പണിമുടക്കിയ 14 പേരെ സിയാല്‍ പുറത്താക്കിയെന്ന് വ്യാജ സന്ദേശം; സമരക്കാര്‍ക്ക് പണി കൊടുക്കാന്‍ സന്ദേശം പ്രചരിപ്പിച്ചത് ടാക്‌സി ഡ്രൈവര്‍; സോഷ്യല്‍ മീഡിയകളില്‍ സന്ദേശം വൈറലായതോടെ പണികിട്ടി; ഒടുവില്‍ ക്ഷമ പറഞ്ഞ് അജിത് വര്‍ഗീസ്
പണിമുടക്കിയ 14 പേരെ സിയാല്‍ പുറത്താക്കിയെന്ന് വ്യാജ സന്ദേശം
നെടുമ്പാശേരി: പൊതുപണിമുടക്കിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് മുമ്പില്‍ വഴി തടഞ്ഞ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് വിഭാഗത്തിലെ 14 വനിതകളെ സിയാല്‍ പുറത്താക്കിയെന്ന ശബ്ദ സന്ദേശം ഇന്നലെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ സമരക്കാര്‍ക്ക് പണികിട്ടിയത് ആഘോഷിക്കാന്‍ നിരവധി പേരെത്തി. എന്നാല്‍, ഈ സന്ദേശത്തിന്റെ ഉറവിടം തേടിപ്പോയപ്പോഴാണ് അതൊരു വ്യാജ സന്ദേശമാണെന്ന് വ്യക്തമായത്.
വ്യാജ സന്ദേശം പ്രചരിപ്പിച്ച ടാക്‌സി ഡ്രൈവറാണ് ഒടുവില്‍ പുലിവാല് പിടിച്ചത്. കൂവപ്പടി സ്വദേശി അജിത്ത് വര്‍ഗീസാണ് സംഭവത്തിലെ വിവാദ നായകന്‍. പണിമുടക്കിന്റെ ഭാഗമായി എയര്‍പോര്‍ട്ട് റോഡില്‍ വഴി തടഞ്ഞ സി.ഐ.ടി.യു അംഗങ്ങളായ 14 പേരെ പുറത്താക്കിയെന്നായിരുന്നു സന്ദേശം.
സമരക്കാരെയും സ്ത്രീകളെയും സി.ഐ.ടി.യുവിനെയും മോശമാകുന്ന പരാമര്‍ശങ്ങളും ഉന്നയിച്ചിരുന്നു.സുഹൃത്തിനാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശം അജിത്ത് അയച്ചത്. സത്യമാണെന്ന് വിശ്വസിച്ച സുഹൃത്ത് ഇത് സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചതോടെ ദൃശ്യമാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി. സിയാലും പൊലീസും സി.ഐ.ടി.യു യൂണിയനും ശബ്ദസന്ദേശത്തിന്റെ ഉറവിടം തിരക്കാന്‍ ആരംഭിച്ചു.
വൈകിട്ടാണ് ആളെ തിരിച്ചറിഞ്ഞത്. അജിത്ത് ക്ഷമാപണം നടത്തിയെങ്കിലും സി.ഐ.ടി.യു യൂണിയന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സി.ഐ.ടി.യു യൂണിയന്‍ സെക്രട്ടറി എ.എസ്. സുരേഷ് പറഞ്ഞു.
അങ്കമാലിയില്‍ വച്ച് ചിലര്‍ കാര്‍ തടഞ്ഞ് മുന്‍ഗ്‌ളാസില്‍ കൈ ഉപയോഗിച്ച് തട്ടിയെന്നും വിമാനത്താവളത്തിന്റെ പരിസരത്തെത്തിയപ്പോള്‍ അവിടെയും പ്രതിഷേധം കണ്ടതോടെ തമാശയ്ക്കാണ് സുഹൃത്തിന് ശബ്ദ സന്ദേശം അയച്ചതെന്നും അജിത്ത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.