിലക്ക്; ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് കുരിശ് നീക്കം ചെയ്യണം; യേശുവിന് പകരം ഷീ ജിന്‍ പിങ്ങിന്റെ ചിത്രം വെക്കണം; മതപീഡനത്തില്‍ റെക്കോര്‍ഡിട്ട് 'ചങ്കിലെ ചൈന'!
മതപീഡനത്തില്‍ റെക്കോര്‍ഡിട്ട് 'ചങ്കിലെ ചൈന'!
'14 ചതുരശ്ര മീറ്റര്‍ മാത്രമുള്ള ഒരു ചെറിയ സെല്ലില്‍ 30-ലധികം സ്ത്രീകള്‍ക്കൊപ്പമാണ് എന്നെ പാര്‍പ്പിച്ചിരുന്നത്. ഉറങ്ങാന്‍ പോലും സ്ഥലമില്ലാത്തതിനാല്‍ ഊഴം വെച്ചാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത്. തടവിലാക്കപ്പെട്ട സമയമത്രയും കാലുകളില്‍ അഞ്ച് കിലോ ഭാരമുള്ള ചങ്ങലകള്‍ ധരിച്ചിരുന്നു. കുറ്റം സമ്മതിക്കാന്‍ വിസമ്മതിച്ചപ്പോള്‍ മരത്തടികള്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. ആ തടവുകാരില്‍ ഏറെയും ഉയിഗൂരികളായിരുന്നു. അവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ പന്നിയിറച്ചി കലര്‍ത്തിയിരുന്നതായിരുന്നു. അത് കഴിക്കാന്‍ വിസമ്മതിക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. തടങ്കലില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അജ്ഞാതമായ കുത്തിവെയ്പ്പുകളും മരുന്നുകളും നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പല സ്ത്രീകളുടെയും ആര്‍ത്തവചക്രം നിലച്ചു. തടങ്കലില്‍ ഉള്ള ഉയിഗൂര്‍ യുവതികളെ അര്‍ദ്ധരാത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാറുണ്ട്. അവരില്‍ പലരും പിന്നീട് മടങ്ങിവരാറില്ല''- ഉയിഗൂരി വംശജായായി ജനിച്ചുപോയി എന്ന ഒറ്റക്കുറ്റത്തിന് ചൈന ക്രൂരമായി തടവിലിട്ട് പീഡിപ്പിച്ച, ഗുല്‍ബഹാര്‍ ജലിലോവ എഴുയിയ, 'വാട്ട് ഹാപ്പന്‍ഡ് ടു മി: വണ്‍ ഉയിഗൂര്‍ വുമണ്‍സ് 'ടെസ്റ്റിമോണി' എന്ന പുസ്തകത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളുള്ളത്.
ഗുല്‍ബഹാര്‍ ജലിലോവ ഒരു ഉയിഗൂര്‍ വംശജയാണെങ്കിലും, അവര്‍ ജനിച്ചതും വളര്‍ന്നതും കസാക്കിസ്ഥാനിലാണ്. കസാക്കിലെ ഉയിഗൂര്‍ വംശജരുടെ കുടുംബത്തിലാണ് അവര്‍ ജനിച്ചത്. അവരുടെ പൗരത്വം ആ നാടിന്റെതാണ്. 2017-ല്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി ചൈനയിലെ ഉറുംഖിയില്‍ എത്തിയപ്പോഴാണ് ചൈനീസ് അധികൃതര്‍ അവരെ പിടികൂടുന്നത്. തുടര്‍ന്ന് കസാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി. ഗുല്‍ബഹാര്‍ ഒരു ചൈനീസ് ഉയിഗൂര്‍ ആണെന്ന് അവരുടെ കണ്ടെത്തല്‍. ഇത് പ്രകാരം പുതിയ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി അവരെ തടങ്കലിലാക്കി.
വിദേശ പൗരത്വമുള്ള വ്യക്തിയായതിനാലും, കുടുംബം കസാക്കിസ്ഥാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാലുമാണ് 15 മാസത്തെ തടവിന് ശേഷം അവര്‍ക്ക് മോചനം സാധ്യമായത്. തടങ്കല്‍ പാളയങ്ങളില്‍ വെച്ച് സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, വന്ധ്യംകരണം എന്നിവയെക്കുറിച്ചുമെല്ലാം ലോകമനസാക്ഷിയെ ഉണര്‍ത്താന്‍ ജലിലോവക്ക് കഴിഞ്ഞു. ഇത് ഒരു വെളിപ്പെടുത്തല്‍ മാത്രം. അതിനുശേഷം എത്രയോ ഡോക്യൂമെന്റികളും അതിജീവിതരുടെ അനുഭവങ്ങളുമൊക്കെ വാര്‍ത്തയായി. എന്നിട്ടും ഉയിഗൂരികളുടെ ജീവതത്തില്‍ എന്തെങ്കിലും മാറ്റം വന്നുവോ?
ലോകത്തിലെ ഏറ്റവും ഭാഗ്യം കെട്ട ജനതയായി അവര്‍ തുടരുന്നു. ഈ റംസാന്‍ നോമ്പുകാലത്തും, നോമ്പെടുക്കുന്നതില്‍ പോലും ചൈന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ ചെയ്യുന്നത് കമ്യൂണിസ്റ്റ് ചൈനയായതുകൊണ്ട് കേരളത്തിലും യാതൊരു പ്രതിഷേധവുമില്ല!
മതപീഡനം വര്‍ധിക്കുന്ന ചൈന
ചൈനയില്‍ മനുഷ്യാവകാശ ലംഘനങ്ങളും മതവിശ്വാസത്തിന്റെ പേരിലുള്ള പീഡനങ്ങളും അതിരൂക്ഷമായി വര്‍ദ്ധിച്ചുവരികയാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ എക്‌സിക്യൂട്ടീവ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പശ്ചിമ ചൈനയില്‍ 10 ലക്ഷത്തിലേറെ ഉയിഗൂര്‍ വംശജരായ മുസ്ലിങ്ങളേയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളേയും കൂട്ടത്തോടെ രാഷ്ട്രീയ പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളില്‍ അടച്ചിരിക്കയാണ്. വംശീയ ന്യൂനപക്ഷങ്ങളെ മതവിശ്വാസത്തിന്റേയും സാമൂഹിക ആചാരങ്ങളുടേയും പേരില്‍ അന്യായമായി തടഞ്ഞുവയ്ക്കുന്ന ഇത്രയും വലിയ തടങ്കല്‍പ്പാളയങ്ങള്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റെങ്ങുമുണ്ടായിട്ടില്ല.
ഷി ജിന്‍പിങ് അധികാരത്തിലെത്തിയശേഷം രാജ്യത്ത് ഭരണത്തിലും സമൂഹത്തിലും ബിസിനസിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണം വര്‍ദ്ധിച്ചിരിക്കയാണ്. ചൈനീസ് സംസ്‌കാരത്തോട് അനുരൂപപ്പെടുത്തുക എന്ന നയത്തിന്റെ പേരില്‍ ഭരണഘടനയ്ക്കും രാജ്യാന്തര നിയമങ്ങള്‍ക്കും വിരുദ്ധമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ആസൂത്രിതമായും വ്യാപകമായും മതസ്വാതന്ത്ര്യത്തിനും വിശ്വാസ ആചാരങ്ങള്‍ക്കുമെതിരെ കര്‍ശന നിയന്ത്രണവ്യവസ്ഥകള്‍ നടപ്പാക്കുന്നു. കര്‍ശനമായ ചീനവത്ക്കരണമാണ് ഇവിടെ നടക്കുന്നത്.
ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ മതപീഡനം നടക്കുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ അതിന് കമ്യുണിസ്റ്റ് ചൈന എന്നുതന്നെയാവും ഉത്തരം. കമ്യൂണിസ്റ്റ് പീഡനങ്ങള്‍ ഭയന്ന് കൈസ്ര്തവര്‍ അടക്കമുള്ള ഒരു പാട് മതപ്രചാരകര്‍ ഇവിടെ നിന്ന് നാടുവിട്ടിട്ടുണ്ട്. 2023-ല്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തില്‍ നിന്നും അറുപത്തിമൂന്നു ചൈനീസ് ക്രൈസ്തവരെ രക്ഷിച്ച കഥ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍.എഫ്.ഐ) പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. ഷെന്‍സെന്‍ ഹോളി റിഫോംഡ് സമൂഹം എന്നാണ് ഇവര്‍ അറിയപ്പെട്ടത്.
ചൈനീസ് ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ തെക്കന്‍ ചൈനീസ് നഗരമായ ഷെന്‍സെനില്‍ നിന്നും 2019-ലാണ് ഈ ക്രൈസ്തവര്‍ പലായനം ചെയ്യുന്നത്. തെക്കന്‍ കൊറിയയിലെ ജേജൂ നഗരത്തിലാണ് ഇവര്‍ ആദ്യം അഭയം തേടിയത്. ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നു അവിടെ തുടരുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതിനാല്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ തായ് ലാന്‍ഡില്‍ എത്തി. ഐക്യരാഷ്ട്രസഭയുടെയും, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും നയതന്ത്ര ചാനലുകള്‍ വഴി അമേരിക്കയിലേക്ക് കുടിയേറുന്നതിനുള്ള ശ്രമങ്ങളും ഇതിനിടയില്‍ നടത്തി വരുന്നുണ്ടായിരുന്നു. കുടിയേറ്റ നിയമ ലംഘനത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തായ് അധികാരികള്‍ ഈ കുടുംബങ്ങളെ അറസ്റ്റ് ചെയ്യുകയും ഇവരുടെ യാത്രാരേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഇതിനിടെ ചൈനീസ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം കാരണം തായ് അധികാരികള്‍ ഇവരെ തടവിലാക്കുകയും, പിഴ വിധിക്കുകയും, ചൈനയിലേക്ക് നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈനയിലേക്ക് നാടുകടത്തപ്പെട്ടാല്‍ ഇവര്‍ കൊല്ലപ്പെടുവാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരിന്നു. മൈക്കേല്‍ മക്കോള്‍ പോലെയുള്ള പ്രമുഖ കോണ്‍ഗ്രസ് അംഗങ്ങളും, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തായ് അധികാരികളുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് ചൈനയിലേക്ക് നാടുകടത്തുന്നതിന് മുന്‍പ് തന്നെ ഇവരെ അമേരിക്കയിലെത്തിക്കുവാന്‍ കഴിഞ്ഞത്.2023 ഏപ്രില്‍ 5-ന് ഇവര്‍ അമേരിക്കയിലെ ഡാളസില്‍ സുരക്ഷിതമായി എത്തിയപ്പോള്‍, ട്രിംബിള്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അംബാസഡര്‍ റാഷദ് ഹുസൈന്‍ എന്നിവരടങ്ങുന്ന സംഘം ഇവരെ സ്വീകരിക്കുവാന്‍ എത്തിയിരുന്നു. പ്രദേശത്തെ ചില വീടുകളിലാണ് ഇവരെ പുനരധിവസിപ്പിച്ചിരിക്കുന്നത്.
അതുപോലെ ദലൈലാമയോടുള്ള ചൈനയുടെ തീരാപ്പകയും കുപ്രസിദ്ധമാണ്. ഇന്ത്യയിലേക്കു പലായനം ചെയ്യേണ്ടിവന്ന തിബറ്റിലെ ബുദ്ധമതക്കാരുടെ ആധ്യാത്മിക പരമാചാര്യനും ഭരണാധികാരിയുമായ ദലൈ ലാമയുടെ അനുയായികള്‍ക്ക് ബെയ്ജിങ് ഭരണകൂടം ഇപ്പോഴും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിബറ്റിലെ ജീവിച്ചിരിക്കുന്ന ബുദ്ധന്മാരെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ചൈന. ഇന്നും അവിടെ രണ്ടാം തരം പൗരന്‍മാരായും പേടിച്ചുമാണ് അവര്‍ കഴിയുന്നത്.
പള്ളി പൊളിച്ച് മൂത്രപ്പുരയാക്കുന്നു!
പക്ഷേ ചൈനയിലെ ഏറ്റവുംവലിയ മത പീഡനം ഏറ്റുവാങ്ങുന്നത്, ഉയുഗൂരികള്‍ എന്ന് അറിയപ്പെടുന്ന മുസ്ലീങ്ങളാണ്. കമ്യൂണിസ്റ്റ് ചൈനയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന സിന്‍ജിയാങ് പ്രവിശ്യയില്‍, അടിമകളെപ്പോലെ ജീവിക്കുന്നവരാണ് ഇവര്‍. ഇക്കൂട്ടര്‍ മതം ഉപേക്ഷിച്ച് ദേശീയവാദികള്‍ ആകണം എന്നാണ് ചൈന ആഗ്രഹിക്കുന്നത്. അതിനായി 30 ലക്ഷത്തോളം വരുന്ന ഉയിഗൂര്‍ മുസ്ലീങ്ങളെ 'തുറന്ന തടവറകളില്‍' അടച്ചിരിക്കയാണ് ചൈന. അതായത് ഈ മേഖലയിലെ ഓരോ മുക്കിലും മൂലയിലും ഭരണകൂടത്തിന്റെ കണ്ണുണ്ട്. ഹാന്‍ വംശജരെ ഇങ്ങോട്ട് വ്യാപകമായി കുടിയേറിപ്പാര്‍പ്പിക്കുന്നുമുണ്ട്. 2017 മുതല്‍ക്ക് തന്നെ പ്രദേശവാസികളായ ഏകദേശം പതിനെട്ടു ലക്ഷത്തോളം പേരെ റീ-എജുക്കേഷന്‍ ക്യാമ്പുകളില്‍ നിര്‍ബന്ധിച്ച് പിടിച്ചടച്ചുകൊണ്ട് വ്യക്തിപരമായ റെക്റ്റിഫിക്കേഷന്‍ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്.
എന്നാല്‍ ഇത് തുറന്ന തടവറയല്ല, രാഷ്ട്ര പുനര്‍ നിര്‍മ്മാണ കേന്ദ്രങ്ങളാണെന്നാണ് ആ കമ്യുണിസ്റ്റ് രാജ്യം പറയുന്നത്. അവിടെ എങ്ങനെ ഒരു നല്ല പൗരനാകാം എന്നാണത്രേ ചൈന ഇവരെ പഠിപ്പിക്കുന്നത്. പുരുഷന്മാര്‍ ജയിലിലായ ഉയിഗുര്‍ വീടുകളിലേക്ക് ഇപ്പോള്‍ 'ബന്ധു സഖാക്കള്‍' എന്ന പേരിലാണ് ചൈന ആളുകളെ കയറ്റിവിടുന്നത്. സമ്മതമില്ലാതെ വീടുകളില്‍ എത്തുന്ന ഈ അതിഥികള്‍ ഉയിഗൂരികള്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും താമസിക്കും. എല്ലാകാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യും. ചൈനീസ് ഭാഷയടക്കം പുതിയ കാര്യങ്ങള്‍ പഠിപ്പിക്കും.
അസ്വഭാവികമായ എന്തു കണ്ടാലും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ബന്ധു സഖാക്കള്‍ക്ക് നിര്‍ദ്ദേശം കിട്ടിയത്. ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാന്‍ പ്രേരിപ്പിക്കണം, താടിയില്ലാത്തയാള്‍ പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാള്‍ പെട്ടെന്ന് നിര്‍ത്തിയാലുമൊക്കെ റിപ്പോര്‍ട്ട് ചെയ്യണം, സുന്നത്തുകല്യാണങ്ങളില്‍, പേരിടല്‍ ചടങ്ങുകളില്‍, ജനന- മരണങ്ങള്‍ തുടങ്ങിയവയിലൊക്കെ സജീവമാവണം, മിശ്രവിവാഹങ്ങള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കണം തുടങ്ങിയവയാണ് ഇവര്‍ക്ക് നല്‍കിയ മറ്റ് നിര്‍ദ്ദേശങ്ങള്‍.
2020-ല്‍ ഉയിഗൂര്‍ മുസ്ലീങ്ങളുടെ പള്ളിപൊളിച്ച് മൂത്രപ്പുരയാക്കിയതും, ചിലത് മദ്യവും സിഗരറ്റും വില്‍ക്കുന്ന ബാര്‍ ആക്കിയതും, ഖബറുകളിലെ അസ്ഥികള്‍ വരെ മാന്തിയെടുത്തതും, വലിയ വാര്‍ത്തയായിരുന്നു. പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയിഗൂര്‍ ജമാ മസ്ജിദ് ഇടിച്ച് പൊളിച്ച് മൂത്രപ്പുരയാക്കിയത്. ഇടിച്ചുപൊളിക്കും മുമ്പ് പള്ളി കയ്യേറി പാര്‍ട്ടിക്കൊടിയും നാട്ടിയിരുന്നു. മുന്‍ വശത്ത് 'രാജ്യത്തെ സ്നേഹിക്കുക, പാര്‍ട്ടിയെ സ്നേഹിക്കുക' എന്നെഴുതിയ വലിയൊരു ബോര്‍ഡും സ്ഥാപിച്ചു. അവിടെ മറ്റൊരു പള്ളി പൊളിച്ച്, ഇസ്ലാമിന് ഹറാമായ മദ്യവും സിഗരറ്റുമൊക്കെ വില്‍ക്കുന്ന സ്റ്റോര്‍ ആക്കിയും മാറ്റിയിരുന്നു. ഉയിഗൂര്‍ മുസ്ലീങ്ങളുടെ മനോബലം തകര്‍ക്കാനും, അവരെ അവരുടെ വിശ്വാസപ്രമാണങ്ങളില്‍ നിന്ന് നിര്‍ബന്ധിതമായി അടര്‍ത്തിമാറ്റി, ഹാന്‍ വംശീയസ്വത്വത്തിലേക്കും, മുഖ്യധാരാ ചൈനീസ് ദേശീയതയിലേക്കും ഇണക്കിച്ചേര്‍ക്കാനുമുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.
അതിനുശേഷം പതിനേഴാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ മുസ്ലീം പള്ളി തകര്‍ത്തു. വടക്കുപടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലെ ലാന്‍ഷൗ സിഗ്വാന്‍ മസ്ജിദാണ് അധികൃതര്‍ പൊളിച്ചത്. അതിന്റെ അറബി ശൈലിയിലുള്ള ഘടനയെ ചൈനീസ് സ്വഭാവസവിശേഷതകള്‍ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ മസ്ജിദ് പൂര്‍ണ്ണമായും പൊളിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വേണ്ടജ നിലകൊള്ളുന്ന വെബ്സൈറ്റായ ബിറ്റര്‍ വിന്റര്‍ പറയുന്നു.മസ്ജിദ് ഇല്ലാതാക്കാനുള്ള പദ്ധതി പ്രാദേശിക മുസ്ലീങ്ങളില്‍ പ്രതിഷേധത്തിന് കാരണമായി. പലരെയും ബലപ്രയോഗത്തിലൂടെയാണ് ചൈന നേരിട്ടത്.
നിസ്‌ക്കാരവും നോമ്പും നിരോധിക്കുന്നു
ഉയിഗൂരികളുടെ പല തൊഴിലിടങ്ങളിലും റംസാന്‍ നോയ്മ്പും, നിസ്‌ക്കാരവുംവരെ സമയനഷ്ടത്തിന്റെ പേരുപറഞ്ഞ് ചൈന നിരോധിച്ചു. 2025-ലെ റംസാന്‍ കാലത്ത്, തങ്ങള്‍ നോമ്പ് നോല്‍ക്കുന്നില്ല എന്ന് തെളിയിക്കാന്‍ ഉയിഗൂര്‍ മുസ്ലീങ്ങളോട് പകല്‍ സമയത്ത് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോകള്‍ അധികൃതര്‍ക്ക് അയച്ചുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചതായി റേഡിയോ ഫ്രീ ഏഷ്യ (ആര്‍എഫ്എ) റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ നോമ്പ് നോല്‍ക്കുന്നത് ചൈനീസ് അധികൃതര്‍ വിലക്കിയിട്ടുണ്ട്. റംസാന്‍ സമയത്ത് ഭക്ഷണശാലകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വ്രതം തടയുന്നതിനായി ഉയിഗൂര്‍ മുസ്ലീങ്ങളെക്കൊണ്ട് പകല്‍ സമയങ്ങളില്‍ കഠിനമായ ജോലി ചെയ്യിക്കയാണ്. ഇതിന് പുറമെയാണ് വീടുകളിലെ പരിശോധന. ആരെങ്കിലും നോമ്പ് നോല്‍ക്കുന്നുണ്ടോ എന്ന് അധികൃതര്‍ നിരീക്ഷിക്കാറുണ്ട്. നോമ്പ് നോല്‍ക്കുന്നവര്‍ 'മതതീവ്രവാദികള്‍' എന്ന് മുദ്രകുത്തപ്പെട്ട് തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കപ്പെടുമെന്ന ഭീഷണിയുമുണ്ട്. അതെല്ലാം ഈ വര്‍ഷവും തുടരുകയാണ്.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുന്നു. മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും രാജ്യത്തെ സുരക്ഷയും ഐക്യവും മുന്‍നിര്‍ത്തിയുള്ള നടപടികള്‍ മാത്രമാണ് സ്വീകരിക്കുന്നതെന്നുമാണ് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. പക്ഷേ യഥാര്‍ത്ഥ്യം അതല്ലെന്ന് ചൈനയില്‍ നിന്ന് രക്ഷപ്പെട്ട്, യൂറോപ്പില്‍ അഭയം തേടിയ ഉയിഗൂര്‍ വംശജരും പറയുന്നുണ്ട്.
ഈ രീതിയിലുള്ള പീഡനങ്ങള്‍ ഉണ്ടായിട്ടും അറബ് ലോകം അടക്കമുള്ള ഇസ്ലാമിക ലോകം പോലും ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മൗനം പാലിക്കയാണ്. കാരണം ചൈനയുമായുള്ള വ്യാപാര - വ്യവസായ ബന്ധങ്ങള്‍ തന്നെ. ആകെ പ്രതികരിക്കുന്നത് പാശ്ചാത്യ മനുഷ്യാവകാശ സംഘടകള്‍ മാത്രമാണ്. പാക്കിസ്ഥാനോ ഇറാനോ പോലും ഇവര്‍ക്കുവേണ്ടി നിലകൊണ്ടിട്ടില്ല. കേരളത്തില്‍ നോക്കുക. റോഹീങ്ക്യന്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി വലിയ റാലികള്‍ നടന്ന ഇവിടെ, ഉയിഗൂര്‍ മുസ്ലീങ്ങളുടെ കാര്യം ആരും മിണ്ടാറില്ല.
കുരിശ് നീക്കം ചെയ്യണം
ചൈനയുടെ 3000 വര്‍ഷത്തെ ചരിത്രത്തില്‍ എന്നും വിവാദമായതാണ് മതങ്ങളോടുള്ള സമീപനം. ഇന്ന് ചൈനയിലെ മതം വൈവിധ്യമാര്‍ന്നതാണ്. മിക്ക ചൈനക്കാരും ഒന്നുകില്‍ മതവിശ്വാസികളല്ല അല്ലെങ്കില്‍ ബുദ്ധമതത്തിന്റെയും താവോയിസത്തിന്റെയും സംയോജനത്തോടെയുള്ള കണ്‍ഫ്യൂഷ്യസിന്റെ ദര്‍ശനങ്ങളും ചേര്‍ന്ന ലോകവീക്ഷണമോണ് അവരുടേത് എന്നാണ് പാറയുന്നത്. ഇതിനെ മൊത്തത്തില്‍ ചൈനീസ് നാടോടി മതം എന്ന് വിളിക്കാറ്. അവിടെ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ഔദ്യോഗികമായി നിരീശ്വര രാഷ്ട്രമാണ്. എന്നാല്‍ ഗവണ്‍മെന്റ്് ഔപചാരികമായി അഞ്ച് മതങ്ങളെ അംഗീകരിക്കുന്നു: ബുദ്ധമതം, താവോയിസം, ക്രിസ്തുമതം ( ഇതില്‍ കത്തോലിക്കയും, പ്രൊട്ടസ്റ്റന്റ് മതവും വെവ്വേറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു) ഇസ്ലാം എന്നിവിയാണ് അവ. പക്ഷേ മതങ്ങള്‍ പോലും ഇവിടെ പാര്‍ട്ടിക്ക് താഴെയാണ്. രാജ്യത്തെ എല്ലാ മതസ്ഥാപനങ്ങളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം അംഗീകരിക്കണം. ഒരു പ്രത്യേക തരം മതസ്വതന്ത്ര്യം തന്നെയാണ് ചൈനയിലുള്ളത്. കണ്‍ഫ്യൂഷ്യനിസവും താവോയിസവും പിന്നീട് ബുദ്ധമതം ചേര്‍ന്ന് ചൈനീസ് സംസ്‌കാരത്തെ രൂപപ്പെടുത്തിയ മൂന്ന് അധ്യാപനങ്ങള്‍ എന്നാണ് പറയുക.
പക്ഷേ ഈ ദര്‍ശനങ്ങളുടെ സഹിഷ്ണുതയൊന്നും കമ്യുണിസ്റ്റ് ഭരണകൂടത്തിന് തീരെയില്ലായിരുന്നു. മാവോയുടെ സാംസ്‌ക്കാരിക വിപ്ലവകാലം തൊട്ട്, മതപീഡനം രൂക്ഷമായി. പക്ഷേ മാവോയുടെ കാലത്തുനിന്ന് ചൈന ഏറെമാറി. അന്ന് ദശലക്ഷങ്ങള്‍ പട്ടിണി കിടന്ന് മരിച്ച രാജ്യം ഇന്ന് വളര്‍ച്ചാസൂചികളില്‍ മുന്നിലാണ്. മാവോയുടെ കമ്യൂണിസമല്ല, വിപണി തുറന്ന് കൊണ്ട് ഡെങ്് സിയാവോ പിങ് നടപ്പാക്കിയ റെഡ് ക്യാപിറ്റലിസമാണ് ചൈനയുടെ ഗതിമാറ്റിയത്. ഇന്ന് ആഗോള ക്യാപിറ്റലിസ്റ്റ് ഭീമനായ ചൈനക്ക് സോഷ്യലിസം എന്നത് ഒരു നൊസ്റ്റാള്‍ജിയ മാത്രമാണ്. പക്ഷേ ചൈനയില്‍ മാറാത്തതായി ഒന്നുണ്ട്. അതാണ് മതത്തോടുള്ള സമീപനം.
ഇപ്പോഴിതാ ക്രിസ്ത്യന്‍വംശജരും ചൈനയില്‍ വലിയ രീതിയിലുള്ള പീഡനങ്ങള്‍ക്ക് വിധേയമാവുകയാണ് എന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. 'ചൈനയിലെ പള്ളികളില്‍നിന്നു കുരിശുകള്‍ നീക്കം ചെയ്യണംമെന്നും ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം, പ്രസിഡന്റ് ഷീ ചിന്‍പിങിന്റെ ചിത്രം വെയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് വിവാദമാവുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. സര്‍ക്കാര്‍ മതഗ്രന്ഥങ്ങള്‍ സെന്‍സര്‍ ചെയ്യുകയാണെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം പ്രസംഗിക്കാന്‍ വൈദികരെ നിര്‍ബന്ധിക്കുകയും, പള്ളികളില്‍ മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണെന്നും അന്താഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ചിലയിടത്തൊക്കെ പള്ളികള്‍ സര്‍ക്കാര്‍ അടപ്പിച്ചതിനെത്തുടര്‍ന്ന് വീടുകളില്‍ ചേരുന്ന വിശ്വാസക്കൂട്ടായ്മകളിലാണ് പ്രാര്‍ത്ഥാന ചടങ്ങുകള്‍ നടക്കുന്നത്. പക്ഷേ ചൈന മനസ്സിലാക്കാത്ത ഒരുക ാര്യമുണ്ട്.
വാല്‍ക്കഷ്ണം: ഗാസക്കുവേണ്ടി വലിയവായില്‍ കരയുന്ന, ഡോക്ടറും എഞ്ചിനീയര്‍മാരുമാവേണ്ട കുട്ടികള്‍ മരിക്കുന്നതിനെ കുറിച്ച് വിലപിക്കുന്ന, കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ ആരും തന്നെ ഉയിഗൂരികള്‍ക്ക് വേണ്ടി കരഞ്ഞായി കണ്ടിട്ടില്ല. നമുക്ക് യഹൂദന്‍ മുസ്ലീങ്ങളെ പീഡിപ്പിക്കുമ്പോള്‍ മാത്രമേ പ്രശ്നമുള്ളൂ. കമ്യൂണിസ്റ്റ് ചൈന ചെയ്യുമ്പോള്‍ അത് തീവ്രതകുറഞ്ഞ പീഡനമാണ്!
