ഡബിള്‍ ഡെക്കര്‍ ബസില്‍ ട്രെയിന്‍ ഇടിച്ചുകയറി എട്ട് പേര്‍ മരിച്ചു; 45 ഒളം പേര്‍ക്ക് പരിക്കേറ്റു; മെക്‌സിക്കോയിലെ നഗരത്തെ നടുക്കി അപകടം; അതിഭയാകന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത്
ഡബിള്‍ ഡെക്കര്‍ ബസില്‍ ട്രെയിന്‍ ഇടിച്ചുകയറി എട്ട് പേര്‍ മരിച്ചു
മെക്‌സിക്കോ സിറ്റി: മെക്സിക്കോ നഗരത്തില്‍ ഒരു ട്രെയിന്‍ ഡബിള്‍ ഡെക്കര്‍ ബസില്‍ ഇടിച്ചുകയറി എട്ട് പേര്‍ മരിച്ചു. 45 ഒളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 7 മണിയോടെ അറ്റ്ലകോമുല്‍കോ മുനിസിപ്പാലിറ്റിയുടെ വ്യാവസായിക മേഖലയിലാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനം നടത്താനായി റെഡ് ക്രോസ്, സംസ്ഥാന പോലീസ്, നാഷണല്‍ ഗാര്‍ഡ്, സ്റ്റേറ്റ് ഓഫ് മെക്സിക്കോ പ്രോസിക്യൂട്ടര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഹെറാഡുറ ഡി പ്ലാറ്റ കമ്പനിയുടേതായിരുന്നു ബസ്. അമ്പതോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസിലെ യാത്രക്കാര്‍ക്കാണ് കൂടുതല്‍ അപകടം ഉണ്ടായിരിക്കുന്നത്.
കനത്ത ട്രാഫിക്കില്‍ ബസ് സഞ്ചരിക്കുന്നതും, മറ്റ് കാറുകള്‍ പതുക്കെ പാളം മുറിച്ചുകടക്കുന്നതും, ട്രെയിന്‍ പെട്ടെന്ന് അതിന്റെ മധ്യഭാഗത്തേക്ക് ഇടിച്ചുകയറി ബസിനെ രണ്ടായി മടക്കി പാളത്തിലേക്ക് വലിച്ചിഴയ്ക്കുന്നതും നിരീക്ഷണ വീഡിയോയില്‍ കാണാന്‍ കഴിയും. വീഡിയോയില്‍ ഗേറ്റോ സിഗ്നലോ ദൃശ്യമായിരുന്നില്ല. പക്ഷേ മറ്റ് കാറുകള്‍ ബസിന് മുമ്പ് പാളം മുറിച്ചുകടക്കുന്നത് കാണാം. അപകടത്തിന് ശേഷം റോഡിലുണ്ടായിരുന്ന ഒരാള്‍ എടുത്ത മറ്റൊരു വീഡിയോയില്‍ ബസിന്റെ ഒരു ഭാഗം ട്രാക്കിന്റെ വശത്ത് കിടക്കുന്നതായി കാണാം.
മേല്‍ക്കൂരയും മറ്റ് വലിയ ഭാഗങ്ങളും കാണാനില്ല. ഡബിള്‍ ഡെക്കറിന് മുകളില്‍ ആളുകള്‍ നില്‍ക്കുന്നതും നീങ്ങുന്നതും വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. അറ്റ്ലാകോമുള്‍കോ-മറവാറ്റിയോ ഫെഡറല്‍ ഹൈവേയില്‍ ഹെറാഡുറ ഡി പ്ലാറ്റ ലൈനില്‍ ഒരു ട്രെയിന്‍ ഒരു ഡബിള്‍ ഡെക്കര്‍ പാസഞ്ചര്‍ ബസില്‍ ഇടിച്ചതായി മെക്സിക്കോയുടെ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കിയതായും അവര്‍ വ്യക്തമാക്കി. ബസിന്റെ ഡ്രൈവറിനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
അപകടം നടന്ന സ്ഥലം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഫോറന്‍സിക് അന്വേഷണത്തിനും തടസമില്ലാതിരിക്കാന്‍ പ്രദേശവാസികള്‍ അപകട സ്ഥലത്ത് നിന്ന്് മാറിനില്‍ക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. അപകടത്തില്‍ അവശേഷിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനാല്‍ ഹൈവേയിലെ ഗതാഗതം മണിക്കൂറുകളോളം നിര്‍ത്തിവെയ്ക്കും.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ അഡോള്‍ഫോ ലോപ്പസ് മാറ്റിയോസ് മെഡിക്കല്‍ സെന്ററിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിട്ടുണ്ട്. 2021 ല്‍ മെക്സിക്കോ നഗരത്തില്‍ ഒരു മേല്‍പ്പാലം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് ഒരു സബര്‍ബന്‍ ട്രെയിന്‍ പാളം തെറ്റിയിരുന്നു. ആ അപകടത്തില്‍ 23 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.