'വിനോദ സഞ്ചാരം' കഴിഞ്ഞു, കേരളത്തോട് വിടചൊല്ലാന്‍ എഫ് 35 ബി; തകരാര്‍ പരിഹരിച്ചതോടെ തിരികെപ്പറക്കാന്‍ സജ്ജമായി ബ്രിട്ടിഷ് റോയല്‍ നേവിയുടെ പോര്‍ വിമാനം; ഹാങ്ങറില്‍ നിന്ന് വിമാനം പുറത്തെത്തിച്ചത് പുഷ് ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച്; വാടകയായി വിമാനത്താവളത്തിനും എയര്‍ ഇന്ത്യയ്ക്കും ലഭിക്കുക ലക്ഷങ്ങള്‍

കേരളത്തോട് വിടചൊല്ലാന്‍ എഫ് 35 ബി

Update: 2025-07-21 07:58 GMT

തിരുവനന്തപുരം: തകരാര്‍ പരിഹരിച്ചതോടെ തിരികെപ്പറക്കാന്‍ സജ്ജമായ ബ്രിട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി പോര്‍വിമാനം വിമാനത്താവളത്തിലെ ഹാങ്ങറില്‍നിന്ന് പുറത്തിറക്കി. ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ വിമാനം നാളെ തിരികെപ്പറക്കും. ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവുകളും ഓക്‌സിലറി പവര്‍ യൂണിറ്റിന്റെ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചു. എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍നിന്ന് പ്രത്യേകവാഹനം ഉപയോഗിച്ചാണ് വിമാനം വലിച്ചു പുറത്തേക്ക് എത്തിച്ചത്. ബേ 4ല്‍ പാര്‍ക്ക് ചെയ്തതിനു ശേഷം കൂടുതല്‍ പരിശോധനകള്‍ നടത്തും. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഏതാനും ആഴ്ചകള്‍ മുന്‍പെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ തിരികെക്കൊണ്ടുപോകാന്‍ ബ്രിട്ടനില്‍ നിന്നുള്ള ഗ്ലോബ്മാസ്റ്റര്‍ വിമാനം നാളെയെത്തുമെന്നാണു വിവരം. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിച്ച ഉപകരണങ്ങളും തിരികെക്കൊണ്ടുപോകും.

സി.ഐ.എസ്.എഫ്. കമാന്‍ഡോകള്‍, എയര്‍ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാര്‍, ബ്രിട്ടിഷ് സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ അകമ്പടിയോടെയാണ് വിമാനത്തെ പുറത്തേക്ക് കൊണ്ടുവന്നത്. ബ്രിട്ടണില്‍ നിന്നെത്തിച്ച ടോ ബാര്‍ ഉപയോഗിച്ച് വിമാനത്തെയും ട്രാക്ടറിനെയും ബന്ധിച്ചാണ് വിമാനം കൊണ്ടുപോകുന്നത്. എപ്പോഴാണ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതെന്നതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയതിന് ശേഷമുള്ള പരീക്ഷണ പറക്കലാണ് ഇന്ന് നടത്തുക. ഇതിന് ശേഷമെ എഫ്-35 വിമാനം യു.കെയിലേക്ക് പോകു.

ഇന്ത്യ-പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് ജൂണ്‍ 14ന് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. രണ്ടു തവണ എന്‍ജിന്‍ ഓണാക്കി ശ്രമിച്ചെങ്കിലും വിമാനം പറന്നുയര്‍ന്നില്ല. പിന്നീട് ബ്രിട്ടിഷ് സാങ്കേതിക വിദഗ്ധര്‍ എത്തിയാണ് ഇപ്പോള്‍ പ്രശ്ങ്ങള്‍ പരിഹരിച്ചിരിക്കുന്നത്. വിമാനം ഹാങ്ങറിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം.

ജൂണ്‍ 14-നാണ് എഫ് 35 തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും തിരികെ കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ വിമാനത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി കേരള ടൂറിസം പങ്കുവെച്ച 'എനിക്ക് മടങ്ങേണ്ടാ' എന്ന പോസ്റ്റ് ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കേരളത്തിന് അഞ്ച് സ്റ്റാര്‍ റേറ്റിങ് നല്‍കിയ റിവ്യുവില്‍ 'തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു' എന്നും പറയുന്നുണ്ട്. പച്ചപ്പ് പശ്ചാത്തലമാക്കി റണ്‍വേയില്‍ നില്‍ക്കുന്ന എഫ് 35 ബി യുടെ ചിത്രമായിരുന്നു ഉപയോഗിച്ചത്. പിന്നാലെ സമാന രീതിയില്‍ എഫ് 35 ബി വിമാനത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

വാടക ഇനത്തില്‍ എട്ട് ലക്ഷത്തോളം രൂപ വിമാനത്താവളത്തിനും ഹാങര്‍ സംവിധാനം നല്‍കിയതിന് എയര്‍ ഇന്ത്യയ്ക്കും ലഭിക്കും. വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ് ഫീസ്, വിമാനമിറക്കിയതിന്റെ ലാന്‍ഡിങ് ചാര്‍ജ് എന്നിവ ചേര്‍ത്തുള്ള തുക വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കാണ് ബ്രിട്ടിഷ് അധികൃതര്‍ നല്‍കേണ്ടത്. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കിങ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

Tags:    

Similar News