''പാക് സൈനിക മേധാവി അസിം മുനീര്‍ ബിന്‍ ലാദനെപ്പോലെ; ഒരാള്‍ ഗുഹയില്‍ ജീവിക്കുകയായിരുന്നെങ്കില്‍ മറ്റെയാള്‍ കൊട്ടാരത്തിലെന്ന വ്യത്യാസം മാത്രം; കാത്തിരിക്കുന്നത് ലാദന്റെ അതേ വിധി''; പാക് ആര്‍മി ചീഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റുബീന്‍
പാക് ആര്‍മി ചീഫിനെതിരെ രുക്ഷവിമര്‍ശനവുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റുബീന്‍
ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ, ഭീകരാക്രമണം ഇന്ത്യാ- പാക്ക് നയതന്ത്രബന്ധങ്ങളെ ബാധിക്കുകയും, യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനും ഇടയാക്കിയിരിക്കയാണ്. ഭീകരസംഘടനകളായ ലഷ്‌ക്കറെ ത്വയ്യിബ്ബയെപ്പോലെ അതില്‍ കുറ്റക്കാരനായി, പാശ്ചാത്യ മാധ്യമങ്ങളടക്കം ചിത്രീകരിക്കുന്നത് പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പാക്ക് പ്രധാനമന്ത്രിയടക്കം പങ്കെടുത്ത ഒരു വേദിയില്‍ കടുത്ത ഇന്ത്യാവിരുദ്ധ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. കശ്മീര്‍ പാക്കിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴലാണെന്ന് പറഞ്ഞ അദ്ദേഹം, ഹിന്ദുക്കള്‍ക്ക് എതിരെയും വിഷം ചീറ്റിയിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോവുന്നതിനാല്‍ ഇപ്പോള്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം, ഇന്ത്യയുമായി നല്ല രീതിയില്‍ പോവുന്നതിനാണ് ശ്രമിക്കുന്നത്. പഴയതുപോലെ കശ്മീര്‍ ഭീകരരെ സഹായിക്കാന്‍ ആരും തയ്യാറല്ല. എന്നാല്‍, പാകിസ്ഥാന്‍ സൈനിക മേധാവിയായി അസിം മുനീര്‍ വന്നതോടെ കാര്യങ്ങള്‍ മാറി. ഐഎസ്ഐ വീണ്ടും കശ്മീര്‍ ഭീകരരെ സഹായിക്കാന്‍ തുടങ്ങി. അതാണ് പഹല്‍ഗാം ഭീകാരക്രമണത്തില്‍വരെ എത്തിയിരിക്കുന്നതെന്ന് വിമര്‍ശനമുണ്ട്.
ഇപ്പോഴിതാ പാക്ക് അസീം മുനീറിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരിക്കയാണ്, മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥനും, അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോയും, ആഗോളതലത്തില്‍ അറിയപ്പെടുന്ന യുദ്ധകാര്യ വിദഗ്ധനുമായ മൈക്കേല്‍ റുബീന്‍. അല്‍ഖായിദാ ഭീകരന്‍ ഒസാമ ബിന്‍ലാദന് സമാനയാണ് അസീം മുനീറിനെ റുബീന്‍ വിശേഷിപ്പിക്കുന്നത്.
അസീം മുനീര്‍ ലാദനെപ്പോലെ
''അസീം മുനീറും ലാദനും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ. ഒസാമ ബിന്‍ ലാദന്‍ ഗുഹയില്‍ ജീവിക്കുകയായിരുന്നെങ്കില്‍ അസിം മുനീര്‍ കൊട്ടാരത്തിലാണ് ജീവിക്കുന്നത് എന്ന് മാത്രം. ഒസാമ ബിന്‍ലാദന്റെ അതേ വിധി തന്നെയായിരുന്നു അസീം മുനീറിനെയും കാത്തിക്കുക''- മൈക്കേല്‍ റുബീന്‍ പറഞ്ഞു.
''പഹല്‍ഗാമില്‍ 26 പേരെ വധിച്ച ഭീകരാക്രമണം പാകിസ്ഥാന്‍ പൊടുന്നനെ ചെയ്തതല്ല. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. പണ്ട് ബില്‍ ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിച്ച സമയത്തും ഇതുപോലെ പാകിസ്ഥാന്‍ ഒരു ആക്രമണം നടത്തി. ഇപ്പോള്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ ആക്രമണമണം. ഇത് ശരിക്കും ഹമാസ് മോഡലാണ്. മതം നോക്കിയുള്ള കൊലകള്‍ ഹമാസ് ശൈലിയാണ്. ഹമാസ് ഇസ്രായേലിനോട് ചെയ്ത് എന്തോ അതുതന്നെയാണ് ഭീകരര്‍ ഇന്ത്യയോടും ചെയ്തത്. ഇപ്പോള്‍ ഇന്ത്യ പാക്കിസ്ഥാന്റെ ജഗുലാര്‍ വെയിന്‍ മുറച്ചുമാറ്റേണ്ട സമയമാണ്''- മൈക്കേല്‍ റുബീന്‍ ചൂണ്ടിക്കാട്ടി.
പന്നിക്ക് ലിപ്സ്റ്റിക്ക് ഇടുന്നതുപോലെ വ്യര്‍ത്ഥമാണ്, ജമ്മു കശ്മീര്‍ ആക്രമണം 'സ്വയമേവയുള്ള നടപടി' ആണെന്ന് ചിലര്‍ നടിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .പാകിസ്ഥാനെ ഭീകരതയുടെ രാഷ്ട്രമായും അസിം മുനീറിനെ തീവ്രവാദിയായും അമേരിക്ക പ്രഖ്യാപിക്കണമെന്നും റുബീന്‍ ആവശ്യപ്പെട്ടു.
വിവാദമായത് തീവ്രവാദ പ്രസംഗം
ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തീവ്രവാദ പ്രസംഗത്തിലുടെയാണ്, പാകിസ്ഥാന്‍ ആര്‍മി ചീഫ് വിവാദ നായകനായത്. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍പോലും കശ്മീരിന്റെ കാര്യത്തില്‍ കടുത്ത പ്രസ്താവനകള്‍ നടത്താതിരിക്കുന്ന സമയത്താണ്, പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ ഇന്ത്യയ്ക്കും ഹിന്ദുമതത്തിനും എതിരെ പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ചത്. . ഇസ്ലാമാബാദില്‍ നടന്ന ഓവര്‍സീസ് പാകിസ്ഥാനീസ് പ്രോഗ്രാം കോണ്‍ഫറന്‍സിലാണ് അസിം മുനീറിന്റെ ഈ പ്രസ്താവന.
''പാകിസ്ഥാനികള്‍ അവരുടെ ഭാവി തലമുറയ്ക്ക് വിഭജനത്തിന്റെ കഥ പറഞ്ഞു കൊടുക്കണം. അങ്ങനെ അവര്‍ ഒരിക്കലും അവരുടെ രാജ്യത്തിന്റെ കഥ മറക്കാതിരിക്കുകയും അതുമായി ബന്ധപ്പെട്ട ബന്ധം അനുഭവിക്കുകയും ചെയ്യും. പാകിസ്ഥാനും ഇന്ത്യയും രണ്ട് വ്യത്യസ്ത രാജ്യങ്ങളാണ്, അവരുടെ സംസ്‌കാരം, മതം, ചിന്ത എന്നിവയ്ക്ക് യാതൊരു സാമ്യവുമില്ല. നമ്മുടെ മതം വ്യത്യസ്തമാണ്, നമ്മുടെ ആചാരങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ സംസ്‌കാരം വ്യത്യസ്തമാണ്. നമ്മുടെ ചിന്ത വ്യത്യസ്തമാണ്. നമ്മുടെ അഭിലാഷങ്ങള്‍ വ്യത്യസ്തമാണ്. ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ, അത് അത് സ്ഥാപിക്കപ്പെട്ടു. നമ്മള്‍ രണ്ട് രാജ്യങ്ങളാണ്, നമ്മള്‍ ഒരു രാജ്യമല്ല. നമ്മുടെ പൂര്‍വ്വികര്‍ ഈ രാജ്യത്തിനായി ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. കശ്മീര്‍ പാക്കിസ്ഥാന്റെ ജഗുലാര്‍ വെയിന്‍ ആണ്. കഴുത്തിലെ രക്തക്കുഴല്‍) ഒരു ശക്തിക്കും പാക്കിസ്ഥാനെ കശ്മീരില്‍നിന്ന് വേര്‍പെടുത്താനവില്ല.
ഒരു സൈനിക മേധാവിയെപ്പോലെയല്ല, മറിച്ച് ഒരു മൗലാന മതപ്രഭാഷണം നടത്തുന്നതുപോലെയായിരുന്നു മുനീറിന്റെ പ്രസംഗം. പധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉള്‍പ്പെടെ പാകിസ്ഥാനിലെ എല്ലാ പ്രധാന നേതാക്കളും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എല്ലാവരും അസീം മുനീറിന്റെ വാക്കുകള്‍ ശരിവെക്കുകായായിരുന്നു. ഇതോടെ മറ്റൊരുപേടിയും ജനാധിപത്യ ഭരണകൂടത്തിനുണ്ട്. നിരവധി പട്ടാള അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് പാക്കിസ്ഥാന്‍. മുനീര്‍ കരുത്താര്‍ജിച്ച് വരുന്നത് ഭാവിയെ പട്ടാള അട്ടിമറിയിലേക്കുള്ള സൂചകമാണെന്നും സംശയമുണ്ട്. മുനീറിന്റെ ഈ വാക്കുകളാണ് ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിക്കുകയായിരുന്നു, കാശ്മീര്‍ ഭീകരര്‍ക്ക് പ്രേരണയായത് എന്ന് ഇന്ത്യടുഡെയക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.