ആര്‍ത്തവമാണെന്നും സുഖമില്ലെന്നും ജീവനക്കാരി പറഞ്ഞപ്പോള്‍ വസ്ത്രം അഴിച്ചുമാറ്റി തെളിവ് കാണിക്കാന്‍ സൂപ്പര്‍വൈസര്‍മാര്‍; മറ്റുചില സ്ത്രീകളോട് ഉപയോഗിച്ച സാനിറ്ററി പാഡുകള്‍ കാണിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണി; റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ പ്രതിഷേധം ആളിക്കത്തുന്നു; രണ്ടുപേര്‍ക്കെതിരെ കേസ്
മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ പ്രതിഷേധം ആളിക്കത്തുന്നു
റോഹ്തക്: ഹരിയാനയിലെ റോഹ്തക്കില്‍, മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ വനിതാ ശുചീകരണ തൊഴിലാളികളോട് ആര്‍ത്തവമുണ്ടെന്ന് തെളിയിക്കാന്‍ സാനിറ്ററി പാഡിന്റെ ഫോട്ടോ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതായി പരാതി. സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി. തൊഴില്‍പരമായ അതിക്രമത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. രണ്ടുസൂപ്പര്‍വൈസര്‍മാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.
ഒക്ടോബര്‍ 26 ന് ഹരിയാന ഗവര്‍ണര്‍ അസിം കുമാര്‍ ഘോഷിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വാരാന്ത്യത്തില്‍,ഡ്യൂട്ടിക്കിട്ടപ്പോള്‍ നിരവധി വനിതാ ശുചീകരണ തൊഴിലാളികള്‍, ആര്‍ത്തവ അസ്വസ്ഥതകളുടെ പേരില്‍ അവധി ചോദിച്ചിരുന്നു. സൂപ്പര്‍വൈസര്‍മാര്‍ അവധി നിഷേധിച്ചെന്ന് മാത്രമല്ല, തെളിവ് ചോദിച്ച് അപമാനിക്കുകയുമായിരുന്നു.
ചിലരോട് ഉപയോഗിച്ച സാനിറ്ററി പാഡുകള്‍ തെളിവായി കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, മറ്റുചിലരോട് അന്യരുടെ മുന്നില്‍ വച്ച് വസ്ത്രങ്ങള്‍ അഴിച്ച് ആര്‍ത്തവം തെളിയിക്കാന്‍ നിര്‍ബ്ബന്ധിക്കുകയായിരുന്നു. ചില സൂപ്പര്‍വൈസര്‍മാരാകട്ടെ മറ്റുവനിതാ ജീവനക്കാരെ കൊണ്ട് സാനിറ്ററി പാഡുകള്‍ പരിശോധിപ്പിക്കുകയും ഫോട്ടോകള്‍ എടുക്കുകയുമായിരുന്നു.
സംഭവം ഇങ്ങനെ:
ഒക്ടോബര്‍ 26-നാണ് സംഭവം നടന്നത്. ജോലിക്ക് വൈകിയെത്തിയ ഒരു വനിതാ ശുചീകരണ തൊഴിലാളിയോട് സൂപ്പര്‍വൈസര്‍മാരായ വിനോദും ജിതേന്ദ്രയും കാരണം തിരക്കി. ആര്‍ത്തവമാണെന്നും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്നും തൊഴിലാളി പറഞ്ഞപ്പോള്‍, നുണപറയുകയാണെന്നാണ് സൂപ്പര്‍വൈസര്‍മാര്‍ കുറ്റപ്പെടുത്തിയത്. യുവതിയോട് വസ്ത്രം അഴിച്ചുമാറ്റി ആര്‍ത്തവമാണെന്ന് തെളിയിക്കാനും ആവശ്യപ്പെട്ടതായാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് മറ്റൊരു സന്ദര്‍ഭത്തിലും ഒരു ജീവനക്കാരിയോട് സമാനരീതിയില്‍ ശുചിമുറിയില്‍ പോയി ഫോട്ടോ എടുത്തുവരാന്‍ പുരുഷ സൂപ്പര്‍വൈസര്‍മാര്‍ ആവശ്യപ്പെട്ടതായി വനിതാ ജീവനക്കാര്‍ ആരോപിച്ചു. 'ആര്‍ത്തവം സ്ഥിരീകരിക്കാനായി നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ തെളിവായി എടുക്കൂ,' എന്ന് അവര്‍ പറഞ്ഞു' സ്ത്രീകളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടുവനിതാ ജീവനക്കാര്‍ വിസമ്മതിച്ചപ്പോള്‍ അധിക്ഷേപിക്കുകയും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ആക്ഷേപം.
ഈ ഞെട്ടിക്കുന്ന സംഭവം സര്‍വ്വകലാശാല ക്യാമ്പസില്‍ കാട്ടുതീ പോലെ പടര്‍ന്നു. പിന്നാലെ, വിദ്യാര്‍ത്ഥിനികളും വനിതാ ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. ഉടനടി നടപടി ആവശ്യപ്പെട്ട് അവര്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കുകയും സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും കൈമാറുകയും ചെയ്തു. ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ കൃഷ്ണകാന്ത് അറിയിച്ചു. ഇത്തരത്തില്‍ നാണംകെട്ട പരിശോധനയ്ക്ക് തങ്ങളാരും നിര്‍ദ്ദേശിച്ചിച്ചില്ലെന്നാണ് സൂപ്പര്‍വൈസര്‍മാരുടെ മേലധികാരികള്‍ പറയുന്നത്.
വിഷയത്തില്‍ രണ്ട് സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെയും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ആഭ്യന്തര സമിതിയും അന്വേഷണം നടത്തുന്നുണ്ട്.
