എസ് ഐ ആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടര്‍മാര്‍; 9 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്; പുരുഷന്മാരേക്കാള്‍ 7 ലക്ഷം കൂടുതല്‍ സ്ത്രീകള്‍; ഒരേ വീട്ടുകാര്‍ പല ബൂത്തുകളിലെന്ന പരാതി; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും വരെ പേര് ചേര്‍ക്കാം; പേരുണ്ടോ എന്ന് പരിശോധിക്കാന്‍ ചെയ്യേണ്ടത്
എസ് ഐ ആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറക്കിയ പട്ടികയില്‍ 2,69,53,644 വോട്ടര്‍മാരാണുള്ളത്. 2025 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്ന് 9,06,211 പേരെ ഒഴിവാക്കിയിട്ടുണ്ട്.
പുതിയ പട്ടിക പ്രകാരം 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളും 277 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. ഇതിന് പുറമെ 2,23,558 പ്രവാസി വോട്ടര്‍മാരും 54,110 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 18-19 പ്രായപരിധിയിലുള്ള 4,24,518 വോട്ടര്‍മാരും 85 വയസ്സിനു മുകളിലുള്ള 2,04,608 വോട്ടര്‍മാരും പട്ടികയിലുണ്ട്.
ഒക്ടോബറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 24.08 ലക്ഷം പേരെ ഒഴിവാക്കിയാണ് എസ്.ഐ.ആര്‍. നടപടികളുടെ ആദ്യഘട്ടം ആരംഭിച്ചത്. 2025 ഡിസംബര്‍ 23-ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 2.54 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. സംസ്ഥാനത്തുടനീളം ഹിയറിങ്ങുകള്‍ നടത്തിയ ശേഷം, പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചവരടക്കം 15 ലക്ഷത്തോളം പേരെ ഉള്‍പ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. കരട് പട്ടികയില്‍ നിന്ന് 53,229 പേരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവര്‍, വിദേശപൗരത്വം സ്വീകരിച്ചവര്‍, താമസസ്ഥലം മാറിയവര്‍, ഒന്നിലധികം തവണ ഉള്‍പ്പെട്ടവര്‍ തുടങ്ങിയ കാരണങ്ങളാലാണ് ഇവരെ ഒഴിവാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
അതേസമയം, ഒരു വീട്ടിലെ അംഗങ്ങള്‍ക്ക് തന്നെ വിവിധ ബൂത്തുകളില്‍ വോട്ട് മാറിപ്പോയെന്ന ആക്ഷേപം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പേര് പട്ടികയിലുണ്ടോ എന്ന് electoralsearch.eci.gov.in എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ച് പരിശോധിക്കാവുന്നതാണ്. വോട്ടര്‍ ഐ.ഡി., ബന്ധുവിന്റെ പേര്, ഫോണ്‍ നമ്പര്‍, ജനനത്തീയതി, അല്ലെങ്കില്‍ വയസ്സ് എന്നിവ ഉപയോഗിച്ച് തിരയാന്‍ സൗകര്യമുണ്ട്.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയം വരെ പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്ത് 2,77,49,159 വോട്ടര്‍മാരുണ്ടായിരുന്നു. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ അന്തിമ പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ഈ പുതിയ വോട്ടര്‍പട്ടിക നിര്‍ണായകമായ അടിസ്ഥാന രേഖയായിരിക്കും.
