ഹണിമൂണ്‍ കഴിഞ്ഞ് മലേഷ്യയില്‍ നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാന്‍ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിച്ചു; മക്കളേയും ഇക്കാര്യം അറിയിച്ചു; നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയിലെ വിവാഹ സന്തോഷം 15 ദിവസം കഴിഞ്ഞപ്പോള്‍ കൂട്ടക്കരച്ചിലായി; കലഞ്ഞൂര്‍ അപകട മേഖലയാകുമ്പോള്‍
പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ അപകടങ്ങള്‍ പതിവ് സംഭവം. മരണമുണ്ടാകാത്തതു കൊണ്ട് മാത്രമാണ് പുറം ലോകം ഇത് ചര്‍ച്ച ചെയ്യാതെ പോയത്. അമിത വേഗതയാണ് എല്ലാ അപകടങ്ങള്‍ക്കും കാരണം. ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നവദമ്പതികളും അവരുടെ അച്ഛന്മാരും കൊല്ലപ്പെടുമ്പോള്‍ ഈ റോഡിലെ അപകടക്കെണി കൂടുതല്‍ തെളിയുകയാണ്. കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായി, അനു നിഖില്‍, നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലിനാണ് അപകടം.
മലേഷ്യയില്‍ ഹണിമൂണിന് പോയ അനുവിനേയും അഖിലിനേയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടം. നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചായിരുന്നു അനുവിന്റേയും നിഖിലിന്റേയും വിവാഹം. വിദേശത്ത് ജോലി ചെയ്യുകയായിരുന്നു നിഖില്‍. അനു എംഎസ്ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് യാത്ര പുറപ്പെട്ടത്. അമിതവേഗത്തില്‍ എത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലേക്ക് എത്തുന്നതിന് എഴ്കിലോമീറ്റര്‍ മാത്രം അകലെവെച്ചായിരുന്നു അപകടം.
ബസിന്റെ വലതു വശത്തേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം പൂര്‍ത്തിയായശേഷം നിരന്തരം അപകടം ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും. തെലങ്കാനയില്‍ നിന്നുള്ള ശബരിബല തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവരുടെ വണ്ടിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് സമീപത്തുള്ളവര്‍ പറയുന്നത്. വാഹനത്തിലുള്ളവര്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഫയര്‍ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
മലേഷ്യയില്‍നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാന്‍ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലെത്തിയശേഷം ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു നിഖിലും അനുവും. തെലങ്കാനയില്‍നിന്നുള്ള 19 ശബരിമല തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. അനുവും നിഖിലും കാറിനു പുറകിലായിരുന്നു.
ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിവന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ നാട്ടുകാര്‍ പറയുന്നു. സംഭവ സ്ഥലത്ത് അപകടം സ്ഥിരമാണെന്നും നാട്ടുകാര്‍ പറയുന്നു. അതേ സമയം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.