'ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ലിംഗഭേദം എന്തിന് പ്രധാനമാകണം'; സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം പ്രണയമായി; നർത്തകിമാരുടെ ബന്ധം വീട്ടുകാരും എതിർത്തു; ഒടുവിൽ സ്വവര്‍ഗ യുവതികള്‍ക്ക് ക്ഷേത്രത്തില്‍ കല്യാണം; സ്നേഹം കണ്ടില്ലെന്ന് നടിക്കാനായില്ലെന്ന് നാട്ടുകാർ
കൊൽക്കത്ത: പശ്ചിമബംഗാളിലെ സുന്ദർബൻസിൽ ക്ഷേത്രത്തിൽ വെച്ച് സ്വവർഗ വിവാഹം നടത്തി രണ്ട് യുവതികൾ. 19 കാരിയായ റിയ സർദാറും 20 വയസുള്ള രാഖി നാസ്‌കറുമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. പ്രൊഫഷണൽ നർത്തകികളായ ഇരുവരും രണ്ട് വർഷം മുൻപാണ് കണ്ടുമുട്ടിയതും പിന്നീട് പ്രണയത്തിലായതും.വിവാഹ ചടങ്ങുകൾക്ക് പുരോഹിതൻ സാക്ഷിയായിരുന്നു. ക്ഷേത്ര മുറ്റം ദീപങ്ങളാൽ അലങ്കരിച്ചിരുന്നു. വധുവിന്റെ വേഷം ധരിച്ച റിയയും വരന്റെ കിരീടം ധരിച്ച രാഖിയും പരസ്പരം മാല ചാർത്തി. നൂറുകണക്കിന് ഗ്രാമീണർ ശംഖ് മുഴക്കിയാണ് ഇവരെ അനുഗ്രഹിച്ചത്.
'ഞങ്ങൾ ജീവിത പങ്കാളികളാകാൻ പ്രതിജ്ഞയെടുത്തു,' മന്ദിർബസാർ സ്വദേശിനിയായ റിയ പറഞ്ഞു. 'ഞങ്ങൾ മുതിർന്നവരാണ്. നമ്മുടെ ജീവിതം നമുക്ക് തീരുമാനിക്കാം. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ലിംഗഭേദം എന്തിന് പ്രധാനമാകണം?' ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട റിയയെ വളർത്തിയത് അമ്മായിയാണ്. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അവരുടെ തീരുമാനത്തെ എതിർത്തില്ലെന്ന് റിയ കൂട്ടിച്ചേർത്തു.
ഒൻപതാം ക്ലാസ് വരെ പഠിച്ച രാഖി, തൻ്റെ കർഷക കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദങ്ങളെ അവഗണിച്ച് താൻ ശരിക്കും സ്നേഹിക്കുന്നയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് തീരുമാനിച്ചതായി പറഞ്ഞു. റിയയുടെ ബന്ധുക്കൾ ആദ്യം ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ, രാഖിയുടെ കുടുംബവും നിരവധി പ്രദേശവാസികളും ഇവരെ പിന്തുണച്ചു. ഇവരുടെയെല്ലാം സഹായത്തോടെയാണ് പ്രദേശത്തെ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തിയത്.
യുവതികൾ പരസ്പരം മാലയിട്ടപ്പോൾ നാട്ടുകാർ ആർപ്പുവിളികളോടെയാണ് സന്തോഷം അറിയിച്ചത്. 'ഇതുപോലൊരു വിവാഹം ഞങ്ങൾ മുമ്പ് കണ്ടിട്ടില്ല. പക്ഷേ, ഇവരുടെ പരസ്പര സ്നേഹം കണ്ടില്ലെന്ന് നടിക്കാനായില്ല. അതിനാലാണ് ഞങ്ങൾ പിന്തുണച്ചത്,' നാട്ടുകാരിലൊരാൾ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പരിചയത്തിലായി ഇവർ പിന്നീട് നമ്പറുകൾ കൈമാറി. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.