ലണ്ടനില്‍ ഹാരി പോട്ടറിന്റെ നാലു വ്യാജ ഗിഫ്റ്റ് ഷോപ്പുകള്‍; മലയാളി ദമ്പതികള്‍ നേരിടുന്നത് നാലു ലക്ഷം പൗണ്ടിന്റെ നികുതി വെട്ടിപ്പ് കേസ്; കേരളത്തില്‍ നിന്നും എത്തിയവര്‍ എന്ന് എടുത്തു പറഞ്ഞു സഫൂറയുടെയും ഷെഫീക്കിന്റെയും വ്യാജ കച്ചവടം പുറത്താക്കിയത് സ്വതന്ത്ര മാധ്യമം ലണ്ടന്‍ സെന്‍ട്രിക്

ലണ്ടനില്‍ മലയാളി ദമ്പതികള്‍ നേരിടുന്നത് നാലു ലക്ഷം പൗണ്ടിന്റെ നികുതി വെട്ടിപ്പ് കേസ്

Update: 2024-12-15 02:57 GMT

ലണ്ടന്‍: ലണ്ടന്‍ നഗര ഹൃദയത്തില്‍ ഹാരി പോട്ടര്‍ തീം ഗിഫ്റ്റ് കട വ്യാജമായി നടത്തിയതിനു മലയാളി ദമ്പതികള്‍ നിയമക്കുരുക്കില്‍. വെറും നാലു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ദമ്പതികളായ സഫൂറായും ഭര്‍ത്താവ് ഷെഫീഖ് പള്ളിവളപ്പിലുമാണ് ഇപ്പോള്‍ നിയമത്തിനു മുന്നില്‍ നോട്ടപ്പുള്ളികള്‍ ആയി മാറിയിരിക്കുന്നത്. ലണ്ടന്റെ ഹൃദയഭൂമിയില്‍ വിനോദ സഞ്ചാരികളുടെ ടൂറിസ്റ്റ് മാപ്പില്‍ ഇടംപിടിക്കും വിധമാണ് ഇവര്‍ നടത്തിയ നാല് ഗിഫ്റ്റ് കടകളും ഉണ്ടായിരുന്നത്. ഇവര്‍ സ്വന്തമായി നടത്തിയ ബിസിനസ് ആണോ അതോ ബിനാമി ഏര്‍പ്പാടില്‍ ചെയ്ത ബിസിനസ് ആണോ എന്നതൊക്കെ വരും ദിവസങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി പുറത്തു വരാനുള്ള വിവരങ്ങളാണ്.

നാലു കടകള്‍ നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വന്തമാക്കാനായതാണ് ഇവരുടെ കച്ചവടം ബിനാമി ഏര്‍പ്പാടിന്റെ ഭാഗമായതാണോ എന്ന സംശയം ഉയരാന്‍ കാരണം. അടുത്തിടെ തുടര്‍ച്ചയായി ചിത്രീകരണത്തിന് എത്തിയ മലയാള സിനിമയുടെ പേരിലും ലണ്ടനില്‍ ബിനാമി പണമിടപാട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പേരിനു പോലും കഥയുടെ ജീവാംശം ഇല്ലാതെ എത്തിയ സിനിമകളാണ് ഈ ആരോപണത്തിന് കാരണമായത്.

ദമ്പതികളായ സഫൂറായും ഷെഫീഖും യുകെ ജീവിതം വേരുപിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിസിനസിന് ഇറങ്ങിയത് എന്നാണ് പുറത്തു വരുന്ന വിവരം. ഇവരുടെ കടയില്‍ എത്തിയ ഹാരി പോട്ടര്‍ ഫാനായ ഒരു വ്ക്തി സ്വതന്ത്ര മാധ്യമമമായ ലണ്ടന്‍ സെന്‍ട്രിക് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ വിവരമാണ് വ്യാജ ബിസിനസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു എത്തിച്ചിരിക്കുന്നത്.

മറ്റു മാധ്യമങ്ങള്‍ക്ക് ലഭിക്കാത്ത വിവരങ്ങള്‍ ശേഖരിച്ചു ദീര്‍ഘകാലം അത്തരം വിവരങ്ങളുടെ പുറകെ സഞ്ചരിച്ചു കൃത്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി അവതരിപ്പിക്കുന്നതാണ് മുന്‍ ഗാര്‍ഡിയന്‍ എഡിറ്റര്‍ കൂടിയായ ജിം വാട്ടേഴ്സന്റെ മാധ്യമ പ്രവര്‍ത്തന രീതി. ഇപ്പോള്‍ മലയാളി ദമ്പതികള്‍ കേരളത്തില്‍ നിന്നും എത്തിയവരാണെന്ന് അടിവരയിട്ട് പറയുന്ന ജിം വാട്ടേഴ്സിന്റെ പേര് വച്ചെഴുതിയ റിപ്പോര്‍ട്ട് യുകെയിലെ മലയാളി സമൂഹത്തിനു നാണക്കേടിന്റെ മറ്റൊരു അധ്യായം സമ്മാനിച്ചിരിക്കുകയാണ്. നികുതി വെട്ടിപ്പില്‍ മാത്രം നാലു കോടി രൂപയ്ക്ക് തുല്യമായ തട്ടിപ്പാണ് നടന്നിരിക്കുന്നത് എന്ന് ലണ്ടന്‍ സെന്‍ട്രിക് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറ്റി കൗണ്‍സിലിന് കോടികളുടെ നികുതി നഷ്ടം, മലയാളി ദമ്പതികള്‍ക്ക് കണ്ണായ സ്ഥലങ്ങളില്‍ നാലു കള്ള കടകള്‍

സിറ്റി ഓഫ് ലണ്ടന്‍ കൗണ്‍സിലിന് ലക്ഷക്കണക്കിന് പൗണ്ടിന്റെ നികുതി നഷ്ടം ആണ് ഇവരുടെ വ്യാജ കച്ചവടം വഴി ഉണ്ടായത് എന്നാണ് ലണ്ടന്‍ സെന്‍ട്രിക്കിന്റെ പ്രധാന ആരോപണം. ഒരു മാസം മുന്‍പ് തന്റെ വായനക്കാരില്‍ ഒരാളായ സ്റ്റെഫാനോ സ്‌കലിയോണ്‍ നല്‍കിയ വിവരമാണ് ഇപ്പോള്‍ മലയാളി ദമ്പതികളുടെ കച്ചവടക്കള്ളി പുറത്തു കൊണ്ടുവരാന്‍ കാരണം ആയതെന്നു എഡിറ്റര്‍ ജിം വാട്ടേഴ്സണ്‍ തന്നെ പറയുന്നു. ലണ്ടന്റെ പല ഭാഗത്തായി സഫൂറായും ഷെഫീഖും നടത്തിയത് പോലെ എട്ടു വ്യാജ കടകളാണ് ലണ്ടന്‍ സെന്‍ട്രിക് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ നാലും മലയാളി ദമ്പതികളുടേത് ആണെന്നതാണ് രസകരം.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ജിം വാട്ടേഴ്സനും റിപ്പോര്‍ട്ടര്‍ കോര്‍മക് കോഹെയും മിസ്റ്ററി കസ്റ്റമേഴ്‌സ് ആയി മലയാളി ദമ്പതികളുടെ കടകളില്‍ എത്തിയാണ് വ്യാജ ബിസിനസിന്റെ വിശദാംശങ്ങള്‍ കണ്ടെത്തിയത്. അതി സമ്പന്നര്‍ ആയവര്‍ പതിവായി ഷോപ്പിങ്ങിന് എത്തുന്ന ഇത്തരം കടകളില്‍ വളരെ വിലപിടിപ്പുള്ള വസ്തുക്കളാണ് സാധാരണ വില്‍പനക്ക് എത്തുന്നത്. അതിനാല്‍ തന്നെ ഇത്തരം കടകളുടെ വിറ്റുവരവും മറ്റു കടകള്‍ അപേക്ഷിച്ചു വളരെ ഉയര്‍ന്നത് ആയിരിക്കും. ഇതിനാലാണ് കോടികളുടെ വ്യാപാര നികുതി നഷ്ടം സിറ്റി ഓഫ് ലണ്ടന്‍ കൗണ്‍സിലിന് ഉണ്ടായതായി ലണ്ടന്‍ സെന്‍ട്രിക് വെളിപ്പെടുത്തുന്നത്.

സാധാരണ ലണ്ടന്‍ നഗരത്തില്‍ ഇത്തരം കച്ചവടങ്ങള്‍ ബ്രാന്‍ഡ് സ്ഥാപനങ്ങളുടെ പേരില്‍ വ്യാപകം അല്ലാത്തതാണ് മലയാളി ദമ്പതികളുടെ കള്ളക്കച്ചവടത്തിന് ഇപ്പോള്‍ വാര്‍ത്ത മൂല്യം ഉയര്‍ത്തുന്നത്. നാലു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ദമ്പതികള്‍ സ്റ്റുഡന്റ് വിസക്കാരാകാന്‍ ഉള്ള സാധ്യതയാണ് ബ്രിട്ടീഷ് മലയാളി വേറിട്ട നിലയില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

ഈ സാഹചര്യത്തില്‍ കേസ് ഹോം ഓഫിസിന്റെ ശ്രദ്ധയില്‍ എത്തുന്നതോടെ ഗുരുതരമായ നടപടികളും നേരിടേണ്ടി വരും. അതേസമയം ലണ്ടനിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ് സംരംഭകയായാണ് സഫൂറ വിശേഷിപ്പിക്കപ്പെടുന്നത്. വളരെ ചുരുങ്ങിയ കാലത്തില്‍ വിജയകരമായ നിലയില്‍ ബിസിനസ് രംഗത്ത് ഉയര്‍ന്നതാണ് ഈ വിശേഷണം തേടി എത്താന്‍ കാരണം. എന്നാല്‍ ബിസിനസ് മോഡല്‍ നൂറു ശതമാനവും നിയമ ലംഘനമാണ് എന്ന ആരോപണം കൂടിയാണ് ലണ്ടന്‍ സെന്‍ട്രിക് ഉയര്‍ത്തുന്നത്.

അതിസമ്പന്നര്‍ എത്തുന്ന ലണ്ടന്‍ ഹൃദയ ഭാഗത്ത് അതി വേഗ ബിസിനസ് വളര്‍ച്ചയുമായി മലയാളി ദമ്പതികള്‍

അതേസമയം ഇക്കഴിഞ്ഞ വേനല്‍ക്കാലത്താണ് 31കാരിയായ സഫൂറ ഹാരി പോട്ടര്‍ കടകളുടെ നിയമപരമായ ഉടമയായി മാറിയത് എന്നും പറയപ്പെടുന്നു. ഏതാനും വര്‍ഷത്തെ ലണ്ടന്‍ നഗര ജീവിതം കൊണ്ട് ഇത്രയും സമ്പന്നമായ കടകള്‍ സ്വന്തമാക്കാനുള്ള പണമെവിടെ നിന്ന് എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. വിസാര്‍ഡ് ആന്‍ഡ് വിച്ഛേസ്, മാജിക്കല്‍ പ്ലാറ്റ്‌ഫോം എന്ന പേരിലുള്ള രണ്ടു കടകള്‍ വളരെ ബൃഹത്തായ നിലയിലാണ് സജീകരിച്ചിട്ടുള്ളത്. ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളെയും ഹാരി പോട്ടര്‍ ആരാധകരെയും ആകര്‍ഷിക്കുന്നതാണ് ഈ കടകള്‍.

ഇത് കൂടാതെ വിസ്വാര്‍ഡ് ആന്‍ഡ് വണ്ടേഴ്‌സ്, വിസ്വാര്‍ഡ് ആന്‍ഡ് സ്‌പെല്‍സ് എന്ന കടകളും സഫൂറയുടെയും ഷെഫീക്കിന്റെയും പേരില്‍ തന്നെയാണ്. ലക്ഷക്കണക്കിന് ആളുകള്‍ ദിവസവും എത്തുന്ന പികാഡ്ലി സര്‍ക്കസ്, ട്രാഫല്‍ഗര്‍ സ്‌ക്വയര്‍, ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ഈ കടകള്‍. അതി സമ്പന്നര്‍ ആയവര്‍ മാത്രം ബിസിനസ് ചെയ്യുന്ന ഇവിടെ സഫൂറയുടെയും ഷെഫീക്കിന്റെയും കച്ചവട ശൃംഖല ഉയര്‍ന്നതും അതി വേഗതയിലാണ്.

മലയാളി ദമ്പതികള്‍ നടത്തിയ കടകളില്‍ കൂടുതലായും പ്രദര്‍ശിപ്പിച്ചിരുന്നത് വളരെ വിലകൂടിയ ഹാരി പോട്ടര്‍ തീം വസ്തുക്കള്‍ തന്നെയാണ്. ഇക്കൂട്ടത്തില്‍ ഫോര്‍ഡ് ആംഗ്ലിയ കാറുകളുടെ വലിപ്പമേറിയ ടോയ് അടക്കമുള്ളവ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാരി പോട്ടറിലെ നായക വേഷക്കാരുടെ വസ്ത്ര വിതാനങ്ങള്‍, വാളും വടിയും തൊപ്പികളും ഒക്കെ യഥേഷ്ടം നാലു കടകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.

സമീപ പ്രദേശത്തെ കടകളില്‍ പോലും ആളുകള്‍ ഒഴിഞ്ഞു കിടന്നപ്പോള്‍ മലയാളി ദമ്പതികളുടെ കടകളില്‍ ഏതു സമയവും ആള്‍ത്തിരക്ക് ആയിരുന്നു എന്നും ലണ്ടന്‍ സെന്‍ട്രിക് വെളിപ്പെടുത്തുന്നു. ഇതിനര്‍ത്ഥം മികച്ച കച്ചവടമാണ് നാലു കടകളിലും നടന്നിരുന്നത് എന്നുതന്നെയാണ്. നികുതി വെട്ടിപ്പും കോര്‍പറേറ്റ് നിയമത്തിന്റെ ലംഘനവും ഒക്കെയാണ് ഹാരി പോട്ടര്‍ കടകളുടെ പേരില്‍ ലണ്ടന്‍ സെന്‍ട്രിക് ഉയര്‍ത്തുന്ന ആരോപണങ്ങള്‍. നാലു കടകളില്‍ ഒന്നിനെ കുറിച്ചുള്ള കൃത്രിമത്വമാണ് ലണ്ടന്‍ സെന്‍ട്രിക് പുറത്തു വിട്ടിരിക്കുന്നത്.

അതിവേഗ ബിസിനസ് വളര്‍ച്ച സംശയ നിഴലില്‍, ജീവിക്കാന്‍ പ്രയാസപ്പെടുന്നവരെന്ന് അയല്‍വാസികള്‍

അതേസമയം സഫൂറയെ നേരില്‍ കണ്ടെത്താന്‍ ലണ്ടന്‍ സെന്‍ട്രിക് നടത്തിയ ശ്രമങ്ങളും കഠിനമായിരുന്നു എന്ന് റിപ്പോര്‍ട്ട് തുടരുന്നു. കടകളിലെ ജീവനക്കാരോട് നടത്തിയ അന്വേഷണത്തില്‍ ഉടമകളെ കുറിച്ച് കാര്യമായ ധാരണ ഇല്ലെന്നും അവര്‍ കടകളില്‍ എത്താറില്ല എന്ന വിവരവുമാണ് പലപ്പോഴും ലഭിച്ചിരുന്നത്. ഒടുവില്‍ ഓക്‌സ്‌ഫോര്‍ഡിലെ ബോട്ടലി എന്ന പ്രദേശത്താണ് സഫൂറ താമസിക്കുന്നത് എന്ന് ലണ്ടന്‍ സെന്‍ട്രിക് കണ്ടെത്തുക ആയിരുന്നു. രണ്ടു മക്കളും ഒത്തു പഴയൊരു സെമി ഡിറ്റാച്ചഡ് വാടക വീട്ടിലാണ് ഈ ''അതി സമ്പന്നയായ സംരംഭകയുടെ'' താമസം എന്നും പത്രം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ഇവര്‍ ഓക്‌സ്‌ഫോര്‍ഡില്‍ തന്നെയാണ് താമസമെന്നും പത്രം പറയുന്നു.

ഷെഫീഖിന്റെ ഫേസ്ബുക് പ്രൊഫൈല്‍ അരിച്ചു പെറുക്കിയ പത്രം യുകെയില്‍ എത്തിയ നാളുകളിലെ അതി കഠിന ജീവിതത്തെ കുറിച്ച് വിവരിക്കുന്ന കാര്യവും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. ഇതോടെയാണ് ഇവര്‍ എങ്ങനെ അതിവേഗത്തില്‍ അതി സമ്പന്ന ബിസിനസിലേക്ക് എത്തി എന്ന ചോദ്യം ഉയരുന്നത്. അവധി ദിവസങ്ങളില്‍ പോലും ഓവര്‍ ടൈം ചെയ്തു ജീവിക്കാനുള്ള വഴി തേടുക ആയിരുന്നു എന്നാണ് ഷെഫീഖിന്റെ ഫേസ്ബുക് പോസ്റ്റുകളില്‍ നിറഞ്ഞിരുന്നത് എന്നും ലണ്ടന്‍ സെന്‍ട്രിക് പറയുന്നു. ഇവര്‍ ബിസിനസ് തുടങ്ങിയ കാര്യമൊന്നും അയല്‍വാസികള്‍ക്കും യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നും മാധ്യമ പ്രതിനിധികള്‍ കണ്ടെത്തുന്നു. ജീവിക്കാന്‍ പ്രയാസപ്പെടുന്ന രണ്ടു ചെറുപ്പക്കാരായാണ് സമീപവാസികള്‍ക്ക് ഇവരെക്കുറിച്ചു പറയാനുള്ളത്.

മലയാളി ദമ്പതികള്‍ ചതിക്കപ്പെട്ടോ, യഥാര്‍ത്ഥ ഉടമകള്‍ കാണാമറയത്തോ?

എന്നാല്‍ കമ്പനി ഹൗസ് രേഖകളില്‍ സഫൂറയുടെ പേരിലാണ് ഇപ്പോള്‍ ഈ ബിസിനസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 14നാണ് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് മറുനാടന്‍ മലയാളി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഭവേഷ് കണ്ണമ്പതി എന്നൊരാളും ബിസിനസില്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ പിന്നീട് തന്ത്രത്തില്‍ കമ്പനി ഉടമസ്ഥാവകാശം ഒഴിഞ്ഞിരിക്കുകയാണ്. ഇതോടെ സഫൂറയും ഷെഫീഖും ചതിക്കപ്പെടുക ആയിരുന്നോ എന്നതും പുറത്തു വരാനുള്ള രഹസ്യമായി മാറുകയാണ്. ഈ മാസം നാലിന് കമ്പനി അഡ്രസും മാറിയിട്ടുണ്ട്. കഴിഞ്ഞ മാസം നാലാം തിയതി മുതലാണ് സഫൂറയുടെ പേരിലേക്ക് മാത്രമായി ബിസിനസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സഫൂറയെ തേടി എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ആദ്യം സംസാരിക്കാന്‍ അവര്‍ വിമുഖത കാട്ടിയെന്നും എന്നാല്‍ പിന്നീട് കടകളുടെ ഉടമസ്ഥാവകാശം നിഷേധിച്ചു എന്നുമാണ് പത്രത്തിന്റെ വെളിപ്പെടുത്തല്‍. പിന്നീട് രേഖകളുടെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ താന്‍ കടകള്‍ നടത്തുന്നുവെന്ന് മാത്രമാണ് അവര്‍ വെളിപ്പെടുത്താന്‍ തയ്യാറായത്. ഇതോടെയാണ് സഫൂറ ബിനാമി ഉടമയാണോ എന്ന സംശയം ബലപ്പെടുന്നതും.

യഥാര്‍ത്ഥ ഉടമ ആരെന്നറിയാന്‍ തന്റെ ഭര്‍ത്താവിനോട് ചോദിച്ചോളൂ എന്ന സഫൂറയുടെ ഉത്തരത്തിനു മാധ്യമ പ്രതിനിധികള്‍ ഷെഫീഖിനെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഉത്തരം അയാള്‍ക്കും ഉണ്ടായിരുന്നില്ല. തന്റെ ഭാര്യയ്ക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലെന്നു പറഞ്ഞ ഷെഫീഖ് ഇതൊക്കെ ചോദിക്കാന്‍ നിങ്ങളാരാണ് എന്ന് മാധ്യമ പ്രതിനിധികളോട് തട്ടിക്കയറുകയും ചെയ്തെന്ന വെളിപ്പെടുത്തലും പുറത്തു വരുന്നുണ്ട്.

Tags:    

Similar News