കാശ്മീര്‍ തീവ്രവാദികള്‍ക്ക് പഴയ വളക്കൂറുള്ള മണ്ണല്ല; ഹുറിയത്ത് കോണ്‍ഫറന്‍സിനെ അടക്കം തള്ളിപ്പറഞ്ഞ വിഘടനവാദം ഉപേക്ഷിച്ച ബിലാല്‍ ഗനി ലോണിന് ഭീഷണി; ലോണും കുടുംബവും ഡല്‍ഹിയുടെ കരുക്കളായി മാറിയെന്ന് ഭീകരസംഘടന ടിആര്‍എഫുമായി ബന്ധമുള്ള 'കശ്മീര്‍ ഫൈറ്റ്'

കാശ്മീര്‍ തീവ്രവാദികള്‍ക്ക് പഴയ വളക്കൂറുള്ള മണ്ണല്ല

Update: 2025-07-21 02:14 GMT

ശ്രീനഗര്‍: വിഘടനവാദ രാഷ്ട്രീയം ഉപേക്ഷിച്ച ബിലാല്‍ ഗനി ലോണിനു മുന്നറിയിപ്പുമായി ഭീകരസംഘടനയായ 'ദ് റസിസ്റ്റന്‍സ് ഫ്രണ്ടു'മായി (ടിആര്‍എഫ്) ബന്ധമുള്ള സമൂഹമാധ്യമ ഹാന്‍ഡില്‍ 'കശ്മീര്‍ ഫൈറ്റ്'. 'ബിലാല്‍ ഗനി ലോണെന്ന കളിപ്പാവ വര്‍ഷങ്ങളായി മറച്ചുവച്ചിരുന്ന തനിസ്വരൂപം വെളിവാക്കി. ലോണും കുടുംബവും ഡല്‍ഹിയുടെ കരുക്കളായി മാറി. ഇത്തരക്കാര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ആത്മപരിശോധനയിലൂടെ തിരുത്തണം. കശ്മീരികളോടു മാപ്പു പറയണം' - പോസ്റ്റില്‍ പറയുന്നു.

ഹുറിയത് കോണ്‍ഫറന്‍സ് പ്രവര്‍ത്തനരഹിതമാണെന്നും അതു സ്വയം അപ്രസക്തമായെന്നും ലോണ്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജമ്മു കശ്മീരില്‍ കുഴപ്പമുണ്ടാക്കുന്നതു പാക്കിസ്ഥാനാണെന്നും തുറന്നടിച്ചിരുന്നു. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള, അവരുടെ നിഴലായി അറിയപ്പെടുന്ന ടിആര്‍എഫ് 6 വര്‍ഷം മുന്‍പാണു പ്രവര്‍ത്തനമാരംഭിച്ചത്.

ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം വകുപ്പു റദ്ദാക്കിയ കേന്ദ്ര നടപടിക്കു പിന്നാലെയായിരുന്നു ഇത്. ലഷ്‌കറെ തൊയിബയില്‍നിന്നും മറ്റ് ഭീകരവാദ സംഘടനകളില്‍നിന്നുമാണ് ടിആര്‍എഫ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 'ദ് റസിസ്റ്റന്‍സ് ഫ്രണ്ടിനെ' ഭീകര സംഘടനയായി കഴിഞ്ഞ ദിവസമാണ് യുഎസ് പ്രഖ്യാപിച്ചത്.

വിഘടനവാദ സംഘടനയെ 'പ്രവര്‍ത്തനരഹിതം' ആണെന്നാണ ്‌ലോണ്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ലോണിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള മാറ്റത്തിന് പ്രധാന പ്രചോദനം അടുത്ത തലമുറയെ കൂടി ലക്ഷ്യമാക്കിയതാണ്. ഇന്ത്യ പോരാടാന്‍ കഴിയാത്തത്ര വലിയ ശക്തിയാണെന്ന യാഥാര്‍ത്ഥ്യം യുവതലമുറ അംഗീകരിക്കണമെന്ന് ബിലാല്‍ ഗനി ലോണ്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണിലൂടെ രാജ്യത്തെ കാണരുതെന്നും, രാജ്യത്തിനുള്ളില്‍ തങ്ങള്‍ക്കായി ഒരു ഇടം കണ്ടെത്തുന്നതിന് 'ഇന്ത്യയെ ഇന്ത്യയായി കാണണമെന്നും' അദ്ദേഹം ഉപദേശിച്ചു.

1993-ല്‍ രൂപീകൃതമായ വിഘടനവാദ കൂട്ടായ്മയായ ഹുറിയത്ത് കോണ്‍ഫറന്‍സിന് താഴ്വരയില്‍ പ്രസക്തി നഷ്ടപ്പെട്ടു. 'ഹുറിയത്ത് ഇപ്പോള്‍ അത്ര പ്രസക്തമല്ല. അത് കശ്മീരില്‍ എവിടെയും ഇല്ല.' മുന്‍കാലങ്ങളില്‍ ആളുകള്‍ ഹുറിയത്തില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നുവെന്ന് സമ്മതിക്കുമ്പോള്‍, നിലവിലെ യാഥാര്‍ത്ഥ്യം വ്യത്യസ്തമാണെന്ന് ലോണ്‍ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ സമയമായി. ഹുറിയത്ത് കോണ്‍ഫറന്‍സിന് ധാരാളം അവസരങ്ങള്‍ ലഭിച്ചു, എന്നിട്ടും എവിടെയോ പരാജയപ്പെട്ടു. നമ്മുടെ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും നേടാമായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബിജെപി, കോണ്‍ഗ്രസ് പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണിലൂടെ ഇന്ത്യയെ നോക്കുന്നതിനുപകരം, 'ഇന്ത്യയെ ഇന്ത്യയായി കാണാനും സ്വന്തമായി ഒരു ഇടം കണ്ടെത്താന്‍ ശ്രമിക്കാനും' അദ്ദേഹം കാശ്മീരി ജനങ്ങളോട് അഭ്യര്‍ഥിക്കുകയുണ്ടായി. ഇന്ത്യയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ 'ദയനീയമായി പരാജയപ്പെട്ടു' എന്നും ജനങ്ങള്‍ ആ യാഥാര്‍ത്ഥ്യം അംഗീകരിക്കണമെന്നും ഗനി ലോണ്‍ വ്യക്തമാക്കി.

Tags:    

Similar News