മാലിയില്‍ അല്‍-ഖ്വയ്ദ ജിഹാദികള്‍ ടിക് ടോക്ക് താരത്തെ തട്ടിക്കൊണ്ടുപോയി പരസ്യമായി വധിച്ചു; സുഡാനെ പോലെ മറ്റൊരു ആഫ്രിക്കന്‍ രാജ്യം കൂടി കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുന്നു; സിസെയെ വധിച്ചത് കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച്

മാലിയില്‍ അല്‍-ഖ്വയ്ദ ജിഹാദികള്‍ ടിക് ടോക്ക് താരത്തെ തട്ടിക്കൊണ്ടുപോയി പരസ്യമായി വധിച്ചു;

Update: 2025-11-11 04:54 GMT

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അല്‍-ഖ്വയ്ദ ജിഹാദികള്‍ വനിതാ ടിക് ടോക്ക് താരത്തെ തട്ടിക്കൊണ്ടുപോയി പരസ്യമായി വധിച്ചു. സുഡാനെ പോലെ ഇപ്പോള്‍ മാലിയും കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുകയാണ്. തങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു എന്നും സൈന്യത്തെ സഹായിച്ചു എന്നും ആരോപിച്ചാണ് അവരെ വധിച്ചത്. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് അല്‍-ഖൈ്വദ മറിയം സിസെയെ വധിച്ചത്. വടക്കന്‍ ടിംബക്റ്റു മേഖലയിലെ ടോങ്ക നഗരത്തെക്കുറിച്ചുള്ള വീഡിയോകള്‍ തന്റെ 90,000 അനുയായികള്‍ക്ക് പോസ്റ്റ് ചെയ്ത വ്യക്തിയായിരുന്നു അവര്‍.

ഈ മാസം ഏഴിന് ഒരു പൊതു ചത്വരത്തില്‍ വെച്ചാണ് ആക്രമണം നടന്നത്. 2012 മുതല്‍ രാജ്യത്തെ പിടിച്ചുലച്ച ജിഹാദി കലാപം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സൈനിക ഭരണകൂടത്തിന് സംഭവം വലിയ തിരിച്ചടിയായി മാറുകയാണ്. ആഭ്യന്തര യുദ്ധവും മാനുഷിക പ്രതിസന്ധിയും മൂലം തകര്‍ന്ന സുഡാനും, അതിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ജിഹാദി അക്രമത്താല്‍ തകര്‍ന്ന നൈജീരിയയും പോലെ കുഴപ്പത്തിലേക്ക് നീങ്ങുന്ന നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ് മാലി.

മറിയം സിസെയുടെ സഹോദരനാണ് അവരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയ വിവരം പുറത്തു വിട്ടത്. പലപ്പോഴും മറിയം സൈന്യത്തിനെ പരസ്യമായി പിന്തുണച്ചത് അല്‍ഖൈ്വദയെ ഏറെ ചൊടിപ്പിച്ചിരുന്നു. തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ മറിയം ലൈവായി സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരുന്നു. അടുത്ത ദിവസം ഭീകരര്‍ അവരെ ഒരു മോട്ടോര്‍ സൈക്കിളില്‍ ടോങ്കയിലേക്ക് കൊണ്ടുപോയി. അവിടെ നഗരത്തിലെ ഒരു പ്രധാന സ്ഥലമായ ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറില്‍ വെച്ച് വെടിവച്ചു കൊല്ലുകയായിരുന്നു.

മറിയത്തിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വെച്ചാണ് അവരെ വധിച്ചത്. സാമൂഹിക പ്രശ്‌നങ്ങളിലും രാജ്യത്തെ അപകടകരമായ പ്രശ്നങ്ങളിലും ഹാസ്യാത്മകമായ വീഡിയോകളാണ് മറിയം ചെയ്തിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ പലരും ഇതിനെ ക്രൂരമായ പ്രവൃത്തി എന്നാണ് വിശേഷിപ്പിച്ചത്. സര്‍ക്കാരും ഇവര്‍ കൊല്ലപ്പെട്ടതായി സ്ഥീരീകരിച്ചിട്ടുണ്ട്. മാലിയിലെ ജനങ്ങള്‍ സര്‍ക്കാര്‍ സേനയെ പരസ്യമായി പിന്തുണയ്ക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനാണ് തീവ്രവാദികള്‍ ഇത്തരം ആക്രമണം നടത്തിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ജിഹാദി കലാപത്തെ നിയന്ത്രിക്കാന്‍ സൈനിക ഭരണകൂടം വളരെ ബുദ്ധിമുട്ടുകയാണ്. സമീപ ആഴ്ചകളില്‍, അല്‍-ഖ്വയ്ദയുമായി ബന്ധപ്പെട്ട ഗ്രൂപ്പ് ഫോര്‍ ദ സപ്പോര്‍ട്ട് ഓഫ് ഇസ്ലാം ആന്‍ഡ് മുസ്ലീംസ് എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ ഇന്ധന ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ സ്‌കൂളുകള്‍ അടച്ചുപൂട്ടാനും നിരവധി പ്രദേശങ്ങളില്‍ വിളവെടുപ്പ് തടയാനും നിര്‍ബന്ധിതരാക്കി.

ഇവിടങ്ങളില്‍ നികുതി പിരിക്കുന്നത് അല്‍ഖൈ്വദയാണ്. മോചനദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ട് പോകുന്നതും ഇവരുടെ രീതിയാണ്. കഴിഞ്ഞയാഴ്ച രണ്ട് പേരെ മോചിപ്പിക്കുന്നതിനായി ഇവര്‍ 50 മില്യണ്‍ ഡോളര്‍ നേടിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. നൈജീരിയയില്‍ കലാപം രൂക്ഷമായ സാഹചര്യത്തില്‍ അവിടേക്ക് യുഎസ് സൈന്യത്തെ അയയ്ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2009 മുതല്‍ വടക്കുകിഴക്കന്‍ മേഖലയില്‍ തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാം നേതൃത്വം നല്‍കുന്ന ജിഹാദിസ്റ്റ് കലാപത്തെത്തുടര്‍ന്ന് നൈജീരിയയില്‍ ആഭ്യന്തര കലാപം രൂക്ഷമാണ്.

Tags:    

Similar News