തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും മലേഷ്യയില്‍ നിന്നും വന്നവരെ വിളിച്ച മടങ്ങിയവര്‍; മല്ലശ്ശേരിയിലെ വീട്ടില്‍ എത്താന്‍ കിലോമീറ്ററുകള്‍ മാത്രം ഉള്ളപ്പോള്‍ അപകടം; കൂടല്‍മുറിഞ്ഞകല്ലില്‍ കാറും ബസും കൂട്ടിയിടിച്ച് നാലു മരണം; പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ നാലു പേര്‍; കേരളത്തിന് കറുത്ത ഞായര്‍

Update: 2024-12-15 00:46 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ 4 മരണം. കൂടല്‍മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പന്‍, ബിജു പി ജോര്‍ജ്, അനു, നിഖില്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. മലേഷ്യയില്‍ നിന്നെത്തിയവരെ എയര്‍പോര്‍ട്ടില്‍ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു. ഒരു കുടുംബത്തിലെ 4 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. മരിച്ചത് ഒരു കുടുംബത്തിലെ നാലു പേരാണ്.

ആന്ധ്രാ സ്വദേശികളായ തീര്‍ത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് കാര്‍ യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന 3 പേര്‍ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. 30 വയസ് പ്രായം തോന്നിക്കുന്ന യുവതി ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. കഴിഞ്ഞ ദിവസം പാലക്കാടുണ്ടായ ദാരുണ അപകട മരണത്തിന്റെ വേദനയിലാണ് മലയാളികള്‍. ഈ ചര്‍ച്ച തുടരുമ്പോഴാണ് ഈ ഞായറും അപകടത്തിന്റെ കറുത്ത ഞായറായി മലയാളിക്ക് മാറുന്നത്.

തുടക്കത്തില്‍ നാട്ടുകാര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലുണ്ടായിരുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി. അതിന് ശേഷം കാര്‍ വെട്ടി പൊളിച്ചു. അതിന് ശേഷമാണ് മൂന്ന് പേരെ പുറത്തെടുത്തത്. അവരെല്ലാം മരിച്ചിരുന്നു. ബസിലുണ്ടായിരുന്നത് ആന്ധ്രാ സ്വദേശികളായ തീര്‍ത്ഥാടകരാണ്. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പുതുക്കി പണിത റോഡാണ് ഇത്. ഇവിടേയും അപകടങ്ങള്‍ നിരന്തരം ഉണ്ടാകാറുണ്ട്. എന്നാല്‍ മരണം സംഭവിക്കുന്നത് ആദ്യമായാണ്.

പോലീസെത്തി വിശദ പരിശോധന നടത്തി. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അനുവാണ് മലേഷ്യയില്‍ നിന്നെത്തിയത്. അനുവിനെ വിളിക്കാനായി തിരുവനന്തപുരത്തേക്ക് കാറില്‍ കുടുംബത്തിലെ മറ്റുള്ളവര്‍ പോയി. വാഹനം ഓടിച്ചയാള്‍ ഉറങ്ങിയതാകാം മരണ കാരണമെന്നും സൂചനകളുണ്ട്.

Similar News